Wednesday 30 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

ഈ തണലിൽ ഇത്തിരി നേരം; മരങ്ങൾ തണലൊരുക്കുന്ന മാത്യു മാത്തന്റെ സ്വപ്നക്കൂട്; ചിത്രങ്ങൾ കാണാം

tree-home

കൊച്ചിയിലാണ് ജോലിയും താമസവുമെങ്കിലും വീടുവയ്ക്കുന്നത് മുഹമ്മയിലെ തറവാട്ടുപറമ്പിലാകണമെന്നത് മാത്യുവിന്റെയും രഞ്ജുവിന്റെയും മോഹമായിരുന്നു. റിസോർട്ടുകളുടെയും ഹൗസ്ബോട്ടിന്റെയുമെല്ലാം ഇന്റീരിയർ ചെയ്തു പരിചയമുള്ള മാത്യു തന്നെയാണ് വീടിന്റെ ഡിസൈൻ തയാറാക്കിയത്. 3500 ചതുരശ്രയടിയുള്ള അതിമനോഹരമായ ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ മാത്യുവിൽ നിന്നുതന്നെ അറിയാം:

tree-2

‘‘വീട് ഡിസൈൻ ചെയ്യാൻ തീരുമാനിച്ചപ്പോൾ പ്ലോട്ടിലെ മരങ്ങളാണ് ആദ്യം മനസ്സിലേക്കു വന്നത്. ഞാവൽ, നാട്ടുമാവുകൾ, വാളൻപുളി... എന്നീ മൂന്നിനം മരങ്ങളാണ് പ്രധാനമായി ഉണ്ടായിരുന്നത്. ഞാവലും മാവും വീടിനുള്ളിലെ കോർട്‌യാർഡിൽ വരുന്ന വിധത്തിൽ ക്രമീകരിച്ചു. അടുക്കളയുടെ പിറകിലാണ് പുളി. ‘മരം കയറൽ’ ചെറുപ്പത്തിൽ ഞങ്ങൾ സഹോദരങ്ങളുടെ ഹോബിയായിരുന്നു, ഇപ്പോൾ ഞങ്ങളുടെ മക്കളുടെയും. പുളിയിൽ ഒരു ട്രീഹൗസ് നിർമിച്ച് അതിനെയും വീടുമായി കൂട്ടിയിണക്കണമെന്നുണ്ട്.’’

tree-9

സിറ്റ്ഔട്ട് അർധവൃത്താകൃതിയിൽ വേണമെന്നത് മാത്യുവിന്റെ ഭാര്യ രഞ്ജുവിന്റെ ആഗ്രഹമായിരുന്നു. വീടിന്റെ മുൻവശവും അർധവൃത്താകൃതിയിലാണ്. പാരപ്പെറ്റിലെ ഡിസൈൻ കാൽനൂറ്റാണ്ട് മുൻപുണ്ടായിരുന്ന വീടുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ്. സിറ്റ്ഔട്ടിലേക്കു കയറുന്ന ആരുടെയും കണ്ണ് മൊസെയ്ക് ഫ്ലോറിൽ പതിയും. ‘‘ മൊസെയ്ക് ഫ്ലോർ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഞങ്ങൾ അത്തരമൊരാളെ കണ്ടെത്തി. ഗ്ലാസ് കൊണ്ടാണ് മൊസെയ്ക്കിനിടയിൽ ഡിസൈൻ ചെയ്തത്. കോർട്‌യാർഡിന്റെ വശങ്ങളിലും കോറിഡോറിലും മാത്രം കരിങ്കൽപാളികൾ വിരിച്ചു.’’

tree-7

വിശാലമാണ് ഇവിടം

‘‘ അത്ര ചെറുതല്ലാത്ത ‘സ്പേസ്’അകത്തളത്തിൽ വേണമെന്നുണ്ടായിരുന്നു.’’ വിശാലമായ ഇടങ്ങളോടുള്ള പ്രേമം മാത്യു തുറന്നുപറയുന്നു. ‘‘കോർട്‌യാർഡുകളുടെ വലുപ്പം മുറികളുടെ വലുപ്പം കൂടുന്നതിനു സഹായിച്ചിട്ടുമുണ്ട്. സ്വീകരണമുറിയോടു ചേർന്നാണ് ആദ്യത്തെ കോർട്‌യാർഡ്. കോർട്‌യാർഡിന്റെ കേന്ദ്രം ഞാവലാണ്. നിറയെ കായ്കളുണ്ടാകും ഈ മരത്തിൽ. അതു തിന്നാൻ അണ്ണാറക്കണ്ണനും പക്ഷികളും പിന്നെ, കുട്ടികളും.’’ മരങ്ങളും ചെടികളും പച്ചപ്പും കുളിരും നിറച്ച കോർട്‌യാർഡുകളെ ചുറ്റിപ്പറ്റിയാണ് വീടും വീട്ടുകാരും.

tree-8

താഴത്തെ ശാഖകൾ മുറിച്ച് വീടിനു മുകളിലേക്ക് പടർന്നു നിൽക്കുന്ന വിധമാണ് മരങ്ങളെ കോർട്‌യാർഡുകളിൽ നിർത്തിയിരിക്കുന്നത്. മെറ്റൽ ഫ്രെയിമിൽ ടഫൻഡ് ഗ്ലാസ് വിരിച്ച മേൽക്കൂരയും കോർട്‌യാർഡുകൾക്കുണ്ട്. ഒരു വശം കോർട്‌യാർഡിലേക്കു തുറന്ന കോറിഡോറാണ് സ്വീകരണമുറിയെയും ഊണുമുറിയെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. കോറിഡോറിൽനിന്ന് മൂന്ന് കിടപ്പുമുറികളിലേക്കും പ്രവേശിക്കാം.

