Tuesday 03 May 2022 04:12 PM IST

ഒന്നര സെന്റിലും ഒരുക്കാം ഉഗ്രനൊരു അവധിക്കാല വസതി

Sunitha Nair

Sr. Subeditor, Vanitha veedu

adoor 1

പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ചുറ്റുപാടിൽ മനോഹരമായ ഒരു അവധിക്കാല വസതി... ഒരു കലണ്ടർ ചിത്രം പോലെ മനോഹരമായ ദ്യശ്യം. ഡോ. എസ്. അനു െഎഎഎസിനു വേണ്ടി പത്തനംതിട്ടയിലെ ആർക്കിടെക്ട് സംജാന നാദിർഷയും ഭർത്താവ് മൊഹ്സിൻ എൻ. ബഷീറും ചേർന്ന് ഒരുക്കിയ അടൂർ കടമ്പനാടിലെ വീക്കെൻഡ് ഹോം, പ്രകൃതിഭംഗിയും ഡിസൈൻ മികവും ഒത്തുചേരുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

adoor 2 ലിവിങ് സ്പേസ്

ഈ പ്ലോട്ടിലേക്ക് വരുമ്പോൾ ആദ്യം കിട്ടുന്നത് ഡയഗണൽ കാഴ്ചയായതു കൊണ്ടാണ് ‘ടിൽറ്റഡ് സ്ക്വയർ’ എന്ന് ആർക്കിടെക്ട് ടീം ഈ പ്രോജക്ടിനു പേര് നൽകിയത്. വീടിന് വലുപ്പം കൂടുതൽ തോന്നാൻ ഡയഗണൽ കാഴ്ച സഹായിക്കുന്നു. ചരിഞ്ഞ മേൽക്കൂരയും വലുപ്പം തോന്നിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

ബാൽക്കണി ഉൾപ്പെടെ 980 ചതുരശ്രയടിയാണ് വലുപ്പം. രണ്ട് ഏക്കർ പുരയിടം ഉണ്ടെങ്കിലും വെറും ഒന്നര സെന്റിലാണ് ഈ വീട്. സ്ഥിതി ചെയ്യുന്നത്. 21 ലക്ഷം എന്ന ബജറ്റാണ് വീടിന്റെ വിസ്തീർണം കുറയ്ക്കാനുള്ള കാരണം. തെക്കു പടിഞ്ഞാറായാണ് കെട്ടിടം വിന്യസിച്ചിരിക്കുന്നത്. പടിഞ്ഞാറുനിന്ന് ചെറുതായി തിരിച്ചാണ് ഡിസൈൻ. കാരണം വാസ്തുപ്രകാരം പടിഞ്ഞാറുള്ള നിർമിതികൾക്ക് ചില പരിമിതികളുണ്ട്. മാത്രമല്ല, വടക്കു കിഴക്കും തെക്കു പടിഞ്ഞാറും നിന്നുമുള്ള കാറ്റ് പരമാവധി ലഭിക്കാനും ഇതു സഹായിക്കുന്നു.

adoor 3 അടുക്കള

പുറത്തുനിന്നു നോക്കുമ്പോൾ രണ്ട് ഫ്ലോട്ടിങ് ബോക്സുകളായാണ് വീട് ദൃശ്യമാകുക. അതിൽ ഒരു ബോക്സ് നീട്ടിയെടുത്താണ് വിശാലമായ സിറ്റ്ഔട്ട് ഏരിയ നൽകിയത്. 4.2 x 2 മീറ്ററുള്ള സിറ്റ്ഔട്ട് അനുവിന്റെ അച്ഛന് പ്രകൃതിയിലേക്കു തുറക്കുന്ന ഇടങ്ങളോടുള്ള ഇഷ്ടം കൊണ്ടു നൽകിയതാണ്.

സാധാരണ കാണുന്നതുപോലെ പില്ലറിൽ താങ്ങിയുള്ള സിറ്റ്ഔട്ട് അല്ല ഇവിടെ. കാന്റിലിവർ റൂഫാണ് സിറ്റ്ഔട്ടിന്. ഈ റൂഫാണ് മുകളിലെ കിടപ്പുമുറിയുടെ ബാൽക്കണി. പോളിഷ്ഡ് എക്സ്പോസ്ഡ് ബ്രിക് കൊണ്ടാണ് എക്സ്റ്റീരിയറിലെ ചില ചുവരുകൾ. നെയ്യാറ്റിൻകരയിൽ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച ഈ വയേഡ് ബ്രിക്കുകൾ റസ്റ്റിക് ഫീൽ നൽകുന്നു.

adoor 4 കിടപ്പുമുറി

ഓപൻ പ്ലാനിലാണ് വീട്. ലിവിങ്–ഡൈനിങ് എന്നിവയെല്ലാം പരസ്പരം ബന്ധിതമായതുകൊണ്ട് കാഴ്ചയ്ക്കു വളരെ വിശാലമായി തോന്നും. ഒരു അറ്റാച്ഡ് കിടപ്പുമുറിയും താഴത്തെ നിലയിലുണ്ട്. മുകളിൽ അറ്റാച്ഡ് ബെഡ്റൂമും ബാൽക്കണിയുമാണുള്ളത്.

