Tuesday 07 March 2023 11:37 AM IST

സ്ത്രീകൾക്കും വേണ്ടേ പോക്കറ്റ്? തലയിൽ ബൾബ് മിന്നിച്ച ഐഡിയ! കറുത്ത ലെഗിങ്സിൽ തുടക്കം: ഇന്ന് 100 കോടി വിറ്റുവരവുള്ള കമ്പനി ഉടമ

Vijeesh Gopinath

Senior Sub Editor

minu-womens-day

നവംബർ 15

‘ഫോൺപെ’യിലെ ബ്രാൻഡ് ബിൽഡിങ് ടീമിൽ നിന്നു മിനു മാർഗരറ്റ് രാജിവച്ചു. മനസ്സിലുള്ള സ്റ്റാർട്ട് അപ്പിനു സ്വപ്നത്തിന്റെ ഇന്ധനവും നിറച്ചു സ്റ്റാർട്ട് ചെയ്യാൻ തയാറാക്കി വച്ചിട്ടുണ്ട്. ബ്ലിസ് ക്ലബ്, അതായിരുന്നു ആ ഒാൺലൈൻ ഷോപ്പിങ് സൈറ്റിന്റെ പേര്. സ്ത്രീകൾക്കു മാത്രമുള്ള ‘ആക്ടീവ്’ വസ്ത്രങ്ങൾക്കു വേണ്ടിയുള്ളത്.  
2019 ഡിസംബർ അവസാന ആഴ്ച

ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടു.  ലോകം മുഴുവനും അടഞ്ഞു, ഇന്ത്യയും. ഫാക്ടറികള്‍ നിലച്ചു. ഒാർഡറുകൾ പാതിവഴിയിലായി. ബെംഗളൂരു കോറമംഗലയിലുള്ള അപാർട്മെന്റിലെ ഒറ്റമുറി ഫ്ളാറ്റിൽ ലോകം കീഴ്മേൽ മറിഞ്ഞതിനെക്കുറിച്ചോർത്തു മിനു ഇരുന്നു. വഴി തുറന്നു കിട്ടാനുള്ള കാത്തിരിപ്പ്. നിരാശ കടന്നു വരാതിരിക്കാൻ മനസ്സിന്റെ ജനലുകൾ അടച്ചു വച്ചു.
2023 ജനുവരി

ഇന്ന് ബ്ലിസ് ക്ലബിന്റെ വാർഷിക ആവർത്തിത വ രുമാനം (എആർആർ) നൂറുകോടിയാണ്. പഠിച്ചതും വളർന്നതും ബഹ്റൈനിലും മുംബൈയിലുമൊക്കെയായിരുന്നെങ്കിലും കൊച്ചിയും മലയാളവും ഇപ്പോഴും മിനുവിന്റെ മനസ്സിലുണ്ട്. ‘ബ്ലിസ് ക്ലബിന്റെ ഫൗണ്ടർ.’ ഇതിനു പുറമേ മറ്റൊരു വിലാസം കൂടിയുണ്ട് മിനു മാർഗരറ്റിന്. െപണ്‍കുട്ടികളും വീട്ടമ്മമാരും അടുത്തകാലത്തു ഹരമായി െനഞ്ചേറ്റിയ ‘മീഷോ’ ഒാൺലൈൻ പ്ലാറ്റ്ഫോം സ്ഥാപകൻ വിദിത് ആത്രേയ് യുടെ ഭാര്യ.

ഒരു മലയാളി െപണ്‍കുട്ടി ഒാടിക്കയറിയ വിജയപ്പടവുകളെക്കുറിച്ചു മിനു സംസാരിക്കുന്നു. ബെംഗളൂരുവിലെ ആഡംബരവില്ലയിലിരുന്ന്...
‘‘സ്വപ്നം യാഥാർഥ്യമാക്കാൻ തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ലോകം നിശ്ചലമായി പോയി. എന്തു ചെയ്യും എന്നറിയാത്ത ദിവസങ്ങൾ. അതും ജോലി രാജിവച്ചു മാസങ്ങൾക്കകം. പിന്നീടുള്ള മൂന്നു വർഷം കൊണ്ടു മുപ്പതു  വർഷത്തെ  കരിയർ  പാഠങ്ങളാണു   മനസ്സിലാക്കിയത്.’’

