Tuesday 03 December 2019 03:15 PM IST : By ഈശ്വരൻ ശീരവള്ളി

പൈതൃകമായി കിട്ടിയ മണ്ണിൽ തടാകവും ഹിൽടോപ്പും; പുതുപ്പാടിയിലെ എബിസി ജെല്ലിന്റെ വിസ്മയ കാഴ്ചകൾ!

0L8A9510 Photo: Josewin Paulson

തടാകത്തിനു നടുവിൽ, മാനം മുട്ടുന്ന മരങ്ങൾ വളരുന്ന ദ്വീപ്. ദ്വീപിലെ മണ്ഡപങ്ങളിൽ കാറ്റേറ്റിരിക്കാം. അല്ലെങ്കിൽ വള്ളിക്കുടിലുകളിൽ കുരുവികളുടെ നർമഭാഷണം കേട്ടു കിടക്കാം. അതുമല്ലെങ്കിൽ പച്ചപ്പുല്ലു വിരിച്ചതുപോലുള്ള ഡാൻസ് ഫ്ലോറിൽ നൃത്തച്ചുവടുകൾ വയ്ക്കാം. കേട്ടപ്പോൾ ഒരു സ്വപ്നമാണെന്നു തോന്നിയോ, എന്നാൽ ഇത് എബിസി ജെൽ പുതുപ്പാടി എന്ന വാട്ടർ–ഫോറസ്റ്റ്-അഗ്രികൾചർ പാർക്കിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയം മാത്രമാണ്. പൈതൃകമായി കിട്ടിയ മണ്ണിൽ തടാകവും ഹിൽടോപ്പും തീർത്ത് സിറിയക് നിർമിച്ചത് പരിസ്ഥിതിയെയും പ്രകൃതിയെയും പരിഗണിച്ചുകൊണ്ടുള്ള ഒരു വിനോദസഞ്ചാര പാർക്കാണ്. 

കോഴിക്കോട് ഈങ്ങാപ്പുഴയിൽ സിറിയക്കിന് പൈതൃകസ്വത്ത് വീതം വച്ചപ്പോൾ കിട്ടിയത് 9 ഏക്കർ ഭൂമി. പക്ഷേ, വയനാടൻ മലകളുടെ താഴ്‌വാരത്ത് കിടക്കുന്ന ഇവിടെ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുമെന്നതിനാൽ കൃഷിക്ക് അനുയോജ്യമല്ല; വെറുതേയങ്ങ് വിൽക്കാനും മനസ്സില്ല. അങ്ങനെയാണ്, സിറിയക്കിന്റെ വേറിട്ട ചിന്തയിൽ എബിസി ജെൽ എന്ന ടൂറിസം ഇനിഷ്യേറ്റിവ് പിറവി എടുത്തത്. പുതുപ്പാടിയിലെ എബിസി ജെല്ലിന്റെ വേറിട്ട കാഴ്ചകൾ ഇതാ... 

തടാകത്തിലൊരു തുരുത്ത്

0L8A9663

വയനാട് റോഡിൽനിന്നും പുതുപ്പാടി ടെലഫോൺ എക്സ്ചേഞ്ചിന്റെ ഓരം പറ്റിയുള്ള സൈഡ് റോഡിൽ പോയി, ചെമ്പ്രാംപറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കഴിഞ്ഞാൽ‍ ഉടനെതന്നെ എബിസി ജെൽ എന്ന ബോർഡു കാണാം. അതു കടന്ന്, റംബുട്ടാനും ചെമ്പകവും ബ്രൗണിയയും തണൽ വിരിച്ച വഴികളിലൂടെ നടന്നാൽ നമുക്ക് തടാകത്തിന്റെ കരയിലെത്താം.  

