Saturday 23 November 2019 10:58 AM IST

എക്സ്റ്റീരിയറിന്റെ അഴക് ഒട്ടും കുറയാതെ റെഡിമെയ്ഡ് ആയി വാങ്ങിവയ്ക്കാം കാർ പോർച്ച്!

Ammu Joas

Sub Editor

car-porvhvhbjbn

കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീടായാൽ കാർ പോ ർച്ച് വേണമെന്നാണ് മലയാളികളുടെ പൊതുവേയുള്ള സങ്കൽപം. വീടു വയ്ക്കുമ്പോൾ കാർപോർച്ച് എവിടെ, എങ്ങനെ എന്നതു മാത്രമാകും പ്രധാന ചിന്താക്കുഴപ്പം.

വീടിനു മുന്നിൽ നിന്നു പിന്നിലേക്കും അകലേക്കുമൊക്കെ കാര്‍ പോർച്ച് മാറിയെന്നതാണ് ഡിസൈൻ കൺസപ്റ്റിൽ ഈ യിടെയായി വന്ന പ്രധാന മാറ്റം. ‘ഈ വീടുമായി യാതൊരു ബ ന്ധവുമില്ലെ’ന്നു പറഞ്ഞ് വീട്ടുമുറ്റത്ത് ദൂരെ മാറിനിൽക്കുന്ന പോർച്ചുകളാണ് ഇന്നു പലയിടത്തും. വീടിന്റെ എക്സ്റ്റീരിയർ അഴക് തെല്ലും മറയ്ക്കരുത് കാർ പോർച്ച് എന്ന ചിന്ത തന്നെയാണ് ഇത്തരം മാറ്റങ്ങളുടെ പ്രധാനകാരണം.

കാർ പോർച്ചിന്റെ അടിസ്ഥാന കാര്യങ്ങൾ മുതൽ പുത്തൻ പുതിയ ട്രെൻഡ്സ് വരെ ഇനിയുമുണ്ട് മാറ്റങ്ങൾ. അവയെക്കുറിച്ച് അറിയാം...

കണക്കുകൂട്ടൽ കൃത്യമാകണം

∙ കാർ പാർക്ക് ചെയ്തു കഴിഞ്ഞ ശേഷം ചുറ്റും രണ്ട് അടി യെങ്കിലും സ്പേസ് ഉണ്ടാകണം എന്നതാണ് കാർ പോർച്ച് പണിയുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കണക്ക്. ഫോർ വീലറും ടൂ വീലറും ഒരേ പോർച്ചിൽ തന്നെ കിടക്കണമെന്നുണ്ടെങ്കിൽ അതിന് ആനുപാതികമായ അധിക ഇടം കൂടി കണ്ടുവേണം പോർച്ച് പണിയാൻ.

∙ ചുരുങ്ങിയ ചെലവിൽ പോർച്ച് നിർമിക്കാനുള്ള എക്കാലത്തെയും വഴി, നാലു വശത്തും തൂൺ നൽകി തട്ടടിച്ച് ഷീറ്റ് വിരിക്കുക എന്നതു തന്നെയാണ്. അലുമിനിയം ഷീറ്റ് ആണ് സാധാരണയായി വിരിക്കുന്നത്. ഇതിലും ടെറാക്കോട്ട, ഷിംഗിൾസ്, ഫൈബർ പവേർഡ് മെറ്റീരിയൽ പോലെ വ്യത്യസ്തമായവ വിപണിയിൽ ലഭ്യമാണ്. വീടിന്റെ ശൈലിക്കനുസരിച്ച് ചേരുന്ന മെറ്റീരിയൽ തിരഞ്ഞെടുക്കാം.

∙ പോർച്ചിന്റെ ഫ്ലോർ മുറ്റത്തിന്റെ നിരപ്പിൽ നിന്ന് ഉയർന്നു വേണം നിൽക്കാൻ. മഴവെള്ളവും ചെളിയുമൊന്നും ഒഴുകി യെത്താതിരിക്കാനും കെട്ടി നിൽക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. വണ്ടി കയറുന്ന ഭാഗത്തു സ്ലോപ് നൽകാൻ മറക്കരുത്.