സാധാരണ കുടുംബത്തിൽ നിന്നു കോടികളുടെ നെറുകയിലേക്കുള്ള യാത്രയാണു മിനുവിന്റെത്. ബാങ്ക് ജീവനക്കാരനായ അച്ഛന്റെ മകൾ. ഒൻപതാം ക്ലാസ്സ് വരെ പഠിച്ചതു ബഹ്റൈനിൽ. പിന്നെ യേർക്കാടും കളമശേരി രാജഗിരിയിലും. പതിനഞ്ചുവർ‌ഷം മുൻപാണു കൊമേഴ്സ് പഠിക്കാൻ ബെംഗളൂരു ക്രൈസ്റ്റ് കോളജിലേക്കു വന്നത്.

‘‘പഠനം കഴിഞ്ഞു ഫിനാൻസിൽ തന്നെ ചുവടുവച്ചു. വിപ്രോയിലാണു തുടങ്ങിയത്. പിന്നെ, യുണിലിവറിലേക്ക്. അഞ്ചുവർഷം കഴിഞ്ഞപ്പോൾ അതുവരെ ചെയ്തിരുന്ന ജോലിയിൽ നിന്നു വഴി തിരിയണമെന്നു തോന്നി. അങ്ങനെ ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസിൽ എംബിഎയ്ക്ക് ചേർന്നു. പിന്നെ, ഫോ ൺ പേയുടെ ബ്രാൻഡ് ബിൽഡിങ് ടീമിൽ.
സ്റ്റാർട്ട് അപ്പിന്റെ സ്വർഗമായി ബെംഗളൂരു ഉ യർന്നു വരുന്ന കാലമായിരുന്നു. ചെറുപ്പക്കാരുടെ  സ്വപ്നങ്ങളിലെ ഒരു അധ്യായം തന്നെ സ്റ്റാർട്ട് അപ്പ് എന്നായിരുന്നു. ഞാനും അവരിലൊരാളായിരുന്നു. നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങളുടെ പരിഹാരമാകുന്ന ഒ രു െഎഡിയ, അതു നടപ്പിലാക്കിയാൽ നല്ലൊരു സ്റ്റാർട്ട് അപ്പ് ആകും. ഞാൻ അനുഭവിക്കുന്ന പ്രതിസന്ധികളും തടസ്സങ്ങളും പ്രശ്നങ്ങളും അക്കമിട്ട് എഴുതി. അതിലൊരെണ്ണമായിരുന്നു ‘ആക്ടീവ് വെയറുകൾ’   
 അന്നു ബെംഗളൂരുവിലെ ക്ലബിനു വേണ്ടി അൾട്ടിമേറ്റ് ഫ്രിസ്ബീ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ പങ്കെടുത്തിട്ടുമുണ്ട്. അന്നു സ്ത്രീകൾക്കു സ്പോർട്സ് വെയർ ലഭിക്കാൻ പ്രയാസമായിരുന്നു. കൃത്യമായ അളവില്ലാത്തതു മുതൽ മെറ്റീരിയലിന്റെ ഗുണനിലവാരം വരെ പ്രശ്നം. പലപ്പോഴും ആൺകുട്ടികൾക്കു വേണ്ടിയുള്ള സ്പോർട്സ് വസ്ത്രങ്ങളാണു ഞാൻ ഉപയോഗിച്ചിരുന്നത്.

പോരെങ്കിൽ നമ്മുടെ നാട്ടിൽ വ്യായാമത്തിനുള്ള വ സ്ത്രങ്ങൾ മറ്റു സന്ദർഭങ്ങളിൽ ഉപയോഗിക്കാറില്ല. വിദേശരാജ്യങ്ങളിൽ അങ്ങനെയല്ല. അവർ പുറത്തിറങ്ങുമ്പോഴും സ്പോർട്സ് വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ആ ചിന്തയിൽ നിന്നാണു വ്യായാമത്തിനും ഒപ്പം പുറത്തേക്കിറങ്ങുമ്പോഴും ധരിക്കാവുന്ന വസ്ത്രങ്ങൾ – ആക്ടീവ് വെയറുകൾ എന്ന ചിന്ത വന്നത്.’’ മിനു ഒാർക്കുന്നു.

