Wednesday 08 May 2019 05:05 PM IST : By സ്വന്തം ലേഖകൻ

കാറ്റിനെ കൂട്ടിലാക്കും ചൂടിനെ പുറത്തു നിർത്തും; മേൽക്കൂരയാണ് പള്ളിവീടിന്റെ ഹൈലൈറ്റ്

hme

ചില വീടുകൾ അങ്ങനെയാണ്, റോഡിലൂടെ പോകുന്നവരുടെ കണ്ണിൽപെടാതെ ഒതുങ്ങിനിൽക്കും. വീട്ടുകാർക്കു വേണ്ടി മാത്രം പണിത വീടുകളാണവ. കൊല്ലം നീണ്ടകരയിൽ ആന്റണി അലോഷ്യസിനും ഭാര്യ സീനയ്ക്കും വേണ്ടി ആർക്കിടെക്ടുമാരായ അജയ് എബിയും താര പണ്ടാലയും ഡിസൈൻ ചെയ്ത ഈ വീട് അത്തരത്തിലുള്ള ഒന്നാണ്. പച്ചപ്പിനിടയിലൂടെ കാർപോർച്ചും വലിയൊരു ജനലും മാത്രമേ പുറത്തു കാണൂ. പക്ഷേ, ആരിലും അകത്തെ കാഴ്ചകളെക്കുറിച്ചുള്ള ആകാംക്ഷയുണ്ടാക്കുന്നവിധം സുന്ദരമാണ് ഈ ജനലും പോർച്ചും.

താമസിക്കുന്ന വീട് പുതുക്കിപ്പണിയണം എന്ന ലക്ഷ്യവുമായാണ് ആന്റണിയും സീനയും അജയ്–താര ആർക്കിടെക്ട് ദമ്പതിമാരെ സമീപിച്ചത്. പക്ഷേ, ഭിത്തികൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. അടിത്തറ പോലും ഉപയോഗയോഗ്യമല്ല. അങ്ങനെ പുതിയ വീട് നിർമിക്കുന്നതാണ് പുതുക്കിപ്പണിയുന്നതിലും നല്ലത് എന്ന തീരുമാനത്തിലെത്തി വീട്ടുകാരും ആർക്കിടെക്ടുമാരും.

പള്ളി പോലെ വീട്

വലിയ ആവശ്യങ്ങളോ നിബന്ധനകളോ ഒന്നും ആന്റണിയും കുടുംബവും വച്ചില്ലെന്ന് ആർക്കിടെക്ടുമാർ പറയുന്നു. നിത്യജീവിതത്തിൽ പ്രാർഥനയ്ക്ക് വലിയ സ്ഥാനം നൽകുന്ന വീട്ടുകാർക്ക് പള്ളിയെ ഓർമിപ്പിക്കുന്ന വീട് വേണം എന്നുണ്ടായിരുന്നു. ഒന്നിൽ കൂടുതൽ മെറ്റീരിയലുകൾ ഉപയോഗിച്ച്, വീട് നിർമാണസാമഗ്രികളുടെ കാഴ്ചബംഗ്ലാവ് ആകേണ്ട എന്നും ആന്റണി തീരുമാനിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും മനസ്സിൽ വച്ചാണ് അജയും താരയും വീട് ഡിസൈൻ ചെയ്തത്. പരമ്പരാഗതശൈലിയുടെ ചുവടുപിടിച്ചാണ് വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും മോടികൂട്ടിയത്.

താമസക്കാരുടെ ജീവിതരീതി, പ്ലോട്ടിന്റെ പ്രത്യേകത ഇതെല്ലാം പ്ലാനിന് ആസ്പദമായി. പ്രത്യേക ആകൃതിയില്ലാതെ, പിറകിലേക്കു നീണ്ടു കിടക്കുന്ന പ്ലോട്ടായതുകൊണ്ടാണ് വീടിന്റെ മുൻകാഴ്ച കാർപോർച്ചിലും ജനാലയിലും ഒതുങ്ങിപ്പോയത്. വീടിന്റെ പിറകുവശത്ത്, അരകിലോമീറ്റർ അടുത്ത് കടൽ ആണെന്നത് ജനലുകളുടെ വലുപ്പത്തെയും ഡിസൈനിനെയും സ്വാധീനിച്ചു. കിടപ്പുമുറി നാലും വീടിനു പിറകിലാണ് വിന്യസിച്ചത്.