∙ കാർ പോർച്ചിൽ തന്നെ ഒരു കാർ വാഷ് പോയിന്റ് നൽകാൻ മറക്കേണ്ട. ഇവിടെയുള്ള ടാപ്പിലേക്ക് കാർ വാഷ് പമ്പ് ഘടിപ്പിച്ചാൽ കാർ കഴുകാൻ എളുപ്പമായി. പൈപ് കണക്‌ഷൻ നൽകുന്നതിനൊപ്പം വെള്ളം ഒഴുകിപോകാനുള്ള ഡ്രെയ്നേജ് സൗകര്യവും ഉറപ്പാക്കണം.

∙ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടാതിരിക്കാന്‍ കാർ പോർച്ചിന്റെ റൂഫ് വളരെ ഉയരത്തിൽ പണിയാറുണ്ട് ചിലർ. വീടിന്റെ എ ക്സ്റ്റീരിയർ ഭംഗി കാണാൻ ഇതു നല്ല വഴിയാണെങ്കിലും കാറിന് അത്ര സുഖകരമല്ല ഇത്. മഴക്കാലത്ത് വെള്ളം അടിച്ചു കയറുമെന്നു മാത്രമല്ല, വേനൽക്കാലത്ത് വെയിൽ ഉള്ളിലെത്തുകയും ചെയ്യും.

∙ വീടിനോടു ചേർന്ന് മുൻവശത്ത് കാർ പോർച്ച് പണിയു മ്പോൾ സിറ്റ്ഔട്ട്, വരാന്ത എന്നിവയോടു ചേർത്താകും മിക്കപ്പോഴും കാർ പോർച്ചിന്റെ സ്ഥാനം. കാർ പാർക്ക് ചെയ്തു മുൻവശത്തു കൂടി വീടിനുള്ളിലേക്കു കയറാം.

എന്നാൽ വീടിനു വശത്തുള്ള വരാന്തയ്ക്ക് അരികിൽ പോ ർച്ച് പണിയുമ്പോൾ പലരും കാറിന് അനുസൃതമായ പോർച്ചിന്റെ അളവ് മാത്രമേ നൽകാറുള്ളൂ. പക്ഷേ, അതുപോരാ. വരാന്തയിലേക്ക് കയറാനുള്ള പടികൾക്ക് കൂടി സ്പേസ് ഒഴിച്ചിടണം. രണ്ടോ മൂന്നോ പടിയുണ്ടെങ്കിൽ കാർ നിർത്തിയിറങ്ങി വരാന്തയിലേക്ക് സുഗമമായി കയറാൻ ഇത് സഹായിക്കും.

_C3R3295

ഡിസൈൻ പലവിധം

പല ആകൃതിയിൽ കാർ പോർച്ച് റൂഫിങ് ഡിസൈൻ ചെയ്യാ റുണ്ട്. വീടിന്റെ എക്സ്റ്റീരിയർ ശൈലി അനുസരിച്ച് കാർ പോർച്ചും രൂപകൽപന ചെയ്യാം.

∙ ചതുരാകൃതിയും ദീർഘ ചതുരാകൃതിയിലുമാണ് മിക്ക വീടുകളിലെയും കാർ പോർച്ച് ഡിസൈൻ. എന്നാൽ ഒരു വശത്ത് മാത്രം സ്റ്റാൻഡ് നൽകി കാന്റിലിവർ മാതൃകയിൽ പോർച്ച് പണിയുന്ന ശൈലിക്ക് ഈയിടെയായി ഏറെ പ്രചാരം കിട്ടുന്നുണ്ട്. തൂണുകൾ അധികം സ്ഥലം കവരില്ല എന്നതാണ് ഈ ശൈലിയുടെ പ്ലസ് പോയിന്റ്. ഇതു കൂടാതെ വീടിന്റെ ഭിത്തിയിൽ നിന്നു തന്നെ റൂഫ് പണിയുകയും ചെയ്യാം. തൂണുകളുടെ സപ്പോർട്ട് ഇല്ലാത്തതിനാൽ കനം കുറഞ്ഞ റൂഫിങ് മെറ്റീരിയൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.

∙ രണ്ടു കാറുകൾക്കു വേണ്ടിയാണ് പോർച്ച് പണിയുന്നതെങ്കിൽ നടുവില്‍ സ്റ്റാൻഡ് നൽകി രണ്ടു വശത്തേക്കും പൂമ്പാറ്റയുടെ ചിറകുകൾ എന്ന പോലെ റൂഫിങ് തീർക്കാം.

