Thursday 27 August 2020 04:21 PM IST

‘ഈ വീട്ടിൽ അച്ഛന്‍ മോഹിച്ചതു പോലെ ജീവിക്കണം’; പ്രകൃതിയെ കൊത്തിവച്ച ‘കല്ല്യ’യിലെ വിശേഷങ്ങൾ

Ammu Joas

Sub Editor

mohan-home44554gg

കഴിഞ്ഞ വേനൽക്കാലത്ത് സൂര്യനെ ശപിച്ച് കോൺക്രീറ്റ് കെട്ടിടങ്ങളിൽ പുഴുങ്ങി കഴിഞ്ഞിരുന്നവരെല്ലാം ഇതാ ഇതുവഴി വന്നോളൂ. നട്ടുച്ചയിലും ഒരു ഫാൻ പോലുമില്ലാതെ ഈ അകത്തളങ്ങളിൽ മണ്ണും ചാരിയിരിക്കാം. തണുപ്പും സുഖവും ഒരു നേർത്ത ഉടുപ്പുപോലെ നമ്മെ ചുറ്റി നിൽക്കുന്നതറിയാം. എത്ര ഹൃദ്യമാണ് വീട് എന്ന വാക്കുപോലും എന്ന് ആ നിമിഷം നമ്മൾ തിരിച്ചറിയും. കൊടുംചൂടിനെ വീട്ടിനകത്തു കയറ്റാതെ പുറത്തെവിടെയോ ചൂളമടിച്ചു നിൽക്കാൻ മാത്രം അനുവദിച്ചിരിക്കുന്നത് ഒരേ വിദ്യ ഉപയോഗിച്ചാണ്. വീടുകളുടെ പ്രധാന നിർമാണവസ്തു മണ്ണാണ്.

കളിവീടിൻ മുറ്റത്ത്

കിളി കൂടുകൂട്ടും പോലെയാണ് മോഹൻ എന്ന അച്ഛനും രുക്മിണി എന്ന അമ്മയും രണ്ടു മക്കളും കൂടി നിളയുടെ കരയിൽ മണ്ണു കൊണ്ടു വീടൊരുക്കിയത്. തറ കെട്ടി നാലു മൂലയിലും തേക്കിൻ കാൽ നാട്ടി ഇവയ്ക്കിടയിൽ കൃത്യമായ അകലത്തിൽ മുള നാട്ടി. തേക്കും മുളയും മൂടും വിധം ‘കളിമണ്ണ് പൊതിഞ്ഞോ മക്കളെ’ എന്ന് അച്ഛന്‍ പറഞ്ഞതും സൂര്യയും ശ്രേയയും മണ്ണ് പൊത്തി വച്ചു. മുറ്റത്ത് പന്തലിട്ട് പാഷൻ ഫ്രൂട്ട് പടർത്തി, ചെറുകുളം തീർത്ത് ആമ്പൽ വിരിയിച്ചു... കാറ്റേറ്റ് ഇരിക്കാൻ മുള കൊണ്ടൊരു ഏറുമാടവും. പക്ഷേ, പ്രകൃതിയെ കൊത്തിവച്ച ‘കല്ല്യ’ എന്ന ഈ വീട്ടിൽ ഇന്ന് ആ അച്ഛനില്ല.  

അണ്ണാനും കിളിക്കും മാത്രമല്ല, അന്തിയുറങ്ങാൻ ഒരു കൂടൊരുക്കാൻ മനുഷ്യനും സ്വയം കഴിയും എന്ന അച്ഛൻ പകർന്ന ആത്മാവിശ്വാസവും, പ്രകൃതിക്കൊപ്പം ജീവിക്കുക എന്ന പാഠവുമാണ് ഈ മക്കൾക്കും അമ്മയ്ക്കും കൂട്ടായുള്ളത്.

