Saturday 18 April 2020 04:13 PM IST

കൊറോണയെ പേടിയില്ലാത്ത ദ്വീപ് വില്‍പ്പനയ്ക്ക്: പണപ്പെട്ടിയുമായി കോടീശ്വരന്മാര്‍ ക്യൂ നില്‍ക്കുന്നു

Baiju Govind

Sub Editor Manorama Traveller

island

രാക്ഷസന്മാരുടെ ശല്യം പേടിച്ച് ഭൂമിയിലെ രാജക്കന്മാര്‍ ദേവലോകത്ത് അഭയം തേടിയ പുരാണകഥ കേട്ടിട്ടില്ലേ? കൊറോണയെ ഭയന്ന് ഇതാ സമ്പന്നരായ ഒരു കൂട്ടം മനുഷ്യര്‍ അതുപോലെ സുരക്ഷിതമായ ഇടം തേടുന്നു. ആള്‍ താമസമില്ലാത്ത ദ്വീപുകള്‍ വാങ്ങാന്‍ കോടികള്‍ പെട്ടിയില്‍ നിറച്ച് നെട്ടോട്ടമോടുന്ന കോടീശ്വരന്മാരുടെ ചിത്രം തുര്‍ക്കിയിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ബര്‍സാ കായലിനു നടുവിലെ ദ്വീപാണ് രാജ്യന്തര ശ്രദ്ധയാകര്‍ഷിച്ചത്.

ഹുറിയത്ത് ന്യൂസിന്റെ പ്രധാന വാര്‍ത്ത അമേരിക്കയിലും യൂറോപ്പിലും വന്‍ ചര്‍ച്ചയായി. തുര്‍ക്കിയിലെ ബര്‍സാ കായലിനു നടുവില്‍ 45 ഏക്കര്‍ സ്ഥലം വില്‍ക്കാനുണ്ടെന്നാണു വാര്‍ത്ത. കൊവിഡ് 19 വൈറസ് ഭൂമിയെ വിട്ടു പോകും വരെ പ്രിയപ്പെട്ടവരോടൊപ്പം സുരക്ഷിതമായി കഴിയാന്‍ ഒരു ദ്വീപ് എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. കൊറോണ വൈറസിനെ പേടിച്ച് സുരക്ഷിത സ്ഥാനം തേടിയ സമ്പന്നര്‍ക്കിടയില്‍ വാര്‍ത്ത വൈറലായി.കൊറോണ വൈറസിനെ ഭയപ്പെടാതെ സുരക്ഷിതമായി താമസിക്കാന്‍ ഒരു ഇടം എന്നാണു വാര്‍ത്തയുടെ തലക്കെട്ട്. തുര്‍ക്കിയില്‍ പ്രശസ്തമായ വാര്‍ത്താ വെബ്‌സൈറ്റാണു ഹൂറിയത് ന്യൂസ്.

ദ്വീപിന്റെ പേര് ഉല്‍വാബത്ത്. മണലും മണ്ണും നിറഞ്ഞതാണു പ്രതലം. തുരുത്ത് നിറയെ ഒലിവ് മരങ്ങളുണ്ട് - ഡ്രോണില്‍ പകര്‍ത്തിയ ചിത്രത്തില്‍ വ്യക്തം. തുര്‍ക്ക് വംശജനായ നദീം ബുലുത്ത് എന്നയാളാണ് ദ്വീപിന്റെ ഉടമ. മുന്‍പ് പല തവണ അദ്ദേഹം സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ആവശ്യക്കാരെ കിട്ടിയില്ല.

പുരാതന നഗരങ്ങളുടെ രാജ്യമാണു തുര്‍ക്കി. അവിടെയാരും കായലിനു നടുവില്‍ താമസിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍, കൊറോണ വൈറസ് ലോകം മുഴുവന്‍ മരണം വിതച്ചതോടെ കാര്യങ്ങള്‍ മാറി. ദ്വീപ് വില്‍ക്കാനുണ്ടെന്നു വാര്‍ത്ത വന്നതോടെ ഇംഗ്ലണ്ടിലെയും യുഎസിലേയും ബിസിനസുകാര്‍ പണവുമായി മുന്നോട്ടു വന്നു.

2.52 ദശലക്ഷം ഡോളറാണ് നദീം ആവശ്യപ്പെടുന്ന തുക. 500 ഒലിവ് മരങ്ങള്‍ ദ്വീപിലുണ്ട്. പെലിക്കണ്‍, കൊക്ക് തുടങ്ങി ദ്വീപിലെ പക്ഷികളെ ശല്യം ചെയ്യരുത്. പരിസ്ഥിതി നിയമം പാലിക്കണം. കെട്ടിടം നിര്‍മിക്കരുത്. - കണ്ടീഷന്‍ അംഗീകരിക്കുന്നവര്‍ക്കു മാത്രമേ ദ്വീപ് വില്‍ക്കൂ. പ്രകൃതിയെ ദ്രോഹിക്കാതെ വീട് നിര്‍മിക്കാം. ദ്വീപ് ഉള്‍പ്പെടുന്ന കാരക്കബി പ്രവിശ്യയുടെ മേയര്‍ അലി ഇസ്‌കാന്‍ വ്യക്തമാക്കി.