Monday 02 January 2023 03:53 PM IST

തൊട്ടടുത്ത് ആശുപത്രി എന്നിട്ടും ശല്യങ്ങളില്ല: ന്യൂനതകളെ അടിപൊളി ആശയങ്ങളാകളാക്കി മാറ്റിയ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

വീടിനോടു തൊട്ടു ചേർന്ന് ആശുപത്രി കെട്ടിടമുള്ളതിനാൽ വീട്ടുകാരെ സംബന്ധിച്ച് സ്വകാര്യത പ്രധാന ആവശ്യമായിരുന്നു. 3000 ചതുരശ്രയടിയിലൊതുങ്ങുന്ന വീടായിരുന്നു അഞ്ചലിലെ റോയ് വർഗീസിനും കുടുംബത്തിനും വേണ്ടിയിരുന്നത്. മാത്രമല്ല, നാല് കിടപ്പുമുറികളും ഹോംതിയറ്ററും ഉൾപ്പെടുത്തുകയും വേണം. വീടിനു മുന്നിലെ കിണറും ചുറ്റുമുള്ള മരങ്ങളും നിലനിർത്തണം, മുന്നിൽ ഷട്ടിൽ കോർട് വേണമെന്നും പാർക്കിങ് കൂടുതൽ വേണമെന്നും പറഞ്ഞിരുന്നു. ഇങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു ഇവിടെ. അവയെല്ലാം അനായാസം സാധിച്ചു നൽകി ആർക്കിടെക്ട് ഷിനി. ഷിനിയുടെ ഭർത്താവ് പൗലോസ് അലക്സ് ആണ് പ്രോജക്ട് കോർഡിനേഷൻ നിർവഹിച്ചത്.

ആശുപത്രിയിൽ നിന്നും സ്വകാര്യത എന്ന ആവശ്യം കണക്കിലെടുത്ത് കിഴക്കുവശത്ത് ജനാലകൾ നൽകിയതേയില്ല. നിലവിലെ വീട് മുന്നിൽതന്നെ ആയതിനാൽ പുതിയ വീടിന്റെ കാഴ്ചയെ അതു ബാധിക്കാതെ നോക്കുകയും വേണമായിരുന്നു. വീട് പിന്നിലേക്ക് ഇറക്കി വച്ചാണ് ആ പ്രശ്നം പരിഹരിച്ചത്. 37 മീറ്റർ പിറകിലേക്ക് ഇറങ്ങിയാണ് വീട്. എന്നു മാത്രമല്ല, വീടിന്റെ ഉയരവും കൂട്ടി. കാരണം, പിറകിലേക്ക് ഇറക്കിയതിനാൽ സാധാരണ ഉയരത്തിൽ നൽകിയാൽ വീട് കാണില്ല. അങ്ങനെയാണ് വീടിന്റെ ഭാഗമായി, എക്സ്റ്റീരിയറിൽ ‍ടവർ ഡിസൈൻ വന്നത്. ആറ്റിക് ഫ്ലോർ വഴി ബന്ധിപ്പിച്ച് ടവർ നൽകി. ഉയരം കൂടുമ്പോൾ എടുത്തു കാണിക്കാൻ തിരശ്ചീനമായും വീടിന്റെ വലുപ്പം കൂട്ടി.

മുറ്റത്തുണ്ടായിരുന്ന കിണർ ഭംഗിയാക്കി. മീൻ കുളവും മരങ്ങൾക്കു ചുറ്റും ഇരിക്കാൻ പാകത്തിലുള്ള തിട്ടയുമെല്ലാമായപ്പോൾ ലാൻഡ്സ്കേപ്പിന്റെ ഭംഗി ഇരട്ടിച്ചു.

ആവശ്യങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല. വീട്ടുകാര്‍ക്ക് വീടിനെക്കുറിച്ച് ഒട്ടേറെ ആഗ്രഹങ്ങളുണ്ടായിരുന്നു. അവയെല്ലാം ആർക്കിടെക്ട് ഇവിടെ സന്നിവേശിപ്പിച്ചിട്ടുണ്ട്.

വീടിനുള്ളിൽ അധികം ലാൻഡ്സ്കേപ്പിങ് വേണ്ട; എല്ലായിടത്തു നിന്നും കാഴ്ചയെത്തുന്ന ഒരു ലാൻഡ്സ്കേപ് മതിയെന്നും റോയ് പറഞ്ഞിരുന്നു. അതിനാൽ എല്ലായിടത്തും നിന്നും കാണാവുന്ന രീതിയിൽ ഫോയറിൽ ഗ്രീൻ സ്പേസ് കൊടുത്തു. മാതാപിതാക്കളുടെ മുറിക്ക് സ്വകാര്യത വേണം; എന്നാൽ അതോടൊപ്പം അടുക്കളയ്ക്കും ഡൈനിങ്ങിനും അടുത്തായി വേണമെന്ന ആവശ്യവും നടപ്പിലാക്കി.

