Wednesday 16 December 2020 06:21 PM IST

വേൾഡ് ആർക്കിടെക്ചർ കമ്യൂണിറ്റി അവാർഡ് നേടിയ വീട് ‘ദ് ബ്രിക്ഹൗസ്’, പരമ്പരാഗതമാണ് ഒപ്പം ആധുനികവും

Sunitha Nair

Sr. Subeditor, Vanitha veedu

sreejith1

ഡോ. അനൂപ് നാരായണനും ഡോ. ആര്യയും ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസനോട് ചുരുക്കം ചില കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. കാർപോർച്ചിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് പ്രവേശനം വേണം, സ്വകാര്യതയെ ബാധിക്കാത്ത വിധം തെക്കുവശത്ത് കൺസൽറ്റിങ് റൂം വേണം വായുസഞ്ചാരമുള്ള ഇന്റീരിയർ, ടെറസിലെ കളിസ്ഥലം, ഡൈനിങ് റൂമിലിരുന്ന് ലിവിങ് റൂമിലെ ടിവി കാണുക അങ്ങനെ ചിലത്...

sreejith2

4250 ചതുരശ്രയടിയിലുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, പൂജാ റൂം, കോർട്‌യാർഡ്, ഫാമിലി ലിവിങ്, അടുക്കള, വർക്ഏരിയ, സ്റ്റോർ, അഞ്ച് കിടപ്പുമുറികൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗെസ്റ്റ് ബെഡ്റൂമും കൺസൽറ്റേഷൻ റൂമും വേറിട്ടൊരു സമുച്ചയമായി നിലകൊള്ളുന്നു. ഇഷ്ടിക പാകിയ വഴിയിലൂടെ ഇവിടേക്കെത്താം. ഇതിനരികിലായാണ് കുളം.

sreejith5

നീളത്തിൽ ആകൃതിയൊക്കാത്ത ഇടുങ്ങിയ പ്ലോട്ടിലെ ഡിസൈന് നിരവധി വെല്ലുവിളികളാണ് ശ്രീജിത്തിന് മുന്നിലുണ്ടായിരുന്നത്. ഡോ. ആര്യ ഒരു നല്ല നർത്തകി കൂടിയായതിനാൽ ജീവിതത്തിന്റെ വൈവിധ്യത്തെ ചിത്രീകരിക്കുന്ന വേദിയായി വീട് രൂപകൽപന ചെയ്യാൻ ശ്രമിച്ചു.വിശദാംശങ്ങൾ വരെ സൂക്ഷ്മമായി ശ്രദ്ധിച്ചാണ് വീട് ഒരുക്കിയത്. പൊതുവെ കാണുന്നവെള്ള നിറത്തിലുള്ള കോൺട്രാസ്റ്റ് ലിന്റൽ ഒഴിവാക്കി. അങ്ങനെ എല്ലാ രീതിയിലും സ്പെഷലാണ് വീട്! ഭിത്തികളും തൂണുകളും പരമാവധി കുറച്ച് ഓപൻ പ്ലാനിലാണ് വീട് ഒരുക്കിയത്. ഇടങ്ങളുടെ ക്രമം കൃത്യമായി പാലിച്ചു. പ്രകൃതിയെ അകത്തേക്കു കൊണ്ടുവരുന്നതിനൊപ്പം സ്വകാര്യത നൽകാനും ശ്രദ്ധിച്ചു. അതിനായി ജാളിയെ കൂട്ടുപിടിച്ചപ്പോൾ വീട്ടിനുള്ളിൽ നല്ല വായു സഞ്ചാരവും ലഭിച്ചു.

