'റെയറസ്റ്റ് ഓഫ് ദി റെയർ കേസ്... വീ ട്രൈഡ് ഔവര്‍ മാക്‌സിമം! എനിക്കുണ്ടായ നഷ്ടത്തെ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കുറച്ചു വാക്കുകളിലൊതുക്കി. പക്ഷേ എന്റെ നഷ്ടം... അമ്മയില്ലാത്ത എന്റെ കുഞ്ഞിന്റെ നഷ്ടം. ഏതു വാക്കുകള്‍ക്കാണ് അതിനെ സാന്ത്വനിപ്പിക്കാനാകുക. അമ്മിഞ്ഞപ്പാലിന്റെ മധുരം നുണയാനുള്ള ഭാഗ്യം പോലും എന്റെ കുഞ്ഞിനുണ്ടായില്ല. പിറന്നു വീണ പൈതലിന്റെ മുഖം ഒരു വട്ടം പോലും അവള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഈ നഷ്ടങ്ങളെയെല്ലാം ലക്ഷം വാക്കുകള്‍ കൊണ്ട് സാന്ത്വനിപ്പിച്ചാലും മതിയാകില്ല. കാരണം നഷ്ടമായത്, എന്റെ കുഞ്ഞിന്റെ ബാല്യമാണ്. എനിക്ക് നഷ്ടമായത് പ്രിയപ്പെട്ടവളേയും. അമ്മയില്ലാതെ വളരേണ്ടുന്ന അവസ്ഥ ലോകത്ത് ഒരു കുഞ്ഞിനും വരാതിരിക്കട്ടേ..'– പ്രാർഥനയോടെയാണ് അഭിലാഷ് തുടങ്ങിയത്.
പരിചിതമാകാന്‍ മാത്രം പ്രമുഖനല്ല തിരുവനന്തപുരം ബാലരാമപുരം റസൽപുരം സ്വദേശി അഭിലാഷ് എന്ന പേര്. പക്ഷേ അമ്മയില്ലാതെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ ആഘോഷിക്കേണ്ടി വന്ന കുഞ്ഞിനെയും അവന്റെ അച്ഛനേയും മുഖം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിത് വളരെ പെട്ടെന്നാണ്. സമൂഹ മാധ്യമ കൂട്ടായ്മയില്‍ പങ്കുവച്ച ആ പിറന്നാളുകാരനോട് ‘വനിത ഓണ്‍ലൈന്‍’ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് പങ്കുവയ്ക്കാനുണ്ടായിരുന്നത് ഒരായുഷ്‌ക്കാലത്തിന്റെ നഷ്ടത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്. മകന്റെ പ്രസവത്തോടെ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ പ്രിയപ്പെട്ടവളുടെ കഥ. ഓര്‍മകള്‍ പിന്നോട്ടു വലിക്കുമ്പോള്‍ ആശുപത്രിയുടെ ലേബര്‍ വാര്‍ഡിനു പുറത്താണ് അഭിലാഷ്. അവിടെ നിന്നു തുടങ്ങുന്നു എല്ലാ നഷ്ടങ്ങളുടേയും കഥ...
ഏപ്രില്‍ 8ന്റെ ഓര്‍മയ്ക്ക്
ടീച്ചറായിരുന്നു അഖില. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിച്ചവള്‍. എന്റെ ജീവിതത്തില്‍ എല്ലാ സന്തോഷവും നല്‍കിയവള്‍. തന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ മുളപൊട്ടിയത് അറിഞ്ഞപ്പോൾ മുതൽ അവൾ നിലത്തൊന്നും അല്ലായിരുന്നു. ഉള്ളിലെ കണ്‍മണിയുടെ കൈവളരുന്നുണ്ടോ കാല്‍ വളര്‍ന്നോ എന്ന് കണക്കു കൂട്ടി കഴിച്ചു കൂട്ടിയ നാളുകള്‍. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷം കുടുംബത്തേക്ക് എത്തുന്ന മുത്തിനു വേണ്ടി വീട്ടുകാരും കാത്തിരിപ്പുണ്ടായിരുന്നു. പക്ഷേ എല്ലാം വെറുതെയായി.- പെയ്യാന്‍ വെമ്പിനിന്ന മിഴിനീരിനെ മറച്ച് അഭിലാഷ് പറഞ്ഞു തുടങ്ങുകയാണ്.
