Monday 23 December 2019 04:57 PM IST

കോഴിക്കോടിന്റെ കുട്ടനാട്, അകലാപ്പുഴയ്ക്ക് ഇതിലും നല്ലൊരു വിശേഷണമില്ല; ഉൾനാടൻ ഗ്രാമഭംഗി ആസ്വദിച്ചൊരു തോണി യാത്ര!

Akhila Sreedhar

Sub Editor

5D0A1237 Photo : Arun Payyadimeethal

ആലപ്പുഴയ്ക്ക് വേമ്പനാട്ടുകായൽ പോ ലെ ഉത്തര മലബാറിലുണ്ടൊരു കായൽ. പേരുകൊണ്ട് പുഴയെങ്കിലും അകലാപ്പുഴ സ്വഭാവം കൊണ്ട് കായലാണ്. കെട്ടുമ്മൽ കടവിനോട് ചേർന്ന് കെട്ടിയിട്ട കുറേ കടത്തുതോണികൾ. ഇതിൽ ഏതാണ് നമ്മുടെ യാത്രയ്ക്ക് തയാറാക്കിയതെന്ന് ചോദിച്ചതും, ഏറ്റവും ഒടുവിലത്തെ തോണിയിൽ നിന്ന് വെള്ള തോർത്തുമുണ്ട് വീശി മനോജ് അടയാളം കാട്ടി. അകലാപ്പുഴയ്ക്ക് മുകളിൽ പ്രഭാതമഞ്ഞിന്റെ നേർത്ത ആവരണം. ദൂരെ കരിമീൻകെട്ടുകൾക്കുമപ്പുറം പാമ്പൻ തുരുത്ത്. തെങ്ങിൻതലപ്പുകളിൽ നിന്ന് പാറിപ്പറക്കുന്ന കൊക്കിന്റെ കൂട്ടം. കെട്ടഴിച്ചതും തോണി  സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അകലാപ്പുഴയുടെ ഓളങ്ങളിലൂടെ ദിശയറിയാതെ നീങ്ങി. അനുസരണയില്ലാത്ത കുട്ടിയെ ശാസിക്കും പോ ലെ മനോജ് മുളങ്കോലുകുത്തി തോണി തന്റെ വരുതിയിലാക്കി.

ഇംഗ്ലിഷുകാരുടെ കാലത്തിനുമപ്പുറം പഴക്കമുള്ള ചരിത്രകഥകൾ പറയാനുണ്ട് ഈ നാടിന്. പുഴയോളം സുന്ദരിയായ നാടിന്റെ കാഴ്ചകൾ കണ്ടൊരു തോണിയാത്രയ്ക്ക് ഒരുങ്ങിയാലോ. അകലാപ്പുഴയുടെ സൗന്ദര്യം നുകർന്ന് ഒരു ദിവസം...

5D0A1267

അവളൊഴുകുന്ന വഴിയേ...

‘ഒരു പുഴമതി ഒരു നാടിന് ജീവിക്കാൻ’ ഇതാണ് ഇന്നാട്ടുകാരുടെ പ്രത്യേകത. അകലാപ്പുഴയ്ക്കു ചുറ്റും മീൻപിടിച്ചും കരിമീനും മ റ്റും കൃഷി ചെയ്തും കക്കവാരിയും ജീവിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട്. കാലത്തിനൊത്ത് നൊട്ടോട്ടമോടാൻ  ഇനിയും തയാറാവാത്തവർ. കൈത്തോടുകളും ചെറുവള്ളങ്ങളും തുരുത്തും നിറയുന്ന അകലാപ്പുഴയുടെ സൗന്ദര്യം തേടി ഞങ്ങൾ വരുന്നു എന്ന ഫോൺ കാൾ പോലും ഞെട്ടിച്ചുകളഞ്ഞെന്ന് യാത്ര തുടങ്ങും മുൻപേമനോജ് പറഞ്ഞു. ഇവിടെ ഇപ്പോൾ എന്തുകാണാനാണ് നിങ്ങളെത്തിയതെന്ന അയാളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ അദ്ഭുതം തോന്നി.ഇത്രയും സുന്ദരമായ പ്രകൃതി ഭംഗി ഇനിയും വേണ്ടവിധം മനസ്സിലാക്കാനോ ഉപയോഗിക്കാനോ ആരും ശ്രമിക്കാത്തത് എന്തുകൊണ്ടായിരിക്കും! ആലോചന മുറിച്ചത് തോണിയിലേക്ക് മനോജ് സ്വാഗതം പറഞ്ഞപ്പോഴാണ്. ‘വരീ സാറേ, വെയ്‌ല് വന്നാ വല്ല്യ പാടാ, തോർത്തും വെള്ളോം കുടേം ഒക്കെ കരുതീക്കോ ഇങ്ങള്...നാടൻ ചേലിലെ ഇത്തരം കരുതലാണ് ഗ്രാമത്തിന്റെ വിശുദ്ധി. തോണിയാത്രയ്ക്ക് വഴികാട്ടിയായി കൂടെ ഇന്നാട്ടുകാരൻ രാഘവേട്ടനുണ്ട്.  