വെള്ളത്തിലേക്ക് നിഴൽ പരത്തി നിൽക്കുന്ന പലതരം പനകളാണ് ആദ്യംതന്നെ കണ്ണിൽപെടുക. തുരുത്തിലേക്കു കയറുമ്പോൾത്തന്നെ റോയൽ ഡേറ്റ്സ് ഇനത്തിൽപെട്ട ഈന്തപ്പനകൾ ഓലകളാട്ടി നിങ്ങളെ സ്വാഗതം ചെയ്യും. ഒപ്പം നിരന്നു നിൽക്കുന്ന പനകളുടെ അടുത്തായി, ദീർഘചതുരത്തിൽ ക്രമീകരിച്ചിരിക്കുന്ന ഡാൻസ് ബാറും. അഞ്ചോ ആറോ പേർക്ക് സ്വസ്ഥമായിരുന്ന് സൊറ പറയാവുന്ന മണ്ഡപങ്ങൾ ഈ തുരുത്തിന്റെ ഹൈലൈറ്റാണ്. അതുപോരെങ്കിൽ ഫൈകസ് ബെഞ്ചാമിന എന്ന സസ്യം പ്രത്യേകം രൂപകൽപന ചെയ്തു വളർത്തിയ വള്ളിക്കുടിലുകളും അതിനുള്ളിൽ ഇരിക്കാൻ കല്ലുകളടുക്കിയ സ്റ്റൂളുകളുമുണ്ട്.

മഞ്ഞിന്റെ കുളിർമ നട്ടുച്ചയ്ക്കും 

0L8A9567

മഞ്ഞിൻ തണുപ്പ് സൃഷ്ടിക്കാൻ തുരുത്തിന്റെ  മധ്യത്തിലായി ക്രമീകരിച്ചിരിക്കുന്ന ഡ്രോപ്‌ലറ്റുകളിൽ നിന്ന് ജലകണങ്ങൾ മുകളിലേക്ക് ഉതിർന്നു വരാൻ തുടങ്ങും. ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ ആ ജലകണങ്ങളിൽ വിടരുന്ന മഴവില്ലിനൊപ്പം അവിടമാകെ കുളിർമയും നനുത്ത മഞ്ഞിൻ പ്രതീതിയും പടരും. ഫലത്തിൽ നട്ടുച്ചയ്ക്കും ഇവിടെ മഞ്ഞിന്റെ മായികദൃശ്യം കാണാം. കന്യാകുമാരിയിലെ വിദഗ്ധരായ കൽപണിക്കാർ കൊത്തിയ, ഒറ്റക്കൽത്തൂണുകളോടു കൂടിയ കൽമണ്ഡപവും അടുത്തുതന്നെ ഉണ്ട്. 

തടാകത്തിന് ശരാശരി ആഴം അഞ്ചടി. ഇതിൽ ബോട്ടിങ്ങിനു സൗകര്യമുണ്ട്. രണ്ടു പേർക്കു വീതം കയറാവുന്ന പെഡലിംഗ് ബോട്ടും തുഴയുന്ന ബോട്ടും ലഭ്യമാണ്. തുരുത്തിനുള്ളിൽ കിളികൾക്കായി സ്ഥാപിച്ചിരിക്കുന്ന കൽതൊട്ടികളിൽ മൈനകളും പ്രാവുകളും പേരറിയാത്ത ചില ചെറുകിളികളും വെള്ളത്തിൽ കളിച്ചു തിമിർക്കുന്ന കാഴ്ച തന്നെ മനോഹരമാണ്.

ജലസമൃദ്ധമായ തടാകം

0L8A9905

മറ്റേതൊരു സാധാരണക്കാരനെയും പോലെ തനിക്കു ലഭിച്ച മണ്ണിൽ അൽപം കൃഷിപ്പണിയൊക്ക തുടങ്ങിയപ്പോഴാണ് ആ പറമ്പിൽ എവിടെ മണ്ണെടുത്താലും ധാരാളം വെള്ളമുള്ള ഉറവയുണ്ടെന്ന് സിറിയക്ക് തിരിച്ചറിയുന്നത്. അങ്ങനെ തടാകവും തുരുത്തും എന്ന നൂതനാശയത്തിലെത്തിച്ചേരുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണെടുത്താണ് തടാകം നിർമിച്ചിരിക്കുന്നത്. കോരുന്ന മണ്ണ് നടുക്കുഭാഗത്ത് ഇട്ട് അവിടം കരയായി ഉയർത്തി എടുത്തു. അഞ്ചടി താഴ്ച എത്തിയപ്പോഴേക്കും പിന്നെ താഴോട്ട് മണലാണെന്ന് മനസ്സിലായി. അത് വിറ്റും കാശാക്കാമെങ്കിലും പ്രകൃതിയോടും മണ്ണിനോടുമുള്ള അടുപ്പം അതിന് അനുവദിച്ചില്ല. 

