എങ്ങനെ വീടിനുള്ളിലെ ചൂട് കുറയ്ക്കും? ഇതായിരുന്നു മലപ്പുറം ചേമ്മാടുള്ള പത്തര സെന്റിൽ വീട് വയ്ക്കുമ്പോൾ ആർക്കിടെക്ട് ടീമിനെ അലട്ടിയ പ്രധാന ചോദ്യം. അതിന് പ്രത്യേകിച്ചൊരു കാരണം കൂടി ഉണ്ടായിരുന്നു; പ്ലോട്ടിന്റെ തെക്കുവശത്താണ് റോഡ്. അപ്പോൾ പിന്നെ അവിടേക്ക് ദർശനം വരുന്ന രീതിയിലേ വീട് നിർമിക്കാനാകൂ. എതിർവശത്തുള്ള പ്ലോട്ടിലും വലിയ മരങ്ങളൊന്നും ഇല്ല. അതുകാരണം പ്ലോട്ടിലേക്ക് നേരിട്ട് വെയിലടിക്കും.

ചൂടിനെ തടയാനായി പല വഴികളും ആലോചിച്ചു. മുൻവശത്ത് വലിയ ഭിത്തി വരുന്ന രീതിയിൽ വീടു നിർമിച്ചാൽ വീടിനകമാകെ ഇരുണ്ടുപോകും. മാത്രമല്ല, കാറ്റും കടക്കില്ല. കാറ്റു കടക്കുകയും വെയിൽ ഉള്ളിലെത്താതിരിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഭിത്തിയേ ഇവിടെ ഫലപ്രദമാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് ബ്രിക്ക് സ്ക്രീനിന്റെ പിറവി.
സ്ക്രീൻ തയാറാക്കാൻ സ്റ്റീൽ പോലെയുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ അത് പെട്ടെന്ന് ചൂടാകാൻ സാധ്യതയുണ്ട് എന്നതിനാലാണ് ഇഷ്ടിക തിരഞ്ഞെടുത്തത്. പ്രത്യേക പാറ്റേണിൽ അടുക്കുമ്പോൾ നല്ല ഭംഗിയുണ്ടാകുമെന്നതും ഇഷ്ടികയ്ക്കു നറുക്കു വീഴാൻ കാരണമായി.

ഈ ജാളിയിലൂടെ കടന്നുവരുന്ന കാറ്റിനെ തണുപ്പിക്കാനായി വീടിനുള്ളിൽ പലയിടത്തും ഗ്രീൻ സ്പേസും അവിടെ ചെടികളും നൽകിയിട്ടുണ്ട്. രണ്ടാംനിലയിൽ ജാളിക്കു മുന്നിലായി സൺഷേഡിലും ചെടികൾ പിടിപ്പിച്ചു. ബ്രിക്ക് സ്ക്രീൻ മാജിക് കാരണം വീടിനുള്ളിൽ കാറ്റിനും തണുപ്പിനും കുറവില്ല. പകൽ സമയം വെളിച്ചത്തിനും ക്ഷാമമില്ല.
ഡിസൈൻ: ആർക്കിടെക്ട് പി. ദിവിൻ, എൻജിനീയർ അഹമ്മദ് ഫയാസ്, ഹണികോംബ് ആർക്കിടെക്ട്സ് e mail: mailhoneycombarchitects@gmail.com, ഉടമ: സി.പി. ഫൈസൽ, ചക്കിപ്പറമ്പത്ത്, സ്ഥലം: ചേമ്മാട്, മലപ്പുറം, വിസ്തീർണം: 3476 ചതുരശ്രയടി