∙ വീടിൽ നിന്ന് അകന്ന് കാർ പോർച്ച് പണിയുന്നവരാണ് മേൽപറഞ്ഞ ശൈലികള്‍ കൂടാതെ കനോപ്പി സ്റ്റൈലിൽ സാധാരണയായി പോർച്ച് പണിയുന്നത്. ഗസീബോ പോലെ സുന്ദരമായി തീർക്കുന്ന ഇത്തരം പോർച്ചുകൾ വീടിനു ചുറ്റും ധാരാളം സ്ഥലമുള്ളവർക്കേ പ്രായോഗികമാകൂ.

∙ ഗോ ഗ്രീൻ എന്നതാണ് ഈ കാലത്തിന്റെ ആശയവും ആവശ്യകതയും. പച്ചപ്പും ഹരിതാഭയും പോർച്ചിലും വേണം. വെർട്ടിക്കൽ ഗാർഡൻ ആണ് ഇടം മെനക്കെടുത്താതെ ചെടികൾ വളർത്താനുള്ള വഴി. പോർച്ചിന്റെ ഒരു വശത്ത് ഭാഗികമായി ഈ ഗ്രീൻ വാൾ തീർക്കാം. റൂഫിന്റെ വശങ്ങളിൽ ചെടികൾ ന ട്ട ഹാങ്ങിങ് പോട്സ് തൂക്കിയിടാം.

∙ ടഫൻഡ് ഗ്ലാസ്, പോളി കാർബണേറ്റ് ഷീറ്റ് വിരിക്കുക, പർഗോള നൽകുക എന്നിങ്ങനെയുള്ള സുതാര്യമായ റൂഫിങ് കാർ പോർച്ചിന് ചെയ്യേണ്ടതില്ല. കാരണം മറ്റൊന്നുമല്ല, വെയിലും  വെളിച്ചവും കാറിനു വേണ്ടല്ലോ. നല്ല തണലുള്ള ഇടങ്ങളിൽ സുതാര്യമായ മെറ്റീരിയൽ ഉപയോഗിച്ച് റൂഫിങ് നൽകുന്നതിൽ തെറ്റില്ല. പാഷൻ ഫ്രൂട്ടോ, വള്ളി പടർത്തുന്ന പൂച്ചെടികളോ മറ്റോ കയറ്റിവിട്ടാൽ തണലായി, ഭംഗിയുമായി.

∙ വീടിനോടു ചേർന്നാണ് പോർച്ച് എങ്കില്‍ അകത്തളങ്ങളിലേക്ക് എത്തുന്ന വെളിച്ചം കുറയും. ഇത്തരം സാഹചര്യത്തിൽ  റൂഫിന്റെ വശങ്ങളിൽ മാത്രം ട്രാൻസ്പരന്റ് മെറ്റീരിയൽ ഉപയോഗിക്കാം.

∙ വീട്ടിൽ നിന്ന് അകന്നാണ് പോർച്ച് എങ്കില്‍ അടച്ചുറപ്പോടെ പണിയുന്നതാണ് നല്ലത്. ഹോം ഓട്ടമേഷൻ പ്രയോജനപ്പെടുത്തി കാർ കടന്നു പോകാനുള്ള വാതിൽ തുറക്കാനും അടയ്ക്കാനുമുള്ള സംവിധാനം കൂടി ഒരുക്കുന്നത് സൗകര്യപ്രദമായിരിക്കും.

കാറിടാൻ മാത്രമല്ല

_C3R5070

സ്ഥലപരിമിതിയുള്ളവർക്കു മാത്രമല്ല, കാർ പോർച്ച് പണിയുന്ന ഏതൊരാൾക്കും ‘ഡുവല്‍ പർപസ്’ എന്ന ആശയം മുന്നോട്ടു വയ്ക്കാം. കാർ പോർച്ച് പണിയുന്നത് കാറിടാൻ മാത്രമാകേണ്ട കാര്യമില്ലല്ലോ.

