Wednesday 17 February 2021 02:54 PM IST

അന്ന് വേളാങ്കണ്ണി യാത്രയിൽ കൂടെയുണ്ടായിരുന്ന ലീന പിന്നീട് എന്റെ ഭാര്യയായി: ലാൽജോസിന് 29–ാം വിവാഹ വാർഷികം

Baiju Govind

Sub Editor Manorama Traveller

Lal-vellggdsss

സിനിമാ സംവിധായകനും സഞ്ചാര പ്രിയനുമായ ലാൽജോസിന്റെ ഇരുപത്തൊൻപതാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹ വാർഷികാഘോഷം ഫോട്ടോ സഹിതം ലാൽജോസ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇരുപത്തൊൻപതു വർഷം മുൻപ് അവനൊരു കൂട്ടുകാരിയുണ്ടായി എന്നുള്ള അടിക്കുറിപ്പോടെയാണ് ലാൽ ജോസ് ചിത്രം പങ്കുവച്ചിട്ടുള്ളത്. ഒറ്റപ്പാലം സ്വദേശിനി ലീന തന്റെ ജീവിതത്തിലേക്കു കടന്നു വന്നതിനെ കുറിച്ച് ‘മനോരമ ട്രാവലർ’ പ്രസിദ്ധീകരിച്ച ലാൽ ജേണീസ് പംക്തിയിൽ ലാൽജോസ് എഴുതിയിട്ടുണ്ട്. അപ്പച്ചനും അമ്മച്ചിക്കുമൊപ്പം ബല്യകാലത്തു നടത്തിയ വേളാങ്കണ്ണി യാത്രയിൽ സഹയാത്രികയായി അതേ കാറിൽ ലീനയും ഉണ്ടായിരുന്നു. പിൽക്കാലത്ത് വിവാഹാലോചന വന്നതും ലീന തന്റെ ഭാര്യയായതും ലാൽ ജോസ് യാത്രകളെ കുറിച്ചുള്ള ലേഖനത്തിൽ വിശദമായി എഴുതി.

മനോരമ ട്രാവലറിനു വേണ്ടി ലാൽ ജോസ് എഴുതിയ ലേഖനം:

അപ്പച്ചന്റെയും അമ്മച്ചിയുടേയും സുഹൃത്തായ വാറുണ്ണിച്ചേട്ടന്റെ കുടുംബത്തോടൊപ്പമായിരുന്നു ആ ട്രിപ്പ്. ഒറ്റപ്പാലത്ത് നീലഗിരി കോഫി & ചായപ്പൊടി കച്ചവടം നടത്തുന്ന വാറുണ്ണിച്ചേട്ടന് ‘അംബാസഡർ’ കാറുണ്ടായിരുന്നു. ആ കാറിൽ ഞങ്ങൾ വേളാങ്കണ്ണിക്കു പുറപ്പെട്ടു. വാറുണ്ണിച്ചേട്ടനും ഭാര്യ അമ്മിണിച്ചേച്ചിയും, ഞാനും എന്റപ്പനും അമ്മയും അനിയനും അനിയത്തിയും, അപ്പച്ചന്റെ സുഹൃത്തായ ജോണങ്കിളും ഭാര്യ മേരി ടീച്ചറും അവരുടെ മക്കളായ മെജോയും റിനിയും. – നാലാൾക്ക് ഇരിക്കാൻ സൗകര്യമുള്ള കാറിൽ പതിനൊന്നു പേർ... ജീവിതത്തിലെ ആദ്യത്തെ ദീർഘ യാത്ര...!

സ്റ്റൗവും മണ്ണെണ്ണയും പച്ചക്കറി സാധനങ്ങളും അരിയും പാത്രങ്ങളുമായാണ് യാത്ര. വെള്ളത്തിനു സൗകര്യമുള്ള സ്ഥലത്ത് വണ്ടി നിർത്തി ഭക്ഷണമുണ്ടാക്കി കഴിച്ചു. വഴിയരികിലിരുന്നു തമിഴന്മാർ വിൽക്കുന്ന മീൻ വാങ്ങി കറിവച്ചു. വാറുണ്ണിച്ചേട്ടന് അതിലൊക്കെ താത്പര്യമായിരുന്നു. ഈ വക പരിപാടികളോടൊന്നും വലിയ ഇഷ്ടമില്ലെങ്കിലും എല്ലാവരുടേയും സന്തോഷത്തിൽ അപ്പച്ചനും പങ്കുചേർന്നു. ഞങ്ങൾ കുട്ടികൾക്ക് ആ യാത്ര ഉത്സവമായിരുന്നു. വണ്ടി നിർത്തിയ സ്ഥലങ്ങളിലെല്ലാം ഞങ്ങൾ ഓടിക്കളിച്ചു. കനാലിൽ നീന്തിക്കുളിച്ചു. വട്ടംകൂടിയിരുന്നു മീൻകറി കൂട്ടി ഊണു കഴിച്ചു. വാറുണ്ണിച്ചേട്ടൻ തമിഴിൽ തമിഴന്മാരോടു സംസാരിക്കുന്നതു ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു. പുതിയ ഭാഷ കേൾക്കുന്നതിന്റെ കൗതുകമായിരുന്നു ഞങ്ങൾക്ക്. ആ യാത്രയിൽ ഞാൻ ആദ്യമായി തമിഴ്നാടിനെ അടുത്തു കണ്ടു.

