Friday 31 May 2019 05:27 PM IST : By Rajesh S. Anand

‘ബദരീശ്വരൻ നിനച്ചാലെ അവിടേക്ക് പോകാൻ കഴിയൂ’; പ്രകൃതിയും വിശ്വാസവും സാഹസികതയും നിറഞ്ഞ കാർ യാത്ര!

badarinadh001
Photo: Rajesh S. Anand

ജോലി കിട്ടിയത് കർണാലിൽ. ഉത്തരേന്ത്യൻ സമതലത്തിന്റെ മനോഹാരിത മുഴുവൻ പേറുന്ന സ്ഥലം. ഉത്തരേന്ത്യ മുഴുവൻ കണ്ടു തീർക്കാൻ ഏറ്റവും അനുയോജ്യമായ താവളം. പാലക്കാട് എൻജിനീയറിങ് കോളജിൽ സഹപാഠിയും സുഹൃത്തുമായ ജോർജ് കുട്ടിയാണ്  ബദരിനാഥിൽ പോകുന്നതിനെപ്പറ്റി പറഞ്ഞത്. ഹരിദ്വാറിലെ ബലി തർപ്പണങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന പാണ്ഡകളുടെ കഥ ജോർജ് കുട്ടിയിൽ നിന്നാണ് അറിഞ്ഞത്. നമ്മുടെ മുതുമുത്തച്ഛന്മാർ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് താളിയോലകളിൽ നിന്ന് അറിയാൻ കഴിയും. വർഷങ്ങളായി  നമ്മുടെ താവഴിയുടെ കർമങ്ങൾ കഴിക്കുന്ന പണ്ഡിറ്റിന്റെ അടുത്തു പോവണം എന്നേ ഉള്ളൂ. ഇപ്പോൾ  പുതിയ തലമുറ താളിയോലകളിലെ ഡാറ്റാസ് സിഡിയിൽ ആക്കിത്തുടങ്ങി.  പ്രതിഫലേച്ഛ ഇല്ലാത്ത ആ കർമം പുതിയ അറിവായിരുന്നു. ബദരിനാഥ് സന്ദർശിക്കണം, തീരുമാനമെടുത്തു.

ബദരി എന്ന ലക്ഷ്യം

നവംബർ ഡിസംബറിൽ കർനാലിൽ അന്തരീക്ഷ ഊഷ്മാവ് ആറു ഡിഗ്രി വരെ താഴും. അപ്പോൾ ബദരിനാഥിൽ മൈനസ് താപനിലയായിരിക്കും. ക്ഷേത്രം പൂർണമായി മഞ്ഞിനടിയിലാവും. മുഖ്യ പൂജാരിയായ റാവൽജി താഴ്‌വരയിലേക്കു മടങ്ങും. ആറുമാസം പൂജയുണ്ടാവില്ല. പരമ്പരാഗതമായി ഉത്തരകേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിൽ നിന്നുള്ളവരാണ് റാവൽജിയായി വരുന്നത്. അതികഠിനമായ വ്രതചര്യകൾ അനുഷ്ഠിക്കേണ്ട റാവൽജിക്കു ഒരു വർഷം കഴിയാതെ തിരിച്ചു പോകാനാവില്ല. ആറു മാസത്തിനു ശേഷം നട തുറക്കുമ്പോൾ അന്നു കത്തിച്ചു വച്ച "അഖണ്ഡ ജ്യോതി " എന്നറിയപ്പെടുന്ന ആ വിളക്ക് കത്തിയിരിക്കുമത്രേ. ആറു മാസം ദേവകൾ പൂജ നടത്തുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ട് യാത്ര സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചു.

ബദരിയെക്കുറിച്ചുള്ള റിസർച് തുടങ്ങി. മഴ ഉള്ളപ്പോൾ പോകുന്നത് ആത്മഹത്യാപരമാണ്. കോണ്ടിനെന്റൽ ഡ്രിഫ്റ്റ് തിയറി അനുസരിച്ച് ഹിമാലയം ഭൂഖണ്ഡങ്ങളുടെ സമാഘാതത്തിൽ നിന്ന് ഉണ്ടായ മടക്കു പർവത വിഭാഗത്തിൽ പെടുന്നു.  ശൈശവ അവസ്ഥയിലായതു കൊണ്ട് ഇപ്പോഴും ഉറപ്പുള്ളതല്ല. മലയിടിച്ചിൽ ഏതു നിമിഷവും ഉണ്ടാകും. മഴ ഉണ്ടെങ്കിൽ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും ഉള്ള സാധ്യത ഇരട്ടിയാണ്. അതുകൊണ്ട്  കാലാവസ്ഥാ പ്രവചനം അനുസരിച്ച് വേണം യാത്ര പ്ലാൻ ചെയ്യാൻ. (ഹിമാലയത്തിലെ കാലാവസ്ഥ പലപ്പോഴും പ്രവചനാതീതവുമാണ്). കർണാലിൽ നിന്ന് 480 കി മീ ദൂരമുണ്ട്. ഒരു മലയിടിച്ചിൽ മതി യാത്രയുടെ ഷെഡ്യൂൾ ആകെ തെറ്റാൻ. നമ്മൾ വിചാരിച്ചാലും യാത്ര നടക്കണമെന്നില്ല. ബദരീശ്വരൻ നിനച്ചാലെ അവിടേക്കു പോകാൻ കഴിയൂ എന്നാണു വിശ്വാസം.  ഒറ്റക്കു പോവാൻ തീരുമാനമെടുത്തു. ബദരിയിലേക്കുള്ള വാഹനവും ഡ്രൈവറും വീടിനുമുമ്പിലെത്തുമെന്ന് സ്ഥിരം ടാക്സിക്കാരൻ സോമനാഥ് ജിയുടെ ഉറപ്പിൽ കാത്തിരിപ്പ്. 