∙ കുടുംബാംഗങ്ങളുടെ ബർത് ഡേ പാർട്ടി, വെഡ്ഡിങ് ആനിവേഴ്സറി തുടങ്ങി മക്കളുടെ വെക്കേഷൻ ടൈമിൽ അവരുടെ ഫ്രണ്ട്സ് ഗെറ്റ് ടുഗെതർ പോലും നമുക്ക് ആഘോഷമാണ്. ഇത്തരം സന്ദർഭങ്ങളിൽ പാർട്ടി ഏരിയയായി ഒരു പ്രത്യേക സ്ഥലം ഒരുക്കുന്നതും, വീടിനുള്ളിലെ ഒരു ഭാഗം പാർട്ടി ഏരിയയാക്കി മാറ്റിയെടുക്കുന്നതുമൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാർ പുറത്ത് ഇറക്കിയിട്ടാൽ പോർച്ചിൽ തന്നെ പാർട്ടി ആഘോഷമാക്കാം.

∙ പോർച്ച് ഏരിയ മാത്രം പോരാ, സ്ഥലം കാര്യമായി തന്നെ വേണമെന്നുള്ളവർക്ക് അതിനും വഴിയുണ്ട്. ഡൈനിങ് ഹാൾ, വരാന്ത അല്ലെങ്കിൽ പാഷിയോ എന്നിവയോടു ചേർന്ന് കാർ പോർച്ച് പണിയാം. ഡൈനിങ് ഏരിയയ്ക്ക് സ്ലൈഡിങ് ഡോർ കൂടി പണിയണം. ഫങ്ഷൻ നടക്കുമ്പോൾ ഈ ഡോർ തുറന്നിട്ടാൽ വിശാലമായ പാർട്ടി ഏരിയ റെഡി.

∙ സാധാരണയായി റൂഫ് മാത്രം നൽകി നാലു വശവും തുറ ന്നിടുന്ന രീതിയിലാണ് കാർ പോർച്ച് പണിയുക. പാർട്ടി ഏരിയയാക്കാനും ഇതു മതിയെങ്കിലും അൽപം ആഡംബരം ആ കാം എന്നു മോഹിക്കുന്നവർക്ക് ഒരുവശം കവർ ചെയ്ത് ഡിസൈൻഡ് വാൾ തീർക്കാം. ലൈറ്റിങ്ങു കൂടി നൽകിയാൽ കാർ പോർച്ചിന്റെ ലുക്കും ഫീലും മാറും.

∙ പോർച്ചിന്റെ ഒന്നോ രണ്ടോ വശങ്ങളിൽ സിറ്റിങ് ഏരിയ നൽകാം. അതല്ലെങ്കിൽ ആവശ്യാനുസരണം നാലു വശത്തും നൽകാം. ഈ സിറ്റിങ് ഏരിയയുടെ ഉള്ളിൽ ടൂൾ കിറ്റ്, കാർ വാഷ് പമ്പ് എന്നിവ സൂക്ഷിക്കുകയുമാകാം. പഴയ മാഗസിൻ, പത്രം എന്നിവ അലങ്കോലമാകാതെ സൂക്ഷിക്കാനും ഈ ഇടം ഉപയോഗിക്കാം.

∙ കുടുംബാംഗങ്ങളുടെ ചെരിപ്പ്, കൃഷിക്കായി ഉപയോഗിക്കുന്ന് പുല്ലുമാന്തി, മൺവെട്ടി തുടങ്ങിയ ഉപകരണങ്ങൾ, വളം എന്നിങ്ങനെ വീടിനുള്ളിലെ സ്ഥല പരിമിതിയെ മറികടക്കാൻ കാർ പോർച്ചിൽ അലസമായി ഇടുന്ന വസ്തുക്കളുടെ ലിസ്റ്റ് ഇനിയും നീളും. ഇവയെല്ലാം കാർ പോർച്ചിൽ തന്നെ വച്ചോളൂ. പക്ഷേ, ഇവ പ്രത്യേകം ഒതുക്കി വയ്ക്കണം. വീടിന്റെ ഭംഗിയെയും വൃത്തിയെയും ബാധിക്കാത്ത തരത്തിൽ കബോർഡ് നൽകി ഇവ അടുക്കിയൊതുക്കി വയ്ക്കാം.

