ശീതകാലവിളയായ ബ്രോക്‌ലി സമതല പ്രദേശങ്ങളിൽ ഓഗസ്റ്റ്, സെപ്റ്റംബർ കാലങ്ങളിൽ നടാം. ഉയർന്ന പ്രദേശങ്ങളിൽ എല്ലാ സമയത്തും നടാനാകും.
∙ ആറു മണിക്കൂറെങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം, വളക്കൂറും ജൈവാംശവും നീർവാർച്ചയുമുള്ള മണ്ണ് ഇവയാണ് അനുയോജ്യം. വെള്ളക്കെട്ടു പാടില്ല. ഈർപ്പം നിലനിർത്താൻ ഇലകൾ കൊണ്ടു പുതയിടുക. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, ചകിരിച്ചോറ്, മണ്ണിര കംപോസ്റ്റ് ഇവ ചേർത്ത മിശ്രിതത്തിൽ വിത്തുകൾ പാകാം. ആഴ്ചയിലൊരിക്കൽ ഒരു ലീറ്റർ വെളളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു തളിക്കണം.
∙ ഒരു മാസം വളർച്ചയെത്തുമ്പോൾ പറിച്ചു നടണം. തടമെടുത്തു കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞു ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം , വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കണം. തൈകൾ നട്ട് ഒരാഴ്ച തണൽ നൽകുക. രാവിലെയും വൈകിട്ടും നനയ്ക്കണം. 10 ദിവസം കൂടുമ്പോൾ സ്യൂഡോമോണാസ് നൽകുക. ഇതേ കാലയളവിൽ ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, വെളുത്തുളളി ചതച്ചത് രണ്ടുദിവസം പുളിപ്പിച്ച് 1 : 10 അനുപാതത്തിൽ നേർപ്പിച്ചു ചെടികളിൽ തളിക്കണം.
∙ തൈകൾ രണ്ട് അടി അകലത്തിൽ നടുക. രണ്ടാഴ്ചയിലൊരിക്കൽ വേപ്പിൻപിണ്ണാക്കും എല്ലിൻപൊടിയും മണ്ണിര കംപോസ്റ്റും േയാജിപ്പിച്ച് 50 – നൂറു ഗ്രാം വീതം നൽകണം. തുടർന്നു ചെടിയുടെ ചുവട്ടിൽ മണ്ണ് കയറ്റിക്കൊടുക്കുക. ഒരു ലീറ്റർ വെളളത്തിൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു പത്തു ദിവസത്തിലൊരിക്കൽ തളിക്കുക.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം