Saturday 14 September 2019 12:50 PM IST : By സ്വന്തം ലേഖകൻ

മഴവെള്ളം ഒഴുകിയെത്തുന്ന പ്ലോട്ട്; മഴയോടും മണ്ണിനോടും പടവെട്ടിയ മെഹ്മൂദിന്റെ വീട്ടുരഹസ്യം

veed

റോഡ് നിരപ്പിൽനിന്ന് താഴ്ന്നു കിടക്കുന്ന ആ പ്ലോട്ടിലേക്കായിരുന്നു പ്രധാന റോഡ് ഉൾപ്പെടെ മൂന്ന് വശത്തുനിന്നുമുള്ള വെള്ളം ഒഴുകിവന്നിരുന്നത്. വെള്ളം പ്ലോട്ടിന്റെ മധ്യത്തിലുള്ള താഴ്ന്ന പ്രദേശത്ത് കെട്ടിനിൽക്കും. പ്ലോട്ട് റോഡ് നിരപ്പിൽ ആക്കണമെങ്കിൽ ഒരുപാട് മണ്ണടിക്കണം. ഈ പ്രശ്നം പ്രത്യേക രീതിയിൽ പരിഹരിച്ചാണ് ആർക്കിടെക്ട് രാകേഷ് കക്കോത്ത് കാഞ്ഞങ്ങാട്ടെ മെഹ്മൂദ് റെസിഡന്റ്സിന്റെ പ്ലാൻ വരച്ചത്.

പ്ലോട്ടിന്റെ ചുറ്റുമതിലിനോടു ചേർന്ന് നാലുവശത്തും നീളത്തിൽ കുഴിയെടുത്തു. കുഴിയിലൂടെ വലിയ പൈപ്പുകൾ കടത്തിവിട്ടു. ഈ പൈപ്പിലൂടെ പുറത്തുനിന്നു വരുന്ന വെള്ളത്തെ, പ്ലോട്ടിന്റെ ഒരറ്റത്ത് നിർമിച്ച വലിയൊരു കോൺക്രീറ്റ് ടാങ്കിൽ എത്തിച്ചു. പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ആവശ്യമില്ലാത്ത മറ്റു കാര്യങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കാം. വെള്ളത്തിന്റെ വഴി മുടക്കാതെത്തന്നെ പ്രശ്നം പരിഹരിച്ചു. ഇത്രയും പൂർത്തിയായശേഷമാണ് വീടിന്റെ മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.

ചരിഞ്ഞ മേൽക്കൂരയോടു കൂടിയ ഒറ്റനില വീട്. അഞ്ച് കിടപ്പുമുറികൾ വേണം... ഇങ്ങനെ ചെറിയ ചില ആവശ്യങ്ങളേ വിദേശമലയാളിയായ വീട്ടുകാരന് ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും നാട്ടിൽ എത്തുമ്പോൾ റിസോർട്ടിൽ താമസിക്കുന്ന അനുഭൂതി വേണം. വീട്ടുകാരുടെ ജീവിതരീതി കൂടി നിരീക്ഷിച്ചശേഷമാണ് രാകേഷ് പ്ലാനിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിച്ചേർന്നത്.

v1

7500 ചതുരശ്രയടിയുള്ള വീട് രണ്ട് വിഭാഗമാണ്. വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന വിഭാഗവും അതിഥികൾക്കായുള്ള സോണും.

പരമ്പരാഗത കേരളശൈലിയിൽ മുറികൾ നടുമുറ്റത്തേക്കു തുറക്കുന്ന ശൈലിയിലാണ് പ്ലാൻ. രണ്ട് നടുമുറ്റങ്ങളുണ്ട് ഈ വീടിന്. ഫാമിലി സോണിന്റെ കേന്ദ്രബിന്ദുവായി ഒന്നും ഗെസ്റ്റ് സോണിന്റെ ഭാഗമായി മറ്റൊന്നും. ഉപയോഗിക്കുന്ന നിർമാണവസ്തുക്കൾ ഏതുതന്നെയായാലും തനിമ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കണം എന്ന ആർക്കിടെക്ടിന്റെ നയം ഇവിടെ വ്യക്തമാണ്. ‘എർത്തി’ നിറങ്ങളും ടെക്സ്ചറുകളുമാണ് അകത്തളത്തിൽ കൂടുതൽ കാണാൻ കഴിയുക. ഫർണിഷിങ് പോലും ഈ നിറങ്ങളുടെ സ്വാഭാവികതയെ ഹനിക്കാത്ത രീതിയിലാണ്. മെഹ്മൂദിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾക്കും 2019 സെപ്റ്റംബർ ലക്കം വനിത വീട് കാണുക.

Tags:
  • Architecture