ലോക്ഡൗണിനു ശേഷം മൂന്നാറിലെത്തുന്നവർക്കു അന്തിയുറങ്ങാൻ എസി ബസ്. ഹോട്ടൽ മുറിയെക്കാൾ ലാഭകരമായി സഞ്ചാരികൾക്കു താമസ സൗകര്യം ഒരുക്കിയതു കെഎസ്ആർടിസിയാണ്. വൈകിട്ട് ആറു മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടു വരെ താമസിക്കാൻ വാടക നൂറൂ രുപ. മൂന്നാർ കെഎസ്ആർടിസി ബസ് േസ്റ്റഷൻ പരിസരത്താണ് ബസ് നിർത്തിയിട്ടുള്ളത്. താമസക്കാർ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ബസ്സുകളിൽ താമസ സൗകര്യം ഒരുങ്ങുന്നത്. നേരത്തേ കെഎസ്ആർടിസിയുടെ പ്രധാന ഡിപ്പോകളിൽ ജീവനക്കാർ വിശ്രമിച്ചിരുന്നു. അതു മാതൃകയാക്കി ലോക്ഡൗണിൽ നിശ്ചലമായ എസി ബസ്സുകളെ താമസ സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് കെഎസ്ആർടിസി. ബസ്സിൽ അന്തിയുറങ്ങാൻ ടിക്കറ്റ് എടുക്കുന്നവർക്ക് കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും കെഎസ്ആർടിസി ഡിപ്പോയിലെ ശുചിമുറി ഉപയോഗിക്കാം. ബസ്സിൽ താമസം ഒരുക്കിയതിനൊപ്പം ശുചിമുറികൾ നവീകരിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പ് താമസിച്ചു കഴിഞ്ഞ് ബസ് അണുമുക്തമാക്കിയ ശേഷമാണ് അടുത്ത ഗ്രൂപ്പിനെ പ്രവേശിപ്പിക്കുക. ബസ്സിലെ താമസ സൗകര്യങ്ങളുടെ മേൽനോട്ടത്തിനു രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബസ്സിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോൺ, ഇമെയിൽ മുഖേന ബുക്ക് ചെയ്യാം. സ്ലീപ്പർ ബുക്ക് ചെയ്യുന്നവർക്ക് സമീപത്തുള്ള റസ്റ്ററന്റുകളിൽ നിന്നു ഭക്ഷണം ഏർപ്പാടാക്കുമെന്നാണ് േസ്റ്റഷൻ അധികൃതർ അറിയിച്ചിട്ടുള്ളത്. ഫോൺ: 9447813851, 04865 230201, ഇ മെയിൽ: mnr@kerala.gov.in
മൂന്നാറിലെ കാഴ്ചകൾ
ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും ചെറിയ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയും അണക്കെട്ടുകൾ നിർമിച്ചും മൂന്നാറിനെ ചിട്ടപ്പെടുത്തിയത് ബ്രിട്ടിഷുകാരാണ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. അതേസമയം, ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള ക്രൈസ്തവ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണകാലത്താണ് നിർമിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മേയ് എന്ന ബ്രിട്ടിഷുകാരിയുടെ കല്ലറ.
ചീയപ്പാറ വെള്ളച്ചാട്ടം
നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളായി പാറപ്പുറത്തുകൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിനടിയിലൂടെ താഴേക്ക് ഒഴുകുന്നു. റോഡരികിൽ നിന്നു കണ്ടാസ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്. അടിമാലിയിൽ നിന്നു 14 കി.മീ.
രാജമല
ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്ന് 14 കി.മീ. പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ചിന്നക്കനാൽ
തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാർ യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കൽ അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. വ്യു പോയിന്റാണ് ചിന്നക്കലാലിലെ മറ്റൊരു ഡെസ്റ്റിനേഷൻ.
മാട്ടുപ്പെട്ടി അണക്കെട്ട്
മൂന്നാർ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപ്പെട്ടി അണക്കെട്ട്. താഴ്‌വരയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറിൽ നിന്നു 15 കി. മീ.
കുണ്ടള അണക്കെട്ട്
ടോപ് േസ്റ്റഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം ആണിത്. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കങ്ങൾ വിടരുന്ന പൂന്തോട്ടമുണ്ട്.
ടോപ് സ്റ്റേഷൻ
മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദിക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ.
തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനിൽ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36 കി.മീ. അകലെയാണ് ടോപ് സ്റ്റേഷൻ
(മൂന്നാർ കൊടൈക്കനാൽ റോഡ്).