കാറ്റിനെ കൂട്ടിലാക്കാൻ

ജനലുകളുടെ സ്ഥാനം മാത്രമല്ല, ഘടനയും കാറ്റിനെ പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ്. കോമൺഏരിയയിൽ സൂര്യപ്രകാശവും ശുദ്ധവായുവും ആവശ്യത്തിനു കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഫാമിലി ലിവിങ്ങിൽ കോർട‌്‌യാർഡും മുഴുനീളൻ ജനലും ക്രമീകരിച്ചത്. ചില പാളികളിൽ ഗ്ലാസ് ഉറപ്പിച്ചും ചില പാളികളിൽ അഴിയിട്ട് കൊതുകുവല മാത്രം പിടിപ്പിച്ചുമാണ് ഈ ജനലുകൾ ഡിസൈൻ ചെയ്തത്.

h1

കിടപ്പുമുറികളിലെ ജനലുകൾക്കും വെളിച്ചം തടസ്സപ്പെടുത്താവുന്ന അഴികളില്ല. ലിവിങ്ങിലേക്ക് പ്രകാശമെത്തിക്കുന്നത് ഗ്ലാസിട്ട കോർണർ വിൻഡോയാണ്. ഈ ജനലുകളെല്ലാം വീടിന്റെ എക്സ്റ്റീരിയർ ഭംഗിയുടെ കൂടി ഭാഗമാണ്.

അകത്തളത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഡ ബിൾ ഹൈറ്റ്. ആരാധനാലയങ്ങളെ ഓർമിപ്പിക്കുന്ന വീടാകണം എന്ന വീട്ടുകാരുടെ ഇഷ്ടം കണക്കിലെടുത്തും ഡബിൾ ഹൈറ്റ് തരുന്ന പ്രഭാവം ഓർത്തുമാണ് ആർക്കിടെക്ടുമാർ ഇത്തരത്തിൽ ഡിസൈൻ ചെയ്തത്. ഡബിൾ ഹൈറ്റ് , അകത്തളത്തിനു പകരുന്ന കുളിർമ അവഗണിക്കാവുന്ന കാര്യമല്ല. വീടിന്റെ പൊതുവായ ഡിസൈനോടു ചേർന്നു നിൽക്കാൻ സിറ്റ്ഔട്ടും കാർപോർച്ചുംവരെ ഡബിൾ ഹൈറ്റിലാണ് നിർമിച്ചിരിക്കുന്നത്.

ചൂടിനു വിട

മുറികൾക്ക് ഡബിൾ ഹൈറ്റ് ആയതുകൊണ്ടുതന്നെ ഭിത്തിയിൽ പിടിപ്പിക്കാവുന്ന ഫാനുകളാണ് അകത്തളത്തിൽ. എന്നാൽ അവ പ്രവർത്തിപ്പിക്കേണ്ട ആവശ്യം പലപ്പോഴും വരാറില്ല. കടൽ തരുന്ന കാറ്റ് മാത്രമല്ല കാരണം. വീടിനുള്ളിലേക്കു ചൂട് കടത്തിവിടാതെ കാക്കുന്ന മേൽക്കൂരയാണ് ഇവിടെ.

സാധാരണ കോൺക്രീറ്റ് വാർപ്പിനു പകരം മൂന്ന് പാളിയായുള്ള ലോഹമേൽക്കൂരയാണ് ആർക്കിടെക്ടുമാർ പരീക്ഷിച്ചത്. ജിഐ ട്രസ്സിട്ട്, അതിനു മുകളിൽ ഡിസൈനില്ലാത്ത ജിഐ ഷീറ്റ് വിരിച്ചു. അതിനു മുകളിൽ തെർമോക്കോൾകൊണ്ടുള്ള ഇൻസുലേറ്റർ, ഏറ്റവും മുകളിൽ ഓട് ഇങ്ങനെയാണ് മൂന്ന് പാളികൾ. ഓട് സൂര്യപ്രകാശം പ്രതിഫലിപ്പിച്ചും ഇൻസുലേറ്റർ പാളി ചൂട് താഴേക്കു കടക്കാതെയും സംരക്ഷിക്കുന്നു. മേൽക്കൂര വാർക്കാത്തതിനാൽ അടിത്തറ കൂടുതൽ താഴ്ത്തേണ്ടിവന്നില്ല എന്നത് സാമ്പത്തികലാഭം ഉണ്ടാക്കി.

