Wednesday 19 October 2022 03:09 PM IST

റെഡിമെയ്ഡ് വീട് കേരളത്തിലുമെത്തി; വീടുപണി ഇനി തലവേദനയല്ല

Sunitha Nair

Sr. Subeditor, Vanitha veedu

cottage1

വീട് ബുക്ക് ചെയ്തു വെറുതേയിരിക്കുക. 40 ദിവസം കഴിയുമ്പോൾ എവിടെയാണോ വേണ്ടത് അവിടെ വീട് കൊണ്ടുവന്ന് സ്ഥാപിച്ചു നൽകും. അതുകഴിഞ്ഞാൽ അടുത്ത ദിവസം തൊട്ട് വീട് ഉപയോഗിച്ചു തുടങ്ങാം. വീടുപണിയുടെ തലവേദനകളോ പ്രയാസങ്ങളോ ഒന്നുമറിയേണ്ട. ഇതാണ് മോഡുലാർ വീടുകൾ.

കോവിഡ് കാലത്താണ് തൃപ്പൂണിത്തുറയിലെ കൃഷ്ണകുമാറിന് ഒരു െഎഡിയ തോന്നുന്നത്. അങ്ങനെ പോർച്ചിന്റെ മുകളിലൊരു മോഡുലാർ ഹോം പണിതു. വർക് ഫ്രം ഹോം ആയതിനാൽ ഓഫിസ് അവിടെയാക്കി. ക്വാറന്റീനിൽ പോകേണ്ടി വന്നപ്പോഴും പ്രയാസമില്ലായിരുന്നു.

മോഡുലാർ വീടിനകക്കാഴ്ചകൾ

വാളയാറിലെ വസന്തകുമാർ മോഡുലാർ ഹോം എന്ന ആശയത്തെ കൂട്ടുപിടിക്കുന്നത് ഒന്നരയേക്കറില്‍ ‘വീക്കെൻഡ് ഹോം’ നിർമിക്കാനാണ്. ചരിവുള്ള സ്ഥലത്ത് പില്ലറിനു മുകളിലായുള്ള ഈ വീട് ആരു കണ്ടാലും ഒന്നു നോക്കിപ്പോകും.

ഓഫിസ്, അവധിക്കാല വസതി, ഒൗട്ട് ഹൗസ്, കഫേ, ഫാംഹൗസ്, വൃദ്ധസദനം, റിസോർട്/ക്ലബ് പോലെയുള്ള ഇടങ്ങളിൽ മുറി കൂട്ടിയെടുക്കൽ എന്നിങ്ങനെ പലർക്കും പലതാണ് മോഡുലാർ ഹോം കൊണ്ടുള്ള പ്രയോജനങ്ങൾ. ഇനി ഇതൊന്നുമല്ല, സാധാരണ വീടിനു പകരവും ഇതു പണിയാം.

cottage3

കൃഷ്ണകുമാറിനും വസന്തകുമാറിനും മോഡുലാർ വീടുകൾ നിർമിച്ചു നൽകിയ മെറീഡിയൻ ലൈഫ് സ്റ്റൈലിന്റെ സിഇഒ രമേഷ് നാരായണൻ ഇതിന്റെ മേന്മകൾ വിശദമാക്കുന്നു: ‘‘രണ്ട് മാസം കൊണ്ട് പണി തീർക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പ്രത്യേകതരം ക്രെയിൻ ഉപയോഗിച്ചാണ് മെറ്റീരിയൽ സൈറ്റിൽ ഇറക്കുന്നത്. ക്രെയിൻ എത്താനുള്ള വഴി സൗകര്യം മാത്രമാണ് ആവശ്യമായത്. എത്ര ചെറിയ പ്ലോട്ടിലും ആകൃതിയൊക്കാത്ത പ്ലോട്ടിലുമൊക്കെ ഇവ നിർമിക്കാം. നീളമുള്ള പ്ലോട്ടിനിണങ്ങിയ ഡിസൈനുമുണ്ട്. ട്രീഹൗസ് വരെ ഇങ്ങനെ പണിയാം. പലതരം ഡിസൈനിൽ ഈ വീടുകൾ നിർമിക്കാം. ചൂട്, മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങളും ചിതലുമൊന്നും ബാധിക്കില്ല. ഡിസൈനിന്റെ ഭാഗമായി ഗ്ലാസ് നൽകുമ്പോൾ ചൂട് കൂടാതെ ശ്രദ്ധിക്കണമെന്നു മാത്രം. പുറത്തെ ശബ്ദകോലാഹലങ്ങളും അകത്തെത്തില്ല. ചതുരശ്രയടിക്ക് 3,500 രൂപയാണ് ചെലവ്.’’