വീടൊരുക്കിയ കഥ

‘‘അച്ഛൻ ശിൽപിയായിരുന്നു. കളിമൺ ശിൽപങ്ങൾ ഉണ്ടാക്കുമ്പോൾ ഞങ്ങൾക്കും മണ്ണ് തരും. മനസ്സിൽ തോന്നുംപോലെ ഞങ്ങളും കുഞ്ഞുരൂപങ്ങൾ ഉണ്ടാക്കും. അതുപോലെ തന്നെയായിരുന്നു വീടുപണിയും. അന്തിയുറങ്ങാനുള്ള വീടാണെന്ന് കരുതിയേയല്ല അച്ഛനും അമ്മയ്ക്കും ഒപ്പം കൂടിയത്.’’ -സൂര്യയും ശ്രേയയും പറയുന്നു.

മണ്ണും മുളയും പനമ്പുമാണ് ഈ വീടിന്റെ നിർമാണ വസ്തുക്കൾ. അടിത്തറയ്ക്ക് കരിങ്കല്ലാണ് ഉപയോഗിച്ചത്. മണ്ണ്, ശർക്കര, ചുണ്ണാമ്പ്, ഉലുവ കലക്കിയ വെള്ളം എന്നിവ ചേർത്ത് തയാറാക്കിയ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് തറ കെട്ടിപ്പൊക്കിയത്. ഇതിനു മുകളിൽ തേനീച്ച മെഴുക്കു കൊണ്ട് പോളിഷ് ചെയ്തു. ഏകദേശം ആറ് ഇഞ്ച് കനത്തിലാണ് ഭിത്തി. ഉമിയും കുമ്മായവും ചേർത്ത കളിമണ്ണിൽ കുറ്റിപ്പാണൽ, ആര്യവേപ്പില, ആടലോടകം എന്നിവയുടെ ഇലകൾ അരച്ച് ചേർത്ത് പുളിപ്പിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് ഭിത്തിയിൽ മണ്ണ് തേച്ചത്. പനമ്പു കൊണ്ടാണ് മുകൾനിലയിലെ മുറി. ഇവിടേക്കുള്ള സ്റ്റെയർ കേസ് മുള കൊണ്ട് നിർമിച്ചു.

‘‘അടിത്തറ കെട്ടാനും ഓട് പാകാനും വയറിങ്ങിനും മാത്രമാണ് പുറത്തുനിന്ന് ആൾ വന്നത്. ബാക്കിയെല്ലാ ജോലികളും ഞങ്ങൾ നാലാളും കൂടി ചെയ്തു. അഞ്ചുമാസം കൊണ്ട് വീട് പണി തീർന്നു. 800 ചതുരശ്ര അടിയിൽ പണിത വീടിന് മൂന്നു ലക്ഷം രൂപയിൽ താഴെയേ ചെലവു വന്നുള്ളൂ.’’ മോഹന്റെ ഭാര്യ രുക്മിണി പറയുന്നു.

വള്ളുവനാട് നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ആയ രുക്‌മിണി വീടുപണിയുടെ നാളുകളിൽ ലോങ് ലീവിൽ ആയിരുന്നു. ‘‘കിണർ കുഴിച്ചപ്പോൾ കിട്ടിയ കളിമണ്ണ് ആണ് വീടിന്റെ പണികൾക്കായി ഉപയോഗിച്ചത്. പനമ്പ് കൊണ്ട് മേൽക്കൂര പണിയണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വൈദ്യുതി കണക്‌ഷൻ കിട്ടില്ല എന്നതിനാൽ ഓട് പാകി. പച്ചക്കറി കൃഷിയും ആടും പശുവും കോഴിയും താറാവും ഒക്കെയുണ്ടായിരുന്നു. മോഹന് ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ചികിത്സയുടെ ആവശ്യത്തിന് കൊച്ചിയിലേക്ക് താമസം മാറ്റേണ്ടി വന്നു. അതോടെ എല്ലാത്തിനെയും വിറ്റു.

