Friday 24 July 2020 03:17 PM IST : By സ്വന്തം ലേഖകൻ

മലമുകളിൽ ഗുഹാമുഖത്ത് ഒരു കോട്ട

cc1

മലമുകളിലോ പാറക്കെട്ടുകളിലോ നിർമിച്ച കോട്ടകളും കൊട്ടാരങ്ങളും ലോകത്തെവിടെയും കാണാം. എന്നാൽ പടുകൂറ്റൻ പാറക്കെട്ടിനു മുകളിലുള്ള ഒരു ഗുഹതന്നെ കൊട്ടാരമാക്കി മാറ്റിയ കാഴ്ച കാണണമെങ്കിൽ മധ്യയൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ചെല്ലണം. രാജ്യത്തിന്റെ തെക്കു കിഴക്ക് കാഴ്സ്റ്റ് പ്രദേശത്തെ പൊഴ്സ്‌റ്റോണ നഗരത്തിനു സമീപമാണ് ലോകത്തെ ‘ഏറ്റവും വലിയ കേവ് കാസിൽ’ എന്ന നേട്ടത്തോടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ പ്രെജാമ കാസിൽ കൗതുക കാഴ്ചയാകുന്നത്.

അകത്തോ പുറത്തോ

cc2

ആർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത സ്ഥാനവും നിഗൂഢതകൾ ഒളിപ്പിച്ച നിർമിതിയും പ്രെജാമ കോട്ടയ്ക്ക് എക്കാലവും കാൽപനിക ഭംഗി നൽകി. ഈ കോട്ടയെപ്പറ്റിയുള്ള ഏറ്റവും പഴയ പരാമർശം 13 ാം നൂറ്റാണ്ടിലുള്ളതാണ്. എന്നാൽ ഏറെ പ്രസിദ്ധി നേടിയത് 16 ാം നൂറ്റാണ്ടിലാണ്. അക്കാലത്ത് ഒരു ജർമന്‍ കുടുംബത്തിന്റേതായിരുന്നത്രേ ഈ കോട്ട. ല്യൂജ് എന്നും പൊഴ്സ്‌റ്റോണ കാസിൽ എന്നുമായിരുന്നു അക്കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്. ഇന്നു ലോകത്തു പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുള്ള ഏക ഗുഹാകൊട്ടാരവും ഇതുതന്നെ.

സ്ലോവേനിയൻ ഭാഷയിൽ പ്രെജാംസ്കി എന്നറിയപ്പെടുന്ന പ്രെജാമ കോട്ടയുടെ പേരിന്റെ അർഥം ‘ഗുഹാമുഖത്ത്’ എന്നാണ്. പേരു സൂചിപ്പിക്കുന്നതുപോലെ ഗുഹാമുഖത്തു തുടങ്ങി ഗുഹയ്ക്കുള്ളിലേക്കു നീളുന്ന രീതിയിലാണ് കോട്ടയുടെ നിർമിതി. 123 മീറ്റർ ഉയരമുള്ള കിഴുക്കാംതൂക്കായ ഒരു പാറയുടെ മുകളിലുള്ള ഗുഹാമുഖത്താണ് ഈ കോട്ട. മധ്യകാലഘട്ടത്തിൽ പൗരാണിക റോമൻ നഗരമായ അക്കിലിയിലെ ഭരണകർത്താക്കളാണ് ഇവിടെ ആദ്യ നിർമാണം നടത്തി പ്രതിരോധത്തിനും ആക്രമണത്തിനും സാധിക്കുന്ന ഒരു വാസസ്ഥാനമാക്കി മാറ്റിയതെന്നു കരുതുന്നു. പിന്നീട് 15ാം നൂറ്റാണ്ടിലാണ് ഇന്നു കാണുന്ന നവോത്ഥാന ശൈലിയിലുള്ള കോട്ട നിർമിച്ചത്. തുടർന്ന് ഉടമസ്ഥാവകാശം പലരിലൂടെ കൈമറിഞ്ഞു, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദേശീയസ്വത്തായി ഏറ്റെടുത്തു. കരിങ്കല്ലിന്റെ കറുപ്പിനും മലഞ്ചെരിവിന്റെ പച്ചപ്പിനും ഇടയ്ക്ക് കോട്ടയുടെ വെള്ള പൂശിയ ചുമരുകൾ പെട്ടന്ന് ശ്രദ്ധയിൽപെടും.

cc3

സ്ലോവേനിയൻ റോബിൻഹുഡിന്റെ ഒളിസങ്കേതം

ഇടക്കാലത്ത് ഈ ഗുഹാകൊട്ടാരത്തിന്റെ ഉടമസ്ഥരായിരുന്ന ജർമൻ പ്രഭു കുടുംബത്തിലെ ഏറ്റവും പ്രശസ്തനായ അംഗമായിരുന്നു എറാസിം ഓഫ് പ്രെജാമ . ഒരേ സമയം ധീരനും ആശ്രിതവത്സലനുമായ ഭരണാധികാരി എന്നും കൊള്ളക്കാരനും നിഷ്ഠുരനുമായ പ്രഭു എന്നും അറിയപ്പെട്ടിരുന്നു എറാസിം ഓഫ് പ്രെജാമ . റോബിൻഹുഡ് ഓഫ് സ്ലോവേനിയ എന്നാണ് പിൽക്കാലത്ത് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരിക്കൽ ഓസ്ട്രിയയിലെ ഒരു പ്രധാന പദവി വഹിക്കുന്ന ആളിനെ കൊലപ്പെടുത്തിയ എറാസിമിനെ തടവിലാക്കാൻ രാജാവ് ഉത്തരവിട്ടു. പ്രെജാമയിലെ കോട്ടയിലേക്ക് രക്ഷപെട്ട എറാസിമിനെ പിടിക്കാൻ സൈന്യത്തിനായില്ല. കോട്ടമുഴുവൻ വളഞ്ഞ് അതിനുള്ളിൽ തടവിലാക്കിയ എറാസിം ഭക്ഷ്യവസ്തുക്കളുടെ ശേഖരം അവസാനിക്കുമ്പോൾ കീഴടങ്ങുമെന്നായിരുന്നു സൈന്യാധിപന്റെ പ്രതീക്ഷ.