സെപ്റ്റംബർ 25, 2009 രാത്രി. വീടിനു വെളിയിൽ ഒന്നു കൂടി നോക്കി. ആരുമില്ല. തണുത്ത രാത്രി. അലാറം രണ്ടു മണിക്കു വച്ച ശേഷം ഒന്നു മയങ്ങി. ഉണർന്നപ്പോൾ ആദ്യം പുറത്തേക്കാണ്‌  നോക്കിയത്. നിരത്തിലെ നിയോൺ വിളക്കിന്റെ പരിധിക്കപ്പുറം അരണ്ട വെളിച്ചത്തിൽ ഒരു കാർ കിടപ്പുണ്ട്. അതിന്റെ പിൻസീറ്റിൽ മെലിഞ്ഞ ഒരു രൂപം കിടന്നുറങ്ങുന്നു. ഉണർത്തിയപ്പോൾ നമ്മുടെ ആൾ തന്നെ. പേര് നാഗേഷ്. അര മണിക്കൂർ കൂടി കക്ഷിയെ ഉറങ്ങാനനുവദിച്ച് പെട്ടെന്ന് റെഡിയായി. പുലർച്ചെ മൂന്നു മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി.

badarinadh004

ദേവഭൂമിയിലേക്ക്

പാതിമയക്കത്തിൽ വണ്ടി ഹരിയാന ഉത്തരപ്രദേശ് അതിർത്തിയിൽ യമുനനദിക്കു കുറുകെയുള്ള പാലം കടന്നതറിഞ്ഞു. പിന്നെ ഷംലിയും മുസഫർനഗറും റൂർക്കിയും കടന്ന് വണ്ടി ഹരിദ്വാറിലെത്തി. അവിടെയെത്തുമ്പോൾ തന്നെ ഭൂപ്രകൃതിക്കു മാറ്റം വരുന്നു. കലങ്ങി മറിഞ്ഞു വിശാലമായി ഒഴുകുന്ന ഗംഗ. പതിനായിരം മൺചെരാതുകളാൽ എന്നും ദീപപ്രഭമാക്കുന്ന ആരതി. എംടിയുടെ ഭാഷയിൽ പറഞ്ഞാൽ “പിറവിയും പ്രേമവും പാപവും മരണവും കണ്ട ഗംഗ.” ഗംഗയുടെ കുറുകെയുള്ള തൂക്കു പാലത്തിനു സമീപമുള്ള ശിവന്റെ പടുകൂറ്റൻ പ്രതിമയിൽ രാത്രി ചെറിയ ലൈറ്റ് കൊടുക്കും. ഹരിദ്വാർ കഴിഞ്ഞു ഋഷികേശിലെത്തിയപ്പോൾ പ്രാതലിന് വണ്ടി നിർത്തി. ലക്ഷ്മൺ ഝൂലയിലെ വലിയ തൂക്കുപാലം ദൂരെ കാണാം.

ഇവിടെ നിബിഢവനങ്ങൾ തുടങ്ങുന്നു. മണ്ണിടിഞ്ഞു വീണ് ആകെ  ചെളിയായ ഒരു റോഡാണ് ആദ്യം എതിരേറ്റത്. ദൂരെ ഹരിതാഭമായ ഒരു മലയുടെ ചെങ്കുത്തായ ഇങ്ങേച്ചെരുവിൽ പണ്ടെങ്ങോ ഉണ്ടായ ഒരു ഉരുൾ പൊട്ടലിന്റെ ബാക്കി ചെമ്മണ്ണ് നിറത്തിൽ കാണാം. മുന്നോട്ടു  പോകുന്തോറും ചെങ്കുത്തായ  ഭൂഭാഗങ്ങൾ. കൊടും വളവുകളിൽ വണ്ടിയുടെ വേഗത കൂടുന്നത് പോലെ. ചില വളവുകളിൽ കാറിന്റെ വിൻഡോയിലൂടെ തെളിയുന്ന അപ്പുറമുള്ള അത്യഗാധത വിറങ്ങലിപ്പുണ്ടാക്കി. ഡ്രൈവർ നാഗേഷ് സമാധാനിപ്പിച്ചു... ‘‘സാബ്‌  മൈം ബീസ് സാൽ സെ യെയി റൂട്ട് പെ ഗാഡീ ചലാത്തെ; ആപ് ചിന്താ മത് കരോ’’

