Monday 29 October 2018 05:41 PM IST

കോടമഞ്ഞ് കൊക്കുരുമ്മുന്ന മസിനഗുഡി; ഊട്ടിയുടെ മടിത്തട്ടിൽ മയങ്ങുന്ന ഗൂഡല്ലൂർ

Naseel Voici

Columnist

mas Photo : Badusha P. T.

‘മസിനഗുഡി കാണണം’ എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ കാഴ്ചകളുടെ തുടക്കം. പലവുരു പലയിടങ്ങളിൽ കേട്ടിട്ടുണ്ടെങ്കിലും ആ നാടിതുവരെ കണ്ടിട്ടില്ല. എങ്ങനെ പോകുമെന്ന അന്വേഷണത്തിനിടെ വയനാടിനോട് ചേർന്നു കിടക്കുന്ന ‘തമിഴ്നാട് ടീ’ (ടാൻ ടീ) തേയിലത്തോട്ടങ്ങൾ കണ്ണിലുടക്കി. മസിനഗുഡി മോഹവും കാഴ്ചകളും ചേർത്തു വച്ച് ഗൂഗി ൾ മാപ്പിനോട് ചോദിച്ചു. റോഡുകൾ മുന്നിൽ തെളിഞ്ഞു.

റിപ്പണിൽ നിന്ന് തുടക്കം

BADU9457 Photo : Badusha P. T.

‘ഒരാൾക്ക് തന്റെ കണ്ണുകൾക്കും ശരീരത്തിനും കൊടുക്കാവുന്ന എറ്റവും മനോഹരമായ സമ്മാനം അതിരാവിലെയുള്ള കാഴ്ചകളും അന്നേരത്തെ ശുദ്ധവായുവുമാണെന്ന്’ പറയാറുണ്ട്. ആ സമ്മാനം കൊടുക്കാനും ഉദയസൂര്യന്റെ കിരണങ്ങൾ തേയിലപ്പച്ചയിൽ തട്ടിച്ചിതറുന്നത് കാണാനുമായി ആക്സിലേറ്ററിൽ കാലമർത്തി. പക്ഷേ ഇത്തിരി വൈകിപ്പോയി. താമരശ്ശേരി ചുരം കയറി, ലക്കിടിയും ചുണ്ടേലും പിന്നിട്ട് ‘റിപ്പൺ’ തേയിലത്തോട്ടത്തിൽ ഓടിയെത്തിയപ്പോഴേക്കും നേരം പുലർന്നിരുന്നു. തേയിലയോട് കിന്നാരം പറഞ്ഞുകഴിഞ്ഞ് സൂര്യന്‍ മുകളിലെത്തി.

ലക്കിടി – ഗൂഡല്ലൂർ റോഡിലാണ് ‘റിപ്പൺ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ തേയിലത്തോട്ടം. വാകമരങ്ങൾ അതിരിടുന്ന റോഡിൽ നിന്നാരംഭിക്കുന്ന തേയിലപ്പച്ചയുടെ ഭംഗി വാക്കുകൾക്ക് വിവരിക്കാവുന്നതിനുമേറെയാണ്. ഒരു വശത്ത് ഇളംപച്ച. ഇത്തിരി കൂടി ദൂരെ നോക്കുമ്പോൾ കടുംപച്ച. പ്രഭാത വെയിലിന്റെ തിളക്കം തട്ടുമ്പോൾ തെളിയുന്ന പച്ചയെ എന്തുപേരിട്ടാണ് വിളിക്കേണ്ടെതന്നറിയില്ല. ആരുടെയോ സങ്കൽപ്പം വരച്ചുവച്ചതു പോലെ.

മനോഹരമായ കാഴ്ചകൾക്കിടയിലൂടെ യാത്രയാരംഭിച്ചു. തേയിലത്തോട്ടത്തിനിടയിലൂടെ ചെറു റോഡുകളുണ്ട്. അതുവഴി ചെന്നുനോക്കാൻ മോഹം തോന്നി. പക്ഷെ നടപ്പില്ല. കാർ സഞ്ചാരം പ്രയാസമാണ്. തേയില കയറ്റിവരുന്ന ട്രാക്ടറുകൾക്ക് വേണ്ടിയൊരുക്കിയ പാതകളാണ്. കൊളുന്തു നുള്ളാൻ പോകുന്നവർക്കിടയിലൂടെ മുന്നോട്ട് പോയി. മേപ്പാടി പട്ടണം കഴിഞ്ഞ് മുന്നോട്ടു പോയപ്പോഴേക്കും തേയിലക്കാഴ്ചകളൂടെ ഭംഗിയേറി. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ കോടമഞ്ഞ് മുഖമൊളിപ്പിക്കുന്നു. അകമ്പടിയായി ചാറ്റൽ മഴയും. കാറിന്റെ ചില്ലുകളിൽ തട്ടിച്ചിതറുന്ന മഴത്തുള്ളികളും കോടമഞ്ഞും. അതിനിടയിലൂടെ കാണുന്ന തേയിലപ്പച്ച...കടന്നു പോകുന്ന ദൂരം അറിയുകയേ ഇല്ല.

വടുവഞ്ചാലും പിന്നിട്ട് ചോലാടി അതിർത്തിയെത്തി. ഒരു പാലം പിന്നിട്ടാൽ തമിഴ്നാട്. പുതിയ പാലത്തിനടുത്ത് പഴയ ഇരുമ്പുപാലം ഗതാഗതമൊന്നുമില്ലാതെ കാടു പിടി ച്ചു കിടക്കുന്നു. മഞ്ഞ പൂക്കളും കുറ്റിക്കാടുകളുമായി പാതി പച്ചപ്പിലാഴ്ന്നു നിൽക്കുന്ന പാലത്തിന്റെ കാഴ്ച മനോഹരമാണ്. തമിഴ്നാടിന്റെ ‘ടാൻ ടീ’ തോട്ടങ്ങളാണ് ഇനിയങ്ങോട്ട് കാഴ്ച. മലയാള തോട്ടത്തിനും തമിഴ് തോട്ടത്തിനും കാഴ്ചയിൽ വലിയ വ്യത്യാസമൊന്നുമില്ല. എങ്കിലും ടാൻ ടീ തോട്ടങ്ങ ൾക്ക് ആഴക്കൂടുതലുണ്ട്.

BADU9427 Photo : Badusha P. T.

ഇത്തിരി ദൂരം ചെന്നപ്പോഴേക്കും ചുവന്ന പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന റോഡിനോട് ചേർന്ന് ചെറിയൊരു കട. വാഹനമൊതുക്കി. തേയില ഫാക്ടറിയോട് ചേർന്ന് നടത്തുന്ന തേയിലക്കടയാണ്. ഒരു ചായ കുടിക്കണമെന്ന മനസ്സിന്റെ മോഹമറിഞ്ഞ് ദൈവമൊരുക്കിവച്ചതാവും. ചായ കിട്ടുമോയെന്ന ചോദ്യത്തിനു ‘ചായ മാത്രമേ കിട്ടൂ’ എന്ന മറുപടി. തേയിലത്തോട്ടത്തിലെ തടിബെഞ്ചിലിരുന്ന് മധുരം കൂട്ടിയൊരു സ്ട്രോങ് കട്ടൻ ചായ! കോടമഞ്ഞിന്റെ ഒളിച്ചുകളി കണ്ട്, തേയിലപ്പച്ചയുടെ തണുപ്പേറിയ കാറ്റും കൊണ്ട് നല്ല ഫ്രഷ് തേയിലയിട്ട ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ...പറഞ്ഞറിയിക്കാനാവില്ല.

തേയിലയുടെ മനോഹരകാഴ്ചകൾ മാത്രമല്ല, ഒറ്റമുറി പാഡികളുടെ കൂടി കഥകൾ പറയുന്നുണ്ട് തേയിലത്തോട്ടങ്ങൾ. തേയില നുള്ളുന്ന തൊഴിലാളികളുടെ ക്യാമറചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് അവരുടെ യഥാർഥ ജീവിതം. കുടുസ്സു മുറികളിലെ താമസവും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ചുറ്റുപാടുകളും . ദേവാല പിന്നിട്ട് ഗൂഡല്ലൂരിലേക്ക് പോകുമ്പോൾ കാണാം ഈ മറുകാഴ്ചകൾ.

