Wednesday 06 January 2021 04:23 PM IST

ദേവികയുടെ മുഖശ്രീ പോലെ ഈ വീട്: കലയുടെ കാൽച്ചിലമ്പൊലി കേട്ടുണരുന്ന മാധവം

Sreedevi

Sr. Subeditor, Vanitha veedu

1

ഒഴുകുന്ന പുഴ പോലെയാണ് കലാകാരൻമാരുടെ മനസ്സ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, തട്ടും തടവുമേശാതെ... ഒടുവിൽ കലയുടെ സാഗരത്തിൽ നീന്തിത്തുടിച്ച് നിർവൃതിയിൽ ലയിക്കും.

2

 
തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള ‘മാധവം’ ഉണരുന്നതും ഉറങ്ങുന്നതും ശ്വസിക്കുന്നതുമെല്ലാം കലയുടെ കാൽച്ചിലമ്പൊലി കേട്ടാണ്. നാടകം എന്ന ക്ലാസിക് കലയോടും സിനിമ എന്ന ജനപ്രിയ കലയോടുമൊപ്പം ജനസേവനം കൂടി കൊണ്ടുനടക്കുന്ന വീട്ടുകാരൻ മുകേഷ്. ഒരു കുളിർ തെന്നൽപോലെ അകത്തളത്തിലുടനീളം നൃത്തഛവി പടർത്തി, വീടിന്റെ ആത്മാവായ മേതിൽ ദേവിക. നർത്തകി എന്ന റോളിൽ നിന്ന് അല്പമൊന്നു മാറി ഇന്റീരിയർ ഡിസൈനർ എന്ന നിലയിലാണ് ദേവിക ഇവിടെ നിൽക്കുന്നത്. അതെ, ഈ വീടിന്റെ അകത്തളത്തിന് ജീവൻ നൽകിയത് ദേവികയാണ്. വിളക്കുകളും ഫർണിച്ചറും മുതൽ വീടിന്റെ മുക്കിലും മൂലയിലുമുള്ള ഫിനിഷുകൾ വരെ, പണിക്കാരെ പറഞ്ഞു പഠിപ്പിച്ച് ദേവിക നേടിയെടുത്തതാണ് ഈ അനുപമ സൗന്ദര്യം.


ചിട്ടവട്ടങ്ങളിലൊതുങ്ങാതെ

3


ഒരു നിശ്ചിത രീതി പിൻതുടർന്നല്ല ദേവിക അകത്തളത്തിന് ഭാവം നൽകിയത്. ഗാനമനുസരിച്ച് ഒഴുകുന്ന മുദ്രകൾപോലെ, തനിയെ വന്നു ഭവിച്ചതാണത്. ഏത് ശൈലിയിലുള്ള അകത്തളക്രമീകരണം ഇഷ്ടപ്പെടുന്നവരും ഈ വീടിനെ സ്നേഹിച്ചു പോകുന്നതിന് അതായിരിക്കാം കാരണം. ‘‘നൃത്തവുമായി ബന്ധപ്പെട്ട് ചെറുപ്പം മുതൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നെതർലൻഡ്സ്, പോർച്ചുഗൽ, സ്പെയിൻ, ആഫ്രിക്ക, ഗ്രീസ്, മൊറോക്കോ... പോയ സ്ഥലങ്ങളിലെയെല്ലാം കലയും സംസ്കാരവും ആർക്കിടെക്ചറുമെല്ലാം ബോധപൂർവമല്ലാതെതന്നെ സ്വാധീനിച്ചിട്ടുണ്ട്. പരമ്പരാഗത കേരളീയ ആർക്കിടെക്ചറും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലെയും സാംസ്കാരിക മുദ്രകൾ ഈ വീട്ടിൽ കാണാം, ’’ ദേവിക പറയുന്നു.


കലയ്ക്കും ആർക്കിടെക്ചറിനുമൊന്നും ‘എക്സ്പയറി ഡേറ്റ്’ ഇല്ല എന്നാണ് ദേവികയുടെ തത്വം. ഒരു കാലഘട്ടത്തിനു മാത്രം ആസ്വദിക്കാൻ കഴിയുന്നതാവരുത് വീടുകൾ. കേരളത്തിന്റെ പരമ്പരാഗത ആർക്കിടെക്ചറിന്റെ പ്രത്യേകത അതാണ്.  
അകത്തളത്തിന് റസ്റ്റിക് ഫിനിഷ്  സ്വീകരിക്കാനും വ്യക്തമായ കാരണമുണ്ട്. നൃത്തം പഠിക്കാനെത്തുന്ന കുട്ടികളും കലാകാരൻമാരുമെല്ലാം നിരന്തരം കയറിയിറങ്ങുന്ന വീടായതിനാൽ അകത്തളത്തിലെ ഒരു ഘടകവും അകൽച്ച തോന്നിക്കരുത് എന്നുണ്ടായിരുന്നു. ഫർണിച്ചർ പലതും ‘ഡിസ്ട്രസ്ഡ്’ ആയി ഡിസൈൻ ചെയ്തപ്പോഴും ഭിത്തികൾക്ക് പരുക്കൻ ഫിനിഷ് കൊടുത്തപ്പോഴും ഭിത്തികളുടെ അരിക് ഉരുട്ടിയെടുത്തപ്പോഴുമൊക്കെ ഇതായിരുന്നു മനസ്സിൽ. ഒരു സിനിമാക്കാരന്റെ സ്വപ്നമായ ഹോംതിയറ്റർ ഈ വീട്ടിൽ കാണാത്തതിനു കാരണം ലക്ഷ്വറി വേണ്ട എന്ന മുകേഷിന്റെയും ദേവികയുടെയും ഉറച്ച തീരുമാനം കൂടിയാണ്.