ഇടയ്ക്ക് ഒരിടത്ത് ഗംഗ 180 ഡിഗ്രി തിരിയുന്നു. രണ്ടാമൂഴത്തിൽ  ജലോത്സവം നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള എം ടി യുടെ വിവരണം ഓർത്തു. ‘‘പ്രമാണകോടിയിൽ കയത്തിനു മുകളിൽ അകത്തേക്ക് ഒരർധ വൃത്തമായി കയറിയിറങ്ങുകയാണ് ഗംഗ’’ ഇതാണോ  ആ സ്ഥലമെന്ന് ഉറപ്പില്ല. ഇടയ്ക്ക് ശിവന്റെ സാമാന്യം വലിയ പ്രതിമയുള്ള ഒരു ക്ഷേത്രം കണ്ടു. പതിനൊന്നു മണിയോടെ ഞങ്ങൾ ദേവപ്രയാഗിലെത്തി. ഭാഗീരഥിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു. കലങ്ങി മറിഞ്ഞ ഭാഗീരഥിയും നീല നിറത്തിലുള്ള അളകനന്ദയും സംഗമഘട്ടത്തിൽ വേർതിരിച്ചു കാണാം. ഇവിടെനിന്നാണ് ഗംഗ വിസ്തൃതമാവുന്നത് . ഭാഗീരഥിയുടെ കൈവഴിയെ പോയാൽ നമ്മൾ ഗംഗോത്രിയിലും ഗംഗ ഉത്ഭവിക്കുന്ന ഗോമുഖ് ഗ്ലേഷിയറിലും എത്താം, പഞ്ചപ്രയാഗകളിൽ ആദ്യത്തേതാണ് ദേവപ്രയാഗ.

ബദരിയിൽ തീർഥാടനത്തിനു പോകുന്നവർ പഞ്ചപ്രയാഗകളിലും സ്നാനം ചെയ്യണമെന്നാണു വിശ്വാസം. ജോർജ്‌കുട്ടി പറഞ്ഞ പാണ്ഡകളെ പറ്റി കൂടു തൽ അറിയുന്നത് ദേവപ്രയാഗിൽ നിന്നാണ്. എട്ടാം നൂറ്റാണ്ടിൽ ബദരി ആശ്രമത്തിൽ വന്ന ശങ്കരാചാര്യരുടെ കൂടെ ഇന്ത്യയുടെ എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ബ്രാഹ്മണരും എത്തി. അവർ താന്താങ്ങളുടെ പ്രദേശങ്ങളിലെ തലമുറകളുടെ ചരിത്രം സൂക്ഷിച്ചു. ബദരി ക്ഷേത്രം തുറന്നിരിക്കുന്ന ആറു മാസം അവർ അവിടെയായിരിക്കും. നടയടയ്ക്കുമ്പോൾ രഘുനാഥ ക്ഷേത്രത്തിലേക്ക് തിരികെ വരും. പതുക്കെ പ്രയാഗയിലെ പടവുകളിൽ ഇ രുന്നു തണുത്ത വെള്ളത്തിൽ മുങ്ങി. ചുറ്റിനും  കർമങ്ങൾ നടത്താനുണ്ടോ എന്ന് ചോദിച്ചു കർമികളുടെ തിരക്ക്...

ദേവപ്രയാഗ് കഴിഞ്ഞുള്ള  24 കി. മി.  ദൂരം അധികം കയറ്റങ്ങളില്ല.  ശ്രീനഗറിലെത്തുമ്പോൾ ഉയരം സമുദ്ര നിരപ്പിൽ നിന്ന് 850 മീറ്ററിൽ നിന്നു 650 മീറ്ററായി കുറയുന്നു. ഗഡ്‌വാൾ പ്രദേശത്തെ വലിയ പട്ടണം.  പ്രാചീന ഗഡ്‌വാൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം. 1894 ൽ ഉണ്ടായ ‘ഗോഹ്ന തടാക വിസ്ഫോടനത്തെ’ തുടർന്നുണ്ടായ പ്രളയത്തിൽ പഴയ ശ്രീനഗർ ഒലിച്ചു പോയി. 1893 സെപ്റ്റംബറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ  വലിയ ശിലാപാളികൾ വീണ് അളകനന്ദയുടെ പോഷകനദിയായ ബിരാഹി ഗംഗയുടെ ഒഴുക്ക് തടസപ്പെട്ട്  നാലു ചതുരശ്ര കിലോ മീറ്റർ  ചുറ്റളവും 270 മീറ്റർ ആഴവുമുള്ള ഒരു തടാകം രൂപം കൊണ്ടു. ഇതിന്റെ ഗൗരവം മനസ്സിലായ ബ്രിട്ടീഷ്‌ സർക്കാർ ലഫ്. ക്രൂഷങ്ക് എന്ന ഒരു പട്ടാളക്കാരനെ നിരീക്ഷണത്തിന് നിയമിച്ചു . ക്രൂഷങ്ക്  ടെലഗ്രാഫിലൂടെ അയച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആർമി എൻജിനീയർമാർ  ജലമർദം കൊണ്ട് ഈ അണക്കെട്ട് പൊട്ടുന്ന തീയതി പ്രവചിച്ചു. ഒരു വർഷത്തിനു ശേഷം അവിശ്വസനീയമാം വിധം  കൃത്യതയോടെ 1894 ഒാഗസ്റ്റ്‌ 25–ാം തീയതി അതു സംഭവിച്ചു. താഴ്‌വരയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതിനാൽ ആളപായം ഇല്ല.  പ്രളയജലത്തിൽ ഓൾഡ്‌ ശ്രീനഗർ അപ്പാടെ ഒലിച്ചു പോയി.