5D0A0792

അകലാപ്പുഴയുടെ കുഞ്ഞോളങ്ങൾ കവിളിൽ തൊട്ടപ്പോൾ ഉറക്കച്ചടവ് മാറി തോണിയൊന്ന് ഉഷാറായി. പാമ്പൻതുരുത്താണ് ആദ്യലക്ഷ്യസ്ഥാനം. കെട്ടുമ്മൽ കടവിൽ നിന്ന് പാമ്പൻ തുരുത്തിലേക്ക് പോകും വഴി കുഞ്ഞിരാമേട്ടന്റെ നഷ്ടത്തിലായ കരിമീൻ കെട്ട് കാണാം. ‘പനയുടെ തടികൊണ്ടുണ്ടാക്കുന്ന പലക പാ കി കട്ടിയുള്ള ഒരുതരം വല വിരിച്ച്  പുഴയോട് ചേർന്ന് കെട്ടുണ്ടാക്കും. കരിമീൻ കുഞ്ഞുങ്ങളെ വളർത്തിയെടുക്കും. നീർനായയും ആമയുമൊക്കെ വെള്ളത്തിനടിയിലെ വല കടിച്ച് മുറിച്ചിടും അതോടെ കരിമീൻ പുഴയിലേക്ക് ഒഴുകും. കൃഷി നഷ്ടത്തിലുമാകും. എന്നാൽ കരിമീൻ കൃഷി ചെയ്ത് ഒറ്റ തവണ രക്ഷപ്പെട്ടാലോ, അതൊരു ഒന്നൊന്നര രക്ഷപ്പെടലുമാകും.  പടക്കം കച്ചവടം ചെയ്യുന്ന പോലെയാണ് ഇതും. ഒരു ഭാഗ്യപരീക്ഷണം’– രാഘവേട്ടൻ പറയുന്നു.

5D0A0787

സിനിമാക്കാരുടെ പാമ്പൻതുരുത്ത്

കെട്ടുമ്മൽ കടവിൽ നിന്ന് നോക്കിയാൽ പാമ്പൻതുരുത്തിന്റെ മനോഹരമായ ദൃശ്യം കാണാം. സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണിവിടം. തോണി തുരുത്തിലേക്ക് അടുക്കുകയാണ്. പുഴയ്ക്ക് നടുവിലെ രണ്ടേക്കറോളം വരുന്ന തെങ്ങിൻതോപ്പാണ് പാമ്പൻതുരുത്ത്. എണ്ണിയാലൊടുങ്ങാത്ത ദേശാടനക്കിളികളുടെയും മറ്റു ചെറിയ ജീവികളുടെയും കേന്ദ്രമാണിവിടം. തെങ്ങിൻ തലപ്പിൽ നിറയെ പക്ഷിക്കൂടുകൾ. ‘തീവണ്ടി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അതിന് സെറ്റിട്ടതാ ഇതൊക്കെ’ തുരുത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ചെറിയൊരു കെട്ടിടം ചൂണ്ടി മനോജ് പറഞ്ഞു. ‘ആരാ മനോജേ നായകൻ? രാഘവേട്ടന്റെ ചോദ്യത്തിന് മുന്നിൽ മനോജൊന്ന് പരതി. പിന്നെ പറഞ്ഞു, ഒരു പുതിയ പയ്യനാ രാഘവേട്ടാ ടൊവിനോ എന്നോ മറ്റോ ആണ് പേര്’. തോണി ഒരു തെങ്ങിനോട് ചേർത്ത് കെട്ടി പാമ്പൻ തുരുത്തിന്റെ കാഴ്ചകളിലേക്കിറങ്ങി. കിളികളെ വളർത്തുന്ന കൂടിന്റെ അടുത്തെത്തിയ അവസ്ഥയായിരുന്നു തുരുത്തിലേക്ക് കടന്നപ്പോൾ.