സ്ത്രീകൾക്കും വേണ്ടേ പോക്കറ്റ്?

സ്വപ്നത്തിന്റെ ഇതളുകൾ വരച്ചു തുടങ്ങിയപ്പോഴാണു ‘പോക്കറ്റ്’ എന്ന ‘ആണധികാരത്തെ’ മിനു തിരിച്ചറിഞ്ഞത്. എന്തുകൊണ്ടാണു സ്ത്രീകളുടെ വസ്ത്രങ്ങൾക്കു പോക്കറ്റുകളില്ലാത്തത്? കാലം മാറി. എല്ലാ കൈകളിലും മൊബൈലുണ്ട്, പഴ്സ് ഉണ്ട്. സ്ത്രീകളും യാത്ര ചെയ്യുന്നു, ഇതൊക്കെയിടാൻ  ബാഗ് കൊണ്ടു നടക്കേണ്ടി വരുന്നു. ആ കാലം മാറണമെന്നു മിനു ഉറപ്പിച്ചു.
‘‘ആക്ടീവ് വസ്ത്രത്തിൽ ലെഗിങ്സ് ആണ് ആദ്യമായി ബ്രാൻഡ് ചെയ്യാൻ തീരുമാനിച്ചത്. അതിൽ പോക്കറ്റ് നിർബന്ധമായും വേണമെന്ന്  ഉറപ്പിച്ചിരുന്നു. ഞാനും ഭർത്താവും ഒരുമിച്ചു പോകുമ്പോൾ പലപ്പോഴും മൊബൈൽ വിദിത്തിനെ ഏൽപ്പിക്കേണ്ടിവരും. പോക്കറ്റ് അദ്ദേഹത്തിനല്ലേയുള്ളൂ. പഴ്സ്, ബാഗ് എല്ലാം സ്ത്രീയുടെ ചലന സ്വതന്ത്ര്യം കുറയ്ക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമാണു പോക്കറ്റ്. കേൾക്കുമ്പോൾ  ലളിതമായി തോന്നാം. പക്ഷേ, ഒരർഥത്തിൽ സ്ത്രീ മുന്നേറ്റത്തിന്റെ അല്ലെങ്കിൽ അവരുടെ സ്വാതന്ത്ര്യത്തിന്റെ ചുവടു തന്നെയാണത്.   
രണ്ടാമത്തെ തീരുമാനം ഉടലിനു  ചേരുന്ന വസ്ത്രം എ ന്നതായിരുന്നു. പലപ്പോഴും  സൈസ് ചാർട്ടുകൾ വിദേശരീതിയാണു പിന്തുടരുന്നത്. അവരുടെ ശരീരരൂപമല്ല ഇന്ത്യക്കാരുടേത്. പ്രത്യേകിച്ച് സ്ത്രീകളുടേത്.  ഇന്ത്യൻ സ്ത്രീകളുടെ ബോഡി ഷേപ്പിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട്.  ആപ്പിൾ ഷേപ്പ്, റെക്ടാങ്കിൾ ഷേപ്പ്, പിയർ ഷേപ്പ്...  ഇതു കണ്ടെത്താൻ പല സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തി മുന്നൂറിലധികം സ്ത്രീകളുടെ അളവെടുത്തു. അതു മുൻനിർത്തി സൈസ് ഉണ്ടാക്കി. പതിമൂന്ന് ബോഡിഷേപ്പിലും ഒൻപത് സൈസിലും ഇപ്പോൾ‌ ഞങ്ങൾക്കു വസ്ത്രങ്ങളുണ്ട്. ഉടലിനൊത്ത ഫിറ്റായ വസ്ത്രങ്ങൾ സ്ത്രീകൾക്കു നൽകുന്ന ആത്മവിശ്വാസം വലുതാണെന്നു തിരിച്ചറിയാനായി.’’ വിജയരഹസ്യങ്ങൾ മിനു പറയുന്നു.