ചെക്കപ്പിൽ എല്ലാം ഓകെയായിരുന്നു. മുന്‍കരുതലുകളും ജാഗ്രതയും ഒക്കെയുണ്ടായിരുന്നു. ഒടുവില്‍ കാത്തിരുന്ന ദിനമെത്തി, ഏപ്രില്‍ 8. ലേബര്‍ റൂമിനകത്തേക്ക് സന്തോഷത്തോടെ അവള്‍ പോയതു മാത്രം ഓര്‍മയുണ്ട്. അവസാന നിമിഷങ്ങളിലെന്തോ ഡോക്ടറും നഴ്‌സും വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു. ഞങ്ങള്‍ക്കും എന്തോ പന്തികേട് മണത്തു. ഡെലിവറി കഴിഞ്ഞ ശേഷവും അത് ഞങ്ങളെ അറിയിക്കാന്‍ അരമണിക്കൂര്‍ വൈകിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് മാത്രം ആരും കൃത്യമായി പറയുന്നില്ല. ഒടുവില്‍ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കാത്തുനിന്ന ഞങ്ങള്‍ക്കു മുന്നിലേക്ക് അവര്‍ ആ അറിയിപ്പുമായെത്തി. പ്രസവത്തോടെ ഭാര്യ മരിച്ചു. കാരണം. അമിനോട്ടിക് ഫഌൂയിഡ് എംബോളിസം! ലേബര്‍റൂം ഒരു അലറിക്കരച്ചിലിനാണ് പിന്നെ സാക്ഷിയായത്. മരിക്കുമ്പോള്‍ എന്റെ അഖിലയ്ക്ക് 25 വയസ് മാത്രമായിരുന്നു പ്രായം.

പോയത് എന്റെ ജീവന്‍
പിന്നീട് ലേബര്‍ റൂമും പരിഹസരവും വലിയ സംഘര്‍ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു വാക്കു പോലും അറിയിക്കാതെ പൊടുന്നനെ വന്ന് ഇങ്ങനെയൊരു ദുഃഖവാര്‍ത്ത പറഞ്ഞതിനെ സ്വാഭാവികമായും ഞങ്ങള്‍ സംശയിച്ചു. എന്താണ് സംഭവിച്ചതെന്ന് ആ നിമിഷം വരേയും ഞങ്ങളെ അറിയിക്കാന്‍ കൂട്ടാക്കിയില്ല. അതല്ലെങ്കില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ. ഇതു രണ്ടും കൂടി ആയതോടെ എന്റെ പിടിവിട്ടു. നിലതെറ്റി ഞാന്‍ അന്നേരം എന്തൊക്കെയാണ് ചെയ്തതെന്ന് എനിക്കു പോലും ഓര്‍മയില്ല. നിയന്ത്രണം വിട്ടപ്പോള്‍ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഞങ്ങള്‍ നിയമ നടപടിയുമായി മുന്നോട്ടു പോയി. കാലങ്ങളോളം കേസും മറ്റുമായി ഓടി നടന്നു. ഒടുവില്‍ പുറത്തു വന്നൊരു റിപ്പോര്‍ട്ട് കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കി. അമിനോട്ടിക് ഫഌൂയിഡ് എംബോളിസം ആണ് മരണകാരണമെന്ന് അധികൃതര്‍ അവസാന വിധിയെഴുതി. ഡെലിവറിയുടെ ടൈമില്‍ രൂപപ്പെടുന്ന ഫ്ലൂയിഡ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് അമിനോട്ടിക് ഫ്ലൂയിഡ് എംബോളിസം! അത് രക്തത്തില്‍ കലരുന്ന അവസ്ഥയുണ്ടായാല്‍ ജീവനു തന്നെ ഭീഷണിയാകും. അഖിലയുടെ ശ്വാസകോശത്തിലേക്ക് ഫ്ലൂയിഡ് കലര്‍ന്നുവത്രേ. കേസും നിയമപോരാട്ടങ്ങളും എല്ലാം. നഷ്ടം ഞങ്ങള്‍ക്കു മാത്രമായി. പക്ഷേ ഞങ്ങള്‍ ഇപ്പോഴും സംശയിക്കുന്നു, ഞങ്ങള്‍ അറിയാത്ത എന്തോ ഒന്ന് അകത്ത് സംഭവിച്ചിട്ടുണ്ട്.
