Thursday 29 September 2022 11:30 AM IST

ഗ്രാനൈറ്റിനും വ്യാജൻ: കൗണ്ടർടോപ്പിന് ഇത്രയധികം മെറ്റീരിയലുള്ളപ്പോൾ പറ്റിക്കപ്പെടണോ?

Sunitha Nair

Sr. Subeditor, Vanitha veedu

Kc1

മൂന്നു നാല് വർഷം മുൻപ് വരെ കിച്ചൻ കൗണ്ടർടോപ്പിൽ ഗ്രാനൈറ്റിനായിരുന്നു ആധിപത്യം. എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാനൈറ്റിന്റെ സ്ഥാനം കൈയടക്കിയിട്ടുണ്ട്. കറ പിടിക്കില്ല, നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങൾ. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു. ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് എന്ന വ്യാജേന ഇറക്കുന്നുണ്ട്. ഇതിന് ഈട് വളരെ കുറവാണ്. ഇതും ഗ്രാനൈറ്റിൽ നിന്ന് ആളുകൾ അകലാൻ കാരണമായി. സാധാരണക്കാരുടെയിടയിൽ ഗ്രാനൈറ്റ് ഇപ്പോഴും ജനപ്രിയമാണ്.

ഇടക്കാലത്ത് ആളുകൾ ക്വാർട്സിലേക്ക് കൂടു മാറിയെങ്കിലും കറ പിടിക്കുന്ന സ്വഭാവം അതിന്റെ ജനപ്രീതി കുറച്ചു. ക്വാർട്സിന് വില കൂടുതലായതിനാൽ കുറഞ്ഞ വിലയിൽ ഗുണമേന്മ കുറഞ്ഞവ സുലഭമായതോടെ ഉടലെടുത്ത പ്രശ്നമാണ് ഇത്.

kc2

എന്തായാലും കൗണ്ടർടോപ്പിന്റെ കാര്യത്തിൽ അടുക്കളകൾ വേറിട്ടു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വിപണി വാഴുന്ന പുതിയ കൗണ്ടർടോപ് മെറ്റീരിയലുകളെക്കുറിച്ച് കൂടുതലറിയാം.

ടൈൽ

അടുക്കളയുടെ കൗണ്ടർടോപ്പിന് ടൈലിടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല കുറച്ചു കാലം മുൻപു വരെ. എന്നാലിപ്പോൾ വലിയ അളവിലുള്ള ടൈൽ കൗണ്ടർടോപ്പിനിടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. കൗണ്ടർടോപ്പിനായി ഡിസൈൻ ചെയ്ത ഈ ടൈൽ കറ പിടിക്കില്ല എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ടൈലിന്റെ താഴെ മുതൽ മുകൾ വരെ ഏകദേശം ഒരേ നിറം ലഭിക്കും. സാധാരണ വിട്രിഫൈഡ് ടൈൽ പോലെ മുകളിലെ പാളിയിൽ മാത്രമല്ല നിറമുള്ളത് എന്നു ചുരുക്കം. ഇവയുടെ അരികുകൾ ഉരുട്ടിയെടുക്കാനും സാധിക്കും.

ഉപയോഗിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ ഈ ടൈലിന്റെ പോരായ്മ മനസ്സിലാക്കണമെങ്കിൽ മൂന്നുനാല് വർഷം കഴിയണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 15 എംഎം കനത്തിൽ 240x80, 300x80 സെമീ അളവുകളിൽ ടൈൽ ലഭ്യമാണ്. 80 സെമീ വീതിയിൽ ലഭിക്കുന്നതിനാൽ വേസ്റ്റേജ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൗണ്ടർടോപ്പിന് 62.5 സെമീ വീതിയുടെ ആവശ്യമേയുള്ളൂ. ചതുരശ്രയടിക്ക് 250Ð400 രൂപയാണ് വില.

