Friday 21 August 2020 12:58 PM IST

ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു കുറച്ചത് 18 കിലോ! 117 ൽ നിന്നും 99 ലേക്ക് എത്തിയ സിമ്പിൾ മാജിക് പറഞ്ഞ് വിജയ്

Asha Thomas

Senior Sub Editor, Manorama Arogyam

weight-losssss6566

ഇഷ്ടമുള്ളതെല്ലാം ഇഷ്ടം പോലെ കഴിച്ച് തടി വല്ലാതെ കൂടി ലോക്‌ഡൗണിനെ പഴി പറയുന്നവരുടെയിടയിൽ എറണാകുളം വൈറ്റിലക്കാരൻ വിജയ് ഗബ്രിയേൽ വ്യത്യസ്തനാണ്. ഈ ലോക്‌ഡൗൺ കാലത്ത് വിജയ് കുറച്ചത് ഒന്നും രണ്ടുമല്ല, 18 കിലോയാണ്. വീട്ടിൽ തന്നെ വ്യായാമം ചെയ്ത്, കർശന ഡയറ്റ് നിയന്ത്രണമില്ലാതെ 117 കിലോയിൽ നിന്നും 99 കിലോയിലെക്കെത്തി നിൽക്കുമ്പോൾ ഈ 36 വയസ്സുകാരൻ പറയുന്നു, ലോക്‌ഡൗൺ കാലം എല്ലാത്തരത്തിലും പുതിയ തിരിച്ചറിവുകൾ തന്ന കാലമാണെന്ന്. ലളിതമായി ഭാരം കുറച്ച ആ പവർഫുൾ മാർഗ്ഗത്തേക്കുറിച്ച് വിജയ് തന്നെ മനോരമ ആരോഗ്യത്തോട് പറയുന്നു.

‘‘ ജനിച്ചപ്പോഴെ ഒരു ഗുണ്ടുമണി ആയിരുന്നു ഞാൻ. 4 കിലോയോളം ഭാരം. പിന്നീടങ്ങോട്ടുള്ള ജീവിതഘട്ടങ്ങളിലെല്ലാം തന്നെ ഞാൻ അമിതഭാരമുള്ളയാളായിരുന്നു. ഒരിക്കൽ പോലും അണ്ടർ വെയിറ്റ് ആയിട്ടില്ല. ചെറുപ്പത്തിലേ നല്ല തടിയുമായി വളരുന്ന കുട്ടികൾ ആ തടിയിൽ കംഫർട്ടബിൾ ആയി അങ്ങു പോകുന്നപോലെ ഞാനും ഒരൊഴുക്കിലങ്ങു ജീവിച്ചു. ജോലി കിട്ടിയത് മാർക്കറ്റിങ് ഫീൽഡിലാണ്.

സമയത്തിനു ഭക്ഷണം കഴിക്കാൻ പറ്റാത്ത, എപ്പോഴും യാത്ര ചെയ്യേണ്ടുന്ന, നല്ല പിരിമുറുക്കമുള്ള ജോലി. എയർപോർട്ടിൽ നിന്നു നേരേ ഫ്ളൈറ്റിലേക്ക് അവിടെ നിന്നു ഹോട്ടൽ മുറി. ഇടയ്ക്കിടെ പാർട്ടികൾ കാണും. ആഴ്ചാവസാനം സോഷ്യൽ ഡ്രിങ്കിങ് സ്വാഭാവികമായും സംഭവിക്കും. ഇതെല്ലാം കൂടിയാണ് എന്റെ ശരീരഭാരം 117കിലോയിലേക്ക് എത്തിച്ചത്.

അങ്ങനെയിരിക്കെയാണ് ജോലിസംബന്ധമായി ഒരു മെഡിക്കൽ ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിന്റെ ഫലം വന്നപ്പോൾ ബിപിയും ഷുഗറും അല്ലാത്തതെല്ലാം അതിരുകടന്ന് നിൽക്കുകയാണ്. യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ് എല്ലാം കൂടുതൽ. ദേ..മോനേ ഇങ്ങനെ പോയാൽ പണി പാളും എന്ന് ശരീരം തന്നെ മുന്നറിയിപ്പു തന്നു കഴിഞ്ഞു. മൂന്ന് ആൺകുട്ടികളാണ് എനിക്ക്. മൂന്നാമത്തവന് ഒരു വയസ്സു കഴിഞ്ഞതേയുള്ളു. ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് എനിക്കും തോന്നിത്തുടങ്ങി.