5D0A1104

‘ഈ പക്ഷികളുടെയെല്ലാം കാഷ്ഠമാണ് ഈ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത്. പിന്നെ പുഴയോരം ചേർന്ന ഭൂമിയായതിനാൽ തന്നെ തെങ്ങുകൾക്ക് വേറെ വളപ്രയോഗം വേണ്ട,’ മനോജ് പറഞ്ഞു.  തെങ്ങിൻ തലപ്പുകളിൽ നിന്ന് എത്രയോ ‘പക്ഷിനോട്ട’ങ്ങൾ ഞങ്ങൾക്കുമേൽ പതിക്കുന്നുണ്ട്. പുഴയ്ക്കു നടുവിലെ തുരുത്ത് ശരിക്കും അദ്ഭുതമാണ്. ഇതെങ്ങനെ രൂപംകൊണ്ടതെന്ന് ആർക്കും വലിയ അറിവില്ല. പണ്ടെന്നോ നടന്ന ഭൂമികുലുക്കമാകാം കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. അകലാപ്പുഴ ഇപ്പോഴും ശാന്തമാണ്. ഓളങ്ങളെ തിരമാലയാക്കുന്ന കാറ്റിന്റെ മന്ത്രശക്തി കണ്ടേയില്ല. പകരം മഞ്ഞിന്റെ ആവരണം മാറിയെത്തിയ പുഴയെ സൂര്യൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. തോണിയാത്ര അവസാനിപ്പിച്ച് മടങ്ങാറാകുമ്പോഴേക്കും ആ പ്രണയച്ചൂടിൽ ഞങ്ങളും ഉരുകിയൊലിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പാമ്പൻതുരുത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് വീണ്ടും അകലാപ്പുഴയുടെ മാറിലൂടെ തോണി നീങ്ങിത്തുടങ്ങി. വേമ്പനാട്ടുകായലിലുള്ള പോലെ കെട്ടുവള്ളങ്ങളുടെ ഉന്തും തള്ളുമില്ല, സഞ്ചാരികളുടെ ബഹളമില്ല.

5D0A1280

മലബാർ മാന്വലിലെ അകലാപ്പുഴ

പാമ്പൻതുരുത്തിൽ നിന്ന് തോണി നേരെ അച്ചംവീട് നട ലക്ഷ്യമാക്കി നീങ്ങുകയാണ്. പലയിടത്തായി കക്ക വാരുന്നവരെയും മീൻ പിടിക്കുന്നവരെയും കാണാം. പുഴ ചേർന്നുള്ള പറമ്പുകളിൽ കൃഷിചെയ്യുന്നവരും ധാരാളം. അച്ചംവീട്ടുനട മണൽക്കടവാണ്. കടവിലിറങ്ങിയാൽ മുചുകുന്നിലേക്കെത്തുന്ന റോഡ് കാണാം. നടയ്ക്കൽ കടവ് കടന്ന് നേരെ മൂടാടി പഞ്ചായത്തിനോട് ചേർന്ന ഭാഗത്തേക്ക് തോണി നീങ്ങി.

