Friday 08 April 2022 12:51 PM IST : By സ്വന്തം ലേഖകൻ

‘പാർക്കിൻസൺസ് രോഗബാധിത, ഒന്നര വർഷത്തോളമായി ചേച്ചി കിടപ്പിൽ’: വേദനയോടെ ഇടവേള ബാബു

idavela-babu-rama

പ്രിയ താരം ജഗദീഷിന്റെ ഭാര്യ ഡോ. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്ന് ഇടവേള ബാബു. തന്റെ അമ്മാവന്റെ വിദ്യാർഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു. തനിക്കും സഹപ്രവർത്തകർക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും ഇടവേള ബാബു പറഞ്ഞു. അന്തരിച്ച ഡോ. രമയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡോ. രമ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ ഉന്നതസ്ഥാനത്തു പ്രവർത്തിച്ച ഒരു ഡോക്ടർ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവൻ ഫൊറൻസിക് ഡോക്ടർ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനി ആയിരുന്നു രമ ചേച്ചി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകൻ എന്ന നിലയിൽ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

ഞങ്ങൾ സഹപ്രവർത്തകർക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്. ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.’

More