Thursday 15 October 2020 05:05 PM IST

ലോക്ഡൗണിൽ കുറച്ചത് 18 കിലോ; കൊളസ്ട്രോൾ 400 ൽ നിന്ന് 200 ലേക്ക്: പ്രതീക്ഷിന്റെ വെയ്റ്റ്ലോസ്സ് മാജിക് അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

pratheeksh-weight-loss

ലോക്‌ഡൗൺ എല്ലാവരും വിശ്രമിച്ചും ഭക്ഷണം കഴിച്ചും കിടന്നുറങ്ങിയും ചെലവിട്ടപ്പോൾ കൊച്ചി വൈറ്റില സ്വദേശി പ്രതീക്ഷിന് അധ്വാനത്തിന്റെ സമയമായിരുന്നു. പിടിവിട്ടുപോയ കൊളസ്ട്രോളിനെ തിരികെ സാധാരണനിരക്കിൽ എത്തിക്കാൻ ഡോക്ടർ നിർദേശിച്ചത് ശരീരഭാരം കുറയ്ക്കാനും വ്യായാമം ചെയ്യാനുമായിരുന്നു. 98 കിലോയായിരുന്നു ശരീരഭാരം. പക്ഷേ, ബാങ്കുജോലിയുടെ തിരക്കുകൾക്കിടയിൽ അതിനൊന്നും സമയമില്ലാതെ വിഷമിച്ചപ്പോഴാണ് ലോക്‌ഡൗൺ വരുന്നത്.

പിന്നീടെന്താണ് സംഭവിച്ചതെന്ന് പ്രതീഷ് തന്നെ നമ്മോടു പറയും.

‘‘ മാർച്ച് ആദ്യം മുതൽ വൈറ്റിലയിലെ ജിമ്മിൽ പോയി വ്യായാമങ്ങളൊക്കെ തുടങ്ങിവച്ചു. 20–ാം തീയതിവരെയേ ജിമ്മിൽ പോകാനായുള്ളു. അപ്പോഴേക്കും ലോക്‌ഡൗൺ വന്നു. ജിമ്മിൽ വച്ച് കാർഡിയോ വ്യായാമങ്ങളാണ് കൂടുതലും ചെയ്തിരുന്നത്. ട്രെഡ്മില്ലും എലിപ്റ്റിക്കലും ഒക്കെ. 20–ാം തീയതി മുതൽ വീട്ടിലിരുന്ന് വ്യായാമം തുടർന്നു. ജിമ്മിലെ ട്രെയിനറായ വികാസ് ഒാൺലൈൻ വഴി നിർദേശങ്ങൾ തന്നുകൊണ്ടിരുന്നു.

വർക് ഫ്രം ഹോം ആയിരുന്നെങ്കിലും അതിരാവിലെ എഴുന്നേൽക്കും. ആറര മുതൽ എട്ടര വരെ വ്യായാമം ചെയ്യും. സൈക്ലിങ്ങും ഒാട്ടവും നടത്തവുമൊക്കെ പരീക്ഷിച്ചെങ്കിലും തടി കുറയ്ക്കുന്നതിനു എനിക്കു ഗുണം ചെയ്യുന്നത് ഒാട്ടമായിരുന്നു. പക്ഷേ, 98 കിലോ വച്ച് ഒാടാൻ പ്രയാസമായിരുന്നു. അതുകൊണ്ട് കുറച്ചുനേരം ഒാടും പിന്നെ നടക്കും പിന്നെയും ഒാടും, അൽപം വിശ്രമിക്കും...അങ്ങനെ രണ്ടു മണിക്കൂറുകൊണ്ട് 5–6 കിലോമീറ്റർ പിന്നിടും. കൊച്ചിയിലെ ജവഹർ നഗറിൽ സാധാരണ എല്ലാവരും നടക്കാൻ പോകുന്ന ഒരു സ്ഥലമുണ്ട്. അവിടെയായിരുന്നു ഞാനും നടന്നിരുന്നത്, സാമൂഹിക അകലമൊക്കെ പാലിച്ച് തന്നെ.

ഒാട്ടവും നടത്തവുമൊക്കെ കഴിഞ്ഞ് കുറേ നേരം സിറ്റ് അപ് പോലുള്ള വർക് ഔട്ടുകൾ ചെയ്യും. വീട്ടിൽ ഡംബൽ ഉണ്ടായിരുന്നു. അതുപയോഗിച്ചും ചില വ്യായാമങ്ങളൊക്കെ ചെയ്തിരുന്നു. വൈകുന്നേരം ഭക്ഷണത്തിനു ശേഷവും കുറച്ചുനേരം നടക്കുമായിരുന്നു.

