Thursday 20 April 2023 03:43 PM IST

‘വസ്ത്രം ഹാങ്ങറിൽ ഇടാനുള്ള സൗകര്യം കൂടുതൽ വേണ്ടി വരാം’; യൂസർ ഫ്രണ്ട്‍ലി വാഡ്രോബ് ഒരുക്കാം

Ammu Joas

Senior Content Editor

shutterstock_2179959049

കാലം മാറി, ആളു മാറി, വീടു മാറി, ആവശ്യങ്ങളും മാറി. അപ്പോൾ പിന്നെ വാ‍ഡ്രോബ് മാത്രം മാറാതെങ്ങനെ? മുൻപു വീട്ടിലിടുന്നത്, പുറത്തിടുന്നത് എന്നിങ്ങനെ രണ്ടുതരം വസ്ത്രങ്ങൾ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ ഡേ വെയർ, നൈറ്റ് വെയർ, ഓഫിസ് വെയർ, ഫോർമൽ വെയർ, പാർട്ടി വെയർ, സ്പോർട് വെയർ എന്നിങ്ങനെ പലതായി.  

വാർഡർ (സൂക്ഷിക്കുക), റോബ് (വസ്ത്രം) ഈ രണ്ടു ഫ്രഞ്ചു വാക്കുകൾ ചേർന്നാണു വാ‍ഡ്രോബ് എന്ന വാക്ക് ഉണ്ടായതെങ്കിലും വാഡ്രോബിൽ വസ്ത്രങ്ങൾക്കു പുറമേ മറ്റു ചിലതു കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്. അറിയാം ആ കാര്യങ്ങളും ഒപ്പം വാഡ്രോബ് ഡിസൈനിൽ ശ്രദ്ധിക്കേണ്ട ടിപ്സും.

ഓർക്കാം ഇക്കാര്യങ്ങൾ

∙ നല്ല വാഡ്രോബ് എന്നാൽ മികച്ച സ്റ്റോറേജ് നൽകുന്നതും ഒപ്പം ഒതുക്കമുള്ളതുമായിരിക്കണം. എല്ലാം ചിട്ടയോടെ അടുക്കി വയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നു മിക്കവരും.

∙ വാക് ഇൻ വാഡ്രോബുകൾ പുതുതലമുറ വീടുകളിൽ ചേക്കേറിയിട്ടുണ്ട്. ‘അലമാര’യ്ക്കുള്ളിലേക്കു നടന്നു വന്നു മൂന്നു വശത്തായുള്ള വാഡ്രോബ് ഷെൽഫുകളിൽ നിന്നു ആവശ്യമുള്ളവയെടുത്ത് അണിയാം.

∙ ഒരാഴ്ചയിലെ വസ്ത്രങ്ങൾ ഒന്നിച്ച് ഇസ്തിരിയിടുന്നവർക്കു വസ്ത്രം ഹാങ്ങറിൽ ഇടാനുള്ള സൗകര്യം കൂടുതൽ വേണ്ടി വരാം.

ഷർട്ട്, സാരി എന്നിവ തൂക്കിയിടാനും ലോങ് കുർത്തകൾ, ഡ്രസ്സസ് എന്നിവ ഹാങ്ങറിലിടാനും രണ്ടു വലുപ്പത്തിലുള്ള തട്ടാണു വേണ്ടത്. വസ്ത്രം മടക്കി വയ്ക്കാനുള്ള തട്ടുകൾ കൂടാതെയാണിത്.

സൽവാർ കമ്മീസ്സാണു പതിവു വേഷമെങ്കിൽ ടോപ്പും ബോട്ടവും ദുപ്പട്ടയും ഭംഗിയായി അടുക്കിവയ്ക്കാനുള്ള സൗകര്യവും വേണം. ഉപയോഗിക്കുന്ന വ്യക്തിയുടെ ഉയരം കണക്കാക്കി വാഡ്രോബിന്റെ തട്ടു പണിയാം.

∙ സീലിങ് വരെ ഉയരമുള്ള വാഡ്രോബാണു നല്ലത്. സ്റ്റോറേജ് അധികം ലഭിക്കുമെന്നതു മാത്രമല്ല മെച്ചം. വാഡ്രോബിനു മുകളിൽ പൊടിയടിയുന്നതും തടയാം. വൃത്തിയാക്കലിന്റെ മെനക്കേടുമില്ല.

∙ ഫ്ലോട്ടിങ് വാഡ്രോബ് ആണു പരീക്ഷിക്കാവുന്ന മറ്റൊരു ഡിസൈൻ. തറ നിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന ഇത്തരം വാഡ്രോബ് പണിതാൽ തറയിലെ നനവും  പ്രാണി ശല്യവും വാഡ്രോബിലേക്ക് എത്തുന്നതു തടയാം.