ഹിമാലയം അങ്ങനെയാണ്. ഇടക്കിടക്ക്‌ ഉ ണ്ടാകുന്ന പ്രളയം, വഴി മാറി ഒഴുകുന്ന പുഴക ൾ, ഇതൊക്കെ ഈ  ഭൂവിഭാഗത്തിന്റെ സ്വഭാവങ്ങളാണ്. അതിന്റെ ആവർത്തനങ്ങൾ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഭാഗധേയം നിർണയിക്കുന്നു. ഒരു നിമിഷം കൊണ്ട് ഒരു ജനപദത്തിന്റെ ചരിത്രം അവർക്കൊപ്പം തുടച്ചു നീക്കപ്പെടുന്നു.

badarinadh005

രുദ്രപ്രയാഗും ജിം കോർബറ്റും

രുദ്രപ്രയാഗ് എത്തുമ്പോൾ മധ്യാഹ്ന സൂര്യന്റെ ചൂട് കൂടി വന്നു. രുദ്രനാഥ ക്ഷേത്രത്തിന്റെ ഓരം ചേർന്ന് കുത്തനെയുള്ള ഒതുക്കു കല്ലുകൾ ഇറങ്ങി താഴേക്ക്‌ നടക്കുമ്പോൾ താഴെ നദിയുടെ ഇരമ്പൽ. അളകനന്ദയും, കേദാർനാഥിലെ  ചോരാബരി ഗ്ലേഷിയറിൽ നിന്ന് ഉത്ഭവിക്കുന്ന മന്ദാകിനിയും ഇവിടെ വന്യമായ അഭിനിവേശത്തോടെ സംഗമിക്കുന്നു. രുദ്രനിൽ നിന്നു നാരദ മഹർഷി സംഗീതം അഭ്യസിച്ചത് ഇവിടെ വച്ചാണെന്ന് ഐതിഹ്യം. സംഗമ ഘട്ടത്തിന് അരികിൽ നാരദർ തപസ്സു ചെയ്തതെന്നു വിശ്വസിക്കുന്ന നാരദശില. (2013 ലെ പ്രളയത്തിൽ സംഗമത്തിന്റെ ഘടന തന്നെ മാറിപ്പോയി. നാരദ ശിലയും മുനമ്പിലെ പ്ലാറ്റ് ഫോമുകളുമെല്ലാം ഒഴുകിപ്പോയി. ഒപ്പം മന്ദാകിനിക്കു കുറുകെയുള്ള  നടപ്പാലവും). പ്രവാഹത്തിലെ ആഴം കുറഞ്ഞ സ്ഥലത്ത് പലതവണ മുങ്ങിക്കുളിച്ചു.

രുദ്രപ്രയാഗിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക 1920 കളിൽ ഇവിടെ ഭീതിപരത്തിയ നരഭോജിയായ പുള്ളിപ്പുലിയെ ആണ്. 1917 മുതലുള്ള എട്ടു വർഷം ഇതുവഴി രാത്രിയാത്രയ്ക്ക് ആരും ധൈര്യപ്പെട്ടിരുന്നില്ല. ഈ കാലഘട്ടത്തിൽ ബദരി കേദാർനാഥ് തീർഥാടകരുൾപ്പെടെ 125 പേരെ ഈ മൃഗം കടിച്ചു കീറി കൊന്നു. മനുഷ്യമാംസത്തോടുള്ള ആർത്തി കുടിലുകളുടെ മൺഭിത്തി ഭേദിച്ച് പാവങ്ങളെ കൊല്ലുന്നതു വരെ  എത്തിയപ്പോഴാണ്  ഇംഗ്ലിഷ് സർക്കാർ പുലിയെ കൊല്ലുന്ന ദൗത്യം ജിം കോർബറ്റിനെ ഏൽപിച്ചത്. കോർബറ്റ് 1926‍ൽ  അതിനെ വെടിവച്ചു കൊന്ന സ്ഥലം കാണാൻ കഴിഞ്ഞില്ല.

