ഭക്തിയാണ് ദിൽരാജിെനയും കുടുംബത്തെയും മുന്നോട്ടു നയിക്കുന്ന ശക്തി. അടിയുറച്ച വിശ്വാസത്തിന്റെ അലകൾ അവരുടെ പുതിയ വീടായ ഡിആർ ഹൗസിൽ ദൃശ്യമാണ്. തിരുവനന്തപുരത്ത് നെടുമങ്ങാടുള്ള 14 സെന്റിൽ 2600 ചതുരശ്രയടിയിലാണ് വീട്.കൃത്യമായ വായുസഞ്ചാരവും വെളിച്ചവും നീർവാർച്ചയും വാസ്തുവിദ്യയും ഈ വീടിന് പോസിറ്റീവ് ഊർജമേകുന്നു. ഇതിനൊപ്പം ആഡംബരത്തിന്റെ അംശങ്ങൾ ഇണക്കിച്ചേർത്തിട്ടുമുണ്ട്. പൂർണമായും വാസ്തു നിയമങ്ങൾ അനുസരിച്ച്, ഫ്യൂഷൻ ശൈലിയിലാണ് വീട് മെനഞ്ഞിട്ടുള്ളത്. സർവവ്യാപിയായ ദൈവം എന്ന സത്യത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന്റെ വിശ്വാസം വീടിന്റെ രൂപകൽപനയിലും കൊണ്ടുവരിക എന്നുള്ളതായിരുന്നു ആർക്കിടെക്ട് സുജിത്തിനുള്ള വെല്ലുവിളി. വീടിന്റെ പലഭാഗത്തും വീട്ടുകാരുടെ ആവശ്യം പ്രതിഫലിച്ചു കാണുമ്പോൾ ആർക്കിടെക്ട് വിജയിച്ചുവെന്ന് നിസ്സംശയം പറയാം.

ആരാധന എന്ന ആശയം പ്രതിഫലിക്കുന്ന രീതിയിലാണ് വീടിന്റെ രൂപകൽപന. ഉദയസൂര്യനെ നമസ്കരിക്കുന്നതിന്റെ അമൂർത്തമായ പ്രതീകമാണ് വീടിന്റെ പുറമേയുള്ള രൂപഘടന. വീടിന്റെ ഡിസൈനിൽ ഏറ്റവും പ്രധാനമായ ഭാഗം പൂജാ ഏരിയയാണ്.ദൈവസാന്നിധ്യം തൂണിലും തുരുമ്പിലും നിലകൊള്ളുന്നു എന്ന വീട്ടുകാരുടെ വിശ്വാസത്തിനനുസരിച്ചാണ് പൂജാഏരിയ രൂപകൽപന ചെയ്തത്. വെള്ളം നിറച്ച ഉപരിതലത്തിനു മുകളിലായി ഭിത്തിയിൽ സമാന്തരമായിട്ടുള്ള രണ്ട് വെർട്ടിക്കൽ ഗാർഡനുകൾ നൽകി. അതിനിടയിൽ ഉള്ള വെളുത്ത പ്രതലത്തിന് താഴെ ഏറ്റവും നടുവിലായി ഘടിപ്പിച്ചിരിക്കുന്ന വിളക്കിന്റെ പ്രകാശം ഈ പ്രതലത്തിൽ പ്രതിഫലിക്കുന്നതോടൊപ്പം ആ മുഴുവൻ ഇടത്തെയും പ്രകാശപൂരിതമാക്കുന്നു. അങ്ങനെ സർവ വ്യാപിയായ ദൈവത്തിന്റെ സാന്നിധ്യം വിളിച്ചോതുന്നു.

സ്റ്റെയർ ഏരിയയിലൂടെയാണ് വീട്ടിലേക്കുള്ള പ്രധാന വായു സഞ്ചാരം സാധ്യമാകുന്നത്. കാറ്റിന്റെ ദിശയനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത ലൂവേഴ്സ് ആണ് സ്റ്റെയർ ഏരിയയിൽ ഉപയോഗിച്ചിരിക്കുന്നത്.വീടിന്റെ നിർമാണത്തിൽ ഏറ്റവു പ്രധാനമായി പരിഗണിച്ചത് പ്രകാശമാണ്. മൂന്ന് തരം സ്വഭാവത്തിൽ ഉള്ള പ്രകാശമാണ് ഇവിടെ ഉപയോഗിച്ചത്. വീട്ടുകാരുടെ താൽപര്യം അനുസരിച്ച് ഉറങ്ങുന്ന സമയത്ത് ഉപയോഗിക്കാവുന്ന പ്രകാശവും പ്രത്യേക അന്തരീക്ഷം (ambient) ഉണ്ടാക്കുന്ന രീതിയിലുള്ള പ്രകാശവും വായിക്കുന്നതിന് ആവശ്യമായ വെളുത്ത പ്രകാശവും എല്ലാ മുറികളിലും സജ്ജീകരിച്ചിട്ടുണ്ട്.

