പ്രകൃതിയോടുള്ള ഹൃദയവികാരം പ്രേമമെന്നു കുറിച്ചതു വയലാറാണ്. 'ആ ചിത്രശലഭം പറന്നോട്ടെ' എന്ന സിനിമയില്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ആ ഗാനത്തിലെ പ്രകൃതി യുവതിയും രൂപവതിയുമാണ്. യേശുദാസ് പാടിയ പാട്ടിന്റെ അനുഭൂതി പോലെ ഒരു കൂട്ടം ഫോട്ടോകളില്‍ ആയിരം വര്‍ണങ്ങള്‍ വിടര്‍ന്നിരിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഫോട്ടോഗ്രഫര്‍മാരാണ് ക്യാമറയില്‍ കാവ്യചിത്രങ്ങള്‍ സൃഷ്ടിച്ചത്. ഭൂമിക്കുള്ള ആദരമാണ് ഈ ചിത്രങ്ങളെന്നു നിര്‍വചനത്തോടെ പ്രദര്‍ശിപ്പിച്ച ഇരുനൂറു ഫോട്ടോകളില്‍ പ്രകൃതിയിലെ കൗതുങ്ങളാണ് വിഷയമാക്കിയിട്ടുള്ളത്. പതിനഞ്ചു വര്‍ഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ലാന്‍ഡ് സ്‌കേപ്, വൈല്‍ഡ് ലൈഫ് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് അന്റാര്‍ട്ടിക്ക എന്നിവിടങ്ങളാണ് ഫോട്ടോയ്ക്കു പശ്ചാത്തലം.
നേച്വര്‍ ഫൊട്ടോഗ്രഫിയില്‍ ലോകപ്രശസ്തനാണു മാഴ്‌സല്‍ വാന്‍ വൂസ്റ്റന്‍. വന്യജീവികളുടെ ഫോട്ടോ എടുക്കുന്നതില്‍ വിദഗ്ധനാണു മാഴ്‌സല്‍. ട്രാവല്‍ ഫൊട്ടോഗ്രഫിയിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹം പകര്‍ത്തിയ പുള്ളിപ്പുലി വെള്ളംകുടിക്കുന്ന ചിത്രം ഒട്ടേറെ അംഗീകാരം നേടി. പ്രകൃതിയിലെ നേര്‍ക്കാഴ്ചയെന്നാണ് അവാര്‍ഡ് ജൂറി ഈ ചിത്രത്തെ പ്രശംസിച്ചത്. ഭൂമിക്കുള്ള ആദരമായി മാഴ്‌സല്‍ ഈ ചിത്രം സമര്‍പ്പിക്കുന്നു. അമ്മയെന്നാണു അദ്ദേഹം ഭൂമിയെ വിശേഷിപ്പിക്കുന്നത്. പരിചതമായ പദം, ആദരവിന്റെ സമ്പൂര്‍ണത. വൈകാരികമായ ബന്ധം - അമ്മയെക്കുറിച്ച് ഫൊട്ടോഗ്രഫര്‍ പറഞ്ഞു. പ്രകൃതിയും മനുഷ്യനുമായുള്ള ഹൃദയവികാരവും അമ്മയുമായുള്ള ബന്ധത്തിന്റെ ഊഷ്മളതയാണെന്ന് ഫൊട്ടോഗ്രഫര്‍ തന്റെ ക്യാമറയിലൂടെ അടയാളപ്പെടുത്തി. മക്കളെ അമ്മ സംരക്ഷിച്ചതു പോലെ മക്കള്‍ അമ്മയെ സംരക്ഷിക്കണം. പ്രകൃതിയും അത് ആവശ്യപ്പെടുന്നു. പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുമ്പോള്‍ അതിന്റെ ആവശ്യകത തിരിച്ചറിയാം. കെനിയയിലെ കാണ്ടാമൃഗങ്ങളുടെ ചിത്രം മണ്ണിനോടു ചേര്‍ന്നു നിന്ന് ലോ ആംഗിളില്‍ പകര്‍ത്തിയതു നിക്കോണ്‍ സെഡ് 7 ക്യാമറയിലാണ്. കാഴ്ചയെക്കാള്‍ ശബ്ദതരംഗങ്ങളാണത്രേ കാണ്ടാമൃഗങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത്.
സാങ്കേതികവിദ്യയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വന്യജീവികളുടെ പ്രതീകമാണു മൊബൈല്‍ ഫോണില്‍ അടയാളങ്ങള്‍ തിരയുന്ന കുരങ്ങന്‍. സന്ദര്‍ശകയുടെ കയ്യില്‍ നിന്നു തട്ടിയെടുത്ത ഫോണുമായി കുളത്തില്‍ ചാടിയ കുരങ്ങന്‍ വെള്ളത്തില്‍ മുങ്ങിക്കയറി. ഓഫായെങ്കിലും ഫോണിന്റെ സ്‌ക്രീനില്‍ ടച്ച് ചെയ്തു, സൈ്വപ് ചെയ്തു. ജപ്പാനില്‍ വച്ചാണ് ഈ ചിത്രം കിട്ടിയത്.
ചൈനയുടെ സ്വന്തം വന്യജീവിയെന്ന് അറിയപ്പെടുന്ന പാണ്ടയുടെ കുഞ്ഞ് കുസൃതിയുടെ നേര്‍ക്കാഴ്ചയാണ്. പിറന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മരക്കൊമ്പില്‍ അള്ളിപ്പിടിച്ചു കയറിയ പാണ്ടയുടെ ചിത്രം മാഴ്‌സലിന് രാജ്യാന്തര പുരസ്‌കാരം നേടിക്കൊടുത്തു. മീനുകളെ ഭക്ഷണമാക്കുന്ന കടല്‍ക്കഴുകന്‍ വിശപ്പേറിയ ദിവസം കുറുക്കനു പുറകെ കൂടിയതു മാഴ്‌സലിന്റെ ക്യാമറയ്ക്കു വിരുന്നൊരുക്കി. മീന്‍ കിട്ടാതെ വന്നാല്‍ വളര്‍ത്തുനായകളെപ്പോലും കടല്‍ക്കഴുകന്മാര്‍ പിടിച്ചു തിന്നാറുണ്ട്. ദക്ഷിണാഫ്രിയില്‍ വെയില്‍ കായുന്ന കടുവ, സ്വര്‍ണ നിറമുള്ള രോമങ്ങോടു കൂടിയ കുരങ്ങന്മാര്‍, സായാഹ്നം ആസ്വദിക്കുന്ന കുരുവികളും ജിറാഫും, ഐസ് ലാന്‍ഡില്‍ മഞ്ഞുപാളികളിലൂടെ നടക്കുന്നയാള്‍.... ഇങ്ങനെ കൗതുകങ്ങളിലൂടെ കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു മാഴ്‌സല്‍.
ഫൊട്ടോഗ്രഫി വെറുമൊരു ജോലിയല്ലെന്നും അതു പ്രകൃതിയെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പുനരാവിഷ്‌കാരമാണെന്നും മാഴ്‌സല്‍ പറയുന്നു. പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമെന്നു തിരിച്ചറിയുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കാനുള്ള ഹൃദയവികാരം ഉണരുമെന്നാണ് മാഴ്‌സലിന്റെ അഭിപ്രായം.