lalffgg55667

വേളാങ്കണ്ണി വരെയുള്ള യാത്ര ആവേശകരമായിരുന്നു. ലക്ഷ്യ സ്ഥാനത്തേയ്ക്കുള്ള യാത്രകളിൽ ഉത്സഹവും സന്തോഷവുമൊന്നു വേറെ തന്നെ. പ്രാർഥന കഴിഞ്ഞ് ഞങ്ങൾ മടങ്ങി. എല്ലാവരും വീട്ടിലെത്താനുള്ള തിടുക്കത്തിലായി. വാറുണ്ണിച്ചേട്ടൻ സ്റ്റിയറിങ്ങിൽ ആഞ്ഞുപിടിച്ചു.

ഒറ്റപ്പാലം എത്തുന്നതിന് ആറേഴു കിലോമീറ്റർ മുൻപായി ലക്കിടിയിൽ വച്ച് കാറിന്റെ ഹെഡ് ലൈറ്റ് ഫ്യൂസായി. അർധരാത്രി. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ലൈറ്റ് അണഞ്ഞെങ്കിലും വാറുണ്ണിച്ചേട്ടൻ ഡ്രൈവിങ് തുടർന്നു. വളവുകൾ തിരിഞ്ഞു വന്ന ഇരുചക്ര വാഹനങ്ങൾ ഞങ്ങളുടെ കാറിനു മുന്നിൽ തെന്നി നീങ്ങി. അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപെട്ട ബൈക്കുകാർ പുളിച്ച തെറി വിളിച്ചു. അതോടെ അപ്പച്ചനു ടെൻഷനായി. പെണ്ണുങ്ങളേയും കുട്ടികളേയും ഓട്ടൊറിക്ഷ വിളിച്ച് വീട്ടിലെത്തിക്കാമെന്നായി അപ്പച്ചൻ. പക്ഷേ, അഭിമാനിയായ വാറുണ്ണിച്ചേട്ടന് അതു സുഖിച്ചില്ല. വേളാങ്കണ്ണി വരെ കൊണ്ടുപോയി യാതൊരു കുഴപ്പവുമില്ലാതെ ലക്കിടി വരെ എത്തിച്ചെങ്കിൽ ഇതേ വണ്ടിയിൽ നിങ്ങളെ വീട്ടിലെത്തിക്കാനും എനിക്കറിയാമെന്നായിരുന്നു വാറുണ്ണിച്ചേട്ടന്റെ മറുപടി. വണ്ടിക്കൊരു പ്രശ്നം വന്നപ്പോൾ വഴിയിൽ ഉപേക്ഷിക്കുന്നതു ശരിയാണോ എന്നായിരുന്നു വാറുണ്ണിച്ചേട്ടന്റെ ന്യായം.

ആ ചോദ്യത്തിന്റെ ലോജിക് പിടികിട്ടാതെ അപ്പച്ചൻ ശങ്കിച്ചു നിന്നു. സ്ത്രീകളെ വീട്ടിലെത്തിക്കാം, അതു കഴിഞ്ഞ് വർക്ക് ഷോപ്പിൽ പോയി ആളെ കൊണ്ടു വന്ന് വണ്ടി നേരെയാക്കാമെന്ന് അപ്പച്ചൻ പറഞ്ഞു. പക്ഷേ, അഭിമാനിയായ വാറുണ്ണിച്ചേട്ടൻ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. നട്ടപ്പാതിരയ്ക്ക് തരിവെളിച്ചമില്ലാത്ത റോഡിലൂടെ വണ്ടിയോടിച്ച് വാറുണ്ണിച്ചേട്ടൻ ഒടുവിൽ ഞങ്ങളെ വീട്ടിലെത്തിച്ചു.

വേളാങ്കണ്ണിയിൽപ്പോയി പ്രാർഥനകളും വഴിപാടും തുലാഭാരവും നടത്തി. തിരിച്ചു വരുമ്പോൾ കാറിന്റെ വെളിച്ചം കെട്ടുപോയെങ്കിലും എന്റെ ജീവിതത്തിലേക്ക് പ്രകാശം കൊണ്ടു വന്ന ലീന എന്ന പെൺകുട്ടിയെ തന്നത് ആ യാത്രയിൽ ചക്രം പിടിച്ച വാറുണ്ണിച്ചേട്ടനും ഭാര്യ അമ്മിണിച്ചേച്ചിയുമാണ്. അവരുടെ മൂത്തമകളാണ് എന്റെ ഭാര്യ ലീന.

Lal-25555
Tags:
  • Manorama Traveller