ഈ തടി വല്ലാതെ വലച്ച പല സന്ദർഭങ്ങളുമുണ്ട്. ഏറ്റവും വലിയ പ്രശ്നം ഒരു ഡ്രസ്സ് സൈസും പാകമാകില്ല എന്നതാണ്. ഇന്നൊരു ഡ്രസ്സ് വാങ്ങി അടുത്തമാസം ആകുമ്പോഴേക്കും അത് ടൈറ്റാകും. ഒരിക്കൽ കോട്ടയത്ത് ഒരു ഫീൽഡ് വിസിറ്റിനു വന്നതാണ്. സുഹൃത്തിന്റെ ബൈക്കിലേക്ക് കയറുകയും എന്റെ പാന്റിന്റെ പിൻഭാഗം കീറുകയും ഒരുമിച്ചായിരുന്നു. തൊട്ടടുത്ത് ഒരു ഷോറൂമുണ്ട്. അവിടെ കയറി പാന്റ് നോക്കിയപ്പോൾ ഫിറ്റ് ആവുന്നത് കിട്ടുന്നില്ല. ആകെ വിഷമിച്ചുപോയി.

വീട്ടിലെ വർക് ഔട്ട്

erdftftf6543

എന്തായാലും ഈ വണ്ണം കുറച്ചിട്ടു തന്നെ കാര്യം എന്നു കരുതിയാണ് 2019 ഡിസംബറിൽ വൈറ്റിലയിലുള്ള ഗ്ലാഡിയേറ്റർ ജിമ്മിൽ ചേരുന്നത്. വർക് ഔട്ട് തുടങ്ങി രണ്ടു മാസം കഷ്ടി ആയപ്പോഴേക്കും ദാ, വരുന്നു ലോക്‌ഡൗൺ. ഇതുവരെ ചെയ്ത അധ്വാനമെല്ലാം പാഴായിപ്പോകുമല്ലോ എന്നു വിചാരിച്ചാണ് വീട്ടിൽ തന്നെ വർക് ഔട്ട് തുടരുന്നത്. അപ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത് എല്ലാ വർക് ഔട്ടൊന്നും എല്ലാവർക്കും പറ്റില്ല എന്ന്. അങ്ങനെ ചെയ്തു പരീക്ഷിച്ച് എനിക്കു ഫലപ്രദമാകുന്ന വർക് ഔട്ടുകൾ മനസ്സിലാക്കി. വീടിന്റെ ടെറസ്സിൽ തന്നെ ജിമ്മിലെ പോലെ ഒരു ബെഞ്ച് വെൽഡ് ചെയ്തു പിടിപ്പിച്ചു. 7 കിലോയുടെ ഡംബല്ലുകൾ, മൂന്ന് റസിസ്റ്റൻസ് ബാൻഡുകൾ എന്നിവയും വാങ്ങി. അങ്ങനെ ടെറസ്സു തന്നെ ഒരു കുഞ്ഞൻ ജിമ്മായി രൂപംമാറി. ടെറസ്സ് മൊത്തത്തിൽ 36 മീറ്റർ ചുറ്റളവ് ഉണ്ട്. ഈ സ്ഥലത്ത് ഒാടിത്തുടങ്ങി. രണ്ടു കിലോമീറ്റർ,10 കി.മീ, 12 കിലോമീറ്റർ വരെ ഒാടുമായിരുന്നു ടെറസ്സിൽ തന്നെ.

അപ്പോഴതാ വരുന്നു വില്ലൻ കൊറോണയുടെ രൂപത്തിൽ. ഞങ്ങളുടെ തൊട്ടടുത്ത് പൊസിറ്റീവ് കേസുകൾ വന്നു. അതോടെ വർക് ഔട്ട് വീട്ടിനുള്ളിലാക്കി. സ്ട്രെച്ചിങ്ങുകളും കാർഡിയോ വ്യായാമങ്ങളുമാണ് പ്രധാനമായും ചെയ്തത്. ജമ്പിങ് ജാക്സ്, ബർപീസ്, പ്ലാങ്കിന്റെ പലരൂപങ്ങൾ, ഹൈ നീസ്, പുഷ് അപ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ വളരെ ഫലപ്രദമായി കണ്ടു. ദിവസവും രണ്ടു മണിക്കൂർ വർക് ഔട്ട് ചെയ്യുമായിരുന്നു. രാവിലെ ഏഴു മുതൽ എട്ടുവരെ, വൈകുന്നേരം 6.30–7.30 വരെ. വൈകുന്നേരം ഭാരമെടുത്തുള്ള വ്യായാമങ്ങളും റസിസ്റ്റൻസ് ബാൻഡ് ഉപയോഗിച്ചുള്ള വ്യായാമങ്ങളും ചെയ്തിരുന്നു.

