Thursday 25 February 2021 11:50 AM IST

60 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീട് സ്ട്രക്ചറിൽ മാറ്റം വരുത്താതെ പുതുക്കിയത് ഇങ്ങനെ

Ali Koottayi

Subeditor, Vanitha veedu

renovation 1

തലമുറകളായി കൈമാറി വരുന്ന വീടുകൾ, ഈടിലും ഉറപ്പിലും മൽസരി ക്കുന്നത് പുതിയ വീടുകളോടാണ്. അറുപത് വർഷം പഴക്കമുള്ള വീട്, സ്ട്രക്ചറിൽ മാറ്റമൊന്നും വരുത്താതെ പുതിയ കാലത്തിന്റെ രീതികളോട് ചേർത്ത് നിർമിച്ചതിന്റെ കഥയാണ് തിരുവനന്തപുരം വഞ്ചിയൂരിൽ നിന്ന് പറയാനുള്ളത്. പണിത കാലത്തിന്റെ എല്ലാ പുതുമകളും ഉൾകൊണ്ട് നിര്‍മിച്ച വീട്, അറുപത് വർഷത്തെ വെയിലും മഴയും മഞ്ഞും സന്തോഷത്തോടെ സ്വീകരിച്ചതിന്റെ ഇനിയും മങ്ങാത്ത തിളക്കം. ഒറ്റനില വീടായിരുന്നു. ഒരു മുറിയിൽ നിന്ന് അടുത്തതിലേക്ക് തുറക്കുന്ന വാതിലുകൾ, ഇരുട്ട് മൂടിയ ഇടനാഴി, അത് അവസാനിക്കുന്ന വലിയ അടുക്കള... എന്നിങ്ങനെയായിരുന്നു വീട്. ഇടയ്ക്കിടെ ചെറിയ ചില മാറ്റങ്ങൾ വരുത്തി. അംഗങ്ങൾ കൂടിയപ്പോഴാണ് രണ്ടാം നില പണിതു. അങ്ങനെ താഴെയും മുകളിലുമായി ഏഴ് കിടപ്പുമുറികൾ സ്ഥാനം പിടിച്ചു.

renovation new 4

∙ രണ്ടാം നിലയുടെ ടെറസ്സിന് മുകളിലെ ജിഐ സ്ട്രക്ചറിൽ നൽകിയ അലുമിനിയം മേൽക്കൂര തന്നെയാണ് എക്സ്റ്റീരിയറിന്റെ ആകർഷണങ്ങളിൽ പ്രധാനം. കെട്ടിടത്തിന്റെ ആയുസ്സ് കൂട്ടുന്നതിനും അകത്തെത്തുന്ന ചൂടിനെ തടയാനും മിടുക്കൻ. കണ്ടാൽ ഷീറ്റ് വിരിച്ചതാണെന്ന് തോന്നാത്ത രീതിയിൽ പിവിസി സീലിങ്ങിന്റെ കോട്ടിങ്ങും നൽകിയിട്ടുണ്ട്. ഒരു വശത്തേക്ക് കോണാകൃതിയിൽ തള്ളി നിൽക്കുന്ന രീതിയിൽ ക്രമീകരിച്ചത് വീടിന്റെ കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു.

∙ കുത്തനെയുള്ള എക്സ്റ്റീരിയർ ഭിത്തി മുകളിലെ കോൺക്രീറ്റ് മേൽക്കൂരയില്‍ അവസാനിക്കുന്നു. പഴയ വീട് രണ്ട് നിലയാണെന്ന് കാഴ്ചയിൽ തന്നെ മനസ്സിലാവുമായിരുന്നു. പുതുക്കിയപ്പോൾ ഇത് മാറി മൂന്ന് നിലയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല.