sreejith4

ബ്രൈറ്റ് നിറങ്ങൾ ഇന്റീരിയറിൽ വേണമെന്ന വീട്ടുകാരുടെ ആവശ്യം മറ്റൊരു വെല്ലുവിളിയായിരുന്നു. വീടിന്റെ ഭംഗിയെ ഇതു ബാധിക്കുമെന്നു തോന്നിയതിനാൽ അത് പുതിയ രീതിയിൽ ആവിഷ്കരിച്ചു. നിറമുള്ള ഇന്റീരിയർ എന്ന അവരുടെ ആവശ്യത്തിന്റെ കാതലായ ഭാഗത്തിൽ ശ്രദ്ധയൂന്നി തേക്കാത്ത ഇഷ്ടികയുടെ ഊഷ്മളതയും ഭംഗിയും മനസ്സിലാക്കി കൊടുത്തു. ചുമരുകൾക്ക് പലയിടങ്ങളിലും ചാരനിറം പരീക്ഷിച്ചു. കൃത്രിമമായ നിറങ്ങൾ ഉപയോഗിക്കാതെ ഇഷ്ടിക, കോൺക്രീറ്റ്, വുഡ് വെനീർ, സ്വാഭാവിക വെളിച്ചം, തേച്ച ഭിത്തി തുടങ്ങിയ നിർമാണ സാമഗ്രികളുടെ പ്രകൃതിദത്ത നിറങ്ങളിലൂടെയാണ് വീട് ബ്രൈറ്റ് ഇന്റീരിയർ സ്വന്തമാക്കിയത്. ചോർച്ച ഒഴിവാക്കാൻ വാട്ടർ പ്രൂഫ് മിശ്രിതം ഉപയോഗിച്ചാണ് തേച്ചത്. അമ്പലങ്ങളിലും മറ്റും കല്ലുകൾക്കും ഗ്രാനൈറ്റിനും മുകളിൽ നൽകുന്ന സ്റ്റോൺ ക്ലിയർ ഇവിടെ ഇഷ്ടികയ്ക്കു മുകളിൽ നൽകി. പെയിന്റിനു പകരം തിളക്കം നൽകാനും ചോർച്ച ഒഴിവാക്കാനും ഇതുപകരിക്കും.

sreejith3

ലിവിങ് ഏരിയയാണ് ഈ വീട്ടിലെ ഏറ്റവും പ്രസാദാത്മകമായ ഇടം. ഡബിൾ ഹൈറ്റ് കോർട്‌യാർഡും ബ്രിക് ഫ്ലോറിങ്ങും വെള്ള സോഫയും ഈയിടത്തിന് പ്രൗഢിയേകുന്നു. എക്സ്പോസ്ഡ് കോൺക്രീറ്റ് സീലിങ്ങും ബ്രാസ് ലൈറ്റ് ഫിക്സ്ചറുകളും ഇന്റീരിയറിന് ഊഷ്മളതയേകുന്നു. മെറ്റൽ ചെയിനുള്ള തടി ഊഞ്ഞാലും കൂടിയായപ്പോൾ കാലാതീതമായ സൗന്ദര്യം നിറയുന്നു ഇവിടെ. മനോഹരമായി ലാൻഡ്സ്കേപ് ചെയ്ത കോർട്‌യാർഡിലേക്കു തുറക്കുന്ന, ലിവിങ്ങിനോടു ചേർന്നുള്ള ഡൈനിങ് റൂമും വീടിനെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു. മിനിമലിസമാണ് സ്റ്റെയർകെയ്സിന്റെ ഭംഗി. കുടുംബചിത്രങ്ങളും ആർട് വർക്കുകളും സ്റ്റെയറിന്റെ ചുമരിനെ പേഴ്സണൽ ആക്കുന്നു.

sreejith6

ബ്രിക് ലൂവറുകളാൽ ചുറ്റപ്പെട്ട കോർട്‌യാർഡിലേക്കാണ് മാസ്റ്റർ ബെഡ്റൂം തുറക്കുന്നത്. ഇവിടെയും മനോഹരമായി ലാൻഡ്സ്കേപ് ചെയ്തിട്ടുണ്ട്. ഈ കിടപ്പുമുറിയുടെ ഹൈലൈറ്റ് തേക്കിൽ സിഎൻസി കട്ടിങ് ചെയ്തു നിർമിച്ച നൃത്തരൂപങ്ങളാണ്. കോൺക്രീറ്റ് ഗ്ലേസ്ഡ് ഫ്ലോറിങ്ങും ബ്രൈറ്റ് അപ്ഹോൾസ്റ്ററിയും ന്യൂട്രൽ നിറങ്ങളും ഈ മുറിക്ക് മായിക ഭംഗിയേകുന്നു. ഡൈനിങ് റൂമിൽ ബീം വരെയും സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകിയതും കോർട്‍‌യാർഡും ജാളി വർക്കും ലൂവറുകളുമെല്ലാം വീടിനുള്ളിൽ വെളിച്ചം നിറയ്ക്കുന്നു.

കടപ്പാട്: ശ്രീജിത് ശ്രീനിവാസ്

ശ്രീജിത് ശ്രീനിവാസ് ആർക്കിടെക്ട്സ്, തിരുവനന്തപുരം

info@srijitsrinivas.com

Tags:
  • Vanitha Veedu