തടിയും സ്റ്റീൽ ഫ്രെയിമും ഉപയോഗിച്ച് തൂക്കിയിടുന്ന (hang) രീതിയിലാണ് വീടിന്റെ സ്റ്റെയർകെയ്സ് നിർമിച്ചത്. ഭാരവത്തായതൊന്നും ഉപയോഗിക്കാതെ വീടിന്റെ മാസ് ഫീലിങ് കൊണ്ടുവരുന്നത് വിവിധ പ്രകാശ രീതികൾ ഉപയോഗിച്ചാണ് എന്നുള്ളതിന് ഉദാഹരണമാണ് ഇവിടത്തെ സ്റ്റെയർകെയ്സ് ഏരിയ. മറ്റൊരു പ്രധാന പ്രത്യേകത ട്രാൻസ്‌ലൂസന്റ് ബ്രിക്സിന്റെ ഉപയോഗമാണ്. റീസൈക്കിൾഡ് ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചു നിർമിച്ച പ്രത്യേകതരം കോൺക്രീറ്റ് ബ്ലോക്കുകളാണിവ. ഈ കട്ടകളിൽ ഉണ്ടാകുന്ന പ്രകാശം പകൽ വീടിന്റെ അകത്തളങ്ങളിലേക്കും രാത്രി പുറത്തേക്കും കടത്തിവിടുന്നു. സ്റ്റെയർകെയ്സിന്റെ ആദ്യത്തെ ലാൻഡിങ്ങിന്റെ ഭിത്തിയിലാണ് ഇവ ഉപയോഗിച്ചിട്ടുള്ളത്. വീട്ടുകാരുടെ ചിത്രങ്ങൾ വച്ചിരിക്കുന്ന ഇവിടെ ട്രാൻസ്‌ലൂസന്റ് ബ്രിക്സുകളുടെ ഉപയോഗം മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

വാസ്തുശാസ്ത്ര പ്രകാരം ലിവിങ് ഏരിയയിൽ ചെറിയ ജാലകങ്ങൾ കൊടുക്കണം എന്നുള്ളത് മാനിച്ച് ലിവിങ് ഏരിയയ്ക്ക് 4.2 മീറ്റർ ഉയരമാണ് കൊടുത്തിരിക്കുന്നത്. വീട്ടുകാരുെട സ്വകാര്യത മാനിച്ച് ഒരു ബാൽക്കണിയിൽ ഫിൻസ് (fins) ഉപയോഗിച്ചിട്ടുണ്ട്. ഇത് പുറത്തുനിന്ന് അകത്തേക്കുള്ള കാഴ്ച തടയുകയും അതേ സമയം അകത്തുനിന്ന് പുറത്തെ കാഴ്ച സാധ്യമാക്കുകയും ചെയ്യുന്നു. സെന്റർ കോർട്‌യാർഡ് കൂടാതെ രണ്ട് സ്കൈലൈറ്റുകളുമുണ്ട്. കോർട്‌യാർഡിൽ ജിെഎയും അക്രിലിക് ഷീറ്റുമാണെങ്കിൽ മറ്റ് രണ്ട് പർഗോളകളിൽ ജിെഎയും ഗ്ലാസുമാണ്. പൂജാഏരിയയെ വേർതിരിക്കാൻ അക്രിലിക് ഗ്ലാസ് ഷീറ്റ് കൊണ്ടുള്ള ബബിൾ പാനൽ നൽകി. വെള്ള അക്രിലിക് ഷീറ്റ് നൽകി എൽഇഡി ബാക്‌ലൈറ്റ് ചെയ്താണ് ലൈറ്റിങ്ങിനായി സീലിങ് ഒരുക്കിയത്.വീട്ടുകാരുടെ ആവശ്യങ്ങൾ, വാസ്തുവിദ്യ, ആധുനികത എന്നിവ സമന്വയിപ്പിച്ചതിന് ഉത്തമ മാതൃകയാണ് ഡിആർ ഹൗസ്.

ജി.ഡി. സുജിത്
സിഡ്നി
sujithgd09@gmail.com