പിന്നിലേക്ക് ഇറങ്ങിയാണ് വീട് എങ്കിലും മുകളിലെ ഹോംതിയറ്ററിലിരുന്നാലും ഗേറ്റിലേക്ക് കാഴ്ചയെത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. തിരശ്ചീനമായി വീതി കൂട്ടിയതു വഴി ആ ആവശ്യവും നടപ്പിലാക്കാൻ സാധിച്ചു.

വീടിന്റെ മുന്നിലായാണ് അടുക്കള. അടുക്കളയിൽ ലിന്റൽ ലെവലിൽ നിന്ന് ഉയരം കൂട്ടി ഫോൾസ് വിൻഡോ പോലെ നൽകി അവിടെയാണ് ഓവർഹെഡ് കബോർഡുകൾ നൽകിയത്. ബ്രേക്ഫാസ്റ്റ് കൗണ്ടര്‍ കൊണ്ട് അടുക്കളയിൽ പാർട്ടീഷൻ നൽകി. അടുക്കളയിലെ കൗണ്ടർടോപ്പിന് ക്വാർട്സും കിച്ചൻ കാബിനറ്റിന് പ്ലൈവുഡ് ലാമിനേറ്റ്സും ഉപയോഗിച്ചു. കാർപോർച്ചിൽ നിന്ന് അടുക്കളയിലേക്കു കാഴ്ചയെത്തും. പോർച്ച് പാർട്ടി സ്പേസ് ആക്കാനുള്ള സൗകര്യവുമുണ്ട്. വർക്ഏരിയയിൽ നിന്ന് പോർച്ചിലേക്ക് എളുപ്പമെത്താവുന്നതിനാൽ ഇവിടേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാനും എളുപ്പമാണ്.

മൂന്ന് മീറ്ററിനു മുകളിൽ ഉയരമുണ്ട് സ്റ്റെയറിന്റെ ജനാലയ്ക്ക്. ഇതുവഴി ആവശ്യത്തിന് വായുവും വെളിച്ചവും ഉള്ളിലെത്തുന്നു.

ഓപ്പൻ ടെറസ് വേണമെന്നതായിരുന്നു അടുത്ത ആവശ്യം. ബാത്റൂമും സ്റ്റെയറും നൽകി ഓപ്പൻ ടെറസ്സിനെ മൂന്നായി വേർതിരിച്ച് ജിം, സീറ്റിങ്, യൂട്ടിലിറ്റി ഏരിയ എന്നിവ നൽകി. ആശുപത്രിയോടു ചേർന്നു വരുന്ന ഭാഗത്ത് യൂട്ടിലിറ്റി ഏരിയ നൽകി. ഓപ്പൻ ടെറസ്സിൽ നിന്ന് ആറ്റിക് സ്പേസിലേക്ക് ഗോവണിയുണ്ട്. ആറ്റിക് സ്പേസിൽ വാട്ടർ ടാങ്ക്, സോളർ എന്നിവ കൊടുത്തു. പാർട്ടി ഏരിയയായി ഇവിടം ഉപയോഗിക്കാം. രാത്രി വെളിച്ചത്തിൽ ഈ സ്പേസ് അതിമനോഹരമാണ്. അലുമിനിയം ഫ്രെയിമിൽ സ്ലൈഡിങ് ഗ്ലാസ് നൽകിയാണ് ഇവിടത്തെ ജനാലകൾ നിർമിച്ചത്. ഇത് ആറ്റിക് സ്പേസിന് വലുപ്പം തോന്നിക്കാൻ സഹായിക്കുന്നു. വീടിനു മുന്നിലും ഓപ്പൻ ടെറസ്സുണ്ട്.

ജനലും വാതിലും തടി കൊണ്ടാണ്. പ്രധാന വാതിൽ തേക്കു കൊണ്ടാണ്. ഫോൾസ് സീലിങ്ങിന് വെനീറും ജിപ്സവും ഉപയോഗിച്ചു. പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് വാഡ്രോബ് പണിതത്. എല്ലാ കിടപ്പുമുറികളിലും സീറ്റിങ് സ്പേസ് കൊടുത്തു. ഫ്ലോറിങ്ങിന് ടൈലും ഗ്രാനൈറ്റുമാണ്. ഫോയറിലെ ഗ്രീൻ സ്പേസിനും പുറത്തെ ടവറിനും ക്ലാഡിങ് ചെയ്തു. വെള്ള–ഗ്രേ നിറത്തിലാണ് ഇന്റീരിയർ.

ചിത്രങ്ങൾ: നാഥൻ ഫൊട്ടോഗ്രഫി

Area: 3150 sqft Owner: റോയ് വർഗീസ് & റെനി Location: അഞ്ചൽ, കൊല്ലം

Design: പോൾ & ഷിനി ആർക്കിടെക്ട്സ്, കൊച്ചി info@paulandshiniarchitects.com