Friday 07 May 2021 03:19 PM IST

ജോലി സ്വർണം കുഴിച്ചെടുക്കൽ; ജീവിതം നരകതുല്യം: ‘കെജിഎഫി’ൽ കണ്ടതിനെക്കാൾ ദുരന്തം കോളാറിലെ കോളനികൾ

Baiju Govind

Sub Editor Manorama Traveller

Cover

സ്വർണം കണ്ടു സ്വപ്നം നെയ്തവരുടെ ഗ്രാമം കണ്ണീരു തോരാതെ തേങ്ങുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവരുടെ രോദനം ആരും കേൾക്കുന്നില്ല; കേട്ടതായി നടിക്കുന്നില്ല. കോളാർ ഖനിയിലെ തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണു പറയുന്നത്. സൾഫറിന്റെയും സയനൈഡിന്റെയും മാലിന്യക്കൂമ്പാരമായി മാറിയ ദുരന്തഭൂമിയാണ് ഇപ്പോൾ കർണാടകയിലെ കോളാർ. മാലിന്യം ശ്വസിച്ച് കാൻസറും കരൾരോഗവും ബാധിച്ചു മനുഷ്യർ മരിച്ചു വീഴുന്ന ‘നരക’മായി മാറിയിരിക്കുന്നു ഖനി ഗ്രാമം. ‘‘ഒരു കാലത്ത് ഇവിടെയുള്ളതെല്ലാം മിന്നുന്ന പൊന്നായിരുന്നു. രാവും പകലും പണിയെടുത്ത് ഞങ്ങൾ അതെല്ലാം വാരിക്കൂട്ടി. കൂടയിൽ നിറച്ച് വണ്ടിയിൽ കയറ്റിക്കൊടുത്തു. എല്ലാം അവർ കൊണ്ടു പോയി. സ്വർണം വേർതിരിക്കാൻ മണ്ണിൽ കലക്കിയ സയനൈഡും സൾഫറും ശ്വസിച്ച് ഞങ്ങൾ മാറാരോഗികളായി. മാധ്യമ വാർത്തകളിലും വർത്തമാനങ്ങളിലും ഞങ്ങളില്ല. ആർക്കും വേണ്ടാത്തവരായി ഇവിടെ രണ്ടു ലക്ഷത്തി അറുപതിനായിരം പേർ നരക യാതന അനുഭവിക്കുന്നു. അഞ്ചു ശൗചാലയങ്ങളിൽ ആയിരം പേർ പ്രാഥമിക കൃത്യം നിർവഹിക്കുന്ന നാട് വേറെയേതുണ്ട്? ’’