mohan-chavv5433

2016ലാണ് വീടിന്റെ നിർമാണം. ഇന്നോളം വീടിന് യാതൊരു പ്രശ്നവുമില്ല. മുളയും തടിയും ട്രീറ്റ് ചെയ്തവ ആണ് ഉപയോഗിച്ചത്. അതുകൊണ്ട് കുത്തൽ വീഴില്ല. പാലുകാച്ചലിനു ശേഷവും കൊച്ചു കൊച്ചു കാര്യങ്ങൾ വീടിനോടു ചേർത്തുവച്ചു. മോഹൻ പറയുമായിരുന്നു, വീട് കുട്ടികളെ പോലെയാണെന്ന്. അവ വളർന്നുകൊണ്ടിരിക്കും. മുറിയോടു ചേർന്നൊരു വരാന്ത, അടുക്കളയ്ക്ക് ഇത്തിരി കൂടുതല്‍ വലുപ്പം അങ്ങനെ എല്ലാ വീട്ടിലുമുണ്ടാകില്ലേ മാറ്റങ്ങൾ. അതുകൊണ്ട് വീടു പണി തീർന്നു എന്നു ഒരിക്കലും പറയാനാകില്ല. ’’

ഗ്രാമം എന്ന സ്വപ്നം

സാംസ്കാരിക പ്രവർത്തകനായിരുന്ന മോഹൻ ചവറ, ചിത്രകലയിൽ ബിരുദം നേടിയ ശേഷം വേറിട്ട ചിന്താവഴിയിലൂടെയാണ് നടന്നത്. ഒരു വീടല്ല, ഗ്രാമം തന്നെ ആയിരുന്നു സ്വപ്നം. അങ്ങനെ 14 സുഹൃത്തുക്കൾ ചേർന്ന് ഷൊർണൂർ ഒറ്റപ്പാലം റൂട്ടിൽ മാന്നന്നൂർ റെയിൽവേ സ്റ്റേഷനടുത്ത് രണ്ടര ഏക്കർ ഭൂമി വാങ്ങി. മൺവീടുകളും ജൈവകൃഷിയുമായി ഈ ‘തൈതൽ ഗ്രാമ’ത്തെ ഒരുക്കുന്നതിനിടെയാണ് മോഹന്റെ മരണം.

ജീവിക്കാൻ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന അച്ഛന്റെ തീരുമാനത്തെ തുടർന്ന് എട്ടാം ക്ലാസ്സിൽ വച്ച് സൂര്യയും രണ്ടാം ക്ലാസ്സിൽ വച്ച് ശ്രേയയും പഠനം നിർത്തി. പക്ഷേ, പിന്നീട് വാദ്യോപകരണങ്ങളും ചിത്രരചനയും വിഡിയോ എഡിറ്റങ്ങുമൊക്കെയായി ഇഷ്ടമുള്ളതൊക്കെ അവർ പഠിച്ചു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ റസിഡന്റ് മാനേജറായി ജോലി ചെയ്യുകയാണ് സൂര്യ. ശ്രേയ പാട്ടിന്റെ വഴിയേയാണ്.

ഈ വീട്ടിൽ അച്ഛന്‍ മോഹിച്ചതു പോലെ ജീവിക്കണം എന്നതു മാത്രമാണ് അവരുടെ ഏറ്റവും വലിയ സ്വപ്നം.

വീട്ടകത്തെ ലാളിത്യം

വരാന്ത, സ്വീകരണമുറി, അടുക്കള, ബാത്റൂം, കിടപ്പുമുറി എന്നിവ താഴത്തെ നിലയിൽ. മുകൾ നിലയിൽ ഒരു മുറിയേ ഉള്ളൂ. സ്വീകരണമുറിയോടു ചേർന്നു തന്നെയാണ് അടുക്കള. ഭിത്തി കെട്ടി മറയ്ക്കാത്ത അടുക്കളയിൽ പാചകം ചെയ്തുകൊണ്ടു തന്നെ ടിവി കാണാം, മക്കളുമായി സംസാരിക്കാം.

അടുക്കളയോടു ചേർന്ന് സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂം ഉണ്ട്. അത്യാവശ്യം പാത്രങ്ങളും കപ്പുകളും വയ്ക്കാൻ പ്രത്യേക ആകൃതിയിൽ തീർത്ത ക്രോക്കറി ഷെൽഫും. ഊണുമുറി എവിടെ എന്നു ചോദിക്കേണ്ട, പായ വിരിച്ച് നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

Tags:
  • Vanitha Veedu