Wednesday 12 February 2020 06:20 PM IST : By സോന തമ്പി

വെള്ളക്കാരന്റെ കയ്യിൽ നിന്നു വാങ്ങിയ പൊന്നുവിളയും മണ്ണ്! 30 വർഷമായി ആഫ്രിക്കയിലുള്ള നൈനാന്റേയും ജിജിയുടേയും സ്വർഗം ഇതാണ്

africa-home

1990ലാണ് അധ്യാപകരായ ഞങ്ങൾ ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിൽ എത്തുന്നത്. മൂന്ന്– നാല് വർഷം കഴിഞ്ഞ് ഒരു വെള്ളക്കാരന്റെ കയ്യിൽ നിന്നാണ് ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത്.

പണ്ടൊക്കെ വെള്ളക്കാരും നാട്ടുകാരായ കറുത്തവർഗക്കാരും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. 1994 ൽ അപാർത്തീഡ് നിർത്തലാക്കിയതോടെ സ്ഥിതി മാറി. ഇന്ന് ഇന്ത്യക്കാരായ കുടിയേറ്റക്കാരും കറുത്തവർഗക്കാരിലെ സമ്പന്നരുമൊക്കെ സ്വന്തമായി വീടുള്ളവരാണ്.

ഇവിടെനിന്ന് പ്രിട്ടോറിയയിലേക്കൊക്കെ പോകുമ്പോൾ കാണാം, കാണാമറയത്തോളം ഭൂമി തരിശായി കിടക്കുന്നത്. ലിംപോപോ പ്രവിശ്യയിൽ ഞങ്ങൾ താമസിക്കുന്ന ഗ്രോബ്ലേഴ്സ്ഡാൽ പ്രധാനമായും ഒരു കാർഷിക പട്ടണമാണ്. പണ്ട് ഇവിടെ മുഴുവനും വെള്ളക്കാരായ ക‍‍ൃഷിക്കാരായിരുന്നു.

ah-2 1. എക്സ്പോസ്ഡ് ബ്രിക്സ് ഉള്ള പുറംഭിത്തി.

ഒാറഞ്ചും മുന്തിരിയും ചോളവുമാണ് പ്രധാന വിളകൾ. ഇവിടത്തെ പച്ചക്കറികളും മാംസവുമെല്ലാം ഗുണനിലവാരമുള്ളതാണ്. കാബേജ്, ബീറ്റ്റൂട്ട്, ബീൻസ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ഇവിടെ വിളയുന്നുണ്ട്. കൃഷിക്കാരെല്ലാം ഇപ്പോൾ ജലസേചന സംവിധാനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.

ഒാറഞ്ചും മുന്തിരിയും ലിച്ചിയും കൂടാതെ മുരിങ്ങ, കപ്പളം, പാവൽ, പടവലം.. തുടങ്ങിയ നാടൻ പച്ചക്കറികളും വച്ചു പിടിപ്പിച്ച ബാ‌ക്‌യാർഡിലെ ‍ഞങ്ങളുടെ പച്ചക്കറിത്തോട്ടം നാടിനെ ഒാർമപ്പെടുത്തും. പക്ഷേ, തണുപ്പുകാലത്ത് കൃഷിയൊക്കെ പോവും. അപ്പോൾ 3–4 ഡിഗ്രിയും ചൂടുകാലത്ത് 36–37 ഡിഗ്രിയുമാണ് താപനില.

ഇവിടെ വീടുകൾ അലങ്കരിക്കുന്നതിൽ ആളുകൾ അങ്ങനെ ശ്രദ്ധിക്കാറില്ല. അവരവരുടെ ജീവിതരീതിക്ക് അനുസൃതമായ രീതിയിലുള്ള ക്രമീകരണങ്ങളേ ഉള്ളൂ. ഇംഗ്ലിഷ് രീതിയിലുള്ള അകത്തളങ്ങളാണ് കണ്ടുവരുന്നത്.

ah

മിക്കവാറും വീടുകൾ ഒാടോ ഷീറ്റോ മേഞ്ഞ ചരിഞ്ഞ മേൽക്കൂര ഉള്ളവയാണ്. നാട്ടിലേതുപോലെ രണ്ടു നില വീടുകൾ തുലോം കുറവ്. മുൻവശത്ത് ഒാടും പിറകിൽ ഷീറ്റുമാണ് ഞങ്ങൾ താമസിക്കുന്ന വീടിനുള്ളത്.

മൂന്ന് കിടപ്പുമുറികളും രണ്ട് ഗാരിജുകളുമാണ് ഇൗ വീടിനുള്ളത്. മുറികൾ കൂട്ടിയെടുക്കണമെങ്കിൽ അനുമതി ലഭിക്കേണ്ടതുണ്ട്, അങ്ങനെയൊന്നും ഞങ്ങൾക്ക് ആവശ്യം വന്നിട്ടില്ല. മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഡാമിൽ നിന്നാണ് 24 മണിക്കൂറും കുടിവെള്ള വിതരണം നടക്കുന്നത്.

ah-11 2. പുൽത്തകിടിയും പാലിസേഡും.

