യാത്രാമേഖലയിൽ സ്ത്രീകൾക്കു വൻ പദ്ധതി നടപ്പാക്കിയിരിക്കുന്നു പഞ്ചാബ് സർക്കാർ. ബസ്സുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കി. ഏപ്രിൽ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാണു സൗജന്യ യാത്രാ പദ്ധതി. പഞ്ചാബിലെ 1.31 കോടി സ്ത്രീകൾക്കും പെൺകുട്ടികൾക്കും പദ്ധതി ഉപകാരപ്പെടുമെന്നു മുഖ്യമന്ത്രി അമരിന്ദർ സിങ് പറഞ്ഞു.
പഞ്ചാബ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, പഞ്ചാബ് റോഡ് വേയ്സ്, പ്രാദേശിക സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിബസ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പഞ്ചാബിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കു മാത്രമാണ് സൗജന്യയാത്ര. ഛണ്ഡിഗഡിൽ ജോലി ചെയ്യുന്ന പഞ്ചാബിലെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കും. എസി, വോൾവോ ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. യാത്രക്കാർ ആധാർ കാർഡ്, ഇലക്ഷൻ ഐഡി എന്നിവ തിരിച്ചറിയൽ രേഖയായി കാണിക്കണം.