ഗൂഡല്ലൂർ പിന്നിട്ട് മുതുമലയിലേക്ക്...

BADU9650 Photo : Badusha P. T.

ഊട്ടിയുടെ മടിത്തട്ടിൽ മയങ്ങുന്ന ഗൂഡല്ലൂർ പട്ടണത്തിലെത്തി. ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാണ് ഗൂഡല്ലൂർ. അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള പട്ടണം. കടൽനിരപ്പിൽ നിന്ന് ആയിരം അടിയിലേറെ ഉയരത്തിൽ നിലകൊള്ളുന്ന ഈ നാടിന്റെ കാലാവസ്ഥയും ഊട്ടിയോട് ചേർന്നു നിൽക്കുന്നു.

BADU9488 Photo : Badusha P. T.

ഗൂഡല്ലൂരിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു. മുതുമല വന്യജീവി സങ്കേതത്തിലൂടെയാണ് റോ ഡ്. കാടിനകത്തെ റോഡിലേക്കു കടന്നാൽ പിന്നെ വാഹനങ്ങൾ നിർത്താൻ അനുവാദമില്ല. നിർത്തിയാൽ വനപാലകരുടെ പിടി വീഴും. മാനുകളും മയിലുകളും റോഡിനടുത്ത് വിഹരിക്കുന്നു. ധാരാളം കുരങ്ങുകളുമുണ്ട്. വാഹനങ്ങൾ കണ്ടിട്ടൊന്നും ഒരു കൂസലുമില്ല. അവരുടെ ലോകമാണല്ലോ, അതുകൊണ്ടാവും.

നീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് മുതുമല. കർണാടകയും കേരളവുമായി അതിർത്തി പങ്കിടുന്ന മുതുമല ദേശീയോദ്യാനം കടുവാസങ്കേതം കൂടിയാണ്. നെല്ലക്കോട്ട, കാർഗുഡി, മുതുമല, തെപ്പക്കാട് എന്നിങ്ങനെ അഞ്ചു വനമേഖലകളാണ് ഈ സങ്കേതത്തിൽ ഉൾപ്പെടുന്നത്. മുതുമല വഴി കുറച്ചു ദൂരം ചെന്നപ്പോഴേക്കും തെപ്പക്കാടെത്തി. നേരേ പോയാൽ മൈസൂർ പട്ടണം കാണാം. വലത്തോട്ട് തിരിഞ്ഞാൽ മസിനഗുഡി. നേരം ഉച്ചയോടടുത്തിട്ടുണ്ട്. തെപ്പക്കാട് നിന്ന് ദാഹവും വിശപ്പും താത്കാലികമായി അടക്കി മസിനഗുഡി റോഡിലേക്ക് തിരിഞ്ഞു.

Wild deer in Mudumalai National Park Photo : Badusha P. T.

ഒരു വാഹനത്തിന് കടന്നു പോകാൻ പാക ത്തിലുള്ള ഇരുമ്പു പാലമാണ് മസിനഗുഡി റോഡിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. റോഡിനും അത്ര വീതിയേ ഉള്ളൂ. പക്ഷേ ഡ്രൈവിങ്ങിനു പ്രയാസമൊന്നുമില്ല. വീതി കുറവാണെങ്കിലും വൃത്തിയുള്ള റോഡ്. ഇരുവശവും മനോഹരമായ കാനനക്കാഴ്ചകൾ. സഫാരി ജീപ്പുകളൊഴിച്ചാൽ റോഡിൽ അധികം വാഹനങ്ങളില്ല. അധികം ഉയരമില്ലാത്ത മരങ്ങൾക്കിടയിൽ മാനുകൾ മേഞ്ഞു നടക്കുന്നു. പെട്ടെന്നാണ് ദൂരെയായി പൊടിപടലങ്ങളുയരുന്നത് കണ്ടത്. മുന്നിൽ വാഹനം പതിയെ നിർത്തി സഞ്ചാരികൾ കാട്ടിലേക്ക് വിരൽ ചൂണ്ടി. കാട്ടാനക്കൂട്ടം. മണ്ണിൽ പുരണ്ട് കാടു കുലുക്കി നടന്നു നീങ്ങുകയാണ്. ഒന്ന്, രണ്ട്, മൂന്ന്... എട്ട് ആനകൾ! ക്യാമറയുടെ സൂമിനും അപ്പുറത്തുള്ള കാഴ്ച മനസ്സിൽ ആവോളം പകർത്തി യാത്ര തുടർന്നു.

കൃഷിയിടങ്ങൾ

BADU9514 Photo : Badusha P. T.

തെപ്പക്കാട് നിന്ന് പത്തു കിലോമീറ്റർ ദൂരത്തിലാണ് മസിനഗുഡി. ഒരു ചെറിയ പട്ടണം. നാടൻ ഭാഷയിൽ അങ്ങാടി എന്നു വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതം. വിനോദസഞ്ചാരികൾ ധാരാളമായെത്തുന്നതുകൊണ്ട് റിസോർട്ടുകളും മറ്റു സൗകര്യങ്ങളുമുണ്ട്. സഫാരി സംഘങ്ങളാണ് പട്ടണത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. പലവിധ ഓഫറുകളുമായി അവർ ചുറ്റുംകൂടും.

BADU9567 Photo : Badusha P. T.

വിനോദസഞ്ചാര കേന്ദ്രമായി വളരുമ്പോഴും കാർഷിക പാരമ്പര്യവും ജീവിതരീതികളും സംരക്ഷിക്കുന്നവരാണ് ഇവിടത്തുകാർ. വീടുവച്ച്, അതിനോട് ചേർന്നുള്ള കൃഷിയിടങ്ങൾ മനോഹരമായി ഒരുക്കി അധ്വാനിച്ച് ജീവിക്കുന്നവർ. അങ്ങാടിയിലെ കടകൾക്ക് തൊട്ടു പിന്നിൽ കൃഷിയിടങ്ങൾ കാണാം. മലഞ്ചെരിവിന്റെ പശ്ചാത്തലത്തിൽ കൃഷയിടങ്ങളും മരമുകളിലെ കാവൽപുരകളുമെല്ലാം കൂടുതൽ മനോഹരമായി.

സഫാരി ഓഫറുകളുമായി ചുറ്റും കൂടിയവരിൽ നിന്നാണ് സമീപത്തുള്ള മോയാർ ഡാമിനെക്കുറിച്ചറിഞ്ഞത്. വണ്ടി മോയാറിലേക്ക് വിട്ടു. മസിനഗുഡിയിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ പോയതേയുള്ളൂ. റോഡരികിലെ മനോഹര തടാകത്തിനടുത്തെത്തി. മോയാർ. ഭിത്തികളോ മറ്റു കോൺക്രീറ്റ് നിർമാണങ്ങളോ ഒന്നുമില്ല. തീർത്തും ശാന്തം. തെളിഞ്ഞ ജലാശയം, അതിൽ അങ്ങിങ്ങായി ചെറിയ തുരുത്തുകൾ, അവിടെ തലയുയർത്തി നിൽക്കുന്ന മരങ്ങൾ, കരയിൽ തണൽ വിരിക്കുന്ന വാകമരത്തിന്റെ ചുവപ്പ്... പ്രകൃതിയുടെ നൈർമല്യം അതേപടി ഇവിടെ കാണാം. ആനയും പുലിയുമെല്ലാം വെള്ളം കുടിക്കാനിറങ്ങുന്നിടം കൂടിയാണ് മോയാർ. കാണാൻ നല്ല ഭാഗ്യം വേണമെന്നു മാത്രം.

BADU9602 Photo : Badusha P. T.

വെയിലാറിത്തുടങ്ങിയതോടെ സഫാരി ജീപ്പുകളുടെ എണ്ണമേറി. ഗ്രാമത്തിൽ നഗരസഞ്ചാരികളുടെ സെൽഫി തിരക്കേറിയപ്പോൾ പതിയെ ഗിയറിട്ടു. മസിനഗുഡിയെത്തിയാൽ നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു ഡ്രൈവിങ് അനുഭവത്തിലേക്ക്...

36 ഹെയർപിൻ വളവുകൾ

തണൽ മരങ്ങൾ അതിരിടുന്ന കാനനപാതയിലൂടെ കല്ലട്ടി ചുരം ലക്ഷ്യമാക്കി നീങ്ങി. വെറും ചുരമല്ല, 36 ഹെയർപിൻ വളവുകൾ കാഴ്ചയൊരുക്കുന്ന ഒരു ഒന്നൊന്നര ചുരമാണ് കല്ലട്ടി. സാധാരണ കാണാറുള്ളതുപോലെ വിശാലമായ വളവുകളും അതിനിടയിലെ നീണ്ട ഇടവേളകളും ഇവിടെയില്ല. പകരം ഒരു ഹെയർ പിൻ വളവിൽ നിന്ന് അടുത്തതിലേക്കു നീളുന്ന റോഡ്. വശങ്ങളിൽ വിശാലമായ കാനനക്കാഴ്ചകൾ.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്... പത്തും ഇരുപതും കൊടുംവളവുകൾ കയറിപ്പോകുന്നത് അറിയുന്നതേയില്ല. മികച്ച നിലവാരമുള്ള റോഡ് ഡ്രൈവ് ഏറെ അനായാസകരമാക്കുന്നുണ്ട്. മുപ്പത്തിയാറാം വളവും കടന്ന് വാഹനമൊതുക്കി. മ ലഞ്ചെരിവിന്റെയും കൃഷിയിടങ്ങളുടെയും വെള്ളച്ചാട്ടത്തിന്റെയുമെല്ലാം കാഴ്ച അതിമനോഹരമാണ്.

BADU9569 Photo : Badusha P. T.

തമിഴ് കാർഷിക ഗ്രാമചിത്രങ്ങൾ പകർത്തി, ഊട്ടിയിൽ നിന്ന് വീശുന്ന വൈകുന്നേര കാറ്റും കൊണ്ട് അടുത്തുള്ള ‘നൈൻത് മൈൽ ഷൂട്ടിങ് കുന്നി’ലേക്ക് ചെന്നു. ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഈ കുന്ന്. മൊട്ടക്കുന്നിൽ നിന്നുള്ള അസ്തമയക്കാഴ്ച വേറിട്ട അനുഭവങ്ങളിലൊന്നാണ്.

ഇത്തിരി ദൂരം ചെന്നാൽ ഊട്ടിയിലെത്തും. പ ക്ഷേ നേരം വൈകിയിരിക്കുന്നു. അതു മാത്രമല്ല കാര്യം, ഡ്രൈവ് ടൂറിന് ടീഷർട്ടുമിട്ട് ഇറങ്ങിയതാണ്. ഈ കോലത്തിൽ ഊട്ടിയിലേക്ക് ചെന്നാല്‍ തണുപ്പിൽ വലിയും.

തത്കാലം ശരീരം ചൂടാക്കാൻ വഴിയരികിലെ കടയിൽ നിന്ന് വറുത്ത കടലയും വാങ്ങി കുന്നിൻ മുകളിലേക്ക് നടന്നു. ‘ഊട്ടിപ്പട്ടണമേ, പിന്നീട് പാക്കലാം’.

‘അവളെ അവസാനമായി ഒരുനോക്ക് കാണാനാകുമോ എന്നു പോലും അറിയില്ല’; മീനാക്ഷിയുടെ വിയോഗത്തിൽ നെഞ്ചുരുകി കുടുംബം

യാത്രകളോട് കൂട്ടുകൂടി വിഷ്ണുവും മീനാക്ഷിയും; പ്രണയം തുളുമ്പുന്ന ഈ ചിത്രങ്ങൾ വേദനയാകുന്നു

‘യോസാമിറ്റി’ മരണത്തിന്റെ താഴ്‍വര; മീനാക്ഷിക്കും വിഷ്ണുവിനും മുമ്പേ മരണത്തിലേക്ക് വഴുതി വീണത് എത്രയോ പേർ

‘ഗർഭപാത്രത്തിൽ കാറ്റുകയറാത്ത വിധം നടക്കേണ്ട’! മുടന്തൻ ഉപദേശങ്ങളെ തിരുത്തും ഈ കുറിപ്പ്

എല്ലാ ബ്ലീഡിങ്ങും പൈൽസല്ല; പൈൽസ് പിടിപ്പെടും മുമ്പ് ശരീരം നൽകും ഈ സൂചനകൾ