Wednesday 28 April 2021 01:07 PM IST : By Babu P.K (Athirappilly)

ലോക്ഡൗണിൽ അതിരപ്പിള്ളി റോഡ് മൃഗശാല പോലെ

athira main

തേയിലക്കാടുകള്‍ തലപ്പാവു ചുറ്റിയ മലക്കപ്പാറയിലേക്ക് കാടു ചേര്‍ന്നൊരു യാത്ര. തുമ്പൂര്‍മുഴിയില്‍ വര്‍ണമഴ ചൊരിയുന്ന ശലഭങ്ങളുടെ ഉദ്യാനത്തിൽ നിന്നു തുടങ്ങാം. ആനമല വനമേഖലയും പുഴയും വന്യമൃഗങ്ങളുമാണു കാഴ്ച. മലക്കപ്പാറയിൽ പോയിട്ടുള്ളവർ കണ്ടതും, കാണേണ്ടതുമായ ദൃശ്യങ്ങളിലൂടെ വീണ്ടും...

മഴ പെയ്യുന്നതിനു മുൻപ്, കാട് കാറ്റിനോടു കിന്നാരം പറയുന്ന പ്രഭാതം. മഞ്ഞിന്റെ തണുപ്പു വിട്ടുമാറുന്നതേയുള്ളൂ. ചോലയാർ പുഴയുടെ കരയിൽ, വഴിയോരത്ത് സഞ്ചാരികളുടെ തിരക്ക്. കാടു കാണാനുള്ള ആവേശം ക്യാമറക്കണ്ണുകളിൽ ഒളിപ്പിച്ച് അവർ പുഴയിലേക്ക് നോട്ടമെറിഞ്ഞു. ‘വേലിയില്ലെങ്കിൽ പുഴയോരത്തു പോകാമായിരുന്നു’... ചിലർ പരിഭവം പറഞ്ഞു. പുഴയിലിറങ്ങിയവർ അപകടത്തിൽ പെട്ടപ്പോഴാണ് ചോലയാർ പുഴയുടെ തീരത്തു വേലി കെട്ടിയത്.

ചോലയാര്‍ പുഴയുടെ തീരം ചേര്‍ന്നാണു സഞ്ചാരം. ചാലക്കുടിപ്പുഴയുടെ പഴയ പേരാണ് ‘ചോലയാർ’. തുമ്പൂര്‍മുഴിയിലെ ‘ബട്ടർഫ്ളൈ പാർക്ക് ’ ഈ പുഴയുടെ തീരത്താണ്. വെറ്റിലപ്പാറയിൽ പുഴയ്ക്കു കുറുകെ തൂക്കുപാലമുണ്ട്. എറണാകുളം – തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് വെറ്റിലപ്പാറ പാലം. ഡ്രീംവേൾഡ് വാട്ടർ തീം പാർക്ക്, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നിവയാണ് സമീപക്കാഴ്ചകൾ.

മലമ്പാതയിലേക്കു കടക്കും മുന്‍പ് എണ്ണപ്പനത്തോട്ടം കാണാം. പുഴയുടെ തീരത്ത് അലങ്കാര വൃക്ഷങ്ങൾ പോലെ എണ്ണപ്പന നിൽക്കുന്ന സ്ഥലത്തിനു പേര് പിള്ളപ്പാറ. എണ്ണപ്പന തോട്ടത്തില്‍ പുള്ളിമാനുകളെ കാണാം. അവിടം കടന്നാൽ അതിരപ്പിള്ളിയുടെ തിരക്കിലേക്കു പ്രവേശിക്കുന്നു.

വഴിയരികില്‍ ഒട്ടേറെ റസ്റ്ററന്റുകളും റിസോർട്ടുമുണ്ട്. ചാലക്കുടിപ്പുഴയുടെ ഭംഗിയാസ്വദിച്ച് താമസിക്കാവുന്ന റിസോർട്ടുകൾ മനോഹരം. പുഴയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് റസ്റ്ററന്റുകളും നിലനിൽക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടം എത്തുന്നതിനു മുൻപുള്ള സ്ഥലമാണു പ്ലാവിൻചുവട്. ഇവിടെയുള്ള വ്യൂപോയിന്റിൽ നിന്നാൽ വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യം ആസ്വദിക്കാം. അതിഥികളുമായി ചങ്ങാത്തം കൂടാനെത്തുന്ന വാനരസംഘത്തിന്റെ കേന്ദ്രമാണ് പ്ലാവിൻചുവട്. കുസൃതിയുമായി ആളുകളെ സമീപിക്കുന്നവയും ബാഗ് തട്ടിയെടുത്ത് ഓടുന്നവയും അക്കൂട്ടത്തിലുണ്ട്. ജാഗ്രത പാലിക്കുക.

