കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ പിറന്നാൾ ആഘോഷിച്ച ഒരു വൈറൽ ചിത്രമുണ്ട്. ഒറ്റ കാഴ്ചയിൽ വ്യത്യാസം കണ്ടു പിടിക്കാനാവാത്ത നാല് മുത്തു മണികൾ. ചുവന്ന ഫ്രോക്കിട്ട് കുസൃതിച്ചിരിയോടെ നിൽക്കുന്ന ആ നിധികളുടെ ചിത്രം കണ്ടവർ ഒരുനൂറ് ‘ഇഷ്ടം’ സമ്മാനിച്ച് പിറന്നാൾ ആശംസയേകി. ആ കുറുമ്പികളെ തേടി ‘വനിത ഓൺലൈൻ’ എത്തിയത് കൊഞ്ചിച്ചിരിയും ചിണുങ്ങിക്കരച്ചിലും കുസൃതിയും അണമുറിയായൊഴുകുന്ന മാവേലിക്കര നൂറനാട്ടെ വീട്ടിലേക്ക്. അവിടെയുണ്ടായിരുന്നു അച്ഛന്റെ തോളത്തും അമ്മയുടെ മടിയിലും സ്നേഹം ഉണ്ട് കഴിയുന്ന നാല് സുന്ദരിക്കുട്ടികൾ, അദ്രിക, ആത്മിക, അനാമിക, അവനിക. മലയാളികൾ ഒന്നടങ്കം സ്നേഹത്തിന്റെ പാലൂട്ടിയ കുഞ്ഞുങ്ങളുടെ അമ്മ സൗമ്യയ്ക്ക് പറയാനുള്ളത് ഒറ്റ പ്രസവത്തിൽ ഈശ്വരൻ സമ്മാനിച്ച നാല് നിധികളുടെ അമ്മയായ കഥയാണ്, അവരുടെ രാപാകൽ നീളുന്ന കുറുമ്പിന്റെ കഥയാണ്. മക്കളുടെ കുസൃതികൾ കണ്ട് അന്തം വിടുകയാണ് ദമാമിൽ ജോലി ചെയ്യുന്ന അച്ഛൻ രതീഷ്. അവധിക്ക് നാട്ടിലെത്തിയപ്പോൾ വിശ്രമമില്ലാത്ത പുതിയ ജോലി ആസ്വദിക്കുകയാണ് അച്ഛൻ എന്നു സൗമ്യയുടെ കമന്റ്. വേദനയുടെ കടലിളകി വന്ന കാലം പോയ്മറഞ്ഞു. ഈ കൊച്ചു വീട്ടിൽ ഇപ്പോൾ സന്തോഷം കൂടുകൂട്ടിയിരിക്കുകയാണ്. കലപിലകളുമായി നാല് കൺമണികൾ, ഇവിടുണരുന്ന പുലരികൾക്ക് കൂടുതൽ തെളിച്ചം പകരുകയാണ്.
വിധിയുടെ കടംവീട്ടൽ
ഇതൊരു കടം വീട്ടലാണ്. എന്നെ ഒരുപാട് വേദനിപ്പിച്ച, കരയിപ്പിച്ച വിധിയുടെ കടംവീട്ടൽ. അമ്മയാകാൻ കണ്ണുംനട്ട് കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. ഗർഭിണിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ കാലം സ്വർഗം കിട്ടിയതു പോലെയായിരുന്നു. എന്റെ കുഞ്ഞിന്റെ വരവ് സ്വപ്നം കണ്ട്... ആ വളർച്ച കിനാക്കണ്ട് കഴിഞ്ഞ നാളുകൾ. പക്ഷേ ഒമ്പതാം മാസം എന്റെ കുഞ്ഞിനെ ദൈവം തിരിച്ചെടുത്തു. ഞാൻ കണ്ട സ്വപ്നം അബോർഷന്റെ രൂപത്തിൽ പൊയ്പ്പോയി. കൈ നീട്ടി എടുക്കും മുൻപ് കവർന്നെടുത്തു എന്റെ കണ്ണനെ.– കണ്ണീർതുടച്ചു കൊണ്ട് സൗമ്യ പറഞ്ഞു തുടങ്ങുകയാണ്.
അന്ന് ഏറെ വേദനിപ്പിച്ചത് ഞാൻ കേട്ട കുത്തുവാക്കുകളായിരുന്നു. എന്റെ നോട്ടക്കുറവും ശ്രദ്ധക്കുറവും കൊണ്ടാണ് ആ കുഞ്ഞിനെ നഷ്ടപ്പെട്ടത് എന്നു വരെ പലരും പറഞ്ഞു. പറയുന്നവർക്ക് എന്തും പറയാം. പക്ഷേ തീ തിന്നത് മുഴുവൻ ഞാനാണ്. അനുഭവിച്ച വേദനകൾക്കു മേൽ മുളകു പുരട്ടും വിധമായിരുന്നു ചിലരുടെ നോട്ടവും പെരുമാറ്റവും എല്ലാം. രതീഷ് മാത്രമായിരുന്നു ആശ്വസിപ്പിക്കാനുണ്ടായിരുന്നത്. പക്ഷേ അധികകാലം എന്നെ വേദനിപ്പിക്കാൻ വിധിക്കാകുമായിരുന്നില്ല. ആ സന്തോഷമാണ് ഇന്നീ കാണുന്നത്.