പോകാനുള്ള ദൂരവും വരാനിരിക്കുന്ന സ്ഥലങ്ങളുടെ റിസ്കും മനസ്സിലോർത്ത് രുദ്രപ്രയാഗിൽ നിന്നു മുന്നോട്ടു നീങ്ങി. പതിനഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഗൗച്ചർ  എന്ന സമതല ഭൂമിയിലെത്തി. ഗൗച്ചർ വ്യാവസായിക മേള പ്രശസ്തമാണ്. തദ്ദേശീയരായ ഭോട്ടിയ (Bhotia) വർഗക്കാർ അവരുണ്ടാക്കിയ കമ്പിളി ഉത്പന്നങ്ങൾ വിറ്റഴിക്കാനും അടുത്ത സീസണിലേക്ക് വേണ്ടുന്ന അസംസ്കൃത വസ്തുക്കൾ വാങ്ങാനും സംഘടിപ്പിക്കുന്നതാണ് ഈ മേള. കുറച്ചു കൂടി കഴിഞ്ഞപ്പോൾ വീണ്ടും മലകളുടെ ഇടയിലൂടെയായി യാത്ര. മുകളിൽ നിന്ന് ഉരുണ്ടു വരാവുന്ന  കല്ലുകൾ സൂക്ഷിക്കുക എന്ന ബോർഡ്. Respect the Mountains. എന്ന ബോർഡ് ശരിക്കും അർഥവത്താണ്. വൈശാലി സിനിമയിലെ കല്ലുരുട്ടി വിടുന്ന മല മിത്തല്ല എന്ന് തോന്നിപ്പോയി. ശരിക്കും Here we are at the Mercy of Mountains ...

badarinadh006

കർണന്റെ ഒാർമകളിൽ

മുന്നു മണിയോടെ ഞങ്ങൾ കർണപ്രയാഗിലെത്തി. ഇവിടെ പിണ്ടാർ എന്ന നദി അളകാനന്ദയുമായി സംഗമിക്കുന്നു. പിണ്ടാരി ഗ്ലേഷിയറിൽ നിന്നാണ് പിണ്ടാർ നദി ഉദ്ഭവിക്കുന്നത്. നന്ദാദേവി, ദ്രോണഗിരി തുടങ്ങി മറ്റു കൊടുമുടികളുടെയും നിഴലിലാണ് കർണപ്രയാഗ്. ഉമാദേവിക്ക്‌  സമർപ്പിച്ച പ്രാചീന ക്ഷേത്രവും ഒരു കർണ ക്ഷേത്രവുമുണ്ട് ഇവിടെ. കർണൻ സൂര്യനെ ധ്യാനിച്ച സ്ഥലമാണ് കർണപ്രയാഗ് എന്നാണു വിശ്വാസം. കർണന്റെ സംസ്കാര ക്രിയ നടത്തിയത് ഇവിടെയാണെന്നു മറ്റൊരു മിത്തും ഉണ്ട്. കർണപ്രയാഗ് പിന്നിട്ട് സോയാബിനും  ഗോതമ്പും പൂക്കുന്ന താഴ്‌വരകളിലൂടെ വീണ്ടും യാത്ര. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അടുത്ത പ്രയാഗയിലെത്തി, നന്ദ പ്രയാഗ്. അളകനന്ദയും നന്ദാദേവിയിൽ നിന്നുദ്ഭവിക്കുന്ന നന്ദാകിനി നദിയുടേയും സംഗമസ്ഥാനം.

സംഗമഘട്ടത്തിൽ മുങ്ങിയ ശേഷം സമീപത്തുള്ള നന്ദക്ഷേത്രം സന്ദർശിച്ചു. യദുവംശ രാജാവായ നന്ദഗോപർ യജ്‌ഞം നടത്തിയതെന്നു കരുതപ്പെടുന്ന  ഒരു ശില ആണ് ആദ്യം കാണുന്നത്. വയോധികനായ ഒരു പൂജാരി വന്ന് പ്രസാദം എടുത്തു തന്നു. നന്ദപ്രയാഗിൽ നിന്ന് യാത്രയാകുമ്പോഴും അദ്ദേഹം നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു മലമുകളിൽ നിന്ന് വരുന്ന ചില അരുവികൾ റോഡിലേക്ക് പതിക്കുന്നുണ്ട്. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ചമോളി എന്ന ചെറിയ പട്ടണത്തിൽ എത്തി. ചമോളി ജില്ലാ ആസ്ഥാനമാണ്... ഇവിടെ നിന്ന് ശരിക്കും ദേവഭൂമി തുടങ്ങുകയായി. രാമലീലയും നാഗപഞ്ചമിയും കഴിഞ്ഞു ദിവാലി കാത്തിരിക്കുന്ന ചെറുകിട വ്യാപാരികൾ. കൈമുട്ടിനു താഴെ കിടക്കുന്ന ചുമൽവസ്ത്രവും തലയിൽ തലക്കെട്ടുമുള്ള പരമ്പരാഗത ഗഡ്‌വാൾ വേഷത്തിൽ വനിതകൾ.