cottage4

‘ലൂം ക്രാഫ്റ്റ്സ്’ എന്ന മോഡുലാർ ഹോം നിർമാതാക്കളുമായി സഹകരിച്ച് പേറ്റൻറ് നേടിയ ആശയമാണ് മെറീഡിയൻ ലൈഫ് സ്റ്റൈൽ നടപ്പാക്കുന്നത് എന്നു പറയുന്നു രമേഷ്. പണി തീർന്നതും തീരാനുള്ളതുമായി ഒട്ടേറെ മോഡുലാർ വീടുകൾ നിലവിലുണ്ട്.

ആവശ്യങ്ങൾക്കനുസരിച്ച് 220 –3500 ചതുരശ്രയടി വരെയുള്ള യൂണിറ്റുകൾ ഇൗ സാങ്കേതികവിദ്യ വഴി നിർമിക്കാനാവും. ലഭ്യമായ മാതൃകകൾ കണ്ട് അതിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാം. ഡൽഹിയിൽ നിന്ന് ഈ സാധനങ്ങൾ സൈറ്റിലെത്തുകയാണ് അടുത്തപടി. അതിന് 40 ദിവസമെടുക്കും. ബാത്റൂം ഫിറ്റിങ്ങുകൾ, ടൈൽ, ഫാൻ എന്നിവ വരെ പിടിപ്പിച്ചാണ് ഇവ എത്തുക. സൈറ്റിൽ ഇവ സ്ക്രൂ ചെയ്ത് കൂട്ടിയോജിപ്പിക്കുക മാത്രമേ വേണ്ടൂ. രണ്ട് ദിവസം കൊണ്ട് ഇത് പൂർത്തിയാകും. 10–15 ദിവസം കൊണ്ട് ഫിനിഷിങ് വർക്കുകളും.

സാധാരണ സൈറ്റിൽ പ്രീകാസ്റ്റ് ഫൂട്ടിങ് ചെയ്താണ് നിർമിക്കുന്നത്. പില്ലറിനു മുകളിലും ഇവ നിർമിക്കാം. പ്രളയഭീഷണിയുള്ള ഇടങ്ങളിലും ജലാശയങ്ങളോടു ചേർന്നും ഉയർന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളിലും പില്ലർ അനുയോജ്യമാണ്. എൽജിഎസ്എഫ് (ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം) എന്ന ഒരുതരം സ്റ്റീൽ മെറ്റീരിയൽ കൊണ്ടാണ് സ്ട്രക്ചർ നിർമിക്കുന്നത്. എൽജിഎസ്എഫിൽ ഏഴ് പാളികളുണ്ട്. പൗഡർകോട്ടഡ് ജിെഎ അല്ലെങ്കിൽ വുഡൻ പ്ലാങ്ക് ആണ് പുറമേക്ക് കാണുന്ന പാളി. ചുമരിനും സീലിങ്ങിനും വുഡൻ പാനല്‍, വോൾപേപ്പർ, പെയിന്റ് എന്നിവ ആവശ്യാനുസരണം നൽകാം. ഗോവണി തടികൊണ്ടാണ്.

യുപിവിസിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ജനാലകൾ. ഫ്ലോറിങ്ങിന് ലാമിനേറ്റഡ് വുഡൻ പ്ലാങ്കാണ്. ടോ‌യ്‌ലറ്റുകളിൽ ടൈലും. വെള്ളം നനയുന്ന സാഹചര്യമാണെങ്കിൽ എസ്പിസി ഫ്ലോറിങ് ചെയ്യാം. പോളിമർ കോട്ടിങ്ങുള്ളതിനാൽ നനഞ്ഞാലും കുഴപ്പമില്ല. വെള്ളത്തിന് സംപ് ടാങ്കാണ്; പ്രഷർ പമ്പ് നൽകുന്നുണ്ട്. വൈദ്യുതിക്ക് സാധാരണ കണക്‌‌‌ഷനോ സോളറോ നൽകാം. വയറെല്ലാം ഉള്ളിലൂടെ തന്നെയിട്ടാണ് വരുന്നത്.