ഗവൺമെന്റ് ഏജൻസികളെ കൊണ്ടുവന്ന് മണ്ണിന്റെ ബലവും ഉറപ്പുമൊക്കെ ശാസ്ത്രീയമായി പരിശോധിപ്പിച്ച് ബോധ്യപ്പെട്ട ശേഷമാണ് തടാകനിർമാണം പൂർത്തിയാക്കിയത്. 2010 മുതൽ 2014 വരെയുള്ള നാലുവർഷത്തെ കഠിനപരിശ്രമത്താലാണ് ഈ തടാകം നിർമിച്ചത്. തടാകത്തിൽ നിശ്ചിതനിരപ്പിനു മുകളിൽ ജലമെത്തിയാൽ അത് പുറത്തേക്ക് ഒഴുക്കി കളയാനുള്ള ഓവർ ഫ്ലോ സംവിധാനവും ഏർപ്പെടുത്തി. സ്വാഭാവിക ഉറവയുള്ള തടാകമായതിനാൽ തുടങ്ങിയ അന്നു മുതൽ ഇന്നു വരെയും ജലം ഇതിലൂടെ  ഒഴുകുന്നുമുണ്ട്.

മുളങ്കാടിന്റെ സമ്പന്നത

0L8A9857

ബോട്ടിലും തുരുത്തിലും തീരുന്നില്ല എബിസി ജെല്ലിലെ അനുഭവങ്ങൾ. തടാകത്തിന് അക്കരെ വിശാലമായ പറമ്പിൽ മുളകളും  പൂമരങ്ങളും ഇലകളും ചില്ലകളും ആട്ടി നമ്മെ  മാടി വിളിച്ചുകൊണ്ട് നിൽക്കുന്നു.  ടാറിട്ട റോ‍‍ഡിലൂടെ നടന്ന് ലളിതമായൊരു ട്രക്കിങ് ആസ്വദിക്കുന്നതോടൊപ്പം ബുദ്ധബാംബു, പെയിന്റിങ് ബാംബു, ഭീമബാംബു, ഗോൾഡൻ ബാംബു, ഡാർക് ബാംബു തുടങ്ങി 32 ഇനം മുളകളെ പരിചയപ്പെടാനും അവസരമുണ്ട്.  ഇടയ്ക്ക് മരങ്ങൾ ഇടതൂർന്ന് വളരുന്ന നിബിഡവനംപോലെ സ്വാഭാവികമായി നിലനിൽക്കുന്ന ഒരു പ്രദേശവുമുണ്ട്. 

ഈ 9 ഏക്കർ പറമ്പിലെ ഏറ്റവും ഉയർന്ന ഭാഗം വിശാലമായൊരു ഹിൽ ടോപ്പാക്കി മാറ്റിയിരിക്കുന്നു. കൂടാതെ ഇതിനെ വലംവച്ച് ഒരു വഴിയുമുണ്ട്. ഹിൽ ടോപ്പിലെ കെട്ടിടത്തിന്റെ വരാന്തയിൽ നിന്നാൽ താമരശ്ശേരി ചുരത്തിന്റെ രണ്ടാം നമ്പർ വളവു മുതൽ ഒമ്പതാം നമ്പർ വളവുവരെ കാണാനാകും. ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ ഗംഭീരദൃശ്യം സമ്മാനിക്കുന്ന ഒരു വ്യൂ പോയിന്റാണിത്. ഈ ഹിൽടോപ്പിൽ ഒരു കോട്ടേജും പണിതിട്ടുണ്ട്. 

‘മരങ്ങൾ’ നട്ടു പിടിപ്പിച്ച കഥ 

എബിസി ജെൽ ഒരു രൂപം പ്രാപിച്ചിട്ട് നാലു വർഷത്തോളമേ ആയിട്ടുള്ളു എങ്കിലും ഇവിടെ കാണുന്ന മരങ്ങൾക്കെല്ലാം 12–14 വർഷം പ്രായം തോന്നിക്കും. അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. വിവിധ ഇനം മുളകളും 60  ഇനം പനകളും ഫൈകസ് ബെഞ്ചാമിന പോലുള്ള വിവിധ മരങ്ങളും പൂമരങ്ങളും ഒക്കെത്തന്നെ അഞ്ചെട്ടു വർഷം വളർച്ച നേടിയവ ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും പല നഴ്സറികളിൽനിന്ന് മേടിച്ച് നട്ടതാണ്. വലിയ ലോറികളിൽ കൊണ്ടുവന്ന് ക്രയിൻ ഉപയോഗിച്ച് ഇറക്കി ജെസിബി ഉപയോഗിച്ചെടുത്ത കുഴികളിലേക്ക് വയ്ക്കുകയായിരുന്നു അത്രേ. വൃക്ഷങ്ങളെപ്പോലെതന്നെ സന്ദർശകർക്ക് കൗതുകക്കാഴ്ചയാകുന്നതാണ് റൂസി എന്ന വെള്ളക്കുതിര.  

0L8A9968

എബിസി കുടുംബ കൂട്ടായ്മ

സിറിയക് ഒറ്റയ്ക്കല്ല ഈ സ്ഥാപനം നടത്തുന്നത്. സിറിയക്കിനൊപ്പം ഭാര്യ ലീലയും മക്കളായ എമി റോസും തോമസ് ബെന്നും തോമസ് സിന്നും ഒരേ മനസ്സോടെ ഒപ്പമുണ്ട്. നഗരബഹളങ്ങളിൽനിന്ന് അകന്ന് അൽപ സമയം ചിലവഴിക്കാനെത്തുന്നവർക്കു മാത്രമല്ല എബിസി ജെൽ പ്രയോജനപ്പെടുന്നത്, സുഹൃദ് സംഗമങ്ങൾക്കും പാർടികൾക്കും  ഇവിടം വിട്ടുകൊടുക്കാറുണ്ട്. ഓഡിറ്റോറിയങ്ങളിലെ കെട്ടിയടച്ച സാമ്പ്രദായികമായ അന്തരീക്ഷത്തിനു പകരം ശുദ്ധവായു ലഭിക്കുന്ന,  തുറന്ന മനോഹരമായ സാഹചര്യങ്ങളും സ്വാദിഷ്ഠമായ ഭക്ഷണവും ഈ സ്ഥലത്തെ വേറിട്ടതാക്കുന്നു. ക്യാംപിങ്ങിനും ടെന്റടിച്ചു താമസിക്കുന്നതിനും സൗകര്യങ്ങളുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെയും വാർഷിക ഗെറ്റ് റ്റുഗദർ പോലുള്ള പല ചടങ്ങുകൾക്കും ഇവിടം വേദിയാകുന്നുണ്ട്.  വെഡിംഗ് ആൽബങ്ങളുടെ ചിത്രീകരണത്തിനും പ്രിയങ്കരമാണ് എബിസി ജെൽ. 

‘‘പ്രകൃതിയിൽ അലിഞ്ഞ് ജീവിക്കാൻ അൽപനേരം, അതിനു പറ്റുന്ന കുറച്ച് സ്ഥലം, ഒപ്പം നല്ല ഭക്ഷണം’’; എബിസി ജെല്ലിനെ സിറിയക് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അവിടെ പോയി വരുന്ന ആരും ഇതിനോടു വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്നുറപ്പ്. വേറിട്ട ചില ആശയങ്ങളെ സ്വീകരിക്കാനും പരീക്ഷിക്കാനും മനസ്സുള്ളവർക്കേ ജീവിതത്തിൽ വേറിട്ടതെന്തെങ്കിലും കിട്ടൂ എന്ന് ഓർമിപ്പിക്കുകയാണ് ഈങ്ങാപുഴയിലെ എബിസി ജെൽ.

0L8A0018
Tags:
  • Manorama Traveller
  • Kerala Travel