Monday 21 September 2020 01:57 PM IST

‘മോഡേൺ വസ്ത്രം’ ധരിച്ചെത്തിയ യുവതിയെ മ്യൂസിയത്തിൽ പ്രവേശിപ്പിച്ചില്ല: കേരളത്തിലെ ‘കാലു കാണിക്കൽ’ പോലെ ഫ്രാൻസിലും ബുള്ളിയിങ് വിവാദം

Baiju Govind

Sub Editor Manorama Traveller

cyber-bullying7754321

സിനിമാ നടി കാലു കാണിച്ച് ഫോട്ടോ പങ്കുവച്ചതിനെ തുടർന്നുള്ള സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും കേരളത്തിലെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. നടിക്കു പിൻതുണയുമായി കാലു കാണിച്ചെത്തിയ മറ്റു നടിമാരുടെ ഫോട്ടോ വൈറലായപ്പോൾ ഇതാ പാരിസിൽ നിന്നു സമാനമായ ഒരു വാർത്ത. ‘മോഡേൺ’ വസ്ത്രം ധരിച്ചെത്തിയ ഇരുപത്തിരണ്ടു വയസ്സുകാരിയെ മ്യൂസിയത്തിൽ പ്രവേശിപ്പിച്ചില്ല. ‘ഇത്തരം വസ്ത്രം’ ധരിച്ചവരെ കെട്ടിടത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഫാഷന്റെ പറുദീസയെന്നു വിശേഷിപ്പിക്കപ്പെടുന്ന പാരിസിലാണ് സംഭവം. ആയിരക്കണക്കിന് വിദേശികൾ സന്ദർശനത്തിന് എത്തുന്ന സ്ഥലമാണു പാരിസ് നഗരം. ഫ്രാൻസിലുള്ള മൊത്തം ജനങ്ങൾക്കും അപമാനമാണ് മ്യൂസിയം അധികൃതരെന്നു യുവതി തുറന്നടിച്ചു.

ഫ്രാൻസിലെ പ്രശസ്തമായ മ്യൂസിയമാണ് മുസിദ ഓസേ. ലോകപ്രശസ്തരായ കലാപ്രതിഭകളുടെ സൃഷ്ടികൾ മ്യൂസിയത്തിന്റെ സെമിനാർ ഹാളിൽ പ്രദർശിപ്പിക്കാറുണ്ട്. സ്ത്രീസ്വാതന്ത്ര്യവും സ്ത്രീ ശരീരവും പ്രമേയമാക്കിയ ചിത്രങ്ങളാണു കഴിഞ്ഞ ആഴ്ച പ്രദർശിപ്പിച്ചത്. ചിത്രപ്രദർശനം കാണാൻ ജയേൻ ഹുവറ്റ് എന്ന യുവതി കൂട്ടുകാരിയോടൊപ്പം മ്യൂസിയത്തിനു മുന്നിലെത്തി. ഫാഷനിൽ തൽപരയായ ഹുവറ്റ് പുതുവസ്ത്രം ധരിച്ചാണ് എത്തിയത്. സെക്യൂരിറ്റി ജീവനക്കാർ ഹുവെറ്റിനെ മ്യൂസിയത്തിന്റെ മുന്നിൽ തടഞ്ഞു. ‘ഇത്തരം വേഷം’ ധരിച്ച് മ്യൂസിയത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ‘ഞാൻ എന്തു ധരിക്കണമെന്നു ഞാൻ തീരുമാനിക്കു’മെന്ന് ഹുവറ്റ് നിലപാട് വ്യക്തമാക്കി. മ്യൂസിയത്തിന്റെ ഭാരവാഹികളെ വിളിക്കാൻ ഹുവറ്റ് ആവശ്യപ്പെട്ടു. ഇത്രയും ആയപ്പോഴേക്കും പ്രദർശനം കാണാനെത്തിയവർ ചേരി തിരിഞ്ഞു. ഹുവറ്റിന് അനുകൂലമായും പ്രതികൂലമായും ഇരുവശങ്ങളിൽ ആളുകൾ അണിചേർന്ന് തർക്കം തുടങ്ങി.

Orsay-museum

കാര്യങ്ങൾ കയ്യാങ്കളിയിലേക്കു നീങ്ങുമെന്നു മനസ്സിലായപ്പോൾ മ്യൂസിയം അധികൃതർ മധ്യസ്ഥതയ്ക്ക് ഉപാധി വച്ചു. ഗൗണിനു മുകളിൽ ഒരു ജാക്കറ്റ് ധരിക്കാൻ ഹുവറ്റിനോട് ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ ഹുവറ്റ് ആ നിർദേശത്തിനു വഴങ്ങി. പുത്തൻ വസ്ത്രത്തിനു മുകളിൽ ജാക്കറ്റ് ധരിച്ച് അൽപനേരം ഹാളിൽ ചുറ്റിക്കറങ്ങി.

വീട്ടിലെത്തിയ ശേഷം യുവതി മ്യൂസിയത്തിൽ തനിക്കു നേരിട്ട ദുരനുഭവം കുറിച്ചു. പ്രതിഷേധത്തിന് ഇടയാക്കിയ ചിത്രം ധരിച്ചുള്ള സെൽഫിയും പോസ്റ്റ് ചെയ്തു. ഹുവറ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുവതരംഗമുണ്ടായി. അതേസമയം, കുറേയാളുകൾ തെറിവിളിയും കമന്റുമായി ഹുവറ്റിനെ പിന്തുണച്ചവരെയും ആക്രമിച്ചു. എത്ര പുരോഗമിച്ചാലും പലരും സ്ത്രീകളെ ഇപ്പോഴും വെറും ‘വിൽപനച്ചരക്കായിട്ടാണ്’ കാണുന്നതെന്ന് വിമർശനങ്ങൾക്കു മറുപടിയായി ഹുവറ്റ് കുറിച്ചു. സംഭവം വിവാദമായതിനെത്തുടർന്ന് മായൂസിയം അധികൃതർ മാപ്പു പറഞ്ഞ് തടിയൂരി.

Tags:
  • Manorama Traveller