badarinadh002

പുരാണങ്ങളിലൂടെ കാർ യാത്ര

കാറ് ബിരാഹി എന്ന താഴ്‌വരയിലെത്തി. മലകളെ ബന്ധിപ്പിക്കുന്ന ഒരു പാലം കടന്നു വീണ്ടും കയറ്റം. ഇടയ്ക്കു പിന്നെയും സമതലം... കൂറ്റൻ മലകൾ... മലയല്ല കൊടുമുടി. വീണ്ടും ഭൂപ്രകൃതിക്കും ചെറിയ മാറ്റം. ദേവദാരു മരങ്ങളുടെ എണ്ണം കൂടി തുടങ്ങി. പിപ്പൽകോട്ടി എന്ന ചെറിയ ടൗണിലെത്തി. സഞ്ചാരികളുടെ ഇടത്താവളം. രണ്ടു കൊടുമുടികൾക്കിടയിൽ അഗാധതയിൽ ഞെങ്ങി ഒഴുകുന്ന അളകനന്ദ ഒരു വെള്ളി നൂലുപോലെ കാണാം. പിപ്പൽകോട്ടി കഴിഞ്ഞിട്ടും മലകൾ ഇടുങ്ങി തന്നെയിരുന്നു. ഞങ്ങൾ ഗാരുർഗംഗ (garurganga) എന്ന ഗ്രാമം പിന്നിട്ടു. ബദരിയിലേക്കു പോയ ബദരീശ്വരൻ തന്റെ വാഹനമായ ഗരുഡനെ ഇവിടെ വിട്ടിട്ടു പോയെന്നാണ് ഐതിഹ്യം . ഗാരുർഗംഗയുടെ തീരങ്ങളിൽ ഗരുഡൻ  സർപ്പങ്ങളെ വേട്ടയാടി, ഇവിടുത്ത കല്ലുകൾ സർപവിഷത്തിനു ഔഷധമാണെന്നാണ് സങ്കല്പം.                        

സമയം അഞ്ചര കഴിഞ്ഞു. വെട്ടം മങ്ങിത്തുടങ്ങി. പർവ്വതങ്ങളിൽ പകൽ പെട്ടെന്ന് അവസാനിക്കും. രണ്ടു മലകൾക്ക് ഇടയിലൂടെ റോഡ് കടന്നു പോയി. രണ്ടു മലകളും ഏതാണ്ട് കുത്തനെ ആയിരുന്നതിനാൽ ആകാശം വളരെ കുറവ് മാത്രമേ കാണൂ. പ്രകാശം നന്നേ കുറഞ്ഞു തുടങ്ങി. ഹേലാങ് (Helang) പാസ്സ് എന്നറിയപ്പെടുന്ന ഈ മലയിടുക്ക്  കുത്തനെയുള്ള ചെരിവാണ്. വശങ്ങളിലെ അത്യഗാധത വിറങ്ങലിപ്പുളവാക്കും. രാത്രിയിൽ ഈ മലകളിലൂടെയുള്ള യാത്ര ഒട്ടും അഭിലഷണീയമല്ല. പല പോയിന്റുകളിലും ഒരു സമയം കഴിഞ്ഞാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. പതിയെ മലയുടെ നിഴൽ വിട്ടു കൂടുതൽ വെളിച്ചത്തിലേക്ക് വന്നു. ഒടുവിൽ വണ്ടി  ജോഷിമഠ് പട്ടണത്തിലെത്തി. സമയം ഏഴു മണി. ഇന്നത്തെ താവളം ഇതു തന്നെ.

അവിസ്മരണീയമായേക്കും എന്ന് ഉറപ്പുള്ള ഒരു പകലിലേക്കു അതിരാവിലെ തന്നെ മിഴി തുറന്നു. സൂര്യൻ ഉദിക്കുന്നു...  അപ്പോഴാണ് ജോഷിമഠിന്റെ മുഴുവൻ സൗന്ദര്യവും ദൃശ്യമായത്. മൂടൽമഞ്ഞിന്റെ നേർത്ത നീലനിറമുള്ള കൊടുമുടികൾക്കു മീതെ മഞ്ഞിൽ സൂര്യകിരണങ്ങൾ സ്വർണ നിറത്തിൽ  പ്രതിഫലിച്ചു. ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ഒന്നാണ് ജ്യോതിർമഠ് എന്നറിയപ്പെടുന്ന ജോഷിമഠ്. ശൃംഗേരിയും പുരിയും ദ്വാരകയുമാണ് മറ്റു സ്ഥലങ്ങൾ. അഥർവ വേദം ഈ മഠത്തിന്റെ അധികാരത്തിൽ വരുന്നു. പട്ടാളത്തിന്റെ ചെക്‌പോസ്റ്റുകൾ പിന്നിട്ട് ഉദ്ദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ വിഷ്ണുപ്രയാഗിലെത്തി. അഞ്ചാമത്തെ പ്രയാഗ്, ധൗളിഗംഗ എന്നറിയപ്പെടുന്ന വിഷ്ണു ഗംഗയുടെയും അളകനന്ദയുടെയും സംഗമസ്ഥാനം. പക്ഷേ, വളരെ താഴ്ചയിലായതിനാൽ ഈ പ്രയാഗയിൽ സ്നാനം ചെയ്തില്ല. പാറയുടെ മേൽക്കൂര ഉള്ള റോഡുകളിലൂടെ സഞ്ചരിച്ചു് ഗോവിന്ദ്ഘട്ടിലെത്തി. വാലി ഒാഫ് ഫ്ലവേഴ്സിലേക്കും സിഖ്  തീർഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കും വഴിതിരിയുന്നത് ഇവിടെ നിന്നാണ്.

