Saturday 05 June 2021 02:45 PM IST

എവറസ്റ്റ് ട്രെക്കിങ് നടത്തിയവര്‍ കര്‍ശന നിരീക്ഷണത്തില്‍:  കോവിഡിന്റെ നേപ്പാള്‍ വകഭേദം ലോകത്തു പരത്തിയത് സഞ്ചാരികളെന്നു സൂചന

Baiju Govind

Sub Editor Manorama Traveller

nepal 1

എവറസ്റ്റ് കൊടുമുടി കീഴടക്കി തിരിച്ചെത്തുന്ന സാഹസിക സഞ്ചാരികള്‍ നിരീക്ഷണത്തില്‍. കൊടും മഞ്ഞും പ്രതികൂല കാലാവസ്ഥയും മറികടന്നു സാഹസിക യാത്ര നടത്തിയവര്‍ക്കു കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചതായി നിഗമനം. കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനു നേപ്പാള്‍ വകഭേദം രൂപപ്പെട്ടതായി മേയ് അവസാനമാണു തിരിച്ചറിഞ്ഞത്. ഇതു പര്‍വതാരോഹകരിലൂടെ മറ്റു രാജ്യങ്ങളില്‍ എത്തിയെന്ന് ആരോഗ്യ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എവറസ്റ്റ് ട്രെക്കിങ് കഴിഞ്ഞു ജപ്പാനിലേക്കു മടങ്ങിയ പതിമൂന്നു പേര്‍ കോവിഡ് ബാധിതരെന്നു തിരിച്ചറിഞ്ഞു. ഇതിനെ തുടര്‍ന്ന് നേപ്പാള്‍ സന്ദര്‍ശിച്ച വിദേശികളുടെ പട്ടിക തയാറാക്കി നിരീക്ഷണം നിര്‍ദേശിച്ചു. നിലവില്‍ ലോകത്തു ലഭ്യമായ വാക്‌സീനുകളെ മറികടക്കാന്‍ ശേഷിയുള്ളതാണോ കൊറോണയുടെ നേപ്പാള്‍ വകഭേദമെന്ന കാര്യത്തെക്കുറിച്ചു പഠനം നടക്കുകയാണ്.
കൊറോണയുടെ ഇന്ത്യന്‍ വകഭേദവുമായി സാമ്യമുള്ളതും മാരകവുമാണു നേപ്പാളില്‍ തിരിച്ചറിഞ്ഞ വൈറസ്. ഇന്ത്യ - ദക്ഷിണാഫ്രിക്ക വൈറസിന്റെ ഇരട്ടി പ്രഹര ശേഷിയുള്ളതാണു നേപ്പാളില്‍ വ്യാപിച്ചതെന്നു ഗവേഷകര്‍ മനസ്സിലാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നാല്‍പത്തി മൂന്നു പേര്‍ക്കാണ് നേപ്പാള്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്ക, ഇന്ത്യ, പോര്‍ചുഗല്‍ എന്നിവയാണ് നേപ്പാള്‍ വകഭേദം സ്ഥിരീകരിച്ച മറ്റു രാജ്യങ്ങള്‍. കോവിഡിന്റെ നാലാം തരംഗത്തെ മറികടന്നു ലോക്ഡൗണ്‍ പിന്‍വലിച്ച് സാധാരണ നിലയിലേക്കു ജനജീവിതം നീങ്ങുന്നതിനിടെയാണ് യുകെയില്‍ പുതിയ ഭീതിയുമായി നേപ്പാളില്‍ നിന്നുള്ള വൈറസ് എത്തിയത്.

nepal 2

കോവിഡ് ആദ്യ വ്യാപനത്തിന്റെ ആദ്യ തരംഗത്തിനു ശേഷം താല്‍ക്കാലിക ആശ്വാസം നേടിയ ഇടവേളയില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എവറസ്റ്റ് ട്രെക്കിങ്ങിനായി നേപ്പാളില്‍ എത്തിയത്. മല ഇറങ്ങിയവരില്‍ നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു. അതുവരെ ലോകത്തു തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഇവരില്‍ കണ്ടെത്തിയത്. അതു കോവിഡിന്റെ നേപ്പാള്‍ വകഭേദമെന്നു ഗവേഷകര്‍ വിലയിരുത്തി.
ഇന്ത്യയെപ്പോലെ കോവിഡ് രണ്ടാം തരംഗം കനത്ത ആഘാതം ഏല്‍പിച്ച രാഷ്ട്രമാണു നേപ്പാള്‍. മേയ് പകുതിയില്‍ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം 9000 ആയിരുന്നു, മരണസംഖ്യ 200. ലോകം മുഴുവനും കോവിഡ് പ്രതിരോധത്തിനു രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ നേപ്പാളില്‍ ഇന്റര്‍നാഷണല്‍ വിമാന സര്‍വീസുകള്‍ തുടര്‍ന്നു. ഈ സമയത്ത് ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കണക്ഷന്‍ വിമാനങ്ങള്‍ ലഭ്യമായതിനാല്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ കാഠ്മണ്ഡുവിലൂടെ യാത്ര നടത്തി. ഇതേ സമയത്തു വിനോദ സഞ്ചാരികള്‍ക്കും നേപ്പാള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. സീസണ്‍ ആയതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ എവറസ്റ്റ് കീഴടക്കുന്നതിനായി കാഠ്മണ്ഡുവില്‍ ഇറങ്ങി. അവരിലൂടെ വിവിധ രാജ്യത്ത് വൈറസ് പടര്‍ന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Tags:
  • Manorama Traveller