∙ വൈകുന്നേരങ്ങളിൽ കാർ പോർച്ച് ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് ആക്കി മാറ്റിയാലോ? ബാസ്ക്കറ്റ് ബോൾ റിങ്ങും വലയും വാങ്ങി വശങ്ങളിലെ തൂണിനു നടുവിലായി ഒരു സ്റ്റാൻഡ് നൽകി ഘടിപ്പിക്കാം. അൽപം പ്രഫഷനലിസം കൂടി വേണമെങ്കിൽ ഫ്ലോറിൽ ഡൈമെൻഷൻസും വരച്ചിടാം.

ഫ്ലോറിങ്ങും ലൈറ്റിങ്ങും

∙ കാർ പോർച്ചിന് ഫ്ലോറിങ് എങ്ങനെ വേണം? മിനുസമുള്ള പ്രതലമാണോ പരുപരുത്തതാണോ അനുയോജ്യം? എങ്കിൽ കേട്ടോളൂ, ഗേറ്റില്‍ നിന്ന് പോർച്ചിലേക്ക് പേവ്മെന്റ് നൽകിയിട്ടുണ്ടെങ്കിൽ, പേവ്മെന്റിനായി ഉപയോഗിച്ചിരിക്കുന്ന നിർമാണ വസ്തു തന്നെ പോർച്ചിനും യോജിക്കും. ഇത്തരത്തിൽ പേവ്മെന്റും കാർ പോർച്ചും ഒരേ  ഒഴുക്കോടെ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

∙ മുറ്റത്ത് വിരിക്കുന്ന ഏതു തരം മെറ്റീരിയലും പോർച്ചിനും ഇണങ്ങും. എന്നിരുന്നാലും പരുപരുത്ത ഫ്ലോറിങ്ങാണ് നല്ലത്. വണ്ടി കഴുകുന്നതും പോർച്ചിൽ വച്ചു തന്നെയായിരിക്കും എന്നതിനാൽ വെള്ളം വീണ തറയിൽ അഴുക്കും പായലും പിടിച്ച് തെന്നി വീഴാൻ സാധ്യതയേറെയാണ്. പോർച്ചിന്റെ വശങ്ങൾ തുറന്നു കിടക്കുന്നതിനാൽ മഴച്ചാറ്റൽ എത്താനും ഫ്ലോർ നനയാനുമുള്ള സാധ്യതയുമുണ്ട്.

∙ കാർ പോർച്ചിൽ എന്തിനു ലൈറ്റിങ് എന്ന ചിന്ത തന്നെ മാറ്റി വച്ചേക്കൂ. വീട്ടിലെ മറ്റു മുറികൾക്കും സിറ്റ് ഔട്ടിനും ബാൽക്കണിക്കും നൽകുന്ന അതേ പ്രാധാന്യത്തോടെ പോർച്ചിലും വെളിച്ചം നൽകണം. എങ്കിലേ വീടിന്റെ എക്സ്റ്റീരിയർ ഭംഗി പൂർണമാകൂ.

മറ്റൊന്നു കൂടിയുണ്ട്, തുറന്നു കിടക്കുന്ന ഇടമായതിനാൽ ഇഴജന്തുക്കളും മറ്റും കാർ പോർച്ചിലേക്ക് കയറാൻ സാധ്യതയുണ്ട്. രാത്രി വൈകി പോർച്ചിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും  വെളിച്ചം വേണ്ടോവോളമില്ലെങ്കിൽ അപകടം തന്നെയാണ്.

porch5

പോർച്ചിനുമുണ്ടോ വാസ്തു

∙ വാഹനം കയറ്റിയിടുമ്പോൾ വണ്ടിയുടെ മുൻവശം തെക്കു വശത്തേക്കു വരുന്ന രീതിയിലാകരുത് പോർച്ച് എന്നതാണ് പൊതുവായി ശ്രദ്ധിക്കേണ്ട കാര്യം.

∙ ഗൃഹത്തോടു ചേർന്നു പണിയുമ്പോൾ വീടിന്റെ ഭാഗമായി തന്നെ പോർച്ച് കാണണം. അതിനാൽ തന്നെ വാസ്തുവിനും പ്രാധാന്യമുണ്ട്.

∙ വീടിന്റെ കിഴക്കു വശത്തും വടക്കു വശത്തും വീട്ടിലേക്കു കയറ്റി പോർച്ച് പണിയാം.