weight323 ടെറസ്സിലെ ചെറിയ ജിം

സമയത്ത് ഭക്ഷണം

ഡയറ്റിന്റെ കാര്യത്തിൽ ആദ്യം ചെയ്തത്, കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങിയതാണ്. ചോറ് നന്നായി കുറച്ചു. പഞ്ചസാരയും മധുരവും പൂർണമായി ഒഴിവാക്കി. എന്നുകരുതി ഇഷ്ടമുള്ളതൊന്നും വേണ്ടെന്നു വച്ചില്ല.  ഉദാഹരണത്തിന് ബിരിയാണി  കഴിക്കണമെന്നു തോന്നിയെന്നിരിക്കട്ടെ, അളവു കുറച്ചു കഴിക്കും. അല്ലെങ്കിൽ വർക് ഔട്ട് ചെയ്ത് ആ കാലറി മാനേജ് ചെയ്യും.

രാവിലെ ദിവസം തുടങ്ങുന്നത് ബട്ടർ കോഫിയിൽ നിന്നാണ്. കട്ടൻ കാപ്പിയിൽ അൽപം ബട്ടർ ചേർത്ത ഈ കാപ്പിയാണ് തുടർന്നുള്ള ഒരു മണിക്കൂർ വർക് ഔട്ടിനുള്ള ഇന്ധനം. ബട്ടർ കോഫിയുടെ ഗുണമെന്താണെന്നു വച്ചാൽ ശരീരം ഒന്നു ചൂടാക്കും. വർക് ഔട്ട് ചെയ്യാനൊക്കെ ഒരു ഊർജം കിട്ടും.

വർക് ഔട്ട് കഴിഞ്ഞ് ഒൻപതു മണിയോടെ പ്രാതൽ കഴിക്കും. രണ്ട് മുട്ട മുഴുവനായും മൂന്നെണ്ണത്തിന്റെ വെള്ളയും ചേർത്ത് ഒാംലറ്റ് ആയോ ബുൾസ് ഐ ആയോ കഴിക്കും. 11 മണിക്ക് ഒാട്സ് പാലിൽ കലക്കിയത് ഒരു ഗ്ലാസ്സ്. ഒരു മണിയോടു കൂടി ഉച്ചഭക്ഷണം. ഒരൽപം ചോറ്, ഒരു കപ്പോ മുക്കാൽ കപ്പോ, കൂടെ കാരറ്റ്, തക്കാളി, കുക്കുമ്പർ ചേർത്ത സാലഡ്, പിന്നെ മീനോ ചിക്കനോ ഏതാനും കഷണം മാത്രം. ചോറ് രുചിയറിയാനുള്ളത്ര മാത്രമാണ് കഴിക്കാറ്. വയറു നിറയ്ക്കുന്നത് സാലഡ് കഴിച്ചിട്ടാണ്.

പണ്ട് ഞാൻ വളരെ ധൃതിയിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റു പോകുമായിരുന്നു. ജോലിത്തിരക്കിൽ അതാണു സൗകര്യം. വീട്ടിൽ ശീലിച്ചതും അങ്ങനെയാണ്. അതു മാറ്റി. 20–30 മിനിറ്റ് എടുത്ത് ചവച്ചരച്ച് കഴിച്ചുതുടങ്ങി. ഭക്ഷണം എളുപ്പം ദഹിക്കാനും ഇതു സഹായിക്കും.

വൈകുന്നേരം 6 മണിക്ക് വീണ്ടും ബട്ടർ കോഫി. എട്ടു മണിക്കു മുൻപായി രാത്രിഭക്ഷണം കഴിക്കും. സാലഡും കറിവച്ച ചിക്കനോ മീനോ എന്തെങ്കിലും കൂടെ കഴിക്കും. അതില്ലാത്ത ദിവസം രണ്ടു മുട്ട കൊണ്ട് അഡ്ജസ്റ്റ് ചെയ്യും. ദിവസവും വെള്ളം നന്നായി കുടിക്കും.

