Tuesday 11 June 2019 06:53 PM IST

കാറ്റിനെ പുണർന്നെത്തും കോടമഞ്ഞ്, വിസ്മയമൊളിപ്പിച്ച് കണ്ണാടിപ്പാലം; വയനാട്ടിലെ ‘തൊള്ളായിരം’ കാഴ്ചകൾ

Naseel Voici

Columnist

900
ചിത്രങ്ങൾ; ബാദുഷ

പച്ചപ്പരവതാനി വിരിച്ചപോലെയുള്ള മലനിരകൾ. അതിനരികിൽ ആർത്തലച്ചൊഴുകുന്ന അരുവി. കാറ്റിനൊപ്പം കൈപിടിച്ചു വരുന്ന കോടമഞ്ഞ്. ഇതൊക്കെയറിഞ്ഞ് കുന്നു കയറാൻ പാകത്തിലുള്ള റോഡ്. റൈഡേഴ്സിന്റെ സ്വർഗം തന്നെയാണ് 900’’ – ബുള്ളറ്റും കൊണ്ട് നാടായ നാടൊക്കെ ചുറ്റുന്ന സുഹൃത്തിന്റെ കഥയിലാണ് ആദ്യമായി ‘തൊള്ളായിര’ത്തെക്കുറിച്ചു കേട്ടത്. തൊള്ളായിരം – ആ പേരിൽ തന്നെ കൗതുകം. എത്രവട്ടം കയറിയാലും മതിവരാത്ത വയനാടൻ ചുരത്തിന്റെ മുകളിലാണ് ഈ വിശേഷമെന്നുകൂടിയറിഞ്ഞപ്പോൾ വഴി ചോദിച്ചു. ദേ വരുന്നു മനസ്സിനെ കൊളുത്തിവലിക്കുന്ന റൂട്ട് മാപ്പ് – ‘‘മീനാക്ഷി കഴിഞ്ഞ്, കള്ളാടി മഖാമും വിട്ട് വലത്തോട്ടു തിരിഞ്ഞാൽ തുടങ്ങുകയായി തൊള്ളായിരത്തിന്റെ വിശേഷങ്ങൾ’’.

900-c

മീനാക്ഷിയെ തേടി ചുരം കയറി...

താമരശ്ശേരി ചുരത്തിന്റെ വിശേഷങ്ങൾ പിന്നിട്ട് ‘ചുണ്ടേലെ’ത്തുമ്പോൾ വയനാട് ഉറക്കമുണരുന്നതേയുള്ളൂ. രാത്രിയുടെ തണുപ്പ് കാറ്റിൽ തങ്ങി നിൽക്കുന്നു. കൈ കൂട്ടിയുരച്ച് ചൂടാക്കി മുഖത്തോടു ചേർത്ത് മേപ്പാടി റൂട്ടിലേക്ക് വളയം തിരിച്ചു. വയനാടിന് കാവൽ നിൽക്കുന്ന ചെമ്പ്രക്കുന്നിന്റെ നിഴലു ചേർന്ന് തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. ദൂരെ കുന്നിനുമുകളിൽ വഴിമുട്ടി നിൽക്കുന്ന മേഘങ്ങളുടെ മുഖം നോക്കി കാലാവസ്ഥാ പ്രവചനം നടത്തുകയാണ് വയനാട്ടുകാരനായ ഫൊട്ടോഗ്രഫർ ബാദുഷ. ശരിയാണ്. വളവുകൾ പിന്നിട്ട് മുന്നോട്ടു പോകുമ്പോഴും കാവലായി കൂട്ടുവരുന്ന ചെമ്പ്രയുടെ മുഖത്തേക്കു നോക്കുമ്പോൾ മനസ്സിലാവും– നമുക്കും മഴയ്ക്കുമിടയിലുള്ള ദൂരം.

‘‘അപ്പോൾ ഞങ്ങളില്ലാതായാലോ?’’ –

ഇടിച്ചുനിരത്തുന്ന കുന്നുകളെ ഓർമിപ്പിക്കുന്ന ഒരു ചോദ്യം മലനിരകളിൽ നിന്നു മുഴങ്ങുന്ന പോലെ.