ലിവിങ്ങിനും ഡൈനിങ്ങിനും നടുവിലായി സ്റ്റെയറിനുള്ള സ്ഥലം കണ്ടെത്തിയതുകൊണ്ട് അത് കാഴ്ചയ്ക്കു വളരെ ഭാരം കുറഞ്ഞതായി തോന്നിക്കണം. സ്പേസിനെ അടച്ചു മൂടുന്നതാകരുത് സ്റ്റെയർകെയ്സ് എന്ന് ആർക്കിടെക്ട് ടീമിന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ മിക്സഡ് രീതിയിലാണ് സ്റ്റെയർ ഒരുക്കിയത്. ആദ്യത്തെ ലാൻഡിങ് വരെ സ്ട്രിങ്ങർ ബീം രീതിയിലാണ് സ്റ്റെയർ ഡിസൈൻ ചെയ്തിട്ടുള്ളത്. ഓരോ പടിയുടെയും ഇടയ്ക്കുള്ള സ്പേസിൽ ബീം നൽകിയുള്ള രീതിയാണിത്. ഗ്ലാസ് കൊണ്ടുള്ള ഹാൻഡ്റെയിലാണ് ഇവിടെ. രണ്ടാമത്തെ ഭാഗം ചെയിൻ സ്റ്റെയറാണ്.

ലാൻഡിങ്ങിനു താഴെ ലാൻഡ്സ്കേപിങ് ചെയ്തു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ വരുന്നുവെങ്കിലും അവ തമ്മിലുള്ള കാഴ്ച മറയ്ക്കാത്ത രീതിയിലാണ് സ്റ്റെയറിന്റെ നിർമാണം. എന്നാൽ സ്വകാര്യത ഉറപ്പാക്കുന്നുമുണ്ട്.

2.5 x 2.5 മീറ്റർ ആണ് ഡൈനിങ് ഏരിയയുടെ വലുപ്പം. സ്ഥലം ലാഭിക്കാൻ 5 x 3 മീറ്ററുള്ള ഊണുമേശയുടെ ഒരു വശത്ത് ബെഞ്ചും മറുവശത്ത് രണ്ട് കസേരകളും നൽകി. ബേ വിൻഡോയും ഇവിടെയുള്ളതിനാൽ അത് ഊണുമേശയുടെ എക്സ്റ്റൻഷൻ പോലെ തോന്നിക്കും.

4.4 x 4.6 മീറ്റർ വലുപ്പമുള്ള വലിയ കിടപ്പുമുറിയാണ് മുകളിൽ. ചെറിയ ചരിവുള്ള റൂഫാണ് കിടപ്പുമുറിക്ക്. അതോടു ചേർന്ന് വലിയ ചരിവുള്ള റൂഫും നൽകി. രണ്ട് മീറ്റർ അകലമേ ഇവ തമ്മിലുള്ളൂ. ഈ റൂഫിൽ കട്ട്ഔട്ട് നൽകി അവിടെയാണ് ബാൽക്കണി ഒരുക്കിയത്. മുകളിലെ കിടപ്പുമുറിയിലും ബേ വിൻഡോയുണ്ട്. 400 ചതുരശ്രയടിയുള്ള ഓപൻ ടെറസുമുണ്ട് മുകളിൽ.

താഴെയും മുകളിലും മൂന്നു വീതം ആറു ജനാലകൾ പുറമേക്കു കാണാം. ഇവ സ്കൈലൈറ്റ് ആയാണ് ഉപയോഗിക്കുന്നത്. സ്റ്റെയറിനു താഴെയുള്ള ലാൻഡ്സ്കേപ്പിനു സ്വന്തമായി ഒരു ജനാല തത്ഫലമായി ലഭിക്കുന്നു. മുകൾനിലയിലെ ജനാലകള്‍ സ്റ്റെയർ ഏരിയയിലേക്കു വെളിച്ചമെത്തിക്കും. മാത്രമല്ല, മുകളിലെ വെന്റിലേഷനുകൾ ദിനം മുഴുവൻ വീടിനുള്ളിൽ വെളിച്ചത്തിന്റെ വിവിധ വിന്യാസങ്ങൾ സൃഷ്ടിക്കുന്നു.

തടിയുടെ ഉപയോഗം കുറയ്ക്കുന്നത് ചെലവും കുറയ്ക്കുമെന്നതിനാൽ ജനലുകൾക്കെല്ലാം അലുമിനിയം ഷട്ടറുകളാണ്. മുന്നിലെ വാതിലൊഴിച്ച് മറ്റെല്ലാ വാതിലുകൾക്കും ജിെഎ ഫ്രെയിമാണ്. പുറത്തേക്കുള്ള വാതിലുകൾ തേക്കു കൊണ്ടാണ്. വാഡ്രോബുകൾക്ക് എച്ച്ഡിഎഫ് ആണ്. അടുക്കളയിലെ കാബിനറ്റ് വെള്ള യുവി ബോർഡ് കൊണ്ടു നിർമിച്ചു. വെക്കേഷൻ ഹോം ആയതിനാൽ പരിചരണം കുറവുള്ളതും ഈടുള്ളതുമായ സാമഗ്രികളാണ് ഉപയോഗിച്ചത്.

Tags:
  • Architecture