അതിരപ്പിള്ളിയില്‍ നിന്നു വാഴച്ചാലിലേക്കുള്ള യാത്രയിൽ മഴക്കാലത്ത് കാഴ്ചയുടെ വിരുന്നൊരുക്കുന്നു ചാർപ്പ വെള്ളച്ചാട്ടം. പാറക്കെട്ടിനു മുകളിൽ നിന്നു കുത്തനെ പതിക്കുന്ന ചാർപ്പ സുരക്ഷിതമായി കണ്ടാസ്വദിക്കാവുന്ന വെള്ളച്ചാട്ടമാണ്.

പുളിയിലപ്പാറ

athira main2

വിജനമായ വഴിയിലൂടെയാണ് തുടര്‍യാത്ര. ഓരോ നിമിഷങ്ങളിലും കാടിന്റെ സ്പന്ദനം കാതോർക്കാം. മണ്‍സൂണ്‍ പെയ്തു തുടങ്ങിയാൽ പാതയോരത്തു തോരണം ചാര്‍ത്തിയ പോലെ ചെറുതും വലുതുമായി വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷപ്പെടും. ‘വെള്ളച്ചാട്ടങ്ങളുടെ ചക്രവർത്തി’യെന്നു വിശേഷിപ്പിക്കാവുന്ന അതിരപ്പിള്ളിയിൽ അതിന്റെ സമ്പൂർണത കാണാം. ലോകപ്രശസ്തരായ സിനിമാ സംവിധായകർ അദ്ഭുതചിത്രങ്ങൾക്കു പശ്ചാത്തലമൊരുക്കിയ അതിരപ്പിള്ളിയെ വിവരിക്കാൻ വാക്കുകൾക്കു വലുപ്പം പോരാ!

ബ്രിട്ടിഷ് ഭരണത്തിന്റെ ശേഷിപ്പാണു വാഴച്ചാല്‍ പാലം. തേയിലത്തോട്ടങ്ങളിലേക്കു യാത്ര സുഖമമാക്കാൻ നിർമിച്ച പാലം കൊളോണിയൽ കാലഘട്ടത്തിന്റെ അടയാളമായി നിലനിൽക്കുന്നു. ചരിത്രത്തിൽ താൽപര്യമുള്ളവരും അല്ലാത്തവരും പാലത്തിന്റെ അരികിൽ നിന്നു ഫോട്ടോ എടുക്കാറുണ്ട്. അവിടെ നിന്ന് അൽപദൂരം താണ്ടിയാൽ എത്തിച്ചേരുന്ന ജംക്‌ഷനിൽ നിന്ന് പെരിങ്ങൽകുത്ത് വൈദ്യുത നിലയത്തിലേക്ക് വഴിയാരംഭിക്കുന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ നേരത്തേ ബോട്ടിങ് ഉണ്ടായിരുന്നു. ഇപ്പോൾ അണക്കെട്ടിന്റെ പരിസരത്തേക്കു പോലും സന്ദർശകർക്ക് പ്രവേശനമില്ല. ആദിവാസികൾ പാർക്കുന്ന പുകലപ്പാറ കോളനിയാണ് സമീപത്തുള്ള ജനവാസ കേന്ദ്രം. കാട്ടിലേക്കുള്ള പ്രവേശന കവാടം എത്തുന്നതിനു മുൻപ് ഇടത്താവളം പുളിയിലപ്പാറയാണ്. അവിടെ നിന്നു നേരേ ചെക്പോസ്റ്റിലേക്ക്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, യാത്രക്കാരുടെ എണ്ണം, മടക്കയാത്രയുടെ തീയതി തുടങ്ങിയ വിവരങ്ങൾ എഴുതിക്കൊടുക്കണം.

‘വഴിയിൽ വാഹനം നിർത്തരുത്, കാടിനുള്ളിൽ പ്രവേശിക്കരുത്’ വാഹന പരിശോധനയ്ക്കു ശേഷം വനംവകുപ്പ് അധികൃതർ നിർദേശം നൽകി. പുളിയിലപ്പാറയിൽ നിന്നു മലക്കപ്പാറയിലേക്ക് അൻപത്തഞ്ച് കി.മീ. ‘വൈൽഡ് ലൈഫ് ’ ഫോട്ടോഗ്രഫിയിൽ ഭാഗ്യപരീക്ഷണം ആരംഭിക്കുന്നു.