tree-4

‘‘ഞങ്ങൾ അഞ്ച് സഹോദരങ്ങളാണ്. എല്ലാവരും ഒരുമിക്കുമ്പോൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാണ് വലിയ ഊണുമേശ. വാകയുടെ ഒറ്റത്തടിയാണിത്. അനുയോജ്യമായ ഡിസൈൻ കൊടുത്ത് കസേരകളും നിർമിച്ചു. ഫർണിച്ചർ എല്ലാം സ്വന്തമായി ഡിസൈൻ ചെയ്തു. പഴയ ഫർണിച്ചറും ഇക്കൂട്ടത്തിലുണ്ട്.’’ തമിഴ്നാട്ടിൽ പോയി തടികൊണ്ടുള്ള ഒരു രഥം വാങ്ങി അതും ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുണ്ട്.

tree-10

‘‘ വീടുപണി ഏറ്റവും വേഗത്തിൽ തീർക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പെട്ടെന്ന് പണി തീരുന്ന നിർമാണസാമഗ്രികളെക്കുറിച്ച് വിശദമായി പഠിച്ചു. ജിഎഫ്ആർജി പാനലിനെക്കുറിച്ച് അറിഞ്ഞത് അങ്ങനെയാണ്. ആലുവയിലെ എഫ്എസിടിയിൽനിന്നാണ് ജിഎഫ്ആർജി പാനലുകൾ വാങ്ങിയത്. 12 മീറ്റർ നീളവും 10 അടി വീതിയുമുള്ള പാനലുകൾ കൊണ്ടുവരാനുള്ള സൗകര്യത്തിന് രണ്ടാക്കി മുറിച്ചു. പ്ലാൻ കൃത്യമായി തയാറാക്കിവേണം ജിഎഫ്ആർജി പാനൽകൊണ്ടു പണി തുടങ്ങാൻ. പ്ലാൻ അനുസരിച്ച് ജനൽ–വാതിലുകൾ പാനലിൽ അടയാളപ്പെടുത്തിയിരിക്കും. അവിടം മുറിച്ചുമാറ്റി പകരം ജനലോ വാതിലോ വച്ച് പൂർത്തീകരിക്കാം. പണി പെട്ടെന്ന് തീരുമെന്നു മാത്രമല്ല, ഭിത്തികളുടെ കനം കുറവായതിനാൽ വീട്ടിനുള്ളിൽ കൂടുതൽ സ്ഥലം ലഭിക്കുകയും ചെയ്യും. ഭിത്തികൾ ഫിനിഷ് ചെയ്യുന്ന സമയത്തും എളുപ്പമാണ്. അകത്തെ കുറച്ചു ഭിത്തികൾ മാത്രമേ ഇഷ്ടികകൊണ്ട് കെട്ടേണ്ടി വന്നിട്ടുള്ളൂ. ’’

tree-3

ആഘോഷം കയ്യെത്തും ദൂരത്ത്

ഡൈനിങ്ങിനോടു ചേർന്ന കോർട്‌യാർഡിന് കോംപൗണ്ട് വോൾകൊണ്ടാണ് അതിരിട്ടത്. റസ്റ്റിക് ഫിനിഷിനോട് ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നതിനാൽ ഇവിടംതേക്കാതെ, ഇഷ്ടിക കാണുന്ന രീതിയിൽ നിർത്തിയിരിക്കുന്നു. വാഷ്ഏരിയയുടെയും പിൻബലം ഇഷ്ടികയുടെയും സിമന്റിന്റെയും പരുക്കൻ സൗന്ദര്യമാണ്.

tree-6

‘‘ വീട്ടിനുള്ളിലിരുന്നുതന്നെ മഴ ആസ്വദിക്കാറുണ്ട്. കോർട്‌യാർഡിൽനിന്ന് മഴയത്ത് കുട്ടികൾ കുളിക്കും. മാമ്പഴക്കാലത്ത് വീടിനുള്ളിൽതന്നെ മാമ്പഴം കിട്ടുകയും ചെയ്യും. ഇവിടെയിരിക്കുന്ന കുട്ട മാമ്പഴം പെറുക്കിവയ്ക്കാനാണ്. പ്രകൃതിയുടെ രുചിയും മണവും കാഴ്ചയുമെല്ലാം ഞങ്ങൾ വീട്ടിനുള്ളിൽ ആസ്വദിക്കുന്നു.’’ മാത്യു പറയുന്നു. ടിവിയെക്കാളും മൊബൈൽ ഫോണിനെക്കാളും പ്രാധാന്യം മരങ്ങൾക്കും പക്ഷികൾക്കും പൂമ്പാറ്റയ്ക്കും കൊടുക്കുന്ന കുട്ടികളെ വാർത്തെടുക്കുന്നതിൽ പ്രകൃതിയുടെ സാന്നിധ്യത്തിനു പങ്കുണ്ടെന്ന് ഈ വീട് വിളിച്ചുപറയുന്നു. ■

tree12
tree-13
മാത്യു മാത്തനും കുടുംബവും