ആ അപാർട്മെന്റ്

കറുത്ത ലെഗിങ്സ്, അതായിരുന്നു ബ്ലിസ് ക്ലബിന്റെ ആദ്യ പ്രൊഡക്ട്. വിരലിലെണ്ണാന്‍ മാത്രമുള്ള ഒാർ‌ഡറുകളെ കിട്ടുന്നുള്ളൂ. പോരെങ്കിൽ ലോക്ഡൗണും.
‘‘ആറേഴുമാസം ഒറ്റയ്ക്കായിരുന്നു. കസ്റ്റമേഴ്സിനോടു സംസാരിക്കാനാണു പ്രധാനമായും ശ്രമിച്ചത്. നൂറുകണത്തിനു സ്ത്രീകളോടു സംസാരിച്ചു. അവരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞു. ലോക്ഡൗൺ കഴിഞ്ഞതോടെ പിച്ചവച്ചു തുടങ്ങി. കോറമംഗലയിലെ ഫ്ളാറ്റിലിരുന്നു പാക്കിങ്. എല്ലാത്തിനും ഞാൻ മാത്രം.

ഒരു ദിവസം മോഡലും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ മാളവിക സിതിലാനിക്കു ഞാൻ പ്രൊഡക്ട്സ് അയച്ചു. ‘ഉപയോഗിച്ച ശേഷം ഗുണമേന്മയുള്ളതാണെങ്കിൽ അഭിപ്രായം അറിയിക്കുക’ എന്ന കുറിപ്പും വ ച്ചു. പക്ഷേ, അദ്ഭുതപ്പെടുത്തിക്കൊണ്ടു ഞങ്ങളെ കുറിച്ച് അ വർ സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റിട്ടു.
 ഫോണിലേക്കു മെസേജുകൾ വന്നു തുടങ്ങിയപ്പോഴാണ് ഈ വിവരം അറിയുന്നത്. ഒറ്റ ദിവസം കൊണ്ട് ഇരുന്നുറോളം ഒാർഡറുകൾ കിട്ടി. ആദ്യത്തെ വലിയ ഒാർഡർ. എ ന്റെ ചേച്ചിയും ഞാനും കൂടി ലെഗിങ്സ് പാക്ക് ചെയ്തു.  പിന്നെ, തിരി‍ഞ്ഞു നോക്കേണ്ടി വന്നില്ല.

കോവിഡ് ജനങ്ങളെ വീട്ടിലിരുത്തിയപ്പോൾ ആ കാലം  ഞങ്ങൾ ‘പോസിറ്റീവ്’ ആയി എടുക്കാൻ തീരുമാനിച്ചു.  ബ്ലിസ് ക്ലബിന്റെ ഇൻസ്റ്റ പേജിലൂടെ ഫിറ്റ്നസിനുള്ള വർക്ക് ഒൗട്ടും യോഗപാഠങ്ങളും സംഘടിപ്പിച്ചു. അതു ഹിറ്റായി. ആയിരക്കണക്കിനു പേർ പങ്കെടുത്ത യോഗ ചലഞ്ച് ലിംക ബുക് ഒാഫ് റെക്കോർഡ്സിൽ സ്ഥാനം നേടി. നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും പതിനായിരത്തോളം സ്ത്രീകൾ ഇന്ത്യയുടെ പല ഭാഗത്തായി നടന്നു കൊണ്ടിരിക്കുകയാണ് – ഞങ്ങൾ സംഘടിപ്പിക്കുന്ന മറ്റൊരു ചലഞ്ച്,
വ്യായാമം എന്നു പറഞ്ഞാൽ സിക്സ് പാക്ക് എന്നല്ല അർഥം, നമുക്കു വേണ്ടി മാറ്റി വയ്ക്കുന്ന കുറച്ചു സമയം എന്നു കൂടി അർഥമുണ്ട്. വ്യായാമം തന്നെ വേണമെന്നില്ല. വീട്ടിലെ നടത്തവും മക്കളെ സ്കൂൾ ബസിൽ കയറ്റാന്‍ പോകുന്നതും എല്ലാം ഈ സ്വാതന്ത്ര്യത്തിൽ പെടും. ബ്ലിസ് എന്ന വാക്കിന് ആനന്ദം, ആഹ്ലാദം എന്നൊക്കെയാണല്ലോ അർഥം, ആഹ്ലാദിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ എന്ന അ ർഥത്തിലാണു ബ്ലിസ് ക്ലബ് എന്നു പേരിട്ടത്.

