കൊളോണിയൽ മുഖമുള്ള വീടാണ് വീട്ടുകാർ ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടത്. നിരപ്പായതും ചരിഞ്ഞതുമായ മേൽക്കൂരകളുടെ മിശ്രണമാണ് പ്രധാനമായി വീടിന്റെ എക്സ്റ്റീരിയറിൽ ആർക്കിടെക്ട് പരീക്ഷിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ പ്ലാനുകൾ വരച്ചതിൽ നിന്ന് ഫൈനൽ പ്ലാൻ ഉരുത്തിരിഞ്ഞെന്ന് വീട്ടുകാരനായ ജോസഫ് പറയുന്നു. ഉയരമുള്ള ചതുരൻ തൂണുകൾ ഈ വീടിന്റെ മറ്റൊരു കൊളോണിയൽ ഭംഗിയാണ്.

ഗോവണിയുടെ ആദ്യഭാഗം കയറിയെത്തുമ്പോഴുള്ള മെസനിൻ ഫ്ലോർ ഒരു റീഡിങ് സ്പേസ് ആക്കി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഇവിടത്തെ ഭിത്തി നിറയെ, മുഴുവൻ തുറക്കാവുന്ന അഴികളില്ലാത്ത ചെറിയ ജനാലകളാണ്. ഈ ജനാലകളോടു ചേർന്ന ഇൻബിൽറ്റ് ബഞ്ചിൽ ഇരുന്ന് വായിക്കാം, പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം.

60 സെന്റിൽ, വീടുവയ്ക്കുന്ന ഭാഗത്തുള്ള മരങ്ങൾ മാത്രം മുറിച്ച് ചുറ്റുപാടുകളുടെ പ്രകൃതിഭംഗി അതേപടി നിലനിർത്തിയിരിക്കുന്നു. മുറിക്കേണ്ടിവന്ന മരങ്ങളിൽ നിന്നെടുത്ത തടിയാണ് വീടിന്റെ ജനലുകളും വാതിലുകളും കബോർഡുമൊക്കെയായി മാറിയത്.

ലിവിങ് ഏരിയകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട് ഈ വീട്ടിൽ. പ്രത്യേകം മുറിയാക്കി തിരിച്ചിട്ടില്ലെങ്കിലും, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിലേക്കൊന്നും കാഴ്ചയെത്താത്ത വിധത്തിലാണ് ഫോർമൽ ലിവിങ്ങിന്റെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്, ഡൈനിങ്, പ്രാർഥനാമുറി എന്നിവ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു.ഒരു പ്ലൈവുഡ് ഭിത്തി കൊണ്ടാണ് പ്രാർഥനാ ഏരിയയും ഫാമിലി ലിവിങ്ങും വേർതിരിച്ചത്.

ഫാമിലി ലിവിങ്ങിൽ നിന്ന് കാഴ്ചയെത്തുന്ന ഭാഗത്ത് ടിവി സ്റ്റാൻഡും മറുവശത്ത് പ്രാർഥനയ്ക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചു. ഈ ഭാഗം മുഴുവൻ ഡബിൾഹൈറ്റിൽ നിർമിച്ച് മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും ചൂടുകുറയ്ക്കാനും ആർക്കിടെക്ട് ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, രണ്ട് നിലകൾക്കും തമ്മിൽ പരസ്പരം സംവദിക്കാനുള്ള അവസരവും ഈ ഡബിൾ ഹൈറ്റ് ഒരുക്കുന്നു. സീലിങ്ങിൽ കൊടുത്ത സൺലിറ്റ് ആണ് ഈ ഏരിയയുടെ സൗന്ദര്യം. ഇതിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ഭിത്തിയിൽ പ്രത്യേക പാറ്റേണുകൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഈ ഭിത്തി അലങ്കരിക്കാൻ പെയിന്റിങ്ങോ അലങ്കാരവസ്തുക്കളോ ഒന്നുംതന്നെ ആവശ്യമില്ല.

അടുക്കള, വർക്ഏരിയ, സ്റ്റോർ എന്നിവ ഒറ്റ ബ്ലോക്ക് ആയി നിർമിച്ചു. അടുക്കളയിൽ നിന്ന് വീടിന്റെ മുന്നിലേക്ക് കണ്ണെത്തുന്ന രീതിയിലാണ് പ്ലാൻ ചെയ്തിട്ടുള്ളത്. കിച്ചൻ കബോർഡു കൾ മൾട്ടിവുഡ് കൊണ്ടു നിർമിച്ചു. ബാത് അറ്റാച്ഡ് ആയ നാല് കിടപ്പു മുറികളാണുള്ളത്. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലും. കിടപ്പുമുറികളെ വീടിന്റെ പിൻഭാഗത്തേക്ക് മാറ്റി.

ഡിസൈൻ: ആർക്കിടെക്ട് ജോസഫ് ചാലിശേരി
ഡ്രീം ഇൻഫിനിറ്റ് സ്റ്റുഡിയോ, ഇരിങ്ങാലക്കുട
jjchalissery@yahoo.co.in