വള്ളിച്ചീര എന്നും മലബാർ സ്പിനച് എന്നും പേരുള്ള ഈ ചീരയ്ക്ക് പച്ചയും വയലറ്റും ഇനങ്ങളുണ്ട്. ഇലകളും തണ്ടുകളും പൂക്കളും കായ്കളും വിഭവങ്ങളിൽ ചേർക്കാം. പെട്ടെന്നു പടർന്നു വളരുന്ന ഈ ചീര താങ്ങു നൽകിയോ പന്തലിട്ടോ വളർത്താം.
∙ചൂടുള്ള കാലാവസ്ഥ അനുയോജ്യമാണ്. തുറസ്സായ വെയിൽ കിട്ടുന്നിടത്തു നടാം. വളക്കൂറും ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണാണു യോജിക്കുക. നനവ് കുറഞ്ഞാൽ ചെടി വേഗം പൂക്കുകയും കായ്ക്കുകയും ചെയ്യും.
∙ വിത്തുകളും തണ്ടുകളു നടാം. മഴക്കാലത്ത് 20– 30 സെ. മീ. നീളമുള്ള തണ്ടുകൾ ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തതിൽ മുക്കി വച്ച ശേഷം നടുക. നന്നായി കിളച്ച നിലത്തു ട്രൈക്കോ ഡെർമ സമ്പുഷ്ട ചാണകം ചേർത്ത് രണ്ടാഴ്ചയ്ക്കു ശേഷം വേരു പിടിച്ച തൈകളോ വിത്തുകളോ നടുക. രണ്ടു മാസത്തിനു ശേഷം തണ്ടുകളും ഇലകളോടൊപ്പം വിളവെടുക്കണം. മാസത്തിലൊരിക്കൽ ചാണകം, മണ്ണിര കംപോസ്റ്റ് തുടങ്ങിയ വളങ്ങൾ നൽകാം. രണ്ടാഴ്ചയിലൊരിക്കൽ ഗോമൂത്രം, സ്യൂഡോമോണാസ് എന്നിവ നൽകാം.ഇലപ്പുള്ളി രോഗം പിടിപെട്ട ഇലകൾ പറിച്ചു നശിപ്പിക്കണം. കാര്യമായ രോഗകീടങ്ങൾ ബാധിക്കാറില്ല.
∙ വൈറ്റമിൻ ബി, സി, കെ , കാൽസ്യം, അയൺ, മഗ്നീഷ്യം, ബീറ്റ കരോട്ടിൻ തുടങ്ങിയവ സമൃദ്ധമായടങ്ങിയ ഇവ കൊണ്ടു തോരനും പരിപ്പ് ചേർത്തു കറിയുമുണ്ടാക്കാം.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം