Tuesday 27 October 2020 04:48 PM IST

കൊച്ചിയിൽ കടൽ കാണാൻ കപ്പൽ സവാരി ആരംഭിച്ചു

Baiju Govind

Sub Editor Manorama Traveller

nefetiti 1main

കൊച്ചിയിൽ നിന്നു കടൽ കാണാൻ യാത്രക്കാരെ കൊണ്ടു പോകുന്ന വിനോദസഞ്ചാര കപ്പൽ ‘നെഫർറ്റിറ്റി’ സമുദ്ര സവാരി പുനരാരംഭിച്ചു. ലോക്ഡൗണിനെ തുടർന്നു നിർത്തിവച്ച സഞ്ചാരം ഒക്ടോബർ ഇരുപത്തിനാലിനാണു പുനരാരംഭിച്ചത്. ബിസിനസ് മീറ്റിങ്ങുകൾ, വിവാഹ ചടങ്ങുകൾ എന്നിവയ്ക്കായി കപ്പലിലെ സമ്മേളന ഹാളുകൾ തുറന്നിട്ടുണ്ട്.

nefetiti 2

ഇരുനൂറു പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ കോവി‍ഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 പേർക്കാണ് ഒരേസമയം യാത്ര അനുവദിക്കുക. ഓഡിറ്റോറിയം, മീറ്റിങ് ഹാൾ, റസ്റ്ററന്റ്, കുട്ടികളുടെ കളിസ്ഥലം, സൺ ഡെക്ക്, ലോഞ്ച് ബാർ, 3ഡി തിയറ്റർ എന്നീ സൗകര്യങ്ങളാണ് നെഫർറ്റിറ്റിയിൽ ഉള്ളത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (ksinc) ആണ് സർക്കാർ വക കപ്പലായ നെഫർറ്റിറ്റിയുടെ ഉടമ. ടിക്കറ്റ് നിരക്ക്: കുട്ടികൾക്ക് 499 രൂപ, മുതിർന്നവർക്ക് 1999 രൂപ. ഫോൺ: 9744601234, 9846211144. ഓൺലൈൻ ബുക്കിങ് :www.nefertiticruise.com.

nefetiti 7

നെഫർറ്റിറ്റി യാത്രാ വിവരങ്ങൾ

nefetiti 4

നെഫർറ്റിറ്റിക്ക് രണ്ടു നിലകളുണ്ട് – സിസ്ട്ര, ഹോറസ് എന്നിങ്ങനെയാണ് രണ്ടു നിലകളുടെ പേര്. വട്ടമേശയ്ക്കു ചുറ്റും അലങ്കരിച്ച കസേരകൾ നിരത്തിയ ഹാളാണ് സിസ്ട്ര. അതിഥികൾ ഇരിപ്പിടം ഉറപ്പിച്ച ശേഷം അസി. ക്യാപ്റ്റൻ സിസ്ട്രയുടെ വേദിയിലെത്തി സുരക്ഷാ നിർദേശങ്ങൾ നൽകും. സുഖയാത്ര ആശംസിച്ച് ക്യാപ്റ്റൻ പിന്മാറിയ ശേഷം കപ്പലിലെ ആസ്ഥാന ഗായകനും ഗായികയും വേദി കയ്യടക്കുന്നു. യാത്രക്കാരുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞ് പാട്ടിന്റെ പൂരം. ബങ്കറ്റ് ഹാളിന്റെ വാതിലുകൾ തുറക്കുന്നത് വരാന്തയിലേക്കാണ്. ഫോർട്ട് കൊച്ചി, കണ്ടെയ്നർ ടെർമിനൽ, ഷിപ്പ് യാർഡ് തുടങ്ങി കൊച്ചി തീരത്തിന്റെ അതിമനോഹര ദൃശ്യം അവിടെ നിന്നു കണ്ടാസ്വദിക്കാം, മൊബൈൽ ക്യാമറയിൽ പകർത്താം. കരയിലിരുന്നു കടലിലേക്കു നോക്കുന്നതിനെക്കാൾ ഭംഗിയാണ് കടലിൽ നിന്നുള്ള കൊച്ചിയുടെ ദൃശ്യം. ചീനവലകളും നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടങ്ങളും അകലെയാക്കി കടലിന്റെ വിരിമാറിലേക്കു കുതിക്കുന്ന നെഫർറ്റിറ്റി ട്രിപ്പിൽ ഏറ്റവും മനോഹരമായ വിഷ്വൽ തീരക്കാഴ്ചയാണ്.

nefetiti 5
nefetiti 6
nefetiti 8

ഡപ്പാൻകൂത്ത് പാട്ടുകളിൽ കിടിലംകൊള്ളുന്ന ബങ്കറ്റ് ഹാളിൽ നിന്നു മുകളിലേക്കുള്ള ഗോവണി റസ്റ്ററന്റിലേക്കാണ് (ഹോറസ്). വമ്പൻ ക്രുയിസ് ഷിപ്പിലെ ഇരിപ്പിടങ്ങൾ പോലെ വിസ്തൃതമാണ് സെറ്റികളും മേശയും. കപ്പലിൽ കയറിയ ഉടനെ യാത്രികർക്ക് കാപ്പിയും ബിസ്കറ്റും നൽകും.ബങ്കറ്റ് ഹാളിന്റെയും റസ്റ്ററന്റിന്റെയും ചുമരിലെ ചില്ലു ജാലകത്തിലൂടെ കടൽ കാണാം. അടച്ചു പൂട്ടി എസി മുറിയിൽ ഇരുന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കുന്നവർക്ക് ഇവിടം സ്വർഗം. പക്ഷേ അറബിക്കടലിന്റെ അഗാധനീലിമ അങ്ങനെ കണ്ടാൽ തൃപ്തിയാകില്ല. കപ്പിത്താന്റെ ക്യാബിന്റെ പിൻവശത്ത് ‘ഓപ്പൺ ടെറസ്’ ( ഡെക്ക്) കടൽ ത്രി സിക്സ്റ്റി ഡിഗ്രിയിൽ കാണാൻ വേദിയാകുന്നു.

nefetiti 3

ഇരുപതു നോട്ടിക്കൽ മൈൽ പിന്നിടുമ്പോൾ കപ്പലുകൾ പുറംകടലിൽ നങ്കൂരമിട്ടതു കാണാം. മത്സ്യബന്ധന ബോട്ടുകൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കടൽപ്പക്ഷികളുടെ ഫോട്ടോ എടുക്കാം. ഉദ്ദേശം ആറുമണിയോടെ നെഫർറ്റിറ്റി പുറംകടലിന്റെ അതിരിൽ നിന്നു പുറംതിരിയും. പടിഞ്ഞാറ് ചക്രവാളത്തിൽ അപ്പോൾ സൂര്യാസ്തമയം ദൃശ്യമാകും. കടലിന്റെ നടുവിൽ നിന്ന് സൂര്യോദയം കാണാനുള്ള അസുലഭ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ യാത്രികരെല്ലാം ഈ സമയത്ത് മുകൾത്തട്ടിൽ ഒത്തുകൂടും.