900-g

മേപ്പാടിയിൽ നിന്നു സൂചിപ്പാറ റോഡിലേക്കു തിരിഞ്ഞു. സൂഹൃത്തിന്റെ റൂട്ട് മാപ്പ് പ്രകാരമാണ് സഞ്ചാരം. കാഴ്ചകൾ തേടി ഇത്തിരി ദൂരം ചെന്നപ്പോഴാണ് റോഡരികിലെ ഭക്ഷണശാല ശ്രദ്ധയിൽ പെട്ടത്. ഓല മേഞ്ഞ മേൽക്കൂരയും മുള കൊണ്ടുണ്ടാക്കിയ ചുമരുകളുമുള്ള, തേയിലത്തോട്ടങ്ങളെ നോക്കി ഒറ്റയ്ക്കു നിൽക്കുന്ന ഒരു നാടൻ തട്ടുകട. തൊള്ളായിരത്തിലേക്കുള്ള വഴി ചോദിക്കണം. മാത്രവുമല്ല ജീപ്പിന്റെ വളയം പിടിച്ച ക്ഷീണമകറ്റാൻ ഒരു കട്ടൻചായ നല്ലതാണ്.

‘‘ചേട്ടാ...ഈ മീനാക്ഷി? തൊള്ളായിരത്തിലേക്കുള്ള വഴി?’’ – ‘ചായയും കടിയും’ വാങ്ങുന്നതിനിടെ കടക്കാരനോടു ചോദിച്ചു.

‘‘ഇതു തന്നെയാണ് മീനാക്ഷി. മീനാക്ഷി വിലാസം. ഇത്തിരി ദൂരം മുന്നോട്ടു പോയാൽ ‘കള്ളാടി മഖാം’. അവിടെ നിന്നാണ് തൊള്ളായിരത്തിലേക്കുള്ള വഴി തുടങ്ങുന്നത്’’ – ദൂരെ നിന്നു വരുന്നതാണെന്നറി‍ഞ്ഞപ്പോൾ വഴി പറഞ്ഞു തരാൻ അയാൾക്കു സന്തോഷം.

‘‘ഈ കാണുന്നതെല്ലാം മെയ്യപ്പൻ ചെട്ടിയാർ എന്ന തമിഴ്നാട്ടുകാരന്റെ തോട്ടമാണ്.’’ – ചായക്കടക്കാരൻ പ്രദേശത്തിന്റെ ചരിത്രകാരനായി. അല്ലെങ്കിലും യാത്രയുടെ ഒരു ഫിലോസഫി അതാണ് – നാട്ടുമണമുള്ള മുഖങ്ങളിൽ നിന്നാണ് മായം ചേർക്കാത്ത നാടിന്റെ കഥകൾ പിറക്കാറുള്ളത്.

900-h

തൊള്ളായിരത്തിന്റെ ചെരിവിലെ സീനറിപ്പാറ

ഒരു വശത്തു വനഭൂമി. മറുവശത്ത് ഏലവും കാപ്പിയുമെല്ലാം വിളയുന്ന സ്വകാര്യ തോട്ടം. അതിനു നടുവിലൂടെ ഒരു ജീപ്പിനു പോകാൻ പാകത്തിലുള്ള റോഡ്. ഇടയ്ക്കിടെ വിശ്രമിക്കാൻ കാട്ടരുവികളും കലുങ്കുകളും – പുറംലോകത്തിന് അത്ര പരിചിതമല്ലെങ്കിലും തൊള്ളായിരത്തിന്റെ വഴികളിൽ ഒരു വിനോദസഞ്ചാര കേന്ദ്രത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.

കാഴ്ചകൾക്ക് കാടിന്റെ വശ്യമായ ഗന്ധം. അധികമാരും നടന്നു കയറാത്ത വഴികളിൽ മരങ്ങൾ ഇല പൊഴിച്ചിട്ടിരിക്കുന്നു. പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പ് ചുറ്റും തങ്ങി നിൽപ്പുണ്ട്. കയറ്റത്തിനു പാകത്തിൽ ഗിയർ മാറ്റി ആക്സിലേറ്ററിൽ കാലമർത്തിയപ്പോഴാണ് വലതു വശത്തെ കുന്നിൻചെരിവുകളും പാറക്കെട്ടും ശ്രദ്ധയിൽ പെട്ടത്. ബ്രേക്കിൽ അറിയാതെ കാലുകളമർന്നു. കാഴ്ചകൾ കണ്ടിരിക്കാൻ പാകത്തിലുള്ള പാറക്കെട്ട്. അതു കഴിഞ്ഞ് ചെങ്കുത്തായ ഗർത്തം. അതിനുള്ളിൽ നിന്ന് അരുവിയുടെയും വെള്ളച്ചാട്ടത്തിന്റെയും ആരവമുയരുന്നുണ്ട്. നേരെ മുൻപിൽ, ഇളം പച്ച പുതപ്പു വിരിച്ച കുന്നുകൾ. അതിനു മുകളിൽ ഒറ്റപ്പെട്ടും കൂട്ടമായും കാഴ്ചയുടെ അദ്ഭുതമൊരുക്കുന്ന മരങ്ങൾ. ‘സീനറിപ്പാറ’ എന്ന വിളിപ്പേര് എന്തുകൊണ്ടും ഈ സ്ഥലത്തിനു ചേരും.