യാത്ര തുടർന്നു. ഞങ്ങൾ പാണ്ഡുകേശ്വർ എന്ന സ്ഥലത്തെത്തി. ചുറ്റിനും വശ്യമായ പ്രകൃതി. പാണ്ഡു തപസ്സ് അനുഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന യോഗ ബദരി ക്ഷേത്രം ഇവിടെയാണ്. പാണ്ഡവർ ജനിച്ചു വളർന്ന ശതശൃംഗം ഇത് തന്നെ ആവണം. പിന്നീട് വനവാസക്കാലത്ത് അവർ ഇവിടെയെത്തി പാണ്ഡുവിന്റെ ശ്രാദ്ധം നടത്തിയതായി മഹാഭാരതം വിരാട പർവത്തിലുണ്ട്. ഔഷധസസ്യങ്ങളുടെ കലവറയാണ് ഈ ഭൂവിഭാഗം. ഹിമാലയൻ ബ്ലൂ ആട്, ഹിമാലയൻ മസ്ക് മാൻ, സ്നോ ലെപേഡ് തുടങ്ങിയ മൃഗങ്ങൾ സുലഭം. ഒൻപത് അടി വിസ്‌തൃതിയിൽ ചിറകുവിരിക്കുന്ന ഹിമാലയൻ ‘താടിക്കാരൻ കഴുക’നെയും ചിലപ്പോൾ മാനത്തു കാണാം.

ചിതറിക്കിടക്കുന്ന വെള്ളക്കല്ലുകളുള്ള പ്രദേശങ്ങൾ  കണ്ടു തുടങ്ങി. ‘ഹനുമാൻചട്ടി’ എന്ന സ്ഥലത്തെത്തി. ദ്രൗപദിക്ക് വേണ്ടി സൗഗന്ധികപ്പൂവ് തേടിപ്പോയ ഭീമൻ വഴിയരികിൽ ഹനുമാനെ കണ്ടത്തിയെന്ന് വിശ്വസിക്കുന്ന സ്ഥലം. ഇവിടെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. ദൂരെ വൃക്ഷനിബിഡമായ ഗന്ധമാദന പർവതം. കുബേരന്റെ ഉദ്യാനം ഇവിടെയാണ്. കാശ്യപ മഹർഷി തപസ്സ് അനുഷ്ഠിച്ച സ്ഥലം. ദൂരെ മലമുകളിൽ മഞ്ഞ് വ്യക്തമായി കണ്ടു തുടങ്ങി. കൂടുതൽ ഉയരങ്ങളിലേക്കുള്ള ആരോഹണമാണ്. അന്തരീക്ഷ മർദവ്യതിയാനം ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. ഇടയ്ക്കു നീളൻ രോമങ്ങളുള്ള ഒരാട്ടിൻപറ്റം. വഴിയിൽ കാണുന്ന നായ്ക്കൾക്കും നീളൻ രോമങ്ങളായിരുന്നു. മലമുകളിലെ ജീവികൾക്ക് തണുപ്പിൽ നിന്ന് രക്ഷപെടാൻ പ്രകൃതി നീണ്ട രോമങ്ങൾ കൊടുത്തിരിക്കുന്നു.

badarinadh007

ബദരിനാഥ്...

വാഹനങ്ങളുടെ ചെറിയ തിരക്ക് ഞങ്ങൾ ബദരിനാഥിനു അടുത്തെത്തിയെന്ന് വ്യക്തമാക്കി... വൻവൃക്ഷങ്ങ ളില്ലാതെ പുൽമേടുകളാൽ ആവരണം ചെയ്യപ്പെട്ട ഇളം പച്ചപ്പാർന്ന ഒരു മലയുടെ താഴ്‌വര. ചുവപ്പും നീലയും മഞ്ഞയും  കലർന്നു സുവർണ താഴിക കുടങ്ങളുള്ള ബദരീനാഥ് ക്ഷേത്രം. സമയം ഒൻപതു കഴിഞ്ഞിരിക്കുന്നു. അകിലും ചന്ദനവും നെയ്യും ജ്വലിപ്പിക്കുന്ന ഗന്ധം. തപ്തകുണ്ഡിലെ ഗന്ധകപാളികളിൽ നിന്ന് ഉദ്ഭവിക്കുന്ന ചൂടുറവകളെക്കുറിച്ചു കേട്ടിരുന്നെങ്കിലും അതിൽ മുങ്ങിയില്ല. അതിനു പകരം നേരിട്ട് ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലേക്കു പ്രവേശിച്ചു. ദർശന മണ്ഡപത്തിൽ ചെറിയ തിരക്ക്. കറുത്ത സാളഗ്രാമ ശിലയിൽ ബദരീശ്വരന്റെ സ്വയഭൂവായത് എന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹം. എട്ടാം  നൂറ്റാണ്ടിൽ ശങ്കരാചാര്യർ ഈ വിഗ്രഹം തപ്തകുണ്ഡിൽ നിന്ന് വീണ്ടെടുത്ത് പുനഃപ്രതിഷ്ഠ നിർവഹിച്ചതാണത്രേ.