വണ്ണം കുറയ്ക്കുന്നതിൽ ഭക്ഷണക്രമവും പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കുകയാണ് പ്രധാനമായും ചെയ്തത്. വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കി. ചായയിൽ മാത്രമായി മധുരം പരിമിതപ്പെടുത്തി. രാവിലെ കൂടുതലും ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങൾ കഴിച്ചു. പൂരി പോലുള്ള എണ്ണയിൽ വറുത്ത വിഭവങ്ങൾ ഒഴിവാക്കി. നേരത്തെ 4–5 ഇഡ്ലി കഴിച്ചിരുന്നത് രണ്ടണ്ണമാക്കി കുറച്ചു.

ഉച്ചയ്ക്ക് ചോറ് ന്നനായി കുറച്ചു. വിശപ്പടങ്ങാൻ മാത്രമുള്ള ഭക്ഷണം കഴിക്കുക എന്നതു ശീലമായി. ഏതാണ്ട് 100 ഗ്രാം ചോറ് മാത്രമാണ് കഴിച്ചിരുന്നത്. കറികളൊക്കെ കൂടുതൽ കഴിച്ചു. ഭക്ഷണത്തിനു തൊട്ടുമുൻപ് വെള്ളം കുടിച്ചു. പതിയെ ശരീരം കുറഞ്ഞ അളവ് ഭക്ഷണത്തിൽ തൃപ്തമായിത്തുടങ്ങി.

പഴംപൊരിയും വടയുമൊക്കെ കഴിച്ചിരുന്ന വൈകുന്നേരങ്ങൾ ഒാർമയായി. നാലുമണിക്ക് മധുരവും കടുപ്പവും കുറച്ച ഒരു ചായ മാത്രം. ഏഴര മണിയോടെ രാത്രി ഭക്ഷണം കഴിക്കും. പണ്ടുമുതലേ ചപ്പാത്തി ആയിരുന്നു രാത്രിയിൽ. പക്ഷേ, 5–6 എണ്ണം കഴിക്കും, കൂടെ ചിക്കൻ ഫ്രൈ പോലെ എന്തെങ്കിലും കാണുമായിരുന്നു. ചപ്പാത്തി 2–3 എണ്ണത്തിൽ നിർത്തി. വറുത്ത വിഭവങ്ങൾക്കു പകരം ദാലോ മുട്ട കറിയോ കഴിച്ചു.

ഡയറ്റ് നിയന്ത്രിക്കുമ്പോൾ ഭക്ഷണം കഴിക്കാനൊക്കെ ഒരു ആവേശം തോന്നും. അതിനെ അടക്കിനിർത്തുക പ്രയാസമാണ്. പക്ഷേ, എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. എന്റെ ഉയരം 173 സെന്റിമീറ്ററാണ്. ഭാരം കുറച്ച് ഉയരത്തിന് അനുസൃതമായി 75 കിലോയിലെത്തിക്കണമെന്നായിരുന്നു ലക്ഷ്യം. അതുകൊണ്ട് ഡയറ്റ് പാളിപ്പോയില്ല.

ഭാരം കുറയ്ക്കാൻ തുടങ്ങിയ ഘട്ടത്തിൽ വലിയ കുറവൊന്നുമില്ലായിരുന്നു. വ്യായാമവും ഭക്ഷണത്തിന്റെ അളവു നിയന്ത്രണവും ശക്തമാക്കി തുടങ്ങിയപ്പോൾ സംഗതി മാറി, ഇപ്പോൾ 80 കിലോയാണ് ശരീരഭാരം. ചാടിയ വയറൊക്കെ ഒതുങ്ങി. കൊളസ്ട്രോൾ 200–ലെത്തി, മരുന്നിന്റെയൊന്നും സഹായമില്ലാതെ തന്നെ. ടോട്ടലി ഹെൽതി ആണെന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റും കിട്ടി. മുൻപൊക്കെ ചെറുതായി കിളയ്ക്കുകയോ മറ്റോ ചെയ്യുന്നത് ആലോചിക്കുക പോലും വയ്യായിരുന്നു. ഇപ്പോ അത്തരം അധ്വാനമൊക്കെ ഈസിയായി. എന്തു ചെയ്യാനും മടുപ്പും ക്ഷീണവുമില്ല.

ഏറ്റവും സന്തോഷമായത് ഡ്രസ്സ് സൈസ് 38 ൽ നിന്ന് 36 ആയപ്പോഴാണ്. നേരത്തെ 38 സൈസ് പോലും ഇറുക്കമായിരുന്നു. ശരീരഭാരം 75 കിലോയിലെത്തിക്കുകയാണ് ലക്ഷ്യം, അവിടെയത്തും വരെ ഡയറ്റിലും വ്യായാമത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല എന്നാണ് തീരുമാനം.’’

പ്രതീക്ഷിന്റെ പുഞ്ചിരിയിലുണ്ട് നിശ്ചയ ദാർഢ്യത്തിന്റെ തിളക്കം

Tags:
  • Manorama Arogyam
  • Diet Tips