Tuesday 27 December 2022 11:09 AM IST

ഹൈവേക്ക് അരികിലായിട്ടും പൊടിയും പുകയുമടിക്കില്ല; കാരണം വീട് ഡിസൈനിങ്ങിലെ പ്രത്യേകത...

Sunitha Nair

Sr. Subeditor, Vanitha veedu

Untitled

ഹൈവേയ്ക്കരികിലെ വീട്ടിലായിരുന്നു ആന്റണിയുടെയും കുടുംബത്തിന്റെയും താമസം. പുകയും പൊടിയും ബഹളവും സ്ഥിരമായതിനാൽ ഹൈവേയിൽനിന്ന് 100 മീറ്റർ ഉള്ളിലേക്കു മാറി ചുറ്റും പച്ചപ്പ് നിറഞ്ഞ പ്ലോട്ടാണ് പുതിയ വീടിനായി തിരഞ്ഞെടുത്തത്. ധാരാളം കാറ്റും വെളിച്ചവും എന്നാൽ കന്റെംപ്രറി ഡിസൈനും വേണമെന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

പ്ലോട്ടിന്റെ പ്രത്യേകതകളും നാഗരികമായ പരിസരവും കുടുംബത്തിന്റെ ആവശ്യങ്ങളും പരിഗണിച്ച് അതിനൊപ്പം ചില പരമ്പരാഗത ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ആർക്കിടെക്ട് സരൾ സത്യൻ.

suni2

സ്ക്രീൻ ഹൗസ് എന്നാണ് ഈ പ്രോജക്ടിന് ആർക്കിടെക്ട് നൽകിയ പേര്. എലിവേഷനിൽ തന്നെ മെറ്റൽ സ്ക്രീനുകൾ ദൃശ്യമാണ്. വരാന്ത, ബാൽക്കണി എന്നിവിടങ്ങളിൽ നൽകിയിട്ടുള്ള ഈ സ്ക്രീനുകൾ ഇരുമ്പ് പട്ട കൊണ്ടാണ് നിർമിച്ചത്. ‘‘ലീനിയർ മൂവ്മെന്റ് എന്ന ആശയമാണ് ഈ സ്ക്രീനുകളിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചിട്ടുള്ളത്. അതായത് മഴ പെയ്യുമ്പോഴുള്ള ചലനം പോലൊരു പ്രതീതി കാഴ്ചയിൽ ഉണർത്തുക എന്നതാണ് ഉദ്ദേശ്യം,’’ സരൾ വ്യക്തമാക്കുന്നു. വെയിലടിക്കുമ്പോൾ സ്ക്രീനിലൂടെ കടന്നെത്തുന്ന സൂര്യരശ്മികൾ ഇന്റീരിയറിൽ നിഴൽചിത്രങ്ങൾ തീർക്കുന്നു. വീട് പടിഞ്ഞാറ് അഭിമുഖമായതിനാൽ സൂര്യപ്രകാശം ധാരാളം ലഭിക്കും. അതിനാൽ നേരിട്ട് വെളിച്ചമടിക്കാതെ ബഫർ സോണായും സ്ക്രീനുകൾ പ്രവർത്തിക്കുന്നു.

ഇന്റീരിയറിലും പാർട്ടീഷന് സ്ക്രീനുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, നടക്കുമ്പോൾ കൈ തട്ടാനും മറ്റും സാധ്യതയുള്ളതിനാൽ അവയുടെ പ്രൊജക്‌ഷൻ ഒഴിവാക്കി. ഇന്റീരിയറിലെ ജാളികളും സ്ക്രീനുകളും കൊണ്ടുള്ള പാർട്ടീഷൻ ഒരു സ്പേസിനെ പല ആവശ്യങ്ങൾക്കായി രൂപാന്തരപ്പെടുത്താൻ സഹായിക്കുന്നു.

