ചെങ്ങന്നൂർ ആറാട്ടുപുഴയ്ക്കടുത്ത് കോയിപ്രത്തെ ബെൻസി ആംബ്രോസിന്റെയും ടിന സാമുവലിന്റെയും വീട് രണ്ട്നിലയാണ്. എന്നാൽ, മുകളിലെ നിലയിൽ ഒറ്റ കിടപ്പുമുറിപോലുമില്ല. താഴത്തെനിലയിൽത്തന്നെയാണ് മൂന്നു കിടപ്പുമുറികളും.
മൾട്ടി പർപ്പസ് ഏരിയയാണ് മുകളിലെ നിലയിൽ. ജിം, യോഗ ചെയ്യാനുള്ള സ്ഥലം, അതിഥികൾ വന്നാൽ കിടക്കാനുള്ള മുറി, വർക് സ്പേസ് എന്നിവയായിട്ടെല്ലാം ഇവിടം ഉപയോഗിക്കാം. തൊട്ടടുത്തു തന്നെ ബാത്റൂമും ഇഷ്ടംപോലെ ഓപൻ ടെറസുമുണ്ട്.

‘‘രണ്ടുവശത്തും വഴിയുള്ള രീതിയിലാണ് പ്ലോട്ട്. മുകളിലെ നിലയിലിരുന്നാൽ ചുറ്റുവട്ടത്തെ കാഴ്ചകൾ മുഴുവൻ കാണാം. മാത്രമല്ല, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ബഹുവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിൽ കുറച്ചു സ്ഥലം ആവശ്യമാണെന്നു തോന്നി.’’ മൾട്ടിപർപ്പസ് സ്പേസിനെപ്പറ്റി വീട്ടുകാരായ ബെൻസി ആംബ്രോസും ടിനയും പറയുന്നു.
4.2 4.5 മീറ്റർ അളവിൽ 202 ചതുരശ്രയടി വലുപ്പത്തിലാണ് മൾട്ടിപർപ്പസ് സ്പേസ്. ഇതിനു തൊട്ടടുത്തായി ബാത്റൂമും ഓപൻ ടെറസുമുണ്ട്.

മൂന്നുവശത്തും ഗ്ലാസ് ചുമരുകളാണ് എന്നതാണ് മൾട്ടിപർപ്പസ് ഏരിയയുടെ പ്രത്യേകത. തറ മുതൽ സീലിങ് വരെ നീളുന്ന വലിയ കർട്ടനിട്ടിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ഇതു മാറ്റാം.

2700 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, വർക് ഏരിയ, മൂന്ന് കിടപ്പുമുറി എന്നിവ താഴെത്തെ നിലയിൽ വരുന്നു. വീടിനു പിന്നിലായി ഡൈനിങ് സ്പേസിനോടു ചേർന്നും ഒരു സിറ്റ്ഔട്ട് ഉണ്ട് എന്ന പ്രത്യേകതയുമുണ്ട്.

‘‘നാലുപേരാണ് വീട്ടിലുള്ളത്. അവർക്കായി മൂന്ന് കിടപ്പുമുറി താഴെത്തന്നെ നൽകി. ‘ഫ്ലെക്സിബിൾ സ്പേസ്’ എന്ന ആശയത്തിലാണ് മുകൾനിലയൊരുക്കിയത്.’’ വീടിന്റെ ഡിസൈനർ ലാജി ജേക്കബ് മാത്യു പറയുന്നു.

കന്റെംപ്രറി ശൈലിയിലാണ് എലിവേഷൻ. ഇതിനു ചേരുന്ന ഗ്രേ - വൈറ്റ് കളർ കോംബിനേഷൻ എല്ലായിടത്തും പിന്തുടർന്നു.

വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്. ടിവി യൂണിറ്റ്, കിച്ചൻ കാബിനറ്റ് എന്നിവയ്ക്ക് ലാമിനേറ്റഡ് പ്ലൈ ഉപയോഗിച്ചു. തേക്ക്, പ്ലാവ്, ആഞ്ഞിലി തടികൊണ്ടാണ് വാതിലും ജനലും. സ്റ്റെയർകെയ്സ് റെയ്‌ലിങ്ങിന് സ്റ്റെയിൻലെസ് സ്റ്റീലും തടിയും ഉപയോഗിച്ചു.

ജനുവരി അഞ്ചിനായിരുന്നു പാലുകാച്ചൽ. ചിത്രങ്ങൾ: ബിജു രത്നം

ഡിസൈൻ: ലാജി ജേക്കബ് മാത്യു, ഫ്ലോലെയർ ഡിസൈൻ കോൺസെപ്റ്റ്സ്, ചെങ്ങന്നൂർ