∙ വീട്ടിൽ നിന്ന് അകന്നാണ്  പോർച്ച് എങ്കിൽ ഡിസൈ ൻ തയാറാക്കുമ്പോൾ തന്നെ ഉത്തമമായ ചുറ്റളവ് ആ ണെന്നുറപ്പിക്കുക.

റെഡിമെയ്ഡ് ആയി വാങ്ങി വയ്ക്കാം കാർ പോർച്ച്

∙ മോഡുലാർ പോർച്ചിന്റെ കാലമാണിത്. ഇത്തരം പോർച്ചുണ്ടെങ്കിൽ വണ്ടി വാങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പോർച്ചിൽ കയറ്റി വണ്ടിയിടാം. തൂണുകളോ സ്റ്റീൽ ട്രസ്സോ ഇതിന്  ആവശ്യമില്ല. എത്ര ചെറിയ ഇടത്തും കാർ പോർച്ച് സംവിധാനമൊരുക്കാനായി ഇതിലൂടെ സാധിക്കും. എത്ര വലുപ്പത്തിലുള്ള കാർ പോർച്ച് വേണമെന്നു പറഞ്ഞാൽ, ആ അളവിൽ പെയിന്റഡ് ഗാൽവല്യും ഷീറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ പോർച്ച് പണിഞ്ഞ് വീട്ടിലെത്തിക്കും. ഭിത്തിയിൽ ഉറപ്പിക്കുന്നതിനാൽ തൂണുകളുടെ സപ്പോർട്ടും വേണ്ട. പെയിന്റ് അടിക്കേണ്ട, ചോർച്ചയുണ്ടാകില്ല, മഴവെള്ളം വീഴുമ്പോൾ വലിയ ശബ്ദമില്ല തുടങ്ങി ഒട്ടേറെ പ്ലസ് പോയിന്റ്സ് ഉണ്ട് ഇവയ്ക്ക്. മഴവെള്ളം സംഭരിക്കാനും ഒഴുക്കിക്കളയാനുമുള്ള പാത്തികൾ ഘടിപ്പിക്കാനുള്ള സൗകര്യവും  ഇതിലുണ്ട്. വേണമെങ്കിൽ ഒരിടത്തു നിന്ന് മാറ്റി മറ്റൊരിടത്തു പിടിപ്പിക്കുകയും ചെയ്യാം.

∙ ടെൻസൈൽ ഫാബ്രിക് ആണ് വിപണിയിലെ മറ്റൊരു താരം. പിവിസി കോട്ടിങ്ങോടു കൂടിയ കട്ടി കൂടിയ ഇനം തുണിയാണിത്. ഭാരക്കുറവായതിനാല്‍ സ്ട്രക്ച്ചറിനായി അ ധികം പണം ചെലവാകില്ല എന്നതാണ് ഇവയുടെ സ്വീകാര്യത കൂട്ടുന്നത്. വീട്ടുകാർക്കു തന്നെ അഴിച്ച് മാറ്റാമെന്നതും ഇഷ്ടമുള്ള ആകൃതിയിൽ വയ്ക്കാമെന്നതുമാണ് ആകർഷകം. വിവിധ ഷെയ്ഡ്സിൽ ഇവ ലഭിക്കും. പെയിന്റ് ചെയ്യേണ്ടതില്ല, മെയ്ന്റനൻസും വേണ്ട.

∙ അധികം പൊടിയും അന്തരീക്ഷ മലിനീകരണവും ഉള്ള സ്ഥലത്താണ് വീടെങ്കിൽ മുഴുവൻ കവർ ചെയ്ത പോർച്ചാ ണ് നല്ലത്. ഇത്തരം സാഹചര്യങ്ങളിൽ ഫാബ്രിക് തന്നെ ഉപയോഗിക്കുന്നതാണ് മെച്ചം. പൊടി ഉള്ളിലെത്തുകയുമില്ല, കാറ്റ് കയറുകയും ചെയ്യും.

വിവരങ്ങൾക്കു കടപ്പാട്: ദിവാകരൻ നായർ, വാസ്തു വിദഗ്ധൻ, കുന്നപ്പള്ളി, സോണിയ ലിജേഷ്, ഇന്റീരിയർ ഡിസൈനർ, ക്രിയേറ്റീവ് ഇന്റീരിയോ, വടകര, തൃശ്ശൂർ