അൻപതു വർഷത്തിലേറെ ഖനിയിൽ ജോലി ചെയ്തിട്ടും കുടുംബം പുലർത്താൻ കഴിവില്ലാത്തതിന്റെ സങ്കടം സഹിക്കാതെ കരയുകയാണ് ‘സയനൈ‍‍ഡ് ഹിൽസി’നു സമീപത്തു താമസിക്കുന്നവർ. കോപ്പർ സൾഫേറ്റ്, സിലിക്കേറ്റ്, സോഡിയം സയനൈഡ് തുടങ്ങി സ്വർണം വേർതിരിക്കാനുള്ള രാസവസ്തുക്കളുടെ ചേരുവയായി മാറിയ മൺകൂനകളെയാണ് അവിടത്തുകാർ സയനൈഡ് ഹിൽ എന്നു വിളിക്കുന്നത്. വിഷവസ്തുക്കൾ കലർന്ന കുന്നുകളുടെ അരികിൽ താമസിക്കുന്നവരിൽ അൻപതു ശതമാനം പേർ കാൻസർ, സിലിക്കോസിസ് രോഗികളാണ്. ഖനിയിൽ ജോലി ചെയ്തിരുന്നവരും ആശ്രിതരുമായി രണ്ടു ലക്ഷത്തി അറുപതിനായിരം പേർ താമസിക്കുന്നു കോളാറിന്റെ പരിസരത്തെ കോളനികളിൽ. മാലിന്യം ഒഴുകുന്ന ഓടകളുടെ അരികിലുള്ള ഒറ്റമുറികളിൽ നാലും അഞ്ചും അംഗങ്ങളുള്ള കുടുംബം അന്തിയുറങ്ങുന്നു. പകർച്ച വ്യാധികളും പട്ടിണിയുമായി നരക യാതനയിൽ കഴിയുന്നവരെ രക്ഷിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും മറ്റു മുന്നണികളും എത്തുന്നില്ല. നൂറു വർഷം സ്വർണം ഖനനം ചെയ്ത രാസ മാലിന്യം നീക്കം ചെയ്യാൻ ആർക്കു സാധിക്കും? അൻപത്തെട്ടു കിലോമീറ്റർ പരന്നു കിടക്കുന്ന വിഷാംശം കലർന്ന മണ്ണ് എവിടെ നിക്ഷേപിക്കും? ഖനനം ആരംഭിക്കുന്നതിനു മുൻപു കോളാറിലെ ഭൂരിപക്ഷം പ്രദേശവും കൃഷിയായിരുന്നു. പച്ചക്കറി, നെല്ല്, റാഗി, നിലക്കടല എന്നിവയാണു വിള. രാസവസ്തുക്കൾ കലങ്ങിയ മണ്ണിൽ ഇപ്പോൾ പുല്ലു മുളയ്ക്കുന്നില്ല.

kolar

ബെംഗളൂരു നഗരത്തിൽ നിന്നു നൂറു കിലോമീറ്റർ അകലെയാണു കോളാർ ഖനി. ബ്രിട്ടിഷ് ഭരണകാലത്താണു കോളാറിലെ മണ്ണിൽ സ്വർണത്തിന്റെ അംശം കണ്ടെത്തി ഖനനം ആരംഭിച്ചത് – 1902ൽ. പിന്നീട് ബ്രിട്ടിഷ് ഉദ്യോഗസ്ഥർ ഗവേഷക സംഘവുമായി അവിടെ ക്യാംപ് ചെയ്തു. ‘മിനി ഇംഗ്ലണ്ട്’ എന്നാണ് അക്കാലത്ത് കോളാർ അറിയപ്പെട്ടത്. ഇന്ത്യയിൽ ആദ്യം വൈദ്യുതീകരണം നടപ്പാക്കിയ സ്ഥലമാണു കോളാർ. രാജ്യത്ത് ആദ്യമായി കുടിവെള്ള പദ്ധതി നടപ്പാക്കിയ സ്ഥലവും ഇതാണ്. അക്കാലത്ത് കോളാറിൽ പവർ കട്ട് ഉണ്ടായില്ല, കുടിവെള്ളം നിലച്ചില്ല. ആയിരക്കണക്കിന് തൊഴിലാളികൾ അടിമകളെ പോലെ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടു.

പിൽക്കാലത്ത് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം ഖനനം ഏറ്റെടുത്തു. ലോകത്തു ഏറ്റവുമധികം താഴ്ചയിൽ സ്വർണം ഖനനം ചെയ്ത സ്ഥലങ്ങളിൽ കോളാർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. എണ്ണൂറു ടൺ സ്വർണമാണ് ഇവിടെ നിന്നു ലഭിച്ചതെന്നു പറയപ്പെടുന്നു. ശതകോടികളുടെ സ്വർണം വേർ തിരിച്ചു പെട്ടിയിലാക്കി കയറ്റി അയച്ചപ്പോഴും തൊഴിലാളികൾക്കു തുച്ഛമായ വേതനമാണു നൽകിയത്. അവർക്ക് ഒറ്റമുറികളിലെ താമസത്തിൽ നിന്നു മോചനമുണ്ടായില്ല. കുടുംബങ്ങളിൽ പട്ടിണി മാറിയില്ല – അന്നും ഇന്നും. മുടക്കു മുതലിന്റെ പകുതി പോലും തിരിച്ചു കിട്ടുന്നില്ലെന്നു പരാതി പറഞ്ഞ് 2001ൽ കോളാർ ഖനി പൂട്ടി. ഖനി അടയ്ക്കുമ്പോൾ അവിടെയുള്ള മാലിന്യം മുഴുവൻ ശാസ്ത്രീയമായി സംസ്കരണം നടത്തി പരിസ്ഥിതി സംരക്ഷണം നടത്തി പൂർവ സ്ഥിതിയിൽ ആക്കണമെന്നാണു നാഷനൽ മിനറൽ പോളിസി. നിയമം പാലിച്ചില്ലെന്നു മാത്രമല്ല, ഒരു നൂറ്റാണ്ടിലേറെ ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്തവർക്കു താമസിക്കാൻ വീടു പോലും നിർമിച്ചു നൽകിയില്ല. ഇപ്പോഴും ആയിരം പേർക്ക് മലമൂത്ര വിസർജനത്തിന് അഞ്ചു ടോയ്‌ലറ്റ്. സ്ത്രീ പുരുഷനെന്നില്ലാതെ മുതിർന്നവരും കുട്ടികളും പൊതു സ്ഥലത്തു പ്രാഥമിക കൃത്യം നിർവഹിക്കുന്നു.

kolar-3

ഖനനം നിർത്തുന്ന വർഷമായപ്പോഴേയ്ക്കും വിഷപദാർഥം കലർന്ന പതിമൂന്നു കുന്നുകൾ കോളാറിലുണ്ടായി. ഇതിൽ ചിലതു നാൽപതു മീറ്റർ ഉയരമുള്ളവയാണ്. വിഷാംശം കലർന്ന കാറ്റിനൊപ്പം രോഗങ്ങൾ പടരുന്നു. രാസമാലിന്യം അഴുക്കു ചാലുകളിലൂടെ കോളനിയിലേക്ക് ഒഴുകുന്നു. മുപ്പതു ശതമാനം പേർ സിലിക്കോസിസ് രോഗികളായി മാറി. ഇരുപതു ശതമാനം പേർക്കു കരൾ രോഗം. പത്തു ശതമാനത്തിനു ശ്വാസകോശ കാൻസർ. കുട്ടികൾക്ക് അലർജി, ത്വക്ക് രോഗം, ശ്വാസതടസ്സം... നൂറു കിലോമീറ്റർ അകലെ ബെംഗളൂരുവിലാണ് ആശുപത്രി. വണ്ടിക്കൂലി പോലും കയ്യിലില്ലാത്ത ആളുകൾ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതെങ്ങനെ?

‘കെജിഎഫ് ’ സിനിമ പറഞ്ഞതു ഖനികളിലെ തൊഴിലാളികളുടെ ദുരിതമാണ്. ഖനനം നിർത്തിയതിനു ശേഷമുള്ള ദുരന്തക്കാഴ്ച അതിനെക്കാൾ ഹൃദയഭേദകം. ഒരു രാജ്യത്തെ മൊത്തം ജ്വല്ലറികളിലെയും അലമാര നിറയ്ക്കാനുള്ള സ്വർണം കുഴിച്ചെടുത്ത പ്രദേശം ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്നു. രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പുണ്ടായിട്ടും മറ്റെവിടേയ്ക്കെങ്കിലും പോകാത്തതിനു കാരണം അന്വേഷിച്ചപ്പോൾ മണ്ണു പൊന്നാക്കിയവരുടെ കണ്ണു ചുവന്നു; ‘‘കൗമാരവും യൗവ്വനവും ഈ മണ്ണിൽ ഉരുകിത്തീർന്നു. എഴുന്നേറ്റു നടക്കാൻ പ്രാപ്തിയില്ലാത്ത പ്രായത്തിൽ ഇനി എവിടേയ്ക്കാണു പോവുക. ? ’’