∙ സ്ഥലം കുറവുള്ള മുറിയിലെ വാഡ്രോബിനു സ്ലൈഡിങ് ഡോർ നൽകാം. വാഡ്രോബ് ഷട്ടറിലാകെ കണ്ണാടി പിടിപ്പിച്ചാൽ മുറിക്കു വലുപ്പം തോന്നിക്കും.

∙ എപ്പോഴും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പെട്ടെന്നെടുക്കാനുള്ള എളുപ്പത്തിനു സെന്റർ ഡ്രോയിൽ വയ്ക്കാം.

∙ ബ്രാ, പാന്റീസ്, സ്ലിപ് എന്നിങ്ങനെ അടിവസ്ത്രങ്ങള്‍ വയ്ക്കാനും സോക്സ് സൂക്ഷിക്കാനും ചെറിയ അറകളുള്ള സ്റ്റോറേജ് ബോക്സ് വാഡ്രോബിൽ വയ്ക്കാം.  

∙ ഒരിക്കൽ ഇട്ടശേഷം വീണ്ടും ഇടാനുള്ളവ ഹാങ്ങറിലിടുകയാണെങ്കിൽ അതിനു കീഴെയുള്ള തട്ടിൽ കഴുകാനുള്ള വസ്ത്രങ്ങൾ വയ്ക്കാം. ഇവിടുത്തെ ഷട്ടറിനു ലൂവർ നൽകാം. അല്ലെങ്കിൽ ഓപ്പൺ റാക്കിൽ ലോൺഡ്രി ബാസ്കറ്റ് വയ്ക്കാം.  

dress-track

വസ്ത്രങ്ങൾ മാത്രമല്ല

∙ സ്വർണം, പ്രധാനപ്പെട്ട രേഖകൾ, വിലപിടിപ്പുള്ള വ സ്തുക്കൾ ഇവ വയ്ക്കാൻ പൂട്ടുള്ള ‍ഡ്രോയർ വാ‍ഡ്രോബി ൽ നൽകണം. പെട്ടെന്നു നോട്ടമെത്താത്ത വിധം സീക്രട്ട് ഡ്രോയറായും ഇതു പണിയാം.  

∙ വീട്ടിൽ ഷൂ റാക്കിനു കൂടി ഇടം കണ്ടെത്തുന്നതിനു പകരം വാഡ്രോബിന്റെ താഴത്തെ തട്ട് ഷൂറാക്ക് ആക്കി മാറ്റാം. കാൽ കൊണ്ടു തട്ടിയാൽ തുറന്നു വരുന്ന വിധമുള്ള വലിപ്പുകളാണെങ്കിൽ കൂടുതൽ സൗകര്യമായി.

∙ ഡ്രസ്സിങ് സ്പേസിൽ സ്ഥാനം പിടിക്കുന്നവരാണു സ്കിൻ കെയർ, മേക്കപ് പ്രോഡക്ട്സ്, ആഭരണം, വാച്ച് എന്നിവ. വാഡ്രോബിന്റെ ഭാഗമായി ഡ്രസ്സിങ് ഏരിയ മാറ്റുന്നവർ സൗന്ദര്യവർധക വസ്തുക്കൾക്കും ദിവസേന അണിയുന്ന ആഭരണങ്ങൾക്കും ആഘോഷങ്ങളിൽ മാത്രം തിളങ്ങുന്ന ആഭരണങ്ങൾക്കുമെല്ലാം കണ്ണാടിക്ക് അരികിലായി പ്രത്യേകം അറകൾ നൽകണം.

∙ മിക്കവർക്കും ഒന്നിലേറെ ബാഗും വാലറ്റും ഉണ്ട്. അപ്പോൾ ഉപയോഗിക്കാത്തവ സൂക്ഷിച്ചു വയ്ക്കാനിടം വേണ്ടേ. വാഡ്രോബിൽ തന്നെ അതിനുള്ള സൗകര്യം ഒരുക്കാം.

∙ ഏറ്റവും മുകളിലത്തെ തട്ടുകള്‍ കർട്ടൻ, ബെഡ് ഷീറ്റ്,  കുഷൻ എന്നിവയ്ക്കായി മാറ്റി വയ്ക്കാം.

∙ വാഡ്രോബിനുള്ളിൽ ലൈറ്റിങ് നൽകിയാൽ കൂടുതൽ ഉപയോഗക്ഷമമാകും. മാത്രമല്ല, ഇടയ്ക്കു ലൈറ്റിട്ടാൽ ആ ചൂടിൽ വസ്ത്രങ്ങളെ പൂപ്പൽ പ്രശ്നങ്ങൾ ബാധിക്കുന്നതും കുറയും.

Tags:
  • Vanitha Veedu