ബദരിനാഥിന് മുകളിൽ നര പർവതത്തിന്റെ ദൃശ്യം. നര, നാരയണ പർവതങ്ങളുടെ ഇടയ്ക്കാണ് ബദരിനാഥ്. സമുദ്രനിരപ്പിൽ നിന്നു 3133 മീറ്റർ ഉയരം.  അവയ്ക്കപ്പുറത്തു മഞ്ഞു മൂടി കിടക്കുന്ന നീലകണ്ഠ പർവതവും.. സ്കന്ദപുരാണത്തിലും വിഷ്ണുപുരാണത്തിലും ബദരിനാഥിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഇവിടെ വിഷ്ണു ധ്യാനഭാവത്തിലാണ്. ഇലന്തപഴം എന്നറിയപ്പെടുന്ന  ബദരി വൃക്ഷമാണ് ഈ പേരിനാധാരം. പാണ്ഡവരുടെ സ്വർഗാരോഹണ യാത്ര ഈ വഴിക്കായിരുന്നു.

സ്വർഗാരോഹണ വഴിയേ

badarinadh003

സ്വർഗാരോഹണ വഴിയേ ഞങ്ങളും നടന്നു. ഇടയ്ക്കു വ്യാസൻ മഹാഭാരതം രചിക്കാൻ വേണ്ടി താമസിച്ചതെന്ന് വിശ്വസിക്കുന്ന ഗുഹ. അടുത്ത് വ്യാസവചനങ്ങൾ  ശ്രവിച്ച്  ഇതിഹാസം താളിയോലകളിലേക്കു പകർത്തിയ ഗണപതിയുടെ ഗുഹ. ഇടക്കൊരു ഗുഹയിൽ മേലാസകലം ഭസ്മം പൂശി ധ്യാനനിമഗ്നനായിരിക്കുന്ന ഒരു സന്യാസി. നീണ്ട വഴിത്താര പിന്നിട്ട് ഒടുവിൽ കേശവപ്രയാഗിലെത്തി. അളകനന്ദയുടെ പോഷകനദിയായ സരസ്വതിയുടെയും അളകനന്ദയുടെയും  സംഗമസ്ഥാനം. സംഗമസ്ഥാനത്തിനു മുകളിൽ നദി കടക്കാൻ പാലം പോലെ ഒരു ശില. ഭീംപുൽ എന്നറിയപ്പെടുന്ന ഈ ശില സ്വർഗാരോഹണ യാത്രക്കിടെ പാണ്ഡവർക്ക്  നദി കടക്കാൻ വേണ്ടി ഭീമൻ എടുത്തിട്ടതാണെന്നു വിശ്വസിക്കുന്നു.

താഴെ സംഗമ ഘട്ടത്തിൽ വെള്ളം കലങ്ങിമറിയുന്നു. വീണ്ടും ഉയരങ്ങളിലേക്ക് പോകുന്ന ഒറ്റയടിപ്പാത നോക്കി കുറെനേരം അവിടെത്തന്നെയിരുന്നു. മുന്നോട്ടുള്ള യാത്ര അവിടെ അവസാനിപ്പിച്ചു. ഇനി ട്രെക്കിങ്ങ് റൂട്ട് ആണ്. അവിടെ വസുധാര വെള്ളച്ചാട്ടമുണ്ട്. ബ്രഹ്മകമലങ്ങൾ പൂക്കുന്ന താഴ്‌വരകളുണ്ട്. സ്വർഗാരോഹിണി പർവതമുണ്ട്. ത്രിമൂർത്തികൾ ഒരിക്കൽ നീരാടിയിരുന്നു  എന്ന്  വിശ്വസിക്കുന്ന സതോപന്ദ് തടാകമുണ്ട്... പക്ഷേ ചെങ്കുത്തായ വഴികളാണ്. പാണ്ഡവർ പോലും വീണു പോയ വഴികൾ. ഇനിയൊരിക്കൽ പോകാം...

മടക്കയാത്രയിൽ ഇന്ത്യയുടെ അവസാന അതിർത്തി ഗ്രാമമായ മാനാ കണ്ടു. ഋഗ്വേദത്തിൽ പ്രളയത്തിന് ശേഷം സപ്തർഷികൾ രക്ഷപെട്ടു വന്നു ചേരുന്നതിവിടെയെന്നു  പറയുന്നു. ശീതകാലത്തു ബദരിനാഥിനൊപ്പം മാനായും മഞ്ഞിനടിയിൽ ആവും. നവംബറിൽ അഖണ്ഡജ്യോതി ജ്വലിപ്പിക്കുന്നതോടെ നടയടക്കും. വൈശാഖിയിലെ അക്ഷയ തൃതീയയിലാണ് പിന്നെ തുറക്കുക. ഈ സമയം  മാനാവാസികളും താഴ്‌വരകളിൽ അഭയം തേടും... മലമുകളിലെ കഥകളും വിശേഷങ്ങളും കണ്ടും കേട്ടും മടക്കയാത്ര. കർണപ്രയാഗിലെത്തി ഒരു ദിവസം തങ്ങി, വീണ്ടും പതിവു ജോലിത്തിരക്കുകളിലേക്ക് മടക്കം...