മുത്തുപോലെ ഈ മുത്തുമണികൾ
രണ്ടാമത് ഗർഭിണിയായപ്പോഴാണ് നെഞ്ചിൽ ഞാൻ കൊണ്ടു നടന്ന ഭാരത്തിനും വേദനയ്ക്കും പതിയെ അയവു വരുന്നത്. വേദനിപ്പിച്ചവരും കുത്തുവാക്കു പറഞ്ഞവരും പഴയ ചിരിയുമായി മടങ്ങിയെത്തി. ആദ്യമാസം കഴിഞ്ഞപ്പോഴെ എനിക്കുണ്ടായ നഷ്ടത്തിന് ദൈവം നാലായ് പകരം തരികയാണെന്ന് തിരിച്ചറിഞ്ഞു. സ്കാൻ റിപ്പോർട്ടിൽ നാല് കുഞ്ഞുങ്ങൾ! സന്തോഷവും ഉത്കണ്ഠയും ആകാംക്ഷയും എല്ലാം നിറഞ്ഞ നിമിഷം. കുഞ്ഞുങ്ങൾ പുറത്തേക്ക് വരുമോ എന്ന ആശങ്കയിൽ മൂന്നാം മാസമായപ്പോഴേക്കും സ്റ്റിച്ചിട്ടു. പക്ഷേ ബുദ്ധിമുട്ടിച്ചത് മറ്റൊന്നായിരുന്നു. ആദ്യ ഗർഭകാലത്ത് ശരീരഭാരം ക്രമാതീതമായി ഉയർന്നിരുന്നു. ശരീര ഭാരം 74കിലോ കടന്നു പോയതും നാല് കുഞ്ഞുങ്ങളെ ഉദരത്തിലേറ്റിയതും കുറേ നിയന്ത്രണങ്ങൾ മുന്നിലേക്കിട്ടു തന്നു. ഗർഭകാലത്ത് ചോറ് പോലുള്ള ഭക്ഷണങ്ങൾ പാടെ ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും മാത്രം. ഒപ്പം ശരീരം നന്നായി ശ്രദ്ധിച്ചു. വ്രതംപോലെ കഴിച്ചു കൂട്ടിയ നാളിനൊടുവിൽ 2019 മാർച്ച് 2ന് മകം നക്ഷത്രത്തിൽ ഞങ്ങളുടെ മുത്തുമണികൾ വരവായി... ഞങ്ങളുടെ ജീവിതത്തിന് പഴയ സന്തോഷവും ചിരിയും തിരികെ നൽകിയ ഞങ്ങളുടെ നിധികൾ. അവർക്കായി ഞാനും ചേട്ടനും മനസിൽ കുറിച്ചിട്ട പേരും നൽകി. കുഞ്ഞുങ്ങൾക്ക് ഇപ്പോള്‍ രണ്ടു വയസാകുന്നു.
സ്നേഹവീട്
‘ഇവിടെ ഒരാളെ നോക്കാനെ പാടാണ്, അപ്പോഴാണ് നാലു പേർ...! കുഞ്ഞുങ്ങളെ എങ്ങനെ മാനേജ് ചെയ്യുന്നു.’ കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം കേൾക്കുന്ന പ്രധാന ചോദ്യം ഇതാണ്. ഉറക്കാനും ഒരുക്കാനും ഭക്ഷണം നൽകാനും ബുദ്ധിമുട്ടില്ലേ എന്ന ഉപചോദ്യങ്ങൾ വേറെയും. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഞങ്ങൾക്ക് ബുദ്ധിമുട്ടല്ല. പിന്നെ ഇതൊരു ജോലിയായി തോന്നിയിട്ടുമില്ല. പിന്നെ ചില ടെക്നിക്കുകൾ പ്രയോഗിക്കാറുണ്ടെന്നു മാത്രം. നാലു പേരെയും ഒരുമിച്ചുറക്കും. ഒരാൾക്ക് മാത്രമായിട്ട് സ്പെഷ്യൽ കെയർ കൊടുത്താൽ ആകെ തകിടം മറിയും. നാലു പേരും കൂടി കരഞ്ഞു തുടങ്ങിയാലാണ് കോമഡി. വീടു മൊത്തം ഉണരും. കുട്ടികൾ വലിയ വാശിക്കാരല്ലാത്തതു കൊണ്ട് വല്ലാതെ ബുദ്ധിമുട്ടാറില്ല. ദമാം സീപോർട്ടിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് രതീഷ്. അവധിക്ക് നാട്ടിലെത്തിയപ്പോൾ മുതൽ മക്കളുടെ ഡ്യൂട്ടി അച്ഛനെ ഏൽപ്പിച്ചു. – സൗമ്യയുടെ മുഖത്ത് കുസൃതി നിറഞ്ഞ പുഞ്ചിരി.