Thursday 14 November 2019 12:50 PM IST : By സ്വന്തം ലേഖകൻ

ശരിക്കുമുള്ള കാലിക്കറ്റ് കോഴിക്കോട് നിന്ന് 1,845 കിലോമീറ്റർ അകലെയാണ് ബ്രോ!

wandoor2

ഇന്ത്യൻ ഭൂപടത്തിലുള്ള കാലിക്കറ്റ്, അത് നമ്മുടെ കേരളത്തിലെ കോഴിക്കോട് അല്ല. ആന്തമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലയറിലാണ്. അതായത് കോഴിക്കോട് നിന്ന് ഉദ്ദേശം 1,845 കിലോമീറ്റർ അകലെ. കാലിക്കറ്റ് മാത്രമല്ല കേട്ടോ. നമ്മുടെ മഞ്ചേരിയും, നിലമ്പൂരും, വണ്ടൂരും  മണ്ണാർക്കാടും മലപ്പുറവും തിരൂരുമെല്ലാം ആന്തമാനിലും ഉണ്ട്. നമ്മുടെ നാടിന്റെ പേരൊക്കെ എങ്ങനെ കടലുകടന്ന് ആന്തമാനിലെത്തി! സംഗതി അൽപം ചരിത്ര കഥയാണ്. 

മലബാർ കലാപകാലത്ത് ഏതാണ്ട് അരലക്ഷത്തിലധികം സ്വതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷുകാർ തടവുകാരായി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്. അതിൽ വലിയൊരു ശതമാനം പീഡനങ്ങളേറ്റും അസുഖബാധിതരായും മരണപ്പെട്ടു. വെല്ലൂർ, കോയമ്പത്തൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ജയിലുകൾ തടവുകാരാൽ  നിറഞ്ഞപ്പോൾ  ബാക്കിയുള്ളവരെ പാർപ്പിക്കാനായി ബ്രിട്ടീഷ് ഗവൺമെന്റിന്  ഒരിടം അന്വേഷിക്കേണ്ടി വന്നു. ആ അന്വേഷണം ചെന്നെത്തിയത് ആന്തമാൻ ദ്വീപുകളിലാണ്. കാലാപാനി എന്ന സിനിമയിലൂടെ ആന്തമാനിലെ സെല്ലുലാർ ജയിലിന്റെ നേർ‌കാഴ്ച നാം കണ്ടതാണ്. 1922 മുതൽ ഏതാണ്ട് എട്ടു വർഷക്കാലം എണ്ണിയാൽ തീരാത്തത്ര തടവുകാരെയാണ് ആന്തമാനിലെ ജയിലുകളിലേക്ക് തള്ളിയത്. 

shutterstock_1137477647

കാടു പിടിച്ചു കിടന്ന ഭൂമി മനുഷ്യയോഗ്യമാക്കാനും അവിടെ നഗരവത്കരണം നടപ്പിലാക്കാനുമായി ബ്രിട്ടീഷ് സർക്കാർ തടവുക്കാർക്ക് ഒരു ഓഫർ നൽകി. ആന്തമാൻ ദ്വീപിൽ സ്ഥിരതാമസമാക്കുകയാണെങ്കിൽ അവർക്ക് അവരുടെ കുടുംബത്തെ കൂടെ ദ്വീപിലേക്ക് കൊണ്ടുവരാം. ജയിൽ മോചനം നേടി കുടുംബജീവിതം നയിക്കാം. തടവുകാരുടെ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥരുടെ  ഭാഗത്തുനിന്നും ഉള്ള ഇടപെടൽ മൂലം ഈ പദ്ധതിയ്ക്ക് പല തരത്തിലുള്ള തടസ്സങ്ങളുമുണ്ടായി. 

വർഷങ്ങൾക്ക് ശേഷം, ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിൽ ജോലി ചെയ്ത ഒരു മലയാളി ഉദ്യോഗസ്ഥൻ തടവുകാരുടെ കുടുംബത്തിന് താമസിക്കാൻ സ്ഥലം കണ്ടെത്തി. ആ സ്ഥലം രണ്ടായി തിരിച്ച് അദ്ദേഹം തന്നെ കാലിക്കറ്റ് എന്നും മലപ്പുറം എന്നും നാമകരണം ചെയ്തു. 

ഇത് പോലെ ആന്തമാനിലെ ഓരോ പ്രദേശവും കാട് വെട്ടിത്തെളിച്ച് നാടാക്കി മാറ്റിയപ്പോൾ മഞ്ചേരിയിൽ നിന്ന് പോയവർ ആ സ്ഥലത്തിന് മഞ്ചേരിയെന്നും വണ്ടൂരു നിന്ന് പോയവർ ആ സ്ഥലത്തിന് വണ്ടൂരെന്നും നിലമ്പൂരിൽ നിന്ന് പോയവർ ആ സ്ഥലത്തിന് നിലമ്പൂരെന്നും പേരു നൽകി തങ്ങളുടെ നാടിനോടുള്ള സ്നേഹം രേഖപ്പെടുത്തി. പറിച്ചുനടലിന്റെ, നാടു കടത്തലിന്റെ അടയാളപ്പെടുത്തലാണ് ആന്തമാനിലെ ‘മലബാർ’. ജന്മനാടിനോടുള്ള സ്നേഹം ഇതിൽ കൂടുതൽ മനോഹരമായി എങ്ങനെ അവതരിപ്പിക്കാനാണ്! 

shutterstock_1498269155
Tags:
  • Manorama Traveller
  • Travel India