അകലമുള്ള പുഴ ലോപിച്ചാണ് അകലാപ്പുഴ എന്ന പേരുണ്ടായതെന്നാണ്  വില്യം ലോഗൻ മലബാർ മാന്വലിൽ  എഴുതിയത്. ഇംഗ്ലിഷുകാരുടെ കാലത്ത് അകലാപ്പുഴ വഴി ജലഗതാഗതം നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. അകലാപ്പുഴയ്ക്ക് അടുത്തുള്ള തുറയൂർ സംഘകാലഘട്ടത്തിലെ പ്രമുഖ തുറമുഖപട്ടണമായിരുന്നു. ഇന്നത്തെ പ്രശസ്തമായ പിഷാരിക്കാവിനോടു ചേർന്ന് അന്ന് വാണിജ്യാവശ്യത്തിനായെത്തുന്ന ഉരു അടുത്തിരുന്നതായും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. കോരപ്പുഴയിൽ തുടങ്ങി പറശ്ശിനിക്കടവ് വഴി കർണാടകത്തിലേക്കാണ് അകലാപ്പുഴയുടെ ഒഴുക്ക്. അന്നൊക്കെ അകലാപ്പുഴയ്ക്ക് ചുറ്റും സമൃദ്ധമായി വളരുന്ന കണ്ടൽക്കാടിന്റെ വിസ്തൃതി കാലം കഴിയും തോറും കുറഞ്ഞുവരുന്നു. ഇതിൽ നിന്ന് ഒന്നുറപ്പിക്കാം, മനുഷ്യന്റെ കറുത്തകരങ്ങൾ അകലാപ്പുഴയ്ക്ക് മേലും നിഴൽ വിരിച്ച് തുടങ്ങിയിട്ടുണ്ട്.

5D0A0861

അകലാപ്പുഴയുടെ ഓരം ചേർന്ന് തോണി നീങ്ങി. തൊട്ടടുത്ത ഇടത്തോടാണ് ലക്ഷ്യസ്ഥാനം. കീഴരിയൂർ പഞ്ചായത്തിന്റെ അതിരാണ് ഇവിടം. ഒതളങ്ങ തൂങ്ങിയാടുന്ന മരങ്ങൾക്കടിയിലൂടെ ആമ്പൽച്ചെടികളെ വകഞ്ഞു മാറ്റി തോണി മുന്നോട്ട്. പുഴയോട് ചേർന്നുള്ള ആൽമരത്തിന്റെ ചുവട്ടിലാണ് ഇടത്തോട് അവസാനിക്കുന്നത്. തോണി തൊട്ടടുത്ത കല്ലിൽ ചേർത്ത് കെട്ടി. പൊടിയാടി എസ്റ്റേറ്റിന്റെ ഗേറ്റാണ് മുന്നിൽ. ‘ഏക്കറുകൾ നീളുന്ന തെങ്ങിൻതോപ്പാണ് ഇത്. ലക്ഷക്കണക്കിന് തേങ്ങയാണ് വിളവ്. പറിച്ചെടുക്കുന്ന തേങ്ങയെല്ലാം തോണിയിലാക്കി ഇടത്തോടുകൾ വഴി കളത്തിലേക്ക് കൊണ്ടുവരുന്നു. ഇന്നിപ്പൊ വിളവ് കുറവാണ്’ മാനേജർ കണ്ണൻ സംസാരിച്ചു. കളത്തിന്റെ മതിൽക്കെട്ടിനപ്പുറം നിൽക്കുന്ന തെങ്ങിൻ തോപ്പും അതിനിടയിലൂടെ ഒഴുകുന്ന ഇടത്തോടുകളും വള്ളവും സുന്ദരമായൊരു ഫ്രെയിം. അകലാപ്പുഴയുടെ സൗന്ദര്യം നുകർന്ന് നടത്തിയ യാത്ര ഇവിടെ അവസാനിക്കുകയാണ്. മടങ്ങിപ്പോകാൻ സമ്മതിക്കാതെ പിടിച്ചുനിർത്തുന്ന ഒരു നന്മ ഈ നാടിനുണ്ട്.  അകലാപ്പുഴയിപ്പോൾ എത്രയോ അകലങ്ങളിലാണ്. എന്നിട്ടും ആ ഓളങ്ങളിലൂടെ മനസ്സ് ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. 

Tags:
  • Manorama Traveller
  • Kerala Travel