കാൽപനിക സൗന്ദര്യം

4


വീടിന്റെ ഓരോ ഘടകവും മികച്ച കലാകാരൻമാരുടെ സൃഷ്ടി എന്ന നിലയ്ക്കു കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹാൻഡ്മെയ്ഡ് സാധനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി. ടർക്കിഷ്, മൊറോക്കൻ ഹാൻഡ്മെയ്ഡ് ടൈലുകളുടെ മികച്ച ശ്രേണി കാണാം അകത്തളത്തിൽ. എല്ലാം അതതു സ്ഥലങ്ങളിൽ നിന്ന് വരുത്തിയതാണ്. ലൈറ്റുകൾ ഡൽഹിയിൽ പോയി പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചു. വിജാഗിരികളും വാതിലിന്റെ കുറ്റികളും കൊളുത്തുകളും വരെ പ്രത്യേകം പറഞ്ഞു നിർമിച്ചതാണ്.
തടി, ഓക്സൈഡ്, കരിങ്കല്ല്, തറയോട് എന്നിവ മുറിയുടെ സ്വഭാവമനുസരിച്ച് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നു. ഇവയോരോന്നിനും പിറകിൽ മികച്ച പണിക്കാരുടെ കയ്യുണ്ട്. ജനൽപാളികൾ, കബോർഡുകൾ, ഗോവണിപ്പടി ഇവിടങ്ങളിലെയെല്ലാം തടിപ്പലകകൾ പോളിഷ് ചെയ്യാതെ പരുക്കൻ ഫിനിഷിൽ നിലനിർത്തി.


കലാക്ഷേത്രം

7


കളരിയും അതോടു ചേർന്ന ഓഫിസ് റൂമുമാണ് ദേവികയുടെ സാമ്രാജ്യം. മനോഹരമായ രണ്ട് കളരികൾ സ്വന്തമായുള്ള കലാകാരിയായതിൽ ദേവിക അഭിമാനം കൊള്ളുന്നു. പത്ത് വർഷം മുമ്പ് ആർക്കിടെക്ട് വിനോദ് കുമാർ ഡിസൈൻ ചെയ്ത ‘ശ്രീപദ’ എന്ന പാലക്കാട്ടെ കളരി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വീടിന്റെ നട്ടെല്ലായ കോമൺ ഏരിയ നന്നായി പ്രകാശിക്കണം എന്നാണ് ദേവികയുടെ ചിന്ത. ലിവിങ്–ഡൈനിങ് ഏരിയകളെ പ്രകാശഭരിതമാക്കാൻ  ഡൈനിങ്ങിനോടു ചേർന്ന് കോർട്‌യാർഡ് നൽകി.  ഈ കോർട്‌യാർഡിലെ റിലീഫ് വർക്ക് മണികണ്ഠൻ പുന്നയ്ക്കൽ എന്ന ചിത്രകാരൻ ചെയ്തതാണ്.
വീടിന്റെ ഡിസൈനിൽ പഞ്ചഭൂതങ്ങളെ സന്നിവേശിപ്പിച്ചിട്ടുണ്ട്. ടെറസിൽ നിന്നു നോക്കിയാൽ കടൽ കാണാം. വായുവിനും സൂര്യപ്രകാശത്തിനും അകത്ത് യഥേഷ്ടം വിഹരിക്കാൻ സ്ഥലമൊരുക്കിയിട്ടുണ്ട്. കളരി, അഗ്നിയെ പ്രതിനിധീകരിക്കുന്നു. ആകാശത്തിന്റെയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമൊക്കെ സൗന്ദര്യം ഈ വീട്ടിലിരുന്ന് ആസ്വദിക്കാം.
തന്റെ ആശയങ്ങളും ഇഷ്ടങ്ങളും പെട്ടെന്ന് മനസ്സിലാകുന്ന ആർക്കിടെക്ട് ദമ്പതിമാരായ അജയ്‌ അബിയെയും താര പണ്ടാലയെയും കിട്ടിയതാണ് ഭാഗ്യമെന്ന് ദേവിക പറയുന്നു.  ഇടനാഴികൾ വേണം, മെസനൈൻ ഫ്ലോർ വേണം, നിലവറ വേണം എന്നീ ആവശ്യങ്ങളെല്ലാം പ്ലാനിങ് ഘട്ടത്തിലേ ആർക്കിടെക്ടുമാരുമായി പങ്കുവച്ചിരുന്നു.


സിംപിൾ വീട്ടുപേര്

6


വീടിനു പേര് മാധവം. സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന, പോസ്റ്റുമാന് വായിച്ചാൽ തെറ്റാത്ത പേരാകണം വീടിനെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മുകേഷിന്റെ അച്ഛന്റെ പേര് തിരഞ്ഞെടുത്തത്. ‘ചിത്രകൂടം ആർട് ഹൗസ്’ എന്നാണ് കളരിയുടെ പേര്.
വീട് എന്ന സ്വപ്നത്തിനു പിന്നാലെയുള്ള ഓട്ടത്തിന് തൽക്കാലിക വിരാമമിട്ടെങ്കിലും ഈ വീട് കണ്ട പലരും ഇന്റീരിയർ ചെയ്യാൻ ദേവികയെ സമീപിക്കുന്നുണ്ട്. നൃത്തം പോലെ ഒഴുകിയിറങ്ങുന്ന ആശയങ്ങൾ കൊണ്ട്, മലയാളത്തിന്റെ മുഖശ്രീയായ ദേവിക ഇനിയും പല അകത്തളങ്ങൾക്കും അഴകു പകരുന്ന കാലത്തിനു കാത്തിരിക്കാം.