suni2 copy

താഴത്തെ നിലയിൽ രണ്ട് ബ്ലോക്കുകളിലായി ലിവിങ്, ഡൈനിങ്, അടുക്കള, കിടപ്പുമുറികൾ എന്നിങ്ങനെ നാല് സോണുകൾ ക്രമീകരിച്ചിരിക്കുന്നു. ഈ ബ്ലോക്കുകളെയും വീടിനോടു ചേർന്നുള്ള ലാൻഡ്സ്കേപ്പിനെയും ബന്ധിപ്പിക്കുന്നത് ഡബിൾ ഹൈറ്റിലുള്ള ‘ട്രാൻസിഷൻ സോൺ’ ആണ്. ഇതിൽ ഫോയർ, പ്രെയർ ഏരിയ, സ്റ്റെയർ, കോർട്‌യാർഡ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കോർട്‌യാർഡിന്റെ മുകളിൽ ഗ്ലാസ്സ് ഇട്ടിട്ടുണ്ടെങ്കിലും വായുസഞ്ചാരത്തിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. വീട്ടിലെ മറ്റിടങ്ങളിൽ നിന്നെല്ലാം ഈ ട്രാൻസിഷൻ സോണിലേക്ക് കാഴ്ചയെത്തും.

suni4

ഫോയറിന്റെ ഇരുവശത്തായി ലിവിങ്, ഡൈനിങ് സ്പേസുകൾ ഡിസൈൻ ചെയ്തു. ചുറ്റിനും ഗ്ലാസ്സ് ചുമരുകളുള്ള ഡൈനിങ്ങിൽ നിന്ന് പുറത്തെ സ്വകാര്യത നിറഞ്ഞ ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. സുരക്ഷയ്ക്ക് ഇവിടെ കൺസീൽഡ് പെർഫറേറ്റഡ് മെറ്റൽ ഷട്ടർ നൽകി. ഹൈവേയ്ക്കരികിലായതു കൊണ്ട് പഴയ വീട്ടിൽ വാതിലുകൾ തുറന്നിടാൻ പ്രയാസമായിരുന്നു. അതിനാൽ ഇവിടെ കഴിയാവുന്നിടത്തെല്ലാം വാതിൽ തുറന്നിടാനുള്ള സൗകര്യം വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു.

suni6

പുറമേ നിന്ന് കാണുന്ന രണ്ട് ബോക്സുകളാണ് മുകളിലെ കിടപ്പുമുറികൾ. അതുകൂടാതെ, ഹോംതിയറ്ററുമുണ്ട് മുകൾനിലയിൽ. കിടപ്പുമുറികളിൽ ഹെഡ്ബോർഡ് വരുന്ന ചുമരിൽ തടിയും അക്രിലിക്കും കൊണ്ട് പാനലിങ് ചെയ്തു ഭംഗിയാക്കി. കൃത്യമായ ആകൃതി, ഫോം എന്നിവ നിലനിർത്താൻ ‍‍ഡിസൈനിൽ ശ്രദ്ധിച്ചിട്ടുണ്ട്. ബോക്സുകളൊക്കെ അതിന്റെ ഭാഗമായി വരുന്നു. വെള്ള -ഗ്രേ നിറങ്ങളിൽ ഒരുക്കിയ അടുക്കളയിലെ കാബിനറ്റുകൾ ഗ്ലാസ്സ് കൊണ്ടാണ്. കൗണ്ടർടോപ്പിന് നാനോവൈറ്റും.

suni7

പല ചുമരുകളിലും ടെക്സ്ചര്‍ ചെയ്തു. സീലിങ്ങിൽ ജിപ്സം നൽകി. മെറ്റലും തടിയും കൊണ്ടാണ് ഗോവണി. പ്രധാന വാതിലുകൾ തേക്കിൽ പണിതു. ജനാലകൾ അലുമിനിയം കൊണ്ടാണ്. വാഡ്രോബിന് വെനീർ ഫിനിഷാണ്. വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്.  

Area: 3000 sqft

Owner- Antony Karakkada and Omana

Location: Ollur, Trissur

Design: Saral Sathyan Design Atelier, Trissur

Photo: K.M.Midhul