900-d

സീനറിപ്പാറയുടെ ലഹരി മനസ്സിൽ നിറച്ച് തൊള്ളായിരത്തിന്റെ കയറ്റങ്ങൾ കയറി. കാടിന്റെ മറുവശത്തുള്ള തോട്ടത്തിന്റെ പേരാണ് ‘തൊള്ളായിരം’. വർഷങ്ങൾക്കു മുൻപ് പാറേൽ പാപ്പൻ എന്നു പേരുള്ള ഒരാളുടേതായിരുന്നു ഈ പ്രദേശം ഉൾക്കൊള്ളുന്ന തൊള്ളായിരം ഏക്കർ ഭൂമിയും. പിൽക്കാലത്ത് തൊള്ളായിരും ഏക്കർ ഭൂമി പല കഷ്ണങ്ങളായി ഒരുപാടു പേരുടേതായി മാറി. പക്ഷേ സ്ഥലത്തിന്റെ പേ രു മാത്രം മാറിയില്ല– അത് തൊള്ളായിരമായി തുടർന്നു. ഇടയ്ക്ക് കാണുന്ന അരുവികളുടെ തണുപ്പ് തൊട്ട്, വനഭൂമിയുടെ ആഴമറിഞ്ഞ് മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് റോഡിനു മുകളിലെ മര‌ത്തിനൊരു കുലുക്കം – മരം വീഴുകയാണോ? ചാടിയിറങ്ങി നോക്കുമ്പോഴാണ് കാര്യം പിടികിട്ടിയത്. കരിങ്കുരങ്ങുകൾ! കാട് കുലുക്കി തുള്ളിച്ചാടി നടക്കുകയാണ്. ക്യാമറയ്ക്കു മുൻപിൽ രണ്ടു പോസിട്ട്, തൊട്ടപ്പുറത്തെ മരം കുലുക്കി അവർ ഓടിപ്പോയി.

അരുവിയിൽ കുളിക്കാം

കയറ്റത്തിന്റെ തീവ്രത കൂടി വരുന്നുണ്ട്. കാഴ്ചകളുടെ ആഴവും കൂടുന്നു. മുകളിലെത്തിയപ്പോഴേക്കും റോഡിന്റെ കെട്ടും മട്ടും മാറി. ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാം. ജീപ്പൊതുക്കി മുന്നോട്ടു പോയപ്പോഴാണ് തൊള്ളായിരത്തിന്റെ ഹൈലൈറ്റ് മുന്നിലെത്തിയത്. കാടിന്റെ എല്ലാ ലഹരിയും നിറഞ്ഞു നിൽക്കുന്ന ഒരു അരുവി.

പാറക്കെട്ടുകളെ തഴുകി തണുപ്പിലലിഞ്ഞൊഴുകുന്ന തെളിനീരിൽ മുഖം കഴുകുമ്പോൾ മുകളിൽ നിന്ന് ആരവങ്ങൾ കേട്ടു, ഒഴിവുദിനം ആഘോഷിക്കാനെത്തിയ ‘ഫ്രീക്കൻ’മാരാണ്.

900-g

ഇനിയും മുകളിലേക്കു നടന്നു കയറാം. പ ക്ഷേ വഴി കൂടുതൽ ഇരുട്ടു പിടിച്ചതാണ്. കാടി ന്റെ വഴികളിൽ ഒരു പരിധി വിട്ട് സാഹസമരുതെന്ന തിരിച്ചറിവിൽ പതിയെ ജീപ്പ് തിരിച്ചു. നേ രം ഉച്ചയായിട്ടും തൊള്ളായിരത്തിന് ആറുമണി തണുപ്പ് തന്നെ. മീനാക്ഷിയിലെത്താറായപ്പോഴേക്കും റോഡിന്റെ മറുവശത്ത് നിന്ന് ബുള്ളറ്റിന്റെ ആരവം – പുതുവഴി വെട്ടാനെത്തിയ സഞ്ചാരിപ്പയ്യന്മാരാണ്.