cc4

പ്രെജാമ ഉൾപ്പെടുന്ന പൊഴ്സ്‌റ്റോണ ഭൂപ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഭൂമിക്കടിയിലെ ഗുഹകളും അവ തമ്മിൽ ബന്ധിപ്പിക്കുന്ന ഗുഹാപാതകളും. പ്രെജാമ കോട്ടയിൽ നിന്നു ഗുഹയ്ക്കകത്തു പ്രവേശിച്ചാൽ അവിടെ ഇത്തരത്തിലുള്ള ഒട്ടേറെ രഹസ്യപാതകൾ ഉണ്ട്. അവ മനസ്സിലാക്കിയിരുന്ന എറാസിമിനു മാസങ്ങളോളം പുറത്തിറങ്ങാതെ കോട്ടയ്ക്കുള്ളിൽ കഴിയാൻ സാധിച്ചു. ഒരുവർഷത്തിനു ശേഷം കോട്ടയിലെ ഒരു പരിചാരകയുടെ സഹായത്തോടെ ശത്രുസൈന്യം എറാസിമിനെ കൊലപ്പെടുത്തുകയായിരുന്നത്രേ. കോട്ടയുടെ ഓരം ചേർന്നു നിൽക്കുന്ന ഏറെ പഴക്കം ചെന്ന ഒരു ലിൻഡൻ മരത്തിനു ചുവട്ടിലാണ് അന്നു മൃതദേഹം മറവു ചെയ്തത് എന്നാണ് വിശ്വാസം.

മണ്ണിനടിയിലെ ഗുഹകൾ കാണാം

പ്രെജാമ കോട്ടയിലേക്കു പുറത്തു നിന്ന് ഒരു പ്രവേശനകവാടം മാത്രമേ ഉള്ളു. നാലു നിലകളുള്ള കെട്ടിടം ഇപ്പോൾ മ്യൂസിയമായിട്ടു പ്രവർത്തിക്കുന്നു. പഴയകാല ആയുധങ്ങളും നൂറ്റാണ്ടുകൾക്കു മുൻപുള്ള ഗോത്തിക് ജീവിത ശൈലിയും പൗരാണികമായ ചിത്രങ്ങളും ഇവിടെ കാണാം. വോയിസ് ഗൈഡ് പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള വിവരണങ്ങളും ലഭിക്കും.

cc7

ഇന്നും പൊഴ്സ്‌റ്റോണ ഭൗമാന്തർ ഗുഹകളാൽ സമ്പന്നമാണ്. ആധുനിക കാലത്ത് ഇവ സ്ലോവേനിയയിലെ വലിയൊരു വിനോദസഞ്ചാര ആകർഷണവുമാണ്. പ്രെജാമ കാസിലിനു താഴെയായി എട്ടു കിലോ മീറ്ററിലധികം നീളമുള്ള ഗുഹാപാത കണ്ടെത്തിയിട്ടുണ്ട്. അതിൽ തുടക്കത്തിലുള്ള 900 മീറ്റർ വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.

പൊഴ്സ‌്റ്റോണ കേവ് പാർക്കിലെ ഗുഹകൾ സ്‌റ്റാലഗ്‌മൈറ്റുകൾ പരലുകളുള്ള ചുണ്ണാമ്പുകൽ ഗുഹകളാണ്. അവയിൽനിന്ന് അൽപം വ്യത്യസ്തമാണ് പ്രെജാമയിലെ ഗുഹകൾ. വാവലുകളുടെ ആവാസസ്ഥാനംകൂടിയാണ് പ്രെജാമ ഗുഹകൾ. ഭൂതലത്തിലൂടെ ഒഴുകിവന്ന് പെട്ടന്ന് അപ്രത്യക്ഷമാകുന്ന കാഴ്സ്‌റ്റ് പിവ്ക നദിയാണ് ഈ ഗുഹകളുടെ പിറവിക്കു കാരണമെന്നു കരുതുന്നു. ഇന്നും ഗുഹകൾക്കു താഴെ തലത്തിലൂടെ നദിയൊഴുകുന്നുണ്ട്.

cc5

വർഷം മുഴുവൻ സഞ്ചാരികൾക്കായി തുറക്കുന്ന പ്രജേമ കോട്ടയിൽ ജുലൈ–ഓഗസ്‌റ്റ് മാസങ്ങളിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. ജൂലൈ മാസത്തിൽ ഇവിടെ നടക്കുന്ന ആഘോഷവും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാറുണ്ട്. അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഗെയിം ഓഫ് ത്രോൺ സീരിസിലെ ഒരു കോട്ടയ്ക്കു പ്രചോദനം നൽകിയതു പ്രജേമ കാസിലാണ്. പ്രേതകഥകളിൽ വിശ്വസിക്കുന്ന സാഹസികർ ഇതു പ്രേതബാധയുള്ള കോട്ടയാണെന്നും പറയാറുണ്ട്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations