Monday 17 May 2021 11:33 AM IST

സോഷ്യൽ മീഡിയ തിരഞ്ഞ വീട് ഇതാ... അഞ്ച് സെന്റിലെ നടുമുറ്റമുള്ള വീട്

Sreedevi

Sr. Subeditor, Vanitha veedu

shyam 1

അഞ്ച് സെന്റിലെ വീട് എത്രത്തോളം വിശാലമാകാം? ഇതിനുള്ള ഉത്തരമാണ് കുളത്തറയിലെ കണ്ണൻ നായരുടെ വീട്. ഡിസൈൻ ചെയ്‌തത് ആർക്കിടെക്‌ട് ശ്യാം രാജ് ചന്ദോത്ത്.

‘‘ഞങ്ങളുടെ പാർട്നറും സിവിൽ എൻജിനീയറുമായ നന്ദഹരിയുടെ കുടുംബസുഹൃത്താണ് കണ്ണൻ നായർ. ലളിതവും പതിവു മാതൃകകളിൽ നിന്ന് വേറിട്ടുനിൽക്കുന്നതുമായ  ഒരു വീടാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആർഭാടങ്ങളില്ലാതെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിലുള്ള വീടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ച ശേഷം പലദിവസങ്ങളിലായി കുറെയേറെ സമയം ഞങ്ങൾ അദ്ദേഹവുമായി പങ്കിട്ടു. ധാരാളം കാര്യങ്ങൾ ചർച്ച ചെയ്തു. 

shyam 8

കരമനയാറിനോട് ചേർന്നുള്ള അഞ്ച് സെന്റ് ചെറുതെങ്കിലും സുന്ദരമായിരുന്നു. അടുത്ത് വീടുകൾ കുറവ്. ‘അടുത്തടുത്ത് വീടുകൾ വന്നാലും സ്വകാര്യത ലഭിക്കുന്ന രീതിയിലാകണം വീടിന്റെ ഡിസൈൻ,’ ഇതാണ് പ്ലോട്ട് കണ്ടപ്പോൾ മനസ്സിലുയർന്ന ആദ്യ ചിന്ത. നഗരങ്ങളിലെ ചെറുപ്ലോട്ടുകളിൽ പിന്തുടരാവുന്ന ഒരു ‘പ്രോട്ടോടൈപ്പ്’ അഥവാ ‘മാതൃക’ എന്ന നിലയിൽ വീട് രൂപപ്പെടുത്തണം എന്നതായിരുന്നു ലക്ഷ്യം. വീതി കുറഞ്ഞ് നീളം കൂടിയ ‘സ്ട്രിപ്’ ആകൃതിയിലുള്ള അഞ്ച് സെന്റിൽ പരമ്പരാഗത ശൈലിയിലുള്ള നടുമുറ്റം ഉൾക്കൊള്ളിച്ചു വീടു രൂപകൽപന ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. മുറികൾക്ക് ആവശ്യത്തിന് വലുപ്പം നൽകിക്കൊണ്ട് കോർട്‌യാർഡ് കൂടി ഉൾപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. സ്ഥലം പാഴാകാത്ത രീതിയിൽ  ലിവിങ് സ്പേസിന്റെയെല്ലാം ഭാഗമായി കോർട്‌യാർഡ് ഉൾപ്പെടുത്താനായതാണ് രൂപകൽപനയിലെ വഴിത്തിരിവ്.’’ ശ്യാം പറയുന്നു.

shyam 6

സിറ്റ്ഔട്ടിനും പോർച്ചിനും പിന്നിൽ     വീടിന് ഒത്ത നടുവിലായുള്ള ഇടനാഴി വീട്ടുകാരെയും അതിഥികളെയും ഇരുകയ്യും നീട്ടി സ്വീകരിക്കും. ഇടനാഴിയുടെ വലതുവശത്തായാണ് നടുമുറ്റം. ഇതിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഇടതുവശത്ത്  ലിവിങ്, ഡൈനിങ് ഏരിയയുടെ ക്രമീകരണം. ഒരു വശത്ത് ഗ്ലാസ് ഭിത്തി ആയതിനാൽ പിന്നിലുള്ള കിടപ്പുമുറിയിൽ നിന്ന് നടുമുറ്റത്തെ കാഴ്ചകൾ ആസ്വദിക്കാം.

shyam 5

വീടിന്റെ ഹൃദയഭാഗമാണ് നടുമുറ്റം. പ്രകൃതിയെ വീടിനുള്ളിലേക്കു സ്വീകരിക്കുന്നതിനൊപ്പം വീട്ടകത്ത് ഊഷ്മളത പകരുകയും ചെയ്യുന്നു ഇവിടം. സൂര്യപ്രകാശവും നിലാവും മഴത്തുള്ളികളും  സ്വാതന്ത്ര്യത്തോടെ ഇവിടേക്കെത്തും. മതിൽ കൂടി വീടിന്റെ ഭാഗമാക്കിയതിലൂടെയാണ് ചെറിയ സ്ഥലത്ത് നടുമുറ്റം യാഥാർഥ്യമായത്.  പൂജാ സ്പേസ്, സോഫ്റ്റ്സ്കേപ്, വാട്ടർബോഡി എന്നിവ നടുമുറ്റത്ത് ഉൾക്കൊള്ളിക്കാനായതോടെ ഇവിടം സജീവമായി. ഉറപ്പുള്ള സ്റ്റീൽ ഫ്രെയിം നൽകി ഇവിടം സുരക്ഷിതമാക്കുകയും ചെയ്തു.

shyam 4

ഭിത്തിയുടെ എണ്ണം കുറച്ച് ഓപൻ ഡിസൈൻ പിന്തുടർന്നിരിക്കുന്ന ഒന്നാംനിലയിൽ ലിവിങ്, ഡൈനിങ്, അടുക്കള, ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. വീടിനു പിന്നിലൂടെ ഒഴുകുന്ന കരമനയാറിനെ അഭിമുഖീകരിക്കുന്ന രീതിയിൽ രണ്ട് കിടപ്പുമുറികളാണ് മുകളിലെ നിലയിൽ. ഗ്ലാസ് ഭിത്തി നൽകിയതിനാൽ സുന്ദരദൃശ്യങ്ങൾ ആവോളം ആസ്വദിക്കാം. വീട്ടുകാരുടെ താൽപര്യംപോലെ ഇന്റീരിയറിൽ ഒരിടത്തും അലങ്കാരങ്ങളുടെ യാന്ത്രികതയില്ല. സ്വാഭാവിക നിറങ്ങളും പരുപരുത്ത പ്രതലങ്ങളും തടിയുടെ വശ്യതയുമൊക്കെയാണ് വീടിന് അഴകു പകരുന്ന ഘടകങ്ങൾ.

shyam 2

1.

shyam 7

2.

syam new

 കടപ്പാട്: ശ്യാം രാജ് ചന്ദ്രോത്ത്

വ്യൂ പോയിന്റ് ഡിസൈൻസ്, തൃശൂർ

arshyamraj@gmail.com

Tags:
  • Vanitha Veedu