ടാറിട്ട റോഡിലേക്ക് വെയില്‍ അരിച്ചിറങ്ങി. മരച്ചില്ലകള്‍ക്ക് ജീവന്‍ പകർന്ന് കരിങ്കുരങ്ങും മലയണ്ണാനും ഊഞ്ഞാലാടി. കാടിനുള്ളിൽ നിന്നു മലമുഴക്കി വേഴാമ്പലിന്റെ ചിറകടി ശബ്ദം കേട്ടു. തലേന്നത്തെ ‘സവാരി’യുടെ അടയാളങ്ങളായി ആനപ്പിണ്ടം കണ്ടു. വാച്ചുമരം, ആനക്കയം, പെരുമ്പാറ എന്നിവിടങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാവലിനുണ്ട്. ആന ഇറങ്ങിയിട്ടുണ്ടെന്ന് അവർ മുന്നറിയിപ്പു നൽകി. തൊട്ടാപ്പുറ വ്യൂ പോയിന്റ് വരെ ഒട്ടേറെ ആനത്താരകളുണ്ട്. സന്ദർശകർ വനനിയമങ്ങൾ പാലിക്കുക.

രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നു പോകാൻ വീതിയുള്ള റോഡിനെ കഴുത്തിൽപ്പിടിച്ച് ഇറുക്കിയതുപോലെയുള്ള പാലമാണ് മുക്കുമ്പുഴപ്പാലം. ഇരുമ്പു കൈവരി കെട്ടിയ പാലത്തിനു താഴെ കുത്തൊഴുക്കാണ്, പുഴയിൽ ഇറങ്ങരുത്. മുക്കുമ്പുഴ പ്രദേശത്തു നിന്നു ഷോളയാർ റെയ്ഞ്ചിലേക്കു കടന്നാൽ തമിഴ്നാടിന്റെ അതിർത്തിയായി. മലക്കപ്പാറയാണ് കേരള – തമിഴ്നാട് ബോർഡർ. അതിർത്തി എത്തുന്നതിനു മുൻപാണ് ‘ചീങ്കണ്ണിക്കുളം’. വെള്ളത്തിൽ ഇറങ്ങരുതെന്ന് ബോർഡ് വച്ചിട്ടുണ്ട്.

athira main3

ഷോളയാർ

ഷോളയാർ അണക്കെട്ടിന്റെ ക്യാച്മെന്റിനു സമീപത്തുകൂടിയാണ് തുടർയാത്ര. സുരക്ഷിതമായി നിന്നു ഫോട്ടോ എടുക്കാനും അണക്കെട്ടിന്റെ ഭംഗി പശ്ചാത്തലമാക്കാനും നാലു ലൊക്കേഷനുണ്ട്. അമ്പലപ്പാറ വ്യൂ പോയിന്റില്‍ നിന്നാൽ ഒരേ ഫ്രെയിമില്‍ ജലാശയവും മരക്കൂട്ടവും ലെൻസിൽ പകർത്താം. ഇവിടെ ആനയും കാട്ടുപോത്തും ഇറങ്ങാറുണ്ട്.

athira main 1

അണക്കെട്ടിനു മുകളിൽ നിന്നാൽ പൂന്തോട്ടവും സമീപ ഗ്രാമവും ഏരിയൽ ആംഗിളിൽ കാണാം. ഷട്ടർ തുറക്കുമ്പോഴാണ് ഷോളയാറിന്റെ ഭംഗി പൂർണമാവുക. അണക്കെട്ടിനു മുൻപിൽ വഴിയോരത്ത് മീൻ പൊരിച്ചു വിൽക്കുന്ന കടകളുണ്ട്. ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് പൊരിച്ചു വാങ്ങി കഴിക്കാം.

മലക്കപ്പാറ ജംക്‌ഷനിൽ എത്തുന്നതിനു മുൻപു കേരള –തമിഴ്നാട് അതിര്‍ത്തി മുതൽ തേയിലത്തോട്ടങ്ങളാണ്. അവിടെ എത്തിയാൽ കാലാവസ്ഥ പൊടുന്നനെ മാറുന്നത് അനുഭവിച്ചറിയാം. വാൽപാറയെ തഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിരും തേയിലക്കാടിന്റെ ഭംഗിയും സഞ്ചാരികളെ വീണ്ടും ഈ പാതയിലേക്കു ക്ഷണിക്കുന്നു.