ഭാരം കുറയ്ക്കൽ പരിശ്രമത്തിന് കട്ട സപ്പോർട്ട് തന്ന് ഭാര്യ ഗീതു കൂടെ നിന്നു. സ്വന്തമായുള്ള ഒരു യൂട്യൂബ് ഫൂഡ് ചാനലിന്റെ തിരക്കുകളിലും കൃത്യസമയത്ത് ഭക്ഷണം കൊണ്ടു തന്ന് ഡയറ്റ് തെറ്റാതെ നോക്കിയത് അവളാണ്.

മദ്യത്തോട് നോ

സോഷ്യൽ ഡ്രിങ്കിങ് പരിപാടി ലോക്‌ഡൗണായതോടെ മുടങ്ങി. മദ്യം കഴിക്കാതായത് ഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. രാത്രി വയറുനിറയെ ഭക്ഷണവും മേമ്പൊടിക്ക് മദ്യവും കഴിച്ചു കിടന്നാൽ, സംശയിക്കേണ്ട അതു നേരേ ശരീരത്തിൽ അടിയും. മദ്യം ലഭിച്ചുതുടങ്ങിയെങ്കിലും ഞാൻ അധികം കഴിക്കാറില്ല.

ആഴ്ചതോറും വെയ്റ്റ് നോക്കുമായിരുന്നു. ആദ്യ മൂന്നു മാസം വെയിങ് സ്കെയിൽ ഒരു അനക്കവും കണ്ടില്ല. ഒരു കിലോ പോലും കുറയുന്നില്ല. എന്നാൽ ശരീരത്തിന് ഒരു ഫിറ്റ്നസ്സ് ഫീൽ ഉണ്ടു താനും. നമ്മൾ വല്ലാതെ ഡീ മോട്ടിവേറ്റഡ് ആയിപ്പോകും. പക്ഷേ, മൂന്നു മാസം കഴിഞ്ഞതോടെ സംഗതി മാറി, ഭാരസൂചി താഴ്ന്നുതുടങ്ങി.

ചോറും മധുരവുമൊക്കെ വേണ്ടെന്നു വയ്ക്കുന്നത് അത്ര പ്രയാസമായി തോന്നിയില്ല. വല്ലാതെ കഷ്ടപ്പെട്ടുപോയത് വർക് ഔട്ടിനിടയിലെ പരിക്കുകൾ കൊണ്ടാണ്. നടുവിനും കാലിനുമൊക്കെ സ്പ്രെയിനും സ്ട്രെയിനും വന്നു. ഒരാഴ്ച വർക് ഔട്ട് ചെയ്താൽ ഒരാഴ്ച പരിക്കിന്റെ വേദനയും പ്രശ്നങ്ങളുമാണ്...അപ്പോഴൊക്കെ ഗ്ലാഡിയേറ്ററിലെ വികാസ് ഒാരോ പൊടിക്കൈ പറഞ്ഞുതരും. അങ്ങനെ അതെല്ലാം മാനേജ് ചെയ്തു. ഏപ്രിൽ മാസം നടുവിനു ഒരു സ്പ്രെയിൻ പോലെ വന്നു. ഒരു മാസമെടുത്തു അതു മാറാൻ. പക്ഷേ, എങ്ങനെയൊക്കെയോ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു.

നേരത്തെ പറഞ്ഞല്ലൊ, പൊതുവേ ഫാറ്റ് ബോയ് ആയിരുന്നു എന്ന്. പക്ഷേ, പ്രീഡിഗ്രി കാലത്ത് ഫൂട്ബോളിൽ സജീവമായിരുന്നു. ബോഡി നല്ല ഫിറ്റ് ആയി ഷേപ് ആയിരുന്ന കാലഘട്ടമാണ്. ആ സമയത്ത് 80–85 കിലോ ആയിരുന്നു ശരീരഭാരം. ആ ശരീരഭാരത്തിലേക്കെത്തണമെന്നാണ് ആഗ്രഹം. ജിമ്മുകൾ തുറന്നതോടെ വർക് ഔട്ട് ജിമ്മിലാക്കിയിട്ടുണ്ട്. ഡയറ്റിങും വിട്ടിട്ടില്ല.

വിജയ് ഗബ്രിയേലിന്റെ ചിരിയിൽ നിശ്ചയദാർഢ്യത്തിന്റെ തിളക്കം നിറയുന്നു. ലോക്‌ഡൗണിലും തോൽക്കാത്ത ആ മനക്കരുത്ത് വിജയത്തിലെത്തട്ടെ.

Tags:
  • Manorama Arogyam
  • Health Tips