കോട്ട, എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ചിത്രം പൊട്ടിപ്പൊളിഞ്ഞതോ പുരാതനകാലത്തിന്റെ സ്മരണയുണർത്തുന്നതോ ആയ സ്മാരകമല്ലേ! എന്നാൽ ആ ചിത്രത്തെ പാടെ പൊളിച്ചെഴുതുന്ന ഇന്ത്യയിലെ ഒരേയൊരു ‘ജീവിക്കുന്ന കോട്ട’ യാണ് രാജസ്ഥാനിലെ ജയ്സാൽമീർ കോട്ട. യുനെസ്കോ ഈ കോട്ടയെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1156 ൽ റാവൽ ജയ്സൽ എന്ന രാജാവ് പണികഴിപ്പിച്ച ഈ കോട്ട പിൽകാലത്ത് പ്രജകൾക്ക് സൗജന്യമായി താമസിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴും ജയ്സാൽമീർ കോട്ടയിൽ നാലായിരത്തിലധികം പേർ വസിക്കുന്നുണ്ട്.
കോട്ട കാണാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് നടക്കുന്ന ടൂറിസത്തിൽ നിന്നാണ് ഇവർ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. 16 ാം നൂറ്റാണ്ടു മുതൽ ഇവിടെ ടൂറിസം തുടങ്ങിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പല ദേശങ്ങളിൽ നിന്നെത്തുന്ന വ്യാപാരികൾക്ക് ജയ്സാൽമീർ കോട്ട ഒരു ഇടത്താവളമായിരുന്നു. പോരാട്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും പലകാലങ്ങളിലായി നേരിട്ടിട്ടും ജയ്സാൽമീർ കോട്ടയുടെ പ്രതാപം തെല്ലും മങ്ങിയില്ല.
1,500 അടി നീളമുള്ള ജയ്സാൽമീർ കോട്ടയ്ക്ക് 800 വർഷം പഴക്കമുണ്ട്. 250 അടി ഉയരമുണ്ട്. കോട്ടയ്ക്കുള്ളിലെ വീടുകൾ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഥാർ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോട്ടയ്ക്കുള്ളിലെ വീടുകളിൽ തണുപ്പ് നിറയും. ജരോഖാ എന്ന തൂങ്ങിക്കിടക്കുന്ന ബാൽക്കണിയാണ് ഈ വീടുകൾക്കുള്ള മറ്റൊരു പ്രത്യേകത. കരകൗശലവസ്തുക്കളും, വസ്ത്രവിൽപ്പനക്കാരും, ഭക്ഷണശാലകളും കോട്ടയ്ക്കുള്ളിലെ വഴികളെ സജീവമാക്കുന്നു.
കോട്ടയ്ക്കുള്ളിലെ ആഘോഷങ്ങളെല്ലാം ഒരുമയുടെ നേർക്കാഴ്ചയാണ്. നാലായിരത്തിലധികം ആളുകൾ ഒരു കുടുംബം പോലെ കഴിയുന്നു. ആരുടെയെങ്കിലും വിവാഹം ഉറപ്പിച്ചാൽ ചെറുക്കന്റെയും പെണ്ണിന്റെയും പേരുവിവരങ്ങളും ചിത്രവും അടങ്ങിയ വലിയൊരു നോട്ടീസ് കല്യാണം നടക്കുന്ന വീടിന് മുന്നിൽ തൂക്കിയിടും. എല്ലാവർക്കുമുള്ള ക്ഷണക്കത്താണ് അത്. ചുരുക്കിപ്പറഞ്ഞാൽ കോട്ടയുടെ ഉള്ളിലും, ആളുകളുടെ മനസ്സിലും അതിരുകളില്ല.
കടപ്പാട്: ബിബിസി