∙ മുകളിലെ മുറിയിൽ നിന്ന് എക്സ്റ്റീരിയറിലേക്ക് തുറക്കുന്ന ജനൽ ഒഴിവാക്കി ആ ഭാഗം അടച്ചു. നിരക്കി നീക്കാവുന്ന ഗ്ലാസ് ജനലിന് പകരം ജാളി ഭിത്തി നൽകി. മുകൾ നിലയിൽ‌ ലിവിങ്ങ് വരുന്ന ഭാഗമാണ് ഇത്. തുറന്നാൽ പൊടി കയറുകയും റോഡിനു മറുവശത്തെ കാഴ്ച സ്വകാര്യതയ്ക്ക് ഭംഗം വരുത്തുകയും ചെയ്തിരുന്നു. ജാളി നൽകിയ ഭിത്തി എക്സ്റ്റീരിയറിനെ ആകർഷമാക്കുന്നുണ്ട്. അകത്ത് ഗ്ലാസ് നൽകിയതുകൊണ്ടു തന്നെ പൊടി കയറുന്നതിന്റെ ശല്യവും ഇല്ല. മുകളിലെ നിലയിലെ എക്സ്റ്റീരിയറിൽ രണ്ടാമത്തെ ജനൽ വരുന്ന ഭാഗത്ത് ഗ്ലാസും തടിയുടെ ക്ലാഡിങ്ങും നൽകി. പുറത്തേക്ക് തള്ളി നില്‌‍ക്കുന്ന ബോക്സിൽ ക്രമീകരിച്ചു.

renovation new 3

∙ വീടിന്റെ മുൻവശത്ത് മുറ്റം കുറവാണ്. അവിടെയാണ് പോർച്ചും. താഴത്തെ നിലയുടെ കാഴ്ചയെ മറയ്ക്കുന്നുമുണ്ട്. പുതുക്കുമ്പോൾ ഇതായിരുന്നു വെല്ലുവിളി.’’ വീടും ചുറ്റുമതിലും പോർച്ചിന്റെ ഭാഗമായി. ജിഐ സ്ട്രക്ചറില്‍ പോളികാർബണേറ്റ് ഷീറ്റിൽ പോർച്ച് പണിതു. ഇപ്പോൾ റോഡിൽ നിന്ന് നോക്കുമ്പോള്‍ പോർച്ച് കാണില്ല.

∙ പേവിങ് സ്റ്റോൺ വിരിച്ചും പുല്ല് പിടിപ്പിച്ചും ചെടികൾ നൽകിയും ചെറിയ മുറ്റം ആകർഷകമാക്കി. പഴയ ചുറ്റുമതിൽ പൊളിച്ച് വീടിന്റെ ഡിസൈനോട് ചേർന്നു നിൽക്കുന്ന രീതിയിൽ ഇടയ്ക്ക് ജാളി നൽകി ഒരുക്കി. ഇത് മതിലിനുള്ളിൽ അടച്ചുകെട്ടിയ വീട് എന്ന പ്രതീതി ഉണ്ടാക്കുന്നില്ല.

renovation 2

∙ താഴത്തെ നിലയിലെ ഡ്രോയിങ് റൂം വിശാലമായ ലിവിങ് ഏരിയയാക്കി, അടുക്കള വരെ എത്തുന്ന കാഴ്ചയാണ് അകത്തെ പുതിയ വിശേഷം. അകത്തളത്തിലെ ഇരുട്ട്, വീട് പുതുക്കിയപ്പോള്‍ വെളിച്ചത്തിന് വഴിമാറിയെന്ന് വീട്ടുകാരുടെ സാക്ഷ്യം. കൂടാതെ ഇടുക്കമുള്ള സ്റ്റെയർ ഇപ്പോൾ വിശാലതയോടെ മുകളിലേക്ക് ക്ഷണിക്കുന്നുണ്ട്. മുകളിലെ മൂന്ന് മുറിയിൽ രണ്ടെണ്ണം കൂട്ടിച്ചേർത്ത് ഒറ്റമുറിയാക്കി മാറ്റി. കൂട്ടിന് അറ്റാച്ഡ് ബാത്റൂമും നൽകി. കിച്ചൻ പുതിയ സൗകര്യങ്ങളോടെ മോഡുലാറിലേക്ക് മാറി.

renovation new 5

ഡിസൈൻ: വിശാഖ്, വിവേക്.

സ്റ്റുഡിയോ ഫോക്സ് ഗ്രീൻ, വഴുതക്കാട്,

nfo@foxgreenllp.com

Tags:
  • Vanitha Veedu