Monday 14 September 2020 04:00 PM IST

ബ്രിട്ടിഷ് രാജ്ഞിയെ പോലെ അന്തിയുറങ്ങാൻ കാരവാൻ റെഡി; ദിവസ വാടക 1500 രൂപ

Baiju Govind

Sub Editor Manorama Traveller

caravan 1

ബ്രിട്ടിഷ് രാജ്ഞിയെ പോലെ ജീവിക്കാൻ കൊട്ടാരം വാടകയ്ക്ക്. കാരവാൻ പുതുക്കിയാണ് കൊട്ടാരം ഒരുക്കിയിട്ടുള്ളത്. ‘ലിവ് ലൈക് ദി ക്യൂൻ’ എന്നാണു പരസ്യം. ദി റോയൽ കാരവാൻ’ എന്ന പേരിൽ പുറത്തിറങ്ങിയ വിഡിയോ കണ്ടവർ അമ്പരന്നു. സ്വർണത്തിൽ നിർമിച്ച ടോയിലെറ്റ്, സിംഹാസനം, രാജകീയ പ്രൗഢിയുള്ള കിടക്ക എന്നിങ്ങനെ ആഡംബരത്തിന്റെ സമ്പൂർണതയാണ് റോയൽ കാരവാൻ. ബ്രിട്ടനിലെ പാർക്ക്ഡീൻ റിസോർട്സ് എന്ന കമ്പനിയാണ് നിർമാതാക്കൾ.

caravan 2
caravan 5

ബ്രിട്ടിഷ് രാജകൊട്ടാരമായ ബക്കിങ്ഹാം പാലസിന്റെ ആഡംബരങ്ങളുടെ മാതൃക കാരവാനിന്റെ പ്രവേശന കവാടം മുതൽ അടുക്കള വരെ അനുകരിച്ചിരിക്കുന്നു. രണ്ടു കിടപ്പുമുറി, വിസിറ്റേഴ്സ് റൂം, അടുക്കള എന്നിവയ്ക്കു പുറമേ രാജകീയ മാതൃകയിൽ മട്ടുപ്പാവ് നിർമിച്ചിട്ടുണ്ട്. സിംഹാസനവും സ്വർണം പൂശിയ ടോയിലെറ്റുമാണ് വിലകൂടിയ ഐറ്റം. വളർത്തു നായയ്ക്ക് കിടക്കാൻ പ്രത്യേകം ബെഡ‍് ഉണ്ട്. കോർഗി ഇനത്തിലുള്ള വളർത്തു നായ്ക്കളെയാണ് ബ്രിട്ടനിലെ രാജകുടുംബാംഗങ്ങൾ വളർത്താറുള്ളത്. കോർഗിക്കു ഭക്ഷണം വിളമ്പാനുള്ള പാത്രത്തിലും സ്വർണം പൂശിയിട്ടുണ്ട്. സ്വർണ നിറമുള്ള മീനുകളുടെ അക്വാറിയം, രാജകൊട്ടാരത്തിൽ ഉപയോഗിക്കുന്ന രീതിയിലുള്ള പാത്രങ്ങൾ, മേശ, അലമാര എന്നിവയും ഒരുക്കിയിട്ടുണ്ട്. വെൽവെറ്റ്, സിൽക്ക്, സ്വർണം എന്നിവയാണ് കാരവാനിലെ വസ്തുക്കൾ ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽ. ലോകത്ത് ഇത്തരം വാടകമുറി ആദ്യമെന്നു പാർക്ക്ഡീൻ അവകാശപ്പെട്ടു. സ്കാർബറോ പ്രവിശ്യയിൽ കെയ്റ്റൺ ബേയിലാണ് കാരവാൻ നിർത്തിയിട്ടിരിക്കുന്നത്. കാരവാൻ വാങ്ങി അതു കൊട്ടാരമാക്കി മാറ്റാൻ പാർക്ക്ഡീൻ മുടക്കിയത് ഒരു കോടി രൂപ.

caravan 3

‘ക്വീൻ ലിസ്’ മാതൃകയിൽ വേഷം ധരിച്ചയാളാണ് വിഡിയോയിലൂടെ കാരവാൻ പരിചയപ്പെടുത്തിയത്. ബക്കിങ്ഹാം പാലസിലെ വില്യം രാജകുമാരന്റെയും പത്നി കെയ്റ്റിന്റെയും രൂപ സാദൃശ്യമുള്ളവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ബ്രിട്ടിഷ് കൊട്ടാരത്തിലെത്തുന്ന അതിഥികൾക്കു രാജ്ഞി നേരിട്ടു പാനീയം നൽകി സ്വീകരിക്കുന്നത് ബക്കിങ്ഹാം പാലസിലെ ആതിഥ്യ മര്യാദയാണ്. റോയൽ കാരവാനിൽ എത്തുന്ന അതിഥികൾക്ക് ഇതേ മാതൃകയിൽ സ്വീകരണ സൽക്കാരം ലഭിക്കും.

caravan 4
caravan 7

സായാഹ്ന സല്ലാപത്തിനായി വൈകിട്ട് അഞ്ചരയ്ക്ക് ഗോവണി തുറക്കും. മട്ടുപ്പാവിലിരുന്ന് വഴിയോരക്കാഴ്ച ആസ്വദിക്കാൻ കാപ്പിയും ഷാംപെയ്നും വിളമ്പും.

ബ്രിട്ടനിലെ വിനോദ സഞ്ചാര മേഖലയിൽ ആദ്യമാണ് ഇതുപോലൊരു ആഡംബരം. സാധാരണക്കാർക്കും രാജ്ഞിയെ പോലെ ജീവിക്കാൻ അവസരം ഒരുക്കുകയാണെന്നു പാർക്ക്ഡീൻ കമ്പനി പറയുന്നു. മൂന്നു രാത്രി രണ്ടു പകലാണു താമസ പാക്കേജ്. ഒരു രാത്രി രാജ്ഞിയെപ്പോലെ അന്തിയുറങ്ങാൻ ഒരാൾക്ക് 1500 രൂപ. കൂടുതൽ വിവരങ്ങൾ: www.parkdeanresorts.co.uk/caravans-for-sale/royal-caravan.