പരിചയം ഉള്ള ആരെങ്കിലും ലക്ഷദ്വീപിൽ ഉണ്ടോ? എങ്കിൽ അവിടേക്കുള്ള യാത്രയും നടപടികളും എളുപ്പമാണ്. ലക്ഷദ്വീപ് യാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമില്ല. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ മാത്രം മതി.
* പോകാൻ ഉദ്ദേശിക്കുന്നവരുടെയും പൂർണമായ മേൽവിലാസം സ്പോൺസറുടെ വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏത് ദ്വീപിലാണോ സ്പോൺസർ താമസിക്കുന്നത് അയാൾ അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമായി ബന്ധപ്പെട്ട് താങ്കൾ അയച്ചുകൊടുത്ത പൂർണവിവരങ്ങൾ കൈമാറി ചലാൻ അടച്ച് അതിന്റെ ഫോമും മറ്റു രേഖകളും നിങ്ങളുടെ മേൽവിലാസത്തിലേക്ക് തിരിച്ചയയ്ക്കണം.
*ഈ നടപടിക്രമങ്ങൾ നടക്കുന്ന സമയംകൊണ്ട് നിങ്ങളുടെ തൊട്ടടുത്ത പൊലീസ് േസ്റ്റഷനിൽ നിന്നും പി സി സി അഥവാ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കി വയ്ക്കണം. കുടുംബമായാണ് പോകുന്നതെങ്കിൽ ഒരു അപേക്ഷയിൽ തന്നെ കുടുംബാംഗങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്താം.
*സ്പോൺസർ നിങ്ങൾക്ക് അയച്ചുതന്ന ഫോം പൂരിപ്പിച്ചതും പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയും കൊച്ചിയിലെ വില്ലിംങ്ടൺ െഎലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിൽ എത്തിക്കണം. നിശ്ചിത തുകയടച്ച് ഫോം കൈമാറിയാൽ യാത്രയ്ക്കുള്ള നടപടി ക്രമങ്ങൾ ഏതാണ്ട് പൂർണമാകും. പൊലീസ് വെരിഫിക്കേഷന്റെ ആധികാരികത ഉറപ്പുവരുത്തിയാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ നിന്നും 15 ദിവസത്തേക്കുള്ള പെർമിറ്റ് അനുവദിച്ച് കിട്ടും.
*അഗത്തി ദ്വീപിൽ മാത്രമേ എയർപോർട്ടുള്ളൂ. കവരത്തി ദ്വീപിലേക്ക് പോകാനുള്ള പെർമിറ്റ് വച്ച് അഗത്തിയിലേക്ക് പോകാൻ സാധ്യമല്ല. അതുപോലെ മറ്റ് ദ്വീപുകളിലേക്കും. അതിനാൽ യാത്രയ്ക്ക് കപ്പൽ തിരഞ്ഞെടുക്കാം. ബേപ്പൂർ, കൊച്ചി, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളിൽ നിന്നെല്ലാം ലക്ഷദ്വീപിലേക്ക് കപ്പലുണ്ട്.
*ഓർക്കുക, യാത്രയ്ക്ക് വേണ്ടി അനുവദിച്ചിരിക്കുന്ന സമയം 15 ദിവസമാണ്. അതിനാൽ ഏത് തുറമുഖത്ത് നിന്നാണ് ആദ്യം കപ്പൽ ഉള്ളതെന്ന് പരിശോധിച്ച് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. കപ്പൽ പുറപ്പെടുന്നതിന് നാല് ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് നൽകുകയുള്ളൂ. തിരിച്ചുവരാനുള്ള ടിക്കറ്റ് സ്പോൺസറുടെ സഹായത്തോടെ അവിടെ എത്തിയതിനുശേഷം എടുത്താൽ മതി.
*ടിക്കറ്റ് ബുക്കിങ്ങിന്, lakport.nic.in
*ലക്ഷദ്വീപിൽ ആരെയും പരിചയമില്ല, പക്ഷേ പോകാൻ ആഗ്രഹവുമായി നടക്കുന്നവരാണെങ്കിൽ യാത്രയ്ക്കായി പാക്കേജ് തെരഞ്ഞെടുക്കുകയായിരിക്കും ഉചിതം. സ്പോൺസറെ കണ്ടെത്തിയുള്ള യാത്രയേക്കാൾ നിരക്ക് അൽപം കൂടുതലാകും ലക്ഷദ്വീപ് ടൂറിസത്തിന്റെ ഔദ്യോഗിക ടൂറിസം വെബ് സൈറ്റിൽ കയറി സഞ്ചാരികൾക്ക് ‘സമുദ്രം പാക്കേജ്’ തിരഞ്ഞെടുക്കാം. ലിങ്ക് താഴെ കൊടുക്കുന്നു, www.lakshadweeptourism.com
കൂടുതൽ വിവരങ്ങൾക്ക്, ലക്ഷദ്വീപ് ടൂറിസം ഓഫിസ് , കൊച്ചി– 9495984001, 0484 –2355387