kc3

സീസർ സ്റ്റോൺ

ട്രെൻഡിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു മെറ്റീരിയലാണ് സീസർ സ്റ്റോൺ. ക്വാർട്സ് ആണ് ഇതിന്റെ പ്രധാനഘടകം. ക്വാർട്സിന്റെ അളവ് കൂടുതലായതിനാൽ മികച്ച ഗുണനിലവാരം കാഴ്ച വയ്ക്കുന്നു. സീസർ സ്റ്റോൺ എന്ന വിദേശ ബ്രാൻഡിന്റെ പേരിലാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ക്വാർട്സും മാർബിളും ചേരുന്ന, കലിംഗ സ്റ്റോൺ എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ ബ്രാൻഡിനും ആവശ്യക്കാരേറെയാണ്. നല്ല ഫിനിഷാണെന്നതാണ് സീസർ സ്റ്റോണിന്റെ പ്രത്യേകത. കറ പിടിക്കില്ല. ഗുണമേന്മയുള്ള പശ ഉപയോഗിക്കുന്നതും ഇതിന്റെ പൂർണതയ്ക്ക് കാരണമാണ്. അരികുകളൊക്കെ നല്ല ഫിനിഷിൽ ലഭിക്കും. വിദേശത്തു നിന്നെത്തുന്ന വീട്ടുകാർ കൂടുതലും സീസർ സ്റ്റോൺ ആവശ്യപ്പെടാറുണ്ടെന്ന് ഡിസൈനർമാർ പറയുന്നു. പല നിറങ്ങളിലും ഫിനിഷുകളിലും ലഭിക്കും. ചതുരശ്രയടിക്ക് 1,200 രൂപ മുതൽ വില വരും.

കൊറിയൻ ടോപ്

പ്ലൈവുഡിന്റെ ഫ്രെയിമിലേക്ക് കനം കുറഞ്ഞ ഈ മെറ്റീരിയൽ തെർമോഫോമിങ് ചെയ്താണ് കൗണ്ടർടോപ് പണിയുന്നത്. അക്രിലിക് പോളിമറും അലുമിനാ ട്രൈഹൈഡ്രേറ്റുമാണ് ഇതിലെ ഘടകങ്ങൾ. കൊറിയൻ എന്ന ബ്രാൻഡ് കാരണം കൊറിയൻ ടോപ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അരികുകളും ജോയിന്റും ഇല്ല എന്നതാണ് സവിശേഷത. കൗണ്ടർടോപ്പിന്റെ തുടർച്ചയായി തന്നെ സിങ്ക്, വാഷ്ബേസിൻ എന്നിവ ചെയ്യാം. ആറ് എംഎം, 12 എംഎം എന്നീ കനങ്ങളിൽ ലഭിക്കും. കൗണ്ടർടോപ്പിന് 12 എംഎം ആണ് അനുയോജ്യം. ഗുണമേന്മ കുറഞ്ഞതിൽ കറയ്ക്കും പോറലിനുമുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ സാൻഡ് ചെയ്ത് വൃത്തിയാക്കുകയോ കറയും പാടുകളും നീക്കം ചെയ്യുകയോ ആകാം. പല നിറങ്ങളിൽ ലഭിക്കും. തിളക്കമുള്ളത്, വെളിച്ചം കടത്തി വിടുന്നത്, ഇറ്റാലിയൻ മാർബിളിന്റെ പാറ്റേണിലുള്ളത് എന്നിങ്ങനെ പല ഫിനിഷിൽ ലഭിക്കും. 90 സെമീ വീതിയിലാണ് ലഭിക്കുന്നത്. സ്ലാബ് പോലെ ലഭിക്കുന്നതിനാല്‍ വേസ്റ്റേജ് ശ്രദ്ധിക്കണം. ചതുരശ്രയടിക്ക് 600 Ð 1,200 രൂപയാണ് വില. ഗുണമേന്മയനുസരിച്ചാണ് വില.

