കര്‍ശനമായ നിയന്ത്രണങ്ങള്‍ ഭയന്ന് ഇറാനിലേക്കു യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ക്കു ഭയമായിരുന്നു പണ്ട്. ഇനിയതു പഴങ്കഥ. ലോകം കോവിഡ് മഹാമാരിയില്‍ സ്തംഭിച്ചു നില്‍ക്കുന്ന രണ്ടാം വര്‍ഷത്തില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇറാന്‍. ബുട്ടീക് ഹോട്ടല്‍, പേര്‍ഷ്യന്‍ നൈറ്റ്‌സ് തുടങ്ങി പാശ്ചാത്യ മാതൃകയില്‍ വിനോദസഞ്ചാരം അനുവദിച്ചു. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ അനുമതിയുള്ള ഹോട്ടലുകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു ബുക്ക് തയാറാക്കി. പതിനാറു ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമാണ് ഇതിലുള്ളത്. തലസ്ഥാനമായ ടെഹറാന്‍ മുതല്‍ ക്വഷം ഐലന്‍ഡ് വരെ വിവിധ ഭാഗത്താണ് ഈ ഹോട്ടലുകള്‍.
www.teneues.com വെബ്‌സൈറ്റില്‍ നോക്കി ഇറാനിലെ താമസസ്ഥലങ്ങള്‍ മനസ്സിലാക്കാം. ഇറാനിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച തോമസ് വെഗ് മാനാണ് ഈ വെബ് സൈറ്റിന്റെ അണിയറ പ്രവര്‍ത്തകന്‍. ഇറാന്‍ സന്ദര്‍ശിച്ച് താമസ സ്ഥലത്തിനു നിലവാരമില്ലെന്നു പരാതിപ്പെട്ടവരെ സഹായിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ തോമസ് വെഗ് മാന്‍. പേര്‍ഷ്യന്‍ നൈറ്റ്‌സ് എന്നു പേരിട്ട പുസ്തകം ഇറാനിലെ ഹോട്ടലുകളെക്കുറിച്ചുള്ള ആദ്യത്തെ ബുക്കാണെന്നു തോമസ് പറയുന്നു.
' രാജ്യത്ത് മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ ആല്‍ക്കഹോള്‍ ലഭ്യമല്ല' ഹോട്ടലുകളെക്കുറിച്ചുള്ള പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിനു പകരം ഇറാനിലെ ട്രഡീഷനല്‍ രീതിയില്‍ തയാറാക്കിയ രുചികരമായ വിഭവങ്ങളും ജ്യൂസും ആസ്വദിക്കാം. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചരിത്ര കേന്ദ്രങ്ങള്‍ ഇറാന്‍ ടൂറിന്റെ ഭാഗമാണ്. ഒട്ടുമിക്ക ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ സമീപത്താണ്. കാസ്പിയന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, തുര്‍ക്കി, പാക്കിസ്ഥാന്‍ സംസ്‌കാരങ്ങളുടെ സംഗമം ഇവിടെ ദൃശ്യമാകുമെന്നാണ് ഇറാനെക്കുറിച്ചു തോമസ് പറയുന്നത്.
ടെഹറാനില്‍ നിന്നു രണ്ടര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലമാണു കഷാന്‍. അവിടെയുള്ള മനൗഷരി ഹൗസില്‍ ഇരുപതു മുറികളുണ്ട്. കാര്‍പെറ്റുകളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. നിറങ്ങളിലും ഇന്റീരിയര്‍ ഡിസൈനിലും ഇറാന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. 1789 മുതല്‍ 1925 വരെ ഭരണം നടത്തിയിരുന്ന ഖജാര്‍ രാജവംശത്തിന്റെ നിര്‍മാണ ചാതുരി അതേപടി പരിപാലിക്കുന്ന മന്ദിരമാണ് ഇത്. ഇറാനിലെ ടെക്‌സ്റ്റൈല്‍ ആര്‍ട്ടിന്റെ കേന്ദ്രമാണു കഷാന്‍. നെയ്ത്തുകാരുടെ ഗ്രാമമെന്നു പറയാം.
യാഥാസ്ഥിതിക രീതികള്‍ പിന്‍തുടരുന്നതിനാല്‍ ഇറാനില്‍ വിനോദസഞ്ചാരികള്‍ക്ക് സ്വതന്ത്രമായി താമസ സ്ഥലം ഏര്‍പ്പാടാക്കല്‍ ബുദ്ധിമുട്ടായിരുന്നു ഇത്രകാലം. മുറികള്‍ കിട്ടാന്‍ ഏജന്‍സികളുടെ സഹായം നിര്‍ബന്ധമായിരുന്നു. ഈ അവസ്ഥയില്‍ നിന്നു വിനോദസഞ്ചാരം മെച്ചപ്പെടുത്തി ജനകീയമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ആര്‍ട് ഹോട്ടല്‍ എന്നാണു മേയ്മാന്‍ഡ്മീണ്‍ ഇക്കോലോഡ്ജിന്റെ വിശേഷണം. പുരാതന ഗുഹയ്ക്കുള്ളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. പഴയ രീതികള്‍ പിന്‍തുടരുന്നതിനാല്‍ ആധുനിക സൗകര്യങ്ങള്‍ ഇല്ലെന്നു തെറ്റിദ്ധാരണ വേണ്ട. മുറികളും ബാത്ത് റൂം ഉള്‍പ്പെടെ ഇന്റീരിയറും മോഡേണ്‍ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് 19 രണ്ടാം വ്യാപനത്തെ തുടര്‍ന്നു താല്‍ക്കാലികമായി ഇറാന്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യാത്രാ നിരോധനം നീങ്ങിയാല്‍ ഇറാനിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുമെന്നാണു പ്രതീക്ഷ.