ക്യാമറയുടെ സ്ക്രീനിൽ തെളിയുന്ന സീനറിപ്പാറയും തൊള്ളായിരത്തിന്റെ അരുവിക്കാഴ്ചകളും നോക്കി തിരിച്ചു വരുമ്പോഴാണ് വഴിയരികിലെ മറ്റൊരു വിശേഷത്തെക്കുറിച്ചറിഞ്ഞത്. കാന്തൻപാറ – സൂചിപ്പാറയും മീൻമുട്ടിയും പെരുമ പറയുന്ന വയനാട്ടിലെ മറ്റൊരു വെള്ളച്ചാട്ടം. ‘‘കുന്നു കയറിയ ക്ഷീണം തീർക്കാൻ വെള്ളച്ചാട്ടത്തിലൊരു നീരാട്ടാവാം’’ എന്നാണല്ലോ ട്രാവലർ പുതുമൊഴി. വണ്ടി കാന്തൻപാറയിലേക്ക് തിരിച്ചു.

900-f

താഴെ കാട് മുകളിലാകാശം...തൊള്ളായിരത്തിലെ കണ്ണാടിപ്പാലം

ചൈനയിൽ ഒരു ചില്ലു പാലത്തിലൂടെ കരഞ്ഞും ഭയന്നു വിറച്ചും ആളുകൾ നടന്നു നീങ്ങുന്ന വിഡിയോ മാസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാലിനി ഉയരം ആസ്വദിക്കാൻ ചൈന വരെ പോകേണ്ട നമ്മുടെ സ്വന്തം തൊള്ളായിരം കണ്ടിയിലേക്ക് എത്തിയാൽ മതി.

വായുവില്‍ നടക്കുന്ന പോലെ അനുഭവം പകർന്നുനൽകുന്ന ശ്രദ്ധേയമായ ചില്ലുപാലം വയനാട് മേപ്പടിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയുള്ള തൊള്ളായിരം കണ്ടി എന്ന സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ മരങ്ങളും വനവും കണ്ട് ഈ പാലത്തിലൂടെ യാത്ര ചെയ്യാൻ നിരവധിയാളുകളാണ് വയനാട്ടിലേക്ക് എത്തുന്നത്.

900-b
ചിത്രങ്ങൾക്ക് കടപ്പാട്; അക്ബർ അലി

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് ചില്ലുപാലം നിർമ്മിച്ചിരിക്കുന്നത്. തൊള്ളായിരം കണ്ടിവരെ സഞ്ചാരികള്‍ക്ക് സ്വകാര്യ വാഹനത്തില്‍ പോകാം. പിന്നീട് ജീപ്പിൽ യാത്ര ചെയ്ത് പാലത്തിനടുത്തേക്ക് എത്താം. പാലത്തിലൂടെ നടക്കുന്നതിന് ഒരാള്‍ക്ക് നൂറ് രൂപയാണ് ഫീസ്.

ഇറ്റലിയില്‍ നിന്നും കൊണ്ടുവന്ന ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. സാമാന്യം നല്ല ഉറപ്പുണ്ടെങ്കിലും ഒരു സമയത്ത് മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ചാരത്തിനുള്ള അനുവാദം നൽകിയിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലമാണ് വായനാട്ടിലേത്.  

2016 ൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ  ചെറിയ പതിപ്പാണിത്. ഉയരം ഭയമുള്ളവർക്ക് കണ്ണാടിപ്പാലത്തിലൂടെയുള്ള നടത്തം ദുർഘടം പിടിച്ചതാണ്. നടക്കുന്ന വഴിയ്ക്ക് ഒന്ന് താഴേയ്ക്ക് നോക്കിപ്പോയാൽ ഭയന്നുപോകും. പാലത്തിനു താഴെ കാടാണ്. അപ്പോൾ സാഹസികത ഇഷ്ടപ്പെടുന്നവർ നേരെ വയനാട്ടിലേക്ക് വിട്ടോളൂ...