ഓപൻ സ്ട്രക്ചർ

ഭിത്തികൾ കുറച്ചു നൽകി അകത്തളം വിശാലമാക്കുന്നതിൽ ആർക്കിടെക്ടുമാർ ശ്രദ്ധിച്ചിട്ടുണ്ട്. ലിവിങ്–ഡൈനിങ്–അടുക്കള ഇവയെല്ലാം പരസ്പരം തുറന്നിരിക്കുന്നു. കിടപ്പുമുറികൾ കിടക്കാൻ മാത്രം എന്ന ലക്ഷ്യത്തോടെ നിർമിച്ചതിനാൽ വലുപ്പം കുറവാണ്. പ്രധാനകിടപ്പുമുറിയുടേത് ഒഴിച്ചു നിർത്തിയാൽ ബാത്റൂമുകൾക്കും ആവശ്യത്തിനു മാത്രം വലുപ്പം.

h3

ഇഷ്ടിക, തേക്ക് ഇതു രണ്ടും പ്രധാനമായി ഉപയോഗിച്ചാണ് നിർമാണം. മരപ്പണി തീർക്കാൻ ആശാരിമാർ രണ്ട് വർഷം പ്ലോട്ടിൽ താമസിച്ചു. വാതിലുകളും ജനലുകളും ഗോവണിയും കബോർഡുകളും ഗെയ്റ്റുമെല്ലാം തടിയാണ്. തടികൊണ്ടുള്ള ഫ്രെയിമിൽ ഓടിട്ടാണ് സിറ്റ്ഔട്ടിന്റെയും കാർപോർച്ചിന്റെയും മേൽക്കൂരയുടെ നിർമാണം. അകത്തെ ഫോൾസ്‌ സീലിങ്ങിനും തേക്കു തന്നെ ഉപയോഗിച്ചു. അവശേഷിച്ച തടിക്കഷണങ്ങൾ ഉപയോഗിച്ച് ചിലയിടത്ത് ഫ്ലോറിങ്ങും ചെയ്തു. കിടപ്പുമുറികളിൽ ജനലിനോടു ചേർന്ന് തടിപ്പലക കൊണ്ട് ഇരിപ്പിടവും നിർമിച്ചു.

മാർബിളും തടിയും കൊണ്ടുള്ള നിലം വീടിന്റെ മറ്റു ഘടകങ്ങളോടു ചേർന്നുനിൽക്കുന്നു. ഫർണിച്ചറും ഭിത്തിയിൽ വച്ച ചിത്രങ്ങളുമെല്ലാം ആർക്കിടെക്ടുമാരുടെ നിർദേശപ്രകാരമാണ് തിരഞ്ഞെടുത്തത്. കർട്ടനുകൾ ചിലതെല്ലാം റെഡിമെയ്ഡും മറ്റുള്ളവ പ്രത്യേകം പറഞ്ഞ് തയ്പ്പിച്ചതുമാണ്.

മുറികളിലൂടെ

സിറ്റ്ഔട്ടിൽനിന്ന് സ്വീകരണമുറിയിലേക്കു കയറുമ്പോൾ എതിർഭിത്തിയിൽ വലിയ കുരിശ് കാണാം. പ്രാർഥനായിടം ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് ഫാമിലി ലിവിങ്ങും ഡൈനിങ്ങും ഉൾപ്പെടുന്ന ഹാളിലേക്ക്. ഡൈനിങ്ങിലേക്ക് തുറന്നിരിക്കുന്ന അടുക്കളയുടെ തുടർച്ചയായി വർക്കിങ് കിച്ചനും സ്റ്റോറുമുണ്ട്. ഗോവണിയുടെ അടിയിൽ വാഷ്ഏരിയ. താഴത്തെ നിലയിലെ മുറികളുമായി എളുപ്പത്തിൽ സംവേദിക്കാവുന്ന വിധത്തിലാണ് മുകളിലെ മുറികളും.

വീടിന്റെ ഘടന സങ്കീർണമാകരുത് എന്ന അഭിപ്രായമുള്ളവർക്ക് ഒരുപാട് ഘടകങ്ങൾ ഇവിടെനിന്ന് സ്വാംശീകരിക്കാനാകും. ഇനി അഭിപ്രായം അങ്ങനെയല്ലെങ്കിലും കണ്ണുകൾ തീർച്ചയായും ഈ വീടിന്റെ സൗന്ദര്യത്തിനു കീഴടങ്ങും. ■

Project Facts
Area: 2800 sqft     Architects: അജയ് എബി, താര പണ്ടാല     Location: നീണ്ടകര, കൊല്ലം