Thursday 26 November 2020 03:27 PM IST

പുതുക്കിയതാണെന്ന് ആരും പറയില്ല, ഇത് പുതിയ വീട്, ചെലവ് കുറച്ച് വീട് പുതുക്കുന്നതിന് മലപ്പുറത്ത് നിന്നും ഇതാ ഒരു മാതൃക

Ali Koottayi

Subeditor, Vanitha veedu

manu new

വീട്ടുകാര്‍ തന്നെ വീട് ഡിസൈൻ ചെയ്യാറുണ്ടെങ്കിലും വീട് പുതുക്കുക എന്ന സങ്കീർണ്ണ ജോലിക്ക് പൊതുവെ അങ്ങിനെ ആരും ഇറങ്ങിപ്പുറപ്പെടാറില്ല. പക്ഷേ, പെരിന്തൽമണ്ണ സ്വദേശി മനുപ്രസാദ് സ്വന്തം വീട് നല്ല കിടിലനായി പുതുക്കി.

manu5

വർഷങ്ങൾ പഴക്കമുളള ഓട് വീടായിരുന്നു. 500 ചതുരശ്രയടിക്ക് താഴെ മാത്രം വിസ്തീർ‌ണ്ണം കഴുക്കോലെല്ലാം പഴകി ദ്രവിച്ചിരുന്നു, പുതുക്കലിന് ശേഷം പുതിയ വീട് എന്ന് പണിതു എന്നാണ് കാണുന്നവരെല്ലാം ചോദിക്കുന്നതെന്ന് മനു പറയുന്നു.

manu4

‘‘സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. ലോക് ഡൗൺ വന്നത് ഒരു തരത്തിൽ ഗുണമായി, പണിക്കാരെ കൂടെ നിന്ന് പണിയിച്ചെടുക്കാനായി. ആർക്കിടെക്ടോ, പ്ലാനോ ഇല്ലല്ലോ... മനസ്സിലുള്ള ഐ‍ഡിയ വച്ചാണ് പുതുക്കിയത്. പണിക്കാർക്ക് പറഞ്ഞു കൊടുത്ത് ചെയ്യിപ്പിച്ചു.

manu1

രണ്ട് കിടപ്പുമുറികൾ ഉണ്ടായിരുന്നത് നിലനിർത്തി. വരാന്ത, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ പുതുതായി ചേർത്തു പണിതു. പഴയ കിച്ചൻ കിടപ്പുമുറിയുടെ അറ്റാച്ച്ഡ് ബാത് റൂമാക്കി മാറ്റി. മേൽക്കൂരയിലെ തടി മാറ്റി പകരം ജിഐ ട്രസ് ചെയ്തു, പഴയ ഓടിനൊപ്പം പുതിയതും വാങ്ങി വിരിച്ചു.ഫൈബർ ഷീറ്റ് കൊണ്ടു സീലിങ് ചെയ്തു. പഴയ ചെറിയ ജനലുകൾക്ക് പകരം അലുമിനിയം ഫാബ്രിക്കേഷനിൽ വലിയ ജനലുകൾ നൽകി. ഇത് അകത്തളത്തിൽ കൂടുതൽ കാറ്റെത്തിക്കാൻ സഹായിക്കുന്നു.

manu2

തടി വാതിലുകൾ മാറ്റി സ്റ്റീൽ വാതിലുകൾ പരീക്ഷിച്ചു. ഫ്ലോർ മുഴുവൻ ടൈലിലേക്ക് മാറ്റി. പ്ലമ്മിങ്, വയറിങ്, ഫിറ്റിങ്സ് എല്ലാം പുതിയത് കൊണ്ടുവന്നു. പുതിയ വീടിന് ആവശ്യമുള്ളതെല്ലാം ഉൾപ്പെടുത്തിയാണ് വീട് പുതുക്കിയത്. അകത്തളത്തിന് യോജിക്കുന്ന ഫർണിച്ചർ വാങ്ങി ഉപയോഹിച്ചു. ഫർണിച്ചർ അടക്കം വീടിനു ആകെ ചെലവായത് 14 ലക്ഷം രൂപ. നമ്മുടെ ഐഡിയക്ക് പണിക്കാരെ കൂടെ നിന്ന് പണിയിച്ചതും ഉൽപന്നങ്ങൾ വാങ്ങി നൽകിയതും ചെലവ് നിയന്ത്രിക്കാനായി.’’ മനു പറയുന്നു.

manu3
Tags:
  • Vanitha Veedu