900-1

കാടിനെ തൊട്ടൊഴുകും തെളിനീർ

കുട്ടികളുടെയും യുവാക്കളുടെയും ആവേശം നിറഞ്ഞ ആരവങ്ങളാണ് കാന്തൻപാറയിൽ എതിരേറ്റത്. കവാടം കടന്ന് സുരക്ഷാ വേലിക്കരികിലെത്തിയപ്പോൾ നിറയെ സഞ്ചാരികൾ. കൂടുതലും കുടുംബങ്ങളാണ്. മുകളിൽ നിന്ന് ശാന്തമായി ഒഴുകി വരുന്ന അരുവിയിൽ നീന്തിത്തുടിക്കുന്ന കുട്ടികൾ. അപകടമുള്ള മേഖലകളെ കയറു കെട്ടി വേർതിരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനായി ഡിടിപിസിയുടെ ഗാർഡുകളുടെ വിസിൽ മുഴക്കവുമുണ്ട്.

‘‘കാടിന്റെ അകത്തു നിന്നാരംഭിക്കുന്ന ഈ പുഴയിൽ എല്ലാ കാലത്തും ഇത്രയും വെള്ളമുണ്ടാവും. മഴക്കാലത്ത് ഒഴുക്കിന്റെ ശക്തി കൂടും. വെള്ളച്ചാട്ടത്തിന്റെ തീവ്രതയും’’ – ആർത്തലച്ച് പാറക്കെട്ടിൽ പതിക്കുന്ന പാലരുവി ചൂണ്ടി ഡിടിപിസി ഗാർഡ് ഷാജി വർഗീസ് പറഞ്ഞു.

ചെമ്പ്ര കുന്നിന്റെ ഒരു വശത്തു നിന്നാണ് കാന്തൻപാറ വെള്ളച്ചാട്ടത്തിന്റെ തുടക്കം. മലനിരകളെ തൊട്ടുതലോടി കാടിന്റെ തണുപ്പ് സിരകളിലേറ്റി ഒടുക്കം ഈ പുഴ നിലമ്പൂരിലൂടെ ചാലിയാറിൽ ചെന്ന് ചേരുന്നു.

‘‘സൗന്ദര്യം പോലെ തന്നെ അപകടവും ഇ വിടെ പതിയിരിപ്പുണ്ട്. പാറക്കെട്ടിനോടു ചേർന്ന് കുളിക്കാൻ ആരെയും അനുവദിക്കാറില്ല. ആഴം കൂടുതലായ അവിടെ മുങ്ങിയാൽ തിരികെ പൊങ്ങാനായി എന്നു വരില്ല. അവിടെ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന പാറയിടുക്കുകളുണ്ട്’’– ഷാജി സുരക്ഷയുടെ വിസിൽ മുഴക്കുന്നതിനിടെ പറഞ്ഞു. വെള്ളത്തിനടിയിലെ പാറ ഒരു കാന്തം പോലെ വലിച്ചെടുക്കുന്നതിലാണ് ഇതിനു കാന്തൻപാറ എന്നു പേരു വന്നതത്രെ.

ഐസ് തണുപ്പുള്ള തെളിനീരിൽ ഒരു കുളി പാസാക്കി. ദിവസം മുഴു വൻ കുന്നുകയറിയതിന്റെയും വെയിലു തട്ടിയതിന്റെയും ക്ഷീണം കാന്തൻപാറ ‘വലിച്ചെടുത്തു’.

900-j

വൈകുന്നേരത്തിന്റെ ഇരുട്ട് പടരുന്നതിനനുസരിച്ച് വെള്ളത്തിന്റെ തണുപ്പേറി വരുന്നുണ്ട്. ഷാജിയുടെ വിസിൽ നീട്ടി മുഴങ്ങി. ഇന്നത്തെ സമയം കഴിഞ്ഞിരിക്കുന്നു. തണുപ്പിൽ നിന്ന് തിരികെ കയറി സമയം നോക്കിയപ്പോൾ അഞ്ചര കഴിഞ്ഞതേയുള്ളൂ. പക്ഷേ കാടിന്റെ ഭാവം കണ്ടാൽ രാത്രി മയങ്ങാനായ പോലെ.

താമരശ്ശേരി ചുരത്തിന്റെ അസ്തമയ കാഴ്ചകളിലൂടെ തിരികെയിറങ്ങി. അധികം പറഞ്ഞു കേൾക്കാത്ത രണ്ടു വിശേഷങ്ങൾ കീഴടക്കാനായതിന്റെ സന്തോഷത്തിലാണെന്നു തോന്നുന്നു ജീപ്പിന്റെ മുരൾച്ചയ്ക്കും വയനാടൻ കാടിന്റെ ആവേശമായിരുന്നു.