അമ്മിഞ്ഞപ്പാലിന്‍ മധുരമില്ലാതെ
ഡാരന്‍ ടില്‍, സ്വപ്‌നത്തില്‍ ഞങ്ങള്‍ കണ്ട മുത്തിന് നല്‍കിയ പേര്. അവള്‍ ആഗ്രഹിച്ച പേര്. ഞങ്ങളുടെ കുഞ്ഞിനേയും അങ്ങനെ തന്നെ പേരു ചൊല്ലി വിളിച്ചു. പക്ഷേ അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയില്ലാത്തതിന്റെ ദുഖം മാത്രം നിഴലിച്ചു നിന്നു. പിറന്നുവീണ അന്നുതൊട്ട് അമ്മിഞ്ഞപ്പാലിന്‍ മധുരം അനുഭവിക്കാനുള്ള യോഗം എന്റെ ഡാരന് ഉണ്ടായിട്ടില്ല. ഫോര്‍മുല മിക്‌സ് ചെയ്തുള്ള പൊടിയും പാലും മാത്രമായി അവന്റെ ബാല്യം. അഖിലയുടെ ചേച്ചി അന്നു തൊട്ട് അവന്റെ അമ്മയായി. ആരോരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകുന്നത് അങ്ങനെയൊക്കെയാണ്. എന്റെ വീട്ടിലും അഖിലയുടെ വീട്ടിലും മാറി മാറി അവന്‍ നില്‍ക്കും. ഇക്കഴിഞ്ഞ ദിവസമായിരുന്നു അവന്റെ പിറന്നാള്‍. ജീവിതത്തില്‍ സന്തോഷവും സങ്കടവും ഒരേ പോലെ എനിക്ക് ദൈവം തന്ന ദിനം. അമ്മയില്ലാത്ത മുത്തിന്റെ ജീവിതത്തിലെ സുന്ദര നിമിഷം മിസ് ചെയ്യരുതെന്ന് എനിക്കും തോന്നി. എന്റെ ഡാരനു വേണ്ടിയായിരുന്നു നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ആ ആഘോഷം.
എല്ലാം കാണുന്നുണ്ട് അവള്‍
'ജീവിതം നഷ്ടങ്ങളുടേതു കൂടിയാണ്...പലതും നമുക്ക് നഷ്ടപ്പെടും എന്നൊക്കെയുള്ള റിയാലിറ്റിയി് ഞാന്‍ പതിയെ പതിയെ ഉള്‍ക്കൊണ്ടു വരുന്നതേയുള്ളൂ. ഞാനിപ്പോള്‍ ജീവിക്കുന്നത് അവനു വേണ്ടിയാണ്. അവന്റെ സ്വപ്‌നങ്ങള്‍ക്കു വേണ്ടിയാണ്. പുതിയൊരു ജീവിതത്തെക്കുറിച്ച് ഞാനിപ്പോള്‍ സ്വപ്‌നം കാണുന്നില്ല. പക്ഷേ പലരും നിര്‍ബന്ധിക്കുന്നുണ്ട്. മകനു വേണ്ടിയാണ് ഇപ്പോള്‍ എന്റെ ജീവിതം. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ അവനെ വളര്‍ത്തുക. ടെക്‌നോപാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നു.
ഒരിക്കല്‍ കൂടി അവളെ കാണാനുള്ള അവസരം ദൈവം എനിക്ക് നല്‍കിയിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ ആശിച്ചു പോകാറുണ്ട്. അവളോട് എനിക്ക് പറയണം. 'അഖിലാ... നീ ആഗ്രഹിച്ച മാതിരി അവനു പേര് നല്‍കി.... നമ്മള്‍ ആഗ്രഹിച്ച പോലെ നമ്മുടെ മകന്‍ വളരുകയാണ്. അകലെയെവിടെയോ ഇരുന്ന് അവള്‍ അവളുടെ കുഞ്ഞിനെ കാണുന്നുണ്ട്...അവന്റെ ചിരിയിലൂടെ ദൈവം എനിക്കും അവളെ കാണിച്ചു തരാറുണ്ട്...-അഭിലാഷ് പറഞ്ഞു നിര്‍ത്തി.