നാനോവൈറ്റ് മാർബിൾ

വെള്ള അടുക്കളകൾ തരംഗമായതോടെയാണ് നാനോവൈറ്റ് മാർബിളിന്റെ കാലം തെളിഞ്ഞത്. പേര് സൂചിപ്പിക്കുന്നതു പോലെ തൂവെള്ള നിറത്തിലെ കൗണ്ടർടോപ് സ്വന്തമാക്കാം. നാനോവൈറ്റ് 15 എംഎം, 18 എംഎം, 20 എംഎം തുടങ്ങിയ കനത്തിലും ജി 3, ജി 5, ജി 6, ജി 7 എന്നിങ്ങനെ പല ഗ്രേഡിലും ലഭ്യമാണ്. ജി 7 ആണ് ഏറ്റവും നല്ലത്. സ്ലാബിന്റെ വലുപ്പത്തിൽ ലഭിക്കുന്നതിനാൽ പണിയുമ്പോഴുള്ള വേസ്റ്റേജ് ശ്രദ്ധിക്കണം. ചതുരശ്രയടിക്ക് 400 രൂപ മുതലാണ് വില. കറ പിടിക്കില്ല, പോറൽ വീഴില്ല എന്നിവയാണ് ഈ ആർട്ടിഫിഷ്യൽ സ്റ്റോണിന്റെ ഗുണം.

നാനോവൈറ്റ് മാർബിൾ

വെള്ള അടുക്കളകൾ തരംഗമായതോടെയാണ് നാനോവൈറ്റ് മാർബിളിന്റെ കാലം തെളിഞ്ഞത്. പേര് സൂചിപ്പിക്കുന്നതു പോലെ തൂവെള്ള നിറത്തിലെ കൗണ്ടർടോപ് സ്വന്തമാക്കാം. നാനോവൈറ്റ് 15 എംഎം, 18 എംഎം, 20 എംഎം തുടങ്ങിയ കനത്തിലും ജി 3, ജി 5, ജി 6, ജി 7 എന്നിങ്ങനെ പല ഗ്രേഡിലും ലഭ്യമാണ്. ജി 7 ആണ് ഏറ്റവും നല്ലത്. സ്ലാബിന്റെ വലുപ്പത്തിൽ ലഭിക്കുന്നതിനാൽ പണിയുമ്പോഴുള്ള വേസ്റ്റേജ് ശ്രദ്ധിക്കണം. ചതുരശ്രയടിക്ക് 400 രൂപ മുതലാണ് വില. കറ പിടിക്കില്ല, പോറൽ വീഴില്ല എന്നിവയാണ് ഈ ആർട്ടിഫിഷ്യൽ സ്റ്റോണിന്റെ ഗുണം.

സ്റ്റീൽ

കൗണ്ടർടോപ്പിൽ സ്റ്റീലിനും പ്രിയമേറുന്നു. ഫ്രെയിമിലേക്ക് സ്ക്രൂ ചെയ്താണ് പിടിപ്പിക്കുന്നത്. വൃത്തിയാക്കാൻ എളുപ്പം, കറ പിടിക്കില്ല എന്നിവയാണ് മേന്മകൾ. 1.5 എംഎം, രണ്ട് എംഎം കനത്തിൽ 304 ഗ്രേഡിലുള്ള സ്റ്റീലാണ് കൗണ്ടർടോപ്പിനുപയോഗിക്കുന്നത്. ചിതൽ പിടിക്കില്ല എന്നതാണ് മറ്റൊരു ഗുണം. നനഞ്ഞാലും കുഴപ്പമില്ല. ചൂടുവെള്ളം ഉപയോഗിച്ചും കഴുകാം. ചതുരശ്രയടിക്ക് 5,000 രൂപ മുതലാണ് വില. n

കടപ്പാട്:

സോണിയ ലിജേഷ്, ക്രിയേറ്റീവ് ഇന്റീരിയോ,കൊടകര

എബിസി എംപോറിയം, കൊച്ചി

നേസ്റ്റ് സൊലൂഷൻസ്, കോഴിക്കോട്

ബെത്‌ലിവിങ്, കൊച്ചി