ഇപ്പോൾ നൂറ്റിഅറുപതോളം ജീവനക്കാരുണ്ട്.  നൂറുകോ ടിയോളം രൂപയുടെ വിറ്റ് വരവും.  മുപ്പത്തഞ്ചോളം പ്രമുഖർ ഞങ്ങളുടെ സ്റ്റാർട്ട് അപ്പിൽ‌ സാമ്പത്തിക നിക്ഷേപം നടത്തി. വാട്സ് ആപ് മുൻ സിഇഒ നീരജ് അറോറ, ക്രെഡ് ഫൗണ്ടർ‌ കുനാൽ ഷായൊക്കെ അവരിൽ‌ ചിലരാണ്. അതോടെ  സ്വപ്നം ഉയരങ്ങളിലേക്കു പറക്കാൻ തുടങ്ങി. ’’ ബിസിനസ് ആനന്ദങ്ങളെകുറിച്ചു മിനു മാർഗരറ്റ്.

ചെറുപ്പത്തോടു പറയാൻ

സ്റ്റാർട്ട് അപ് സ്വപ്നത്തിന്റെ റൂട്ട് മാപ് മനസ്സിലുള്ള ഒരുപാടു ചെറുപ്പക്കാരുണ്ട്. ജോലി ഉപേക്ഷിച്ച് എടുത്തു ചാടണോ അതോ പരീക്ഷിച്ചിട്ട് ‘െഎ ക്വിറ്റ്’ എന്നു പറയണമോ എന്നാണു പലരുടെയും ചിന്ത. നാലു മൾ‌ട്ടി നാഷനൽ കമ്പനികളിലെ ജോലിയിൽ നിന്നു ബ്ലിസ് ക്ലബിലേക്കു ലാൻഡ് ചെയ്ത അനുഭവ വെളിച്ചത്തിൽ മിനു പറയുന്നത് ഇങ്ങനെ
‘‘ജോലി തിരഞ്ഞെടുപ്പിൽ ഇന്നത്തെ ചെറുപ്പം വളരെ പോസിറ്റിവ് ആണ്. അവർക്കു ജോലിയേക്കാൾ വലുതു ക മ്പനിയുടെ ലക്ഷ്യമാണ്. ശമ്പളത്തെക്കാൾ കമ്പനി അവരെ തൃപ്തിപ്പെടുത്തുമോ എന്നു പലരും ചിന്തിക്കുന്നു.


ജോലി ചെയ്യുമ്പോൾ തന്നെ പല സമയങ്ങളിലായി  മൂന്ന് സ്റ്റാർട്ട് അപ് ഞാൻ  തുടങ്ങിയിരുന്നു. സ്റ്റാർട്ട് ആയി ഒാടിത്തുടങ്ങിയാലേ  ജോലി രാജിവയ്ക്കൂ എന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ,  മൂന്നും നഷ്ടത്തിൽ നിന്നു പോയി. ഇരുപത്തിനാലാമത്തെ വയസ്സിലെ ആ പരാജയങ്ങൾ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. സ്റ്റാർട്ട് അപ് തുടങ്ങണമെങ്കിൽ അതിലേക്ക് മുഴുവനായും ഇറങ്ങി െചല്ലണം. ജോലിയും സ്റ്റാർട്ട് അപ്പും ഒരുമിച്ചു കൊണ്ടുപോകാനാകില്ല. ഒാരോ ദിവസവും പ്രതിസന്ധികളുണ്ടാകും. ആഴത്തിൽ മനസ്സിലാക്കി അതു മറികടന്നാലേ മുന്നോട്ടു പോകാനാകൂ. അതുകൊണ്ടു ജോലിയിൽ നിന്നു ധൈര്യമായിറങ്ങുക, സ്വപ്നത്തിനു വേണ്ടി ഉണർന്നു ജോലി ചെയ്യുക, പരാജയമുണ്ടായാൽ മറ്റൊരു വഴി കാത്തിരിക്കുന്നുണ്ടാകും, ഉറപ്പാണ്.

minu-margarat

കുടുംബം

മീഷോയുടെ ഫൗണ്ടറും സിഇഒയുമായി വിദിത് ആത്രേയ് ആണു മിനുവിന്റെ ഭർത്താവ്. വിദിത്തിനെക്കുറിച്ചു ചോദിച്ചപ്പോഴേ പൊട്ടിച്ചിരിയോടെ മിനു പറഞ്ഞു, ‘‘വിദിത് അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലും എന്നെക്കുറിച്ചു പറയാറില്ല. അതുകൊണ്ട് ഞാനും ഇതിൽ വിദിത്തിനെ കുറിച്ചു സംസാരിക്കുന്നില്ല. വിദിത്തുമായി അഭിമുഖത്തിനുള്ള സമയം തീരുമാനിച്ച ശേഷം അതെല്ലാം നേരിട്ടു ചോദിച്ചോളൂ...

ഞങ്ങൾ  സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. അന്നദ്ദേഹം മീഷോ തുടങ്ങിയിട്ടില്ല. ഇപ്പോൾ ഞങ്ങളുടെ ജോലിയുടെ സ്വഭാവം എന്താണെന്നു രണ്ടു പേർക്കും കൃത്യമായി അറിയാം. ഈ യാത്രയുടെ ടെൻഷനും അതിനായി ചെലവാക്കുന്ന സമയവും രണ്ടുപേർക്കും വ്യക്തമായ ധാരണയുണ്ട്. ആഴ്ചകളോളം പരസ്പരം കാണാനാകില്ല. ഇതൊക്കെ മനസ്സിലാക്കാൻ വലിയ അളവിലുള്ള അനുകമ്പ രണ്ടുപേരുടേയും മനസ്സിൽ വേണം.

ഞായറാഴ്ചകളിലാണു പരസ്പരം കണ്ടുമുട്ടാറുള്ളത് ഫോൺ അരികിൽ തന്നെ ഉെണ്ടങ്കിലും കഴിയുന്നതും എ ടുക്കാറില്ല. ഞങ്ങൾക്കിഷ്ടപ്പെട്ട ഗെയിംസിനു പോകും. അല്ലെങ്കിൽ ഗാർഡനിൽ‌.  വൈകിട്ട്  സുഹൃത്തുക്കളുടെ അടുത്ത്... തിങ്കൾ മുതൽ പിന്നെയും തിരക്കിലേക്ക്. ഏതൊരു യാത്രയുടെയും വിജയം അതിന്റെ സന്തോഷമാണ്. പ്രത്യേക ഉയരത്തിൽ ബിസിനസ് എത്തിയാലേ വിജയിക്കൂ എന്നൊന്നും ഇല്ല. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷിക്കാനാകണം.  ഞങ്ങൾക്കതു കഴിയുന്നുണ്ട്.  ചെറിയ വിജയം ഉണ്ടായാൽ പോലും അത് ആഘോഷിക്കും.

അച്ഛനും അമ്മയും ഇപ്പോൾ കൊച്ചി കാക്കനാട്ടാണ് താമസം. അച്ഛൻ സെബി ജോൺ മുപ്പതു വർഷത്തോളും ബാങ്കിങ് രംഗത്തായിരുന്നു ജോലി ചെയ്തത്. ആനി എ ന്നാണ് അമ്മയുടെ പേര്. ചേച്ചി നിസി ആൻമേരി.

സ്വന്തം കാലിൽ ജീവിക്കണം. അതായിരുന്നു കുട്ടിക്കാലം മുതൽക്കേ പഠിപ്പിച്ചത്. പെൺകുട്ടിയായതു കൊണ്ടു   മാത്രമുള്ള നിയന്ത്രണങ്ങളൊന്നും ഇല്ലായിരുന്നു. നല്ല ജോലിയിൽ ഇരിക്കുമ്പോഴാണു ഞാൻ രാജിവച്ചു സ്റ്റാർ‌ട്ട് അപ് തുടങ്ങുന്നത്. പെൺ‌കുട്ടി ബിസിനസ് തുടങ്ങാൻ പോകുന്നതൊന്നും അച്ഛനേയും അമ്മയേയും ആശങ്കപ്പെടുത്തിയേയില്ല. ആ സ്വാതന്ത്ര്യമാണ് ഇന്നത്തെ ഞാൻ.’’

വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