പുറംഭിത്തിയിൽ എക്സ്പോസ്ഡ് ബ്രിക് ആണ്. ഒാരോ വീടും ‘പാലിസേഡ്’ എന്നു വിളിക്കുന്ന വേലി വച്ചു തിരിച്ചിട്ടുണ്ട്. മുറ്റത്തൊരു പുൽത്തകിടി നിർബന്ധമായും കാണും. ഹീറ്റർ/ എസി സംവിധാനം വീടുകളിൽ കാണും. സാധാരണ പൊടിശല്യമില്ലെങ്കിലും ചിലപ്പോൾ പൊടിക്കാറ്റ് വീശാറുണ്ട്.

നാട്ടിലെ അപേക്ഷിച്ച് വീട്ടുജോലിക്കാരെ കിട്ടാൻ ഇവിടെ ബുദ്ധിമുട്ടില്ല. വർഷങ്ങളായി എന്റെ കൂടെ നിൽക്കുന്ന ഇവിടത്തുകാരിയാണ് വീട്ടുജോലികളിൽ സഹായിക്കുന്നത്.

നാട്ടിലെ വീടുകളിൽ നിന്ന് ഇവിടത്തെ വീടുകളെ വ്യത്യസ്തമാക്കുന്നത് ബാത്റൂമുകളാണ്. ഡ്രൈ, വെറ്റ് ഏരിയകൾ തിരിച്ചിട്ടില്ലാത്ത ബാത്റൂമുകൾ ഇവിടെയില്ല. വളരെ സൗകര്യപ്രദമാണ് ഇവ. നാട്ടിലെ പുതിയ വീടുകളിൽ ഇൗ സൗകര്യം തീർച്ചയായും ഉൾപ്പെടുത്തണം. വെറ്റ്/ ഷവർ ഏരിയയിൽ ഷവറോ ടബ്ബോ കാണും.

വീടിന്റെ പിറകുവശത്ത് തണൽ ഉള്ള സ്ഥലമുള്ളതിനാൽ വിരുന്നുകാർ വന്നാലും പാർട്ടി ഉണ്ടെങ്കിലും സ്ഥലക്കുറവ് അനുഭവപ്പെടില്ല.

ah-4

ഞങ്ങളുടെ മകൻ പ്രിട്ടോറിയയിൽ താമസിക്കുന്നത് ഫ്ലാറ്റിലാണ്. ഇത്തരം പുതിയ ഫ്ലാറ്റുകളെല്ലാം ആധുനിക രീതിയിലുള്ള ഇന്റീരിയർ ചെയ്തിട്ടുള്ളവയാണ്.

ah-8

കിടപ്പുമുറികളിൽ തടിയുടെ ടൈലുകളാണ്. ഭൂരിഭാഗം മുറികളും കാർപറ്റ് ചെയ്തിട്ടുണ്ട്. ഇളംനിറങ്ങളാണ് മുറികൾക്കു കൂടുതലും കൊടുക്കുന്നത്. മഹാഗണി, പൈൻവുഡ്, ലെതർ തുടങ്ങിയവ കൊണ്ടുള്ള ഫർണിച്ചർ ഷോപ്പുകൾ ധാരാളം കാണാം. ബാർ സെറ്റിങ്സും സാധാരണം. ജനലുകൾക്ക് ഇന്നർ, ഒൗട്ടർ എന്നിങ്ങനെ രണ്ടു നിര കർട്ടനുണ്ടാകും. അകത്തുള്ളത് ലെയ്സ് വർക്ക് ഒക്കെ ഉള്ളതായിരിക്കും.

ah-3

അക്രമനിരക്ക് കൂടുതലായതിനാൽ മിക്ക വീടുകളിലും അലാം പോലുള്ള സുരക്ഷാ ഉപകരണങ്ങൾ പിടിപ്പിക്കുന്നതും സർവസാധാരണമാണ്. വർഷങ്ങളായുള്ള ജീവിതം കൊണ്ടാവാം, ഇപ്പോൾ നാടിനേക്കാൾ പ്രിയം ഇവിടെയാണ്. തിക്കും തിരക്കുമെല്ലാം നാടിേനക്കാൾ വളരെ കുറവാണിവിടെ.‌■

വിദേശ രാജ്യങ്ങളിൽ മലയാളികൾ സ്വന്തമാക്കിയ വീടുകളുംഅവിടത്തെ പ്രത്യേകതകളും വായനക്കാരുമായി പങ്കുവയ